ADVERTISEMENT

മുപ്പത് വർഷക്കാലമായി നാടകരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശാന്ത് നാരായണൻ അരങ്ങൊഴിഞ്ഞു. നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ്. നവതി നിറവിലെത്തിയ മലയാളത്തിന്റെ മഹാസാഹിത്യകാരൻ എം.ടി.വാസുദേവൻനായരെ ആദരിക്കാൻ മനോരമ ഓൺലൈൺ സംഘടിപ്പിച്ച ‘എംടി: കാലം നവതി വന്ദനം’ പരിപാടിയിൽ എംടിയുടെ രചനകളെയും കഥാപാത്രങ്ങളെയും ആധാരമാക്കി 'മഹാസാഗരം' എന്ന നാടകവതരണമായിരുന്നു പ്രശാന്തിന്റെ അവസാനവേദി.

prasanth-3
കൊച്ചിയിൽ നടന്ന ‘മഹാസാഗരം’ നാടകാവതരണത്തിനു ശേഷം പ്രശാന്ത് നാരായണൻ വേദിയിൽ. ചിത്രം: മനോരമ.

എംടിയുടെ കൃതികളായ നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വളർത്തുമൃഗങ്ങൾ, കാലം, മഞ്ഞ്, ഗോപുരനടയിൽ, ദയ, രണ്ടാമൂഴം, വടക്കൻ വീരഗാഥ, നിർമാല്യം, അസുരവിത്ത് എന്നിവയിലെ കഥാപാത്രങ്ങളെ കോർത്തിണക്കിയാണു നാടകം അവതരിപ്പിച്ചത്. ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും നിർമാല്യത്തിലെ വെളിച്ചപ്പാടും നാലുകെട്ടിലെ അപ്പുണ്ണിയും വളർത്തുമൃഗങ്ങളിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ദുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കൻ വീരഗാഥയിലെ ചന്തുവുമെല്ലാം പുനരവതരിച്ചു.

തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടെയും ശാന്തകുമാരി അമ്മയുടെയും മകനാണ്.  പതിനഞ്ചാമത്തെ വയസ്സു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങിയ പ്രശാന്ത് മുപ്പതോളം നാടകങ്ങൾ രചിക്കുകയും അറുപതിൽപ്പരം നാടകങ്ങൾ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. 2008-ൽ മോഹൻലാലിനേയും മുകേഷിനേയും ഉൾപ്പെടുത്തി ചെയ്ത 'ഛായാമുഖി' എന്ന  നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.  

prasanth-drama
പ്രശാന്ത് നാരായണൻ

സമകാലിക വിഷയപ്രസക്തിയുള്ള 'മകരധ്വജൻ' സ്ത്രീശാക്തീകരണം പ്രമേയമാക്കിയ 'കറ ' എന്ന ഒറ്റയാൾ നാടകം, രാഷ്ട്രീയകവിതയുടെ ദൃശ്യാവിഷ്കാരമായ 'താജ്മഹൽ' എന്ന നാടകം എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ട നിരവധി നാടകങ്ങൾ അരങ്ങിലെത്തിച്ചു. സാഹിത്യകൃതികളായ മണികർണ്ണിക, ടാഗോറിന്റെ തപാലാപ്പീസ്, ഭാസന്റെ ഊരുഭംഗം, ദൂതഘടോത്കചം, ഷേക്സ്പിയറിന്റെ ഹാംലറ്റ് തുടങ്ങിയവയും നാടകരൂപത്തിലെത്തിച്ച് മലയാളികളുടെ മനം കവർന്നു.

പ്രണയവും പ്രസാദവും ആർദ്രമായ മനുഷ്യബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ് പ്രശാന്ത് നാരായണന്റെ നാടകങ്ങൾ. മുഷ്ടി ചുരുട്ടി നിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച് ആ നാടകങ്ങൾ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല. മറിച്ച് മനുഷ്യമനസ്സില്‍ ആഴത്തില്‍ സ്പർശിച്ച്, അവിടെ ഇടമുറപ്പിച്ച്, മനസ്സിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന, അങ്ങനെ മനോവിമലനത്തിനുള്ള സ്വാധീനതാശക്തിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് പ്രശാന്തിന്റെ നാടകങ്ങൾ.

prasanth-drama3
പ്രശാന്ത് നാരായണൻ മറ്റു നാടകപ്രവർത്തകർക്കൊപ്പം

സ്കൂൾ ക്ലാസ് മുതൽ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത വ്യക്തിയാണ് പ്രശാന്ത്. ഛായാമുഖി മലയാളത്തിലായതു കൊണ്ടും ഞാൻ മലയാളിയായതു കൊണ്ടും മാത്രമാണ് ഞാനിപ്പോഴും ഇങ്ങനെ തന്നെ ജീവിക്കുന്നതെന്നു പ്രശാന്ത് മുൻപ് പറഞ്ഞിരുന്നു. നാടകം മാത്രമല്ല ബാല്യം മുതൽ കവിതകളും എഴുതുമായിരുന്നു. നൂറിലേറെ കവിതകൾ പ്രശാന്ത് വെള്ളായണി എന്ന പേരിൽ ആനുകാലികങ്ങളിലെല്ലാം വന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജ് കാലം വരെ കവിതകൾ എഴുതിയിരുന്നു. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് കോളജിലേക്ക് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് അഡ്മിഷൻ കിട്ടിയത്. 

പതിനേഴാമത്തെ വയസ്സിൽ 'ഭാരതാന്തം' എന്ന ആട്ടക്കഥ രചിച്ച പ്രശാന്ത്, യൂറിപ്പിഡിസിന്റെ പ്രസിദ്ധ കൃതി 'മിഡിയ'യും ആട്ടക്കഥാരൂപത്തിൽ എഴുതിട്ടുണ്ട്.

prasanth-drama2
'ഛായാമുഖി' എന്ന നാടകത്തിൽനിന്ന്

തീയറ്റർ രംഗത്തും സിനിമാ രംഗത്തും ശ്രദ്ധേയരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത പ്രശാന്തിന് സംഗീത നാടക അക്കാദമി, ദുർഗാദതാ പുരസ്‌കാരം, എ.പി. കളക്കട അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കവയിത്രി കലാ സാവിത്രിയാണ് പത്നി.

English Summary:

Prashanth Narayanan who was active in the theater scene for thirty years passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com