ADVERTISEMENT

ഇംഗ്ലണ്ടിലെ രാജ്ഞി ഭർത്താവിനാൽ കൊല്ലപ്പെടുക! അതെ, ആന്‍ ബൊലിന്റെ അന്ത്യം ഭർത്താവായ ഹെൻറി എട്ടാമൻ രാജാവിന്റെ കൽപന പ്രകാരമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും 1533 മുതൽ 1536 വരെ ഇംഗ്ലണ്ടിലെ രാജ്ഞിയുമായിരുന്ന ആന്‍ പ്രസിദ്ധയായത് അവരുടെ മകളുടെ പേരിലാണ്. സാക്ഷാൽ എലിസബത്ത് രാജ്ഞിയാണ് ആ മകൾ.          


ആന്‍ ബൊലിൻ, Picture Credit: Wikipedia Commons
ആന്‍ ബൊലിൻ, Picture Credit: Wikipedia Commons

രാജാവിനെതിരായ ഗൂഢാലോചന, വിവാഹേതര ബന്ധങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങളുടെ പേരിൽ 1536 മേയ് 19നാണ് ആൻ ബൊലിന്റെ വധശിക്ഷ നടപ്പിലാക്കിയത്. തന്റെ മരണസ്ഥലത്തേക്ക് നടന്നെത്തിയ ആനിന്റെ കൈയിൽ ഒരു പ്രാർഥനപ്പുസ്തകമുണ്ടായിരുന്നു. മധ്യകാല യൂറോപ്പിൽ സ്വകാര്യ പ്രാർഥനയ്ക്ക് ഉപയോഗിച്ചിരുന്ന ബുക്ക് ഓഫ് അവേഴ്‌സിന്റെ ഒരു പതിപ്പായിരുന്നു അത്. മരണവാൾ തന്റെ തല ലക്ഷ്യമാക്കി വരവേ ആൻ ആ പുസ്തകം അടുത്തു നിന്ന ഒരു സ്ത്രീയുടെ നേർക്കെറിഞ്ഞു. പിന്നീട് ആ പുസ്തകം കണ്ടെത്തിയത് 21–ാം നൂറ്റാണ്ടിലാണ്. പല കൈമറിഞ്ഞ് ഒടുവിൽ ഈ പുസ്തകം ചരിത്രകാരിയായ കേറ്റ് മക്കഫ്രിയുടെ കയ്യിലെത്തി. അതിൽ വിശദപഠനം നടത്തിയ  മക്കഫ്രി പുറത്തു കൊണ്ടു വന്നത് നൂറ്റാണ്ടുകൾ നീണ്ടു നിന്ന വിശ്വസ്തതയുടെ കഥയാണ്.

കേറ്റ് മക്കഫ്രി, Picture Credit: Hever Castle and Gardens
കേറ്റ് മക്കഫ്രി, Picture Credit: Hever Castle and Gardens

ആനിക്കെതിരെയുള്ള ഹെൻറി എട്ടാമൻ രാജാവിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ഒരു പുരുഷ അവകാശിക്കു വേണ്ടി ജെയ്ൻ സെയ്‌മോറിനെ മൂന്നാം വിവാഹം കഴിക്കാനുള്ള രാജാവിന്റെ തന്ത്രമായിരുന്നു ആ ആരോപണങ്ങളെന്നാണ് അവരുടെ അഭിപ്രായം. ആനിന്റെ ഉജ്ജ്വലമായ വ്യക്തിത്വത്തെ നിയന്ത്രിക്കാത്തതും ഒരു കാരണമാകാമെന്ന് പറയപ്പെടുന്നു. ശിരച്ഛേദത്തെത്തുടർന്ന്, ആനിനെ ഓർമിപ്പിക്കുന്നതെല്ലാം നശിപ്പിക്കുവാനും രാജാവ് ഉത്തരവിട്ടിരുന്നു. അവരുടെ ഓർമയുണർത്തുന്ന ഏതെങ്കിലും സാധനം സൂക്ഷിക്കാൻ ശ്രമിക്കുന്നവർ രാജ്യദ്രേഹിയായി മുദ്രകുത്തി കൊല്ലപ്പെടും. 

ആൻ ബോലിന്റെ ബുക്ക് ഓഫ് അവേഴ്‌സ് പുസ്തകം നൂറ്റാണ്ടുകളായി അപ്രത്യക്ഷമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ധനികനായ വ്യവസായി വില്യം വാൾഡോർഫ് ആസ്‌റ്റർ ആനിന്റെ ബാല്യകാല വസതിയായ ഹെവർ കാസിൽ വാങ്ങിയപ്പോഴാണ് പുസ്തകം വീണ്ടും ചര്‍ച്ചയായത്. ഒരു വർഷത്തോളം ബുക്ക് ഓഫ് അവേഴ്‌സ് പഠിച്ച ചരിത്രകാരിയായ കേറ്റ് മക്കഫ്രി, അതിൽ ഒളിഞ്ഞിരുന്ന ചില കൈയെഴുത്തു കുറിപ്പുകൾ കണ്ടെത്തി. മരണപ്പെടാൻ സാധ്യയുണ്ടായിരുന്നിട്ടും ആ പുസ്തകം രഹസ്യമായി സൂക്ഷിച്ച സ്ത്രീകളുടെ പേരുകളായിരുന്നു അത്! 

ബുക്ക് ഓഫ് അവേഴ്‌സ്, Picture Credit: Hever Castle and Gardens
ബുക്ക് ഓഫ് അവേഴ്‌സ്, Picture Credit: Hever Castle and Gardens

അത് യഥാർഥത്തിൽ ഒരു സന്ദേശമായിരുന്നു. ആനിന്റെ മകളായ എലിസബത്തിനായി എന്തു വില കൊടുത്തും ആ പുസ്തകം സംരക്ഷിക്കപ്പെടും എന്ന സന്ദേശം. ‘എലിസബത്ത് ഒന്നാമൻ സിംഹാസനത്തിൽ വരുകയും അമ്മയെ ഓർമിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ അത് ബാക്കിയുണ്ടാകണം എന്ന ചിന്തയാണ് പുസ്തകം സംരക്ഷിക്കുന്നതിനുള്ള പ്രധാന കാരണമായി മാറിയത്’ – കേറ്റ് പറയുന്നു.

വധിക്കപ്പെട്ട ആ സ്ത്രീയുടെ അവസാനമുദ്ര, മകളിലേക്ക് എത്തും വരെ കാത്തു സൂക്ഷിച്ചത് സുഹൃത്തുക്കളായ ചില സ്ത്രീകളും അവരുടെ കുടുംബത്തിലെ തലമുറകളോളമുള്ള മറ്റു സ്ത്രീകളുമാണ്. ‘വിശ്വസനീയമായ ബന്ധങ്ങളുടെ ശൃംഖലയ്‌ക്കിടയിലാണ് ഈ പുസ്തകം കൈമാറിയത്’ – കേറ്റ് കൂട്ടിച്ചേർക്കുന്നു. ആ പ്രാർഥനപ്പുസ്തകത്തിന്റെ പേജുകളിലൊന്നിൽ വ്യക്തമല്ലാത്ത അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കേറ്റ് അതു പരിശോധിക്കാൻ തുടങ്ങിയത്. അൾട്രാവയലറ്റ് ലൈറ്റ്, ഫോട്ടോ എഡിറ്റിങ് സോഫ്‌റ്റ്‌വെയർ എന്നിവ ഉപയോഗിച്ച് കേറ്റ് അതിൽ നാല് കുടുംബപേരുകൾ കണ്ടെത്തി: ഗേജ്, വെസ്റ്റ്, ഷെർലി, ഗിൽഡ്ഫോർഡ്.

ബുക്ക് ഓഫ് അവേഴ്‌സ്, Picture Credit: Hever Castle and Gardens
ബുക്ക് ഓഫ് അവേഴ്‌സ്, Picture Credit: Hever Castle and Gardens

ഈ പേരുകളിൽ ഭൂരിഭാഗവും ആനിന്റെ ബാല്യകാല കൂട്ടുകാരികളിലൊരാളായ എലിസബത്ത് ഹില്ലുമായി ബന്ധമുള്ളവയായിരുന്നു. പുസ്തകം പിടിക്കപ്പെടാതിരിക്കുവാനായി അവർ അത് ഇടയ്ക്കിടെ കൈമാറി സൂക്ഷിച്ചിരിക്കണം. സംശയിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നവേ, ഏറ്റവും വിശ്വസ്തരായ കൂട്ടുകാരികളിലേക്ക് അത് കൈമാറി. അമ്മയിൽനിന്ന് മകളിലേക്ക്, അനന്തരവളിലേക്ക്, കൊച്ചു മകളിലേക്ക്. കാലങ്ങളോളം ഈ നാലു കുടുംബങ്ങളിലെ സ്ത്രീകൾ ആ പുസ്തകം സൂക്ഷിച്ചു. എലിസബത്തിന് ലഭിക്കുക എന്ന ലക്ഷ്യത്തിൽനിന്ന്, പുരുഷ മേധാവിത്വ സമൂഹത്തിൽ അന്യായമായി കൊല്ലപ്പെട്ട ഒരു സ്ത്രീ സുഹൃത്തിന്റെ ഓർമ സംരക്ഷിക്കാൻ ശ്രമിച്ച ട്യൂഡർ സ്ത്രീകളുടെ ഒരു കൂട്ടമായിരുന്നു അത്. 

കേറ്റ് മക്കഫ്രി, Picture Credit: Hever Castle and Gardens
കേറ്റ് മക്കഫ്രി, Picture Credit: Hever Castle and Gardens

അമ്മ മരിക്കുമ്പോൾ 2 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എലിസബത്തുമായി ഹിൽ കുടുംബം നേരിട്ട് ബന്ധപ്പെട്ടിരിന്നു. ഹില്ലിന്റെ മകൾ മേരി, എലിസബത്ത് രാജ്ഞിയുടെ വീട്ടിൽ ജോലി ചെയ്യുകയും അവരുമായി അടുത്ത സൗഹൃദം പുലർത്തുകയും ചെയ്തിരുന്നു. മറഞ്ഞിരിക്കുന്ന ലിഖിതങ്ങളുടെ കണ്ടെത്തൽ "16-ആം നൂറ്റാണ്ടിൽ ഹെൻറിയെ ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കാൻ ശ്രമിച്ചതിന് ശേഷമുള്ള ആനിയുടെ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ" നൽകുന്നുവെന്ന് കേറ്റ് പറയുന്നു. ആനിനെ ശിരഛേദം ചെയ്തതിന്റെ 485-ാം വാർഷികമായ 2021 മേയ് 19 നാണ് ഈ കണ്ടെത്തലിനെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്.

English Summary:

The Untold Story of Anne Boleyn's Book of Hours: A Secret Legacy for Elizabeth I

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com