48-ാം വയസ്സിൽ, മകൾ നൽകിയ ക്യാമറയിൽ തുടക്കം; കൊൽക്കത്തയിൽ ജനിച്ച ബ്രിട്ടിഷ് ഫൊട്ടോഗ്രഫർ
Mail This Article
1863 ലെ ക്രിസ്മസ് രാത്രി ജൂലിയ മാർഗരറ്റ് കാമറൺ ജീവിതാവസാനം വരെ മറന്നിരുന്നില്ല; മകൾ മനോഹരമായ ഒരു സമ്മാനം ജൂലിയയ്ക്കു നൽകിയ രാത്രി. അച്ഛൻ സിലോണിൽ കാപ്പിത്തോട്ടങ്ങൾ പരിപാലിക്കുന്ന തിരക്കിലായതിനാൽ അമ്മ കടുത്ത ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്നും ആ സമയം രസകരമായി വിനിയോഗിക്കുവാൻ ഫൊട്ടോഗ്രഫി സഹായിക്കുമെന്നും തോന്നിയതിനാലാണ് മകൾ ജൂലിയയ്ക്ക് ഒരു ക്യാമറ സമ്മാനിച്ചത്. അത് മാറ്റിയെഴുതിയത് ജൂലിയയുടെ ജീവിതം മാത്രമല്ല. ഫൊട്ടോഗ്രഫിയുടെ ചരിത്രം കൂടിയാണ്.
പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പോർട്രെയ്റ്റ് ഫൊട്ടോഗ്രഫർമാരിൽ ഒരാളായി മാറി ജൂലിയ. ചാൾസ് ഡാർവിൻ, എഴുത്തുകാരായ ആൽഫ്രഡ് ലോർഡ് ടെന്നിസൺ, ഹെൻറി വേഡ്‌സ്‌വർത്ത് ലോങ്ഫെലോ, തോമസ് കാർലൈൽ, നടിമാരായ എലൻ ടെറി, ജൂലിയ ജാക്‌സൻ, ജ്യോതിശാസ്ത്രജ്ഞനായ സർ ജോൺ ഹെർഷൽ എന്നിങ്ങനെ ജൂലിയ തന്റെ ക്യാമറയിൽ പകർത്തിയത് ലോകപ്രസിദ്ധ മുഖങ്ങളെയാണ്. താൻ നടത്തിരുന്ന സലൂണിന്റെ ഒരു മുറി സ്റ്റുഡിയോയാക്കി ചിത്രങ്ങൾ പകർത്തി. തൊട്ടടുത്ത മുറിയെ ഡാർക്ക് റൂമാക്കി, അവിടെ ആ ചിത്രങ്ങൾ ഡവലപ് ചെയ്തു. യാതൊരു മുൻ പരിചയമില്ലാതിരുന്നിട്ടും അതിരുകളില്ലാത്ത ആവേശത്തോടെയാണ് ജൂലിയ ഫൊട്ടോഗ്രഫിയെ സമീപിച്ചത്. ആദ്യകാല ഛായാചിത്രങ്ങൾ പലപ്പോഴും കുടുംബാംഗങ്ങളുടേതും സുഹൃത്തുക്കളുടേതും ആയിരുന്നെങ്കിലും അവയുടെ മേന്മ ഏവരേയും ആകർഷിച്ചു.
1815 ജൂൺ 11 ന് കൽക്കട്ടയിലാണ് ജൂലിയ മാർഗരറ്റ് കാമറൺ ജനിച്ചത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്റെ മകളായ അവൾ വൈവിധ്യമാർന്ന സംസ്കാരങ്ങളുമായി സമ്പർക്കം പുലർത്തി. സൗന്ദര്യമുള്ള എന്തിനോടും അടുപ്പം തോന്നിരുന്ന ജൂലിയ 1838 ൽ നിയമജ്ഞനായ ചാൾസ് ഹേ കാമറണിനെ വിവാഹം കഴിച്ചു. ആ ദമ്പതികൾക്ക് ആറ് കുട്ടികളുണ്ടായിരുന്നു. അവരൊക്കെ വലുതായി, സ്വന്തം കുടുംബങ്ങളായതോടെ ജൂലിയ ഒറ്റപ്പെട്ടു. ഭർത്താവ് ജോലിത്തിരക്കിലായതിനാൽ അവൾ സമയം ചെലവഴിച്ചിരുന്നത് തന്റെ സലൂണിലാണ്. അവിടെ എത്തിയിരുന്ന സുഹൃത്തുക്കളുടെ ചിത്രങ്ങൾ പകർത്തിയിരുന്നു. അവ സാധാരണ ഫോട്ടോകളിൽനിന്ന് വ്യത്യസ്തമാണെന്ന് അവർ മനസ്സിലാക്കി.
ആ കാലഘട്ടത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഫോക്കസും പോസുകളും ഒഴിവാക്കി, വ്യത്യസ്തമായ ഫോക്കസും ക്ലോസപ്പുകളും ജൂലിയ തിരഞ്ഞെടുത്തു. സാങ്കേതിക പരിജ്ഞാനം പരിമിതമായിരുന്നിട്ടും, കാമറൂൺ ദൈർഘ്യമേറിയ എക്സ്പോഷറുകൾ, ഡിഫ്യൂസ്ഡ് ലൈറ്റ്, സോഫ്റ്റ്-ഫോക്കസ് ഇഫക്റ്റുകൾ എന്നിവ പരീക്ഷിച്ചു. സാങ്കേതിക പരിമിതികൾ കാരണം പലപ്പോഴും അവ അപൂർണമായിരുന്നുവെങ്കിലും വസ്ത്രങ്ങൾ, പ്രോപ്പർട്ടികൾ, നാടകീയമായ ലൈറ്റിങ് എന്നിവ ഉപയോഗിച്ച് ആ ചിത്രങ്ങളെ കൂടുതൽ ആകർഷകമാക്കി. ചാൾസ് ഡാർവിൻ, ആൽഫ്രഡ് ടെന്നിസൺ, എലൻ ടെറി തുടങ്ങിയ വിക്ടോറിയൻ പ്രഗത്ഭരുടെ ഛായാചിത്രങ്ങൾ അവരുടെ ശാരീരിക സവിശേഷതകളെ മാത്രമല്ല, ആന്തരിക സത്തയെയും പകർത്തിയെന്ന് കലാനിരൂപകർ പറഞ്ഞിട്ടുണ്ട്.
സാഹിത്യ, മതഗ്രന്ഥങ്ങളിൽനിന്ന് ജൂലിയ പ്രചോദനം ഉൾക്കൊണ്ടു. തന്റെ മുന്നിൽ പോസ് ചെയ്തവരെ ആർതറിയൻ ഇതിഹാസങ്ങൾ, ബൈബിൾ രംഗങ്ങൾ, ടെന്നിസന്റെ കവിതകൾ എന്നിവയിൽ നിന്നുള്ള കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചു. ഈ സൃഷ്ടികൾ കേവലം ഫൊട്ടോഗ്രഫുകളേക്കാൾ വലുതായിരുന്നു; കലാപരമായ വിവരണങ്ങളായിരുന്നു അവ. ഫൊട്ടോഗ്രഫിയും ചിത്രകലയും തമ്മിലുള്ള അതിർവരമ്പുകൾ അവിടെ മങ്ങി. സ്വപ്നതുല്യമായ ഫൊട്ടോഗ്രഫിക് പോർട്രെയ്റ്റുകളുടെ തുടക്കക്കാരിയായി ജൂലിയ ഇന്ന് ആഘോഷിക്കപ്പെടുന്നതിന് കാരണവുമതാണ്. അവർ പകർത്തിയ നടിമാരുടെ ഛായാചിത്രങ്ങൾ, ആ കാലഘട്ടത്തിലെ സ്ത്രീസൗന്ദര്യത്തിന്റെ മികച്ച അവതരണമായി കണക്കാക്കപ്പെടുന്നു. 1879 ജനുവരി 26 ന് മരിക്കുന്നതുവരെ ജൂലിയ തന്റെ ഫൊട്ടോഗ്രഫിക് യാത്ര തുടർന്നു. സാങ്കേതിക പിഴവുകൾക്ക് തുടക്കത്തിൽ വിമർശിക്കപ്പെട്ട സൃഷ്ടികൾ അതിന്റെ കലാമേന്മയ്ക്കും വൈകാരിക ആഴത്തിനും അംഗീകാരം നേടി. ജൂലിയയുടെ പാരമ്പര്യേതര സമീപനം ഫൊട്ടോഗ്രഫി ഒരു മികച്ച കലാരൂപമാണെന്നു വാദിക്കുന്ന പ്രസ്ഥാനമായ പിക്റ്റോറിയലിസത്തിന് വഴിയൊരുക്കി.
പ്രശസ്ത എഴുത്തുകാരി വിർജീനിയ വൂൾഫ് ജൂലിയയുടെ സഹോദരിയുടെ മകളുടെ മകളാണ്. വിർജീനിയ വൂൾഫിന്റെ ‘കാമറണ്‍സ് ഫൊട്ടോഗ്രാഫ്സ്’" ഡെബോറ ചെറിയുടെ ‘ജൂലിയ മാർഗരറ്റ് കാമറൺ: പ്രീ-റാഫേലൈറ്റ് ഫൊട്ടോഗ്രഫർ’ എന്നീ ജീവചരിത്രങ്ങൾ ജൂലിയയുടെ ജീവിതം അടുത്തറിയാൻ സഹായിക്കുന്ന പുസ്തകങ്ങളാണ്. ഫൊട്ടോഗ്രഫിയെ സ്നേഹിച്ച ജൂലിയ ഫൊട്ടോഗ്രഫർമാരെയും കലാകാരന്മാരെയും ഒരുപോലെ പ്രചോദിപ്പിക്കുന്നു. വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം, മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, നാഷനൽ പോർട്രെയ്റ്റ് ഗാലറി എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രശസ്തമായ മ്യൂസിയങ്ങളിൽ അവര്ടെ സൃഷ്ടികൾ ഇന്നും പ്രദർശിപ്പിക്കുന്നുണ്ട്.