ADVERTISEMENT

കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന വെറ്ററിനറി ഡോക്ടർമാരാണ് ഡോ. സജി, ഡോ. സജിത് സാം, ഡോ. വി.ഡി.അനിൽ കുമാർ, ഡോ. ബിന്നി സാം എന്നിവർ. പ്രയാസമേറിയ പ്രസവം, സിസേറിയൻ തുടങ്ങിയ കാര്യങ്ങളിലൊക്കെ പരസ്പരം സഹായിക്കുകയും സങ്കീർണമായ ചികിത്സകളൊക്കെ ഇവർ ഒന്നിച്ച് സംഘമായി ചെന്നു പരിശോധിച്ച് ചികിത്സിക്കാറുമുണ്ടായിരുന്ന കാലം. കൊട്ടാരക്കര മേഖലയിൽ രണ്ടായിരാമാണ്ടിൽ അടുത്തടുത്ത മൃഗാശുപത്രികളിലാണ് ജോലി. ഒഴിവു സമയങ്ങളിൽ ഒത്തുകൂടുമ്പോൾ കർഷകനന്മയ്ക്കായി എന്തു ചെയ്യാമെന്നുള്ളതാണ് ഇവരുടെ പൊതുവായ ചർച്ച. എല്ലാവരും ചെറുപ്പം. അതിനാൽ തന്നെ ചിന്തയ്ക്കും ആവേശത്തിനും ചെറുപ്പത്തിന്റേതായ പ്രസരിപ്പിന്റെ കാലം. 

ഒരു സായാഹ്ന ചർച്ചയിൽ അവര്‍ ഒരു തീരുമാനമെടുത്തു. പല പ്രാവശ്യം കുത്തിവച്ചിട്ടും ചെന പിടിക്കാതിരിക്കുകയും ചികിത്സിച്ചിട്ട് ഭേദമാകാതിരിക്കുകയും ചെയ്യുന്ന കന്നുകാലികൾക്കു വേണ്ടി ഒരു ക്യാംപ് സംഘടിപ്പിക്കാം. സ്ഥലവും തീയതിയും തീരുമാനിച്ചു. ഉദ്ഘാടനത്തിനായി പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെംബർ, ആശംസ, മൈക്ക് അനൗൺസ്മെന്റ് തുടങ്ങി എല്ലാം ഭംഗിയായി അറേഞ്ച് ചെയ്തു. ചെലവ് ഡോക്ടർമാർ നാലു പേരും ചേർന്ന് വഹിക്കും. 

ക്യാംപ് തുടങ്ങി കർഷകർ വരുന്നുണ്ട്. കാത്സ്യം പൊടിയും വിരമരുന്നും വാങ്ങാനാണ് കർഷകർ വരുന്നത്. ആരും തന്നെ കന്നുകാലികളുമായി വരുന്നില്ല. കന്നുകാലിയെ ചികിത്സിക്കുന്ന ഫോട്ടോ എടുക്കാൻ, ഫോട്ടോഗ്രാഫറെ ഒക്കെ തയാറാക്കി നിർത്തിയിട്ടുണ്ട്. ഒന്നു രണ്ടു മണിക്കൂർ കാത്തിരുന്നിട്ടും കന്നുകാലികൾ എത്താതായപ്പോൾ അടുത്ത വീട്ടിലെ പരിചയമുള്ള ക്ഷീരകർഷകനെ സമീപിച്ച് പശുവിനെ ഒന്ന് ക്യാംപിൽ കൊണ്ടു വരാൻ അഭ്യർഥിച്ചു. ‘‘നല്ല കറവയുള്ള പശുവാണ്, വെളിയിലൊന്നും കൊണ്ടുപോകില്ല, പശുവിന് യാതൊരു അസുഖവുമില്ല’’ തുടങ്ങിയ കാര്യങ്ങളൊക്കെ കർഷകൻ പറഞ്ഞെങ്കിലും ഡോക്ടര്‍മാരുടെ സ്നേഹനിർഭരമായ അഭ്യർഥനയ്ക്കൊടുവിൽ കർഷകൻ വഴങ്ങി. അവസാനം പശുവുമായി ക്യാംപിലെത്തി. നല്ലൊന്നാന്തരം ലക്ഷണമൊത്ത പശു. ക്യാമറാമാൻ പല ആംഗിളുകളിലും പശുവിനെ നോക്കി ഫോട്ടോ എടുക്കുന്നുണ്ട്. നാലു ഡോക്ടർമാരും ചേർന്ന് പശുവിനെ നോക്കുന്നു ഫോട്ടോ എടുക്കുന്നു. മൊത്തത്തിൽ ഉഷാറായി.

പശുവിനെ കൊണ്ടു വന്ന സ്ഥിതിക്ക് ഒന്നും നൽകാതെ വിടുന്നത് ശരിയല്ലല്ലോ? കാത്സ്യപ്പൊടി, വിര മരുന്ന് ഒക്കെ നൽകി കൂട്ടത്തിൽ ആരോഗ്യം നന്നാവാൻ ഒരു ഇൻജക്‌ഷൻ കൂടി നൽകാമെന്ന് കർഷകനോട് പറഞ്ഞു. ഇൻജക്ഷൻ വേണ്ട എന്ന മനോഭാവമാണ് അദ്ദേഹത്തിന്. ആരോഗ്യം മെച്ചപ്പെടും എന്ന ഞങ്ങളുടെ ഉറപ്പിന്മേൽ പശുവിന് ഇൻജക്‌ഷൻ നൽകാൻ കർഷകൻ സമ്മതിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊണ്ട് ‘‘ബി കോംപ്ലെക്സ് വിറ്റമിൻ’’ ഇൻജക്‌ഷൻ എടുത്തു. പശുവിനെ തിരികെ വീട്ടിലേക്കു കൊണ്ടു പോയി. 

ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞ് കാണും കർഷകൻ അലമുറയിട്ട് വിളിച്ചു കൊണ്ട് ഓടി വരുന്നുണ്ട്. ‘‘നീയൊക്കെ എന്റെ പശുവിനെ കൊന്നോ?’’ പശു നിലത്ത് കിടന്ന് കയ്യും കാലുമിട്ടടിക്കുന്നു. എന്ത് മരുന്നാണ് കൊടുത്തത്? 

ചുമ്മാതെ നിന്ന എന്റെ പശുവിനെ കൊന്നേ.... എന്ന ഉച്ചത്തിലുള്ള അലമുറയിടലിൽ ആൾക്കാർ കൂടിത്തുടങ്ങി. നാലു ഡോകടർമാരും പെട്ടെന്ന് കർഷകന്റെ വീട്ടിലെത്തി നോക്കിയപ്പോൾ പശുവിന്റെ വായിൽനിന്ന് നുരയും പതയും വരുന്നുണ്ട്. കണ്ണു തള്ളി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി, നിലത്തു വീണു കിടന്ന് പശു കൈകാലിട്ടടിക്കുകയാണ്. ശരിക്കും മരണ വെപ്രാളം. 

മരുന്നിന്റെ അലർജിയാണ്. അലർജിക്കെതിരെയുള്ള മരുന്നു നൽകി കുറെ കഴിഞ്ഞപ്പോൾ പശുവിന്റെ അസ്വസ്ഥത മാറി. പശു എഴുന്നേറ്റു. 

കർഷകനെ ശാന്തമാക്കാൻ വേണ്ടി നൽകിയത് വിറ്റമിനാണെന്നും സാധാരണ ഒരു കുഴപ്പവുമില്ലാത്തതാണെന്നും ഇത് മരുന്നിന്റെ അലർജിയാണെന്നും ഒക്കെ അറിയാവുന്ന രീതിയിലൊക്കെ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചു. അതൊന്നും വേണ്ട രീതിയിൽ ഏറ്റില്ലെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നറിയാം.

ചുറ്റും കൂടിയവർ ഡോക്ടർമാരെ ഏതോ കുറ്റവാളികളെ കാണുന്ന പോലെ നോക്കുന്നുണ്ട്. മേമ്പൊടിയായി അതിന് ചേരുന്ന കമന്റുകളും. 

ക്യാംപ് നന്ദി പറഞ്ഞ് അവസാനിപ്പിക്കേണ്ടി വന്നില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. വാഹനസൗകര്യം കുറഞ്ഞ മേഖലയായതിനാൽ തിരിച്ചു വരവ് ഓട്ടത്തിനും നടത്തത്തിനും ഇടയിലുള്ള വേഗത്തിലായിരുന്നു. വേലിയിലിരുന്ന പാമ്പിനെ വേണ്ടാത്തിടത്ത് എടുത്തു വച്ചു എന്നു പറഞ്ഞപോലായി കാര്യങ്ങൾ. പിന്നീട് ഇവരുടെ സർവീസ് ജീവിതത്തിൽ ‘ബി കോംപ്ലെക്സ്’ എന്നോ ‘ക്യാംപ്’ എന്നോ പറഞ്ഞാൽ അറിയാതെ ഞെട്ടും. 

മൃഗങ്ങളിലെ മരുന്ന് മൂലമുള്ള അലർജി

സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളും, യാതൊരു പാർശ്വഫലങ്ങളില്ലാത്തതുമായ മരുന്നുകൾ വരെ ചില മൃഗങ്ങൾക്ക് അലർജി ഉണ്ടാക്കിയേക്കാം. ചെറിയ തോതിലുള്ള അസ്വസ്ഥതകൾ തൊട്ട് മരണം വരെ സംഭവിക്കാം. ശ്വാസതടസ്സം, തൊലിപ്പുറത്ത് ചൊറിച്ചിൽ, കൺതടങ്ങളിലും പോളകളിലും ജനനേന്ദ്രിയത്തിന്റെ ഭാഗത്തും ചുമന്നു തടിക്കുക, വായ് തുറന്നു പ്രയാസപ്പെട്ട് ശ്വാസം വിടുക, വായിൽ നിന്നും മൂക്കിൽ നിന്നും ഒലിക്കുക, തലയ്ക്ക് ചുറ്റും നീർക്കെട്ട്, വിറയൽ, കാലും കയ്യും കുഴഞ്ഞ് വീഴുക, മരണം സംഭവിക്കുക തുടങ്ങിയവയാണ് അലർജിയുടെ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ മരുന്നു നൽകിയാൽ ചികിത്സിച്ചു ഭേദമാക്കാം. ചില സാഹചര്യങ്ങളിൽ ചികിത്സിക്കാൻ അവസരം ലഭിക്കാതെ മരണപ്പെടുന്ന സംഭവങ്ങളും  ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മരുന്നു മാറി നൽകി, ഡോക്ടറുടെ അനാസ്ഥ തുടങ്ങിയ പരാതികൾ കർഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. മരുന്നിന്റെ അലർജി ഏതു മരുന്നിനും എപ്പോൾ വേണമെങ്കിലും ഉണ്ടാവാം. അത് ഡോക്ടറുടെ വീഴ്ച അല്ല എന്നുള്ള കാര്യങ്ങളൊന്നും പലപ്പോഴും കർഷകർക്ക് മനസ്സിലാവില്ല. 

പെനിസിലിൻ വിഭാഗത്തിലുള്ള മരുന്നുകൾക്കാണ് ഇത്തരം അലർജി കൂടുതലായുള്ളത്. എന്നാൽ ചില സന്ദർഭങ്ങളിൽ വിറ്റമിനു പോലും അലർജി ഉണ്ടാവാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com