ഏറ്റവും പഴക്കം ചെന്ന ആരാധനാ പുസ്തകം ലേലത്തിന്; മൂല്യം 26 ലക്ഷം ഡോളർ
Mail This Article
കോപ്‌റ്റിക് ഭാഷയിൽ പാപ്പിറസിൽ എഴുതിയ ഏറ്റവും പഴക്കം ചെന്ന ആരാധനാ പുസ്തകം ലേലത്തിന്. 250-350 കാലഘട്ടത്തിൽ എഴുതപ്പെട്ട കൃതി, ഏറ്റവും പഴയ പുസ്തകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈജിപ്തിൽനിന്നു കണ്ടെത്തിയ പുസ്തകം ജൂണിലാണ് ലണ്ടനിൽ ലേലത്തിനു വയ്ക്കുന്നത്.
40 വർഷത്തിനിടെ ഒരു എഴുത്തുകാരൻ എഴുതിയ 104 പേജുകളാണ് ആരാധനാ പുസ്തകത്തിലുള്ളത്. ക്രിസ്തുമതത്തിന്റെ ആരംഭകാലത്തു രചിക്കപ്പെട്ട പുസ്തകം, ആദ്യത്തെ ക്രിസ്ത്യൻ ആശ്രമങ്ങളിലൊന്നിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ക്രോസ്ബി-സ്കോയെൻ കോഡെക്‌സ് എന്ന് വിളിക്കപ്പെടുന്ന പുസ്തകത്തിന്റെ വിൽപനമൂല്യം 26 ലക്ഷം മുതൽ 38 ലക്ഷം വരെ ഡോളറാണെന്നാണ് ലേല സ്ഥാപനമായ ക്രിസ്റ്റീസിന്റെ അധികൃതർ പറയുന്നത്.
പാപ്പിറസ് സ്ക്രോൾ കോഡെക്സ് രൂപത്തിലേക്ക് മാറാൻ തുടങ്ങുന്ന കാലഘട്ടത്തിലേതാണ് ഈ മധ്യകാല നവോത്ഥാന കയ്യെഴുത്തുപ്രതിയെന്ന് ക്രിസ്റ്റീസിലെ സീനിയർ സ്പെഷലിസ്റ്റ് യൂജെനിയോ ഡൊണാഡോണി പറഞ്ഞു. ‘‘ഈ പുസ്തകത്തിലുള്ളത് ബൈബിളിലെ രണ്ട് പുസ്തകങ്ങളുടെ ആദ്യ രൂപങ്ങളാണ്. ഈജിപ്തിലെ ആശ്രമമായ പ്ലെക്സിഗ്ലാസിന് പിന്നിലാണ് ഇത് സംരക്ഷിക്കപ്പെട്ടത്. കോഡെക്സിൽ പത്രോസിന്റെ ആദ്യ ലേഖനവും യോനായുടെ പുസ്തകവും അടങ്ങിയിരിക്കുന്നു. മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള ക്രിസ്തുമതത്തിന്റെ ആദ്യകാല വ്യാപനത്തിന് സാക്ഷി എന്ന നിലയിൽ ഈ ഗ്രന്ഥം ചരിത്ര പ്രാധാന്യമുള്ളതാണ്.’’
മൂന്ന്, നാല് നൂറ്റാണ്ടുകളിലെ വിരലിലെണ്ണാവുന്ന പുസ്തകങ്ങൾ മാത്രമേ ഇക്കാലം വരെ നിലനിന്നിട്ടുള്ളൂ. ഈജിപ്തിലെ വരണ്ട കാലാവസ്ഥയാണ് ഈ പുസ്തകത്തിന്റെ സംരക്ഷണത്തിന് കാരണമെന്നും ഡൊണാഡോണി കൂട്ടിച്ചേർത്തു.
1950-കളിൽ ഈജിപ്തിൽ കണ്ടെത്തിയ പുസ്തകം മിസിസിപ്പി സർവകലാശാല ഏറ്റെടുത്തിരുന്നു. പിന്നീട് 1988 ൽ നോർവീജിയൻ കയ്യെഴുത്തുപ്രതി കലക്ടർ ഡോ. മാർട്ടിൻ ഷോയൻ ഇത് സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കയ്യെഴുത്തുപ്രതി ശേഖരങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന്റെ ഷോയൻ ശേഖരം. ആ ശേഖരത്തിലെ മറ്റ് വസ്തുക്കൾക്കൊപ്പം ക്രോസ്ബി-സ്കോയെൻ കോഡെക്‌സും ഇപ്പോൾ ലേലത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ 2 മുതൽ 9 വരെ ന്യൂയോർക്കിലെ ക്രിസ്റ്റീസിന്റെ ശാഖയിൽ കോഡെക്‌സ് കാണാനാകും. ജൂൺ 11നാണ് ലേലം നടക്കുക.