ADVERTISEMENT

ഊർജ്ജസ്വലമായ നൃത്തച്ചുവടുകളുടെയും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെയും പര്യായമാണ് ബോളിവുഡിൽ ഇന്ന് റെമോ ഡിസൂസ. രണ്ട് പതിറ്റാണ്ടിലേറെയായി, ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയമായ നൃത്തരംഗങ്ങൾക്ക് കാരണഭൂതനായ ഡിസൂസയുടെ വിജയയാത്ര, കഴിവിന്റെയും അർപ്പണബോധത്തിന്റെയും നൃത്തത്തോടുള്ള തികഞ്ഞ അഭിനിവേശത്തിന്റെയും നേർക്കാഴ്ച്ചയാണ്. പശ്ചാത്തല നർത്തകനെന്ന നിലയിൽ തുടങ്ങി കൊറിയോഗ്രാഫർ, സംവിധായകൻ, റിയാലിറ്റി ഷോകളിൽ വിധികർത്താവ് എന്നീ നിലകളിലേക്ക് വളർന്ന റെമോ മലയാളിയാണെന്ന് പലർക്കറിയില്ല.

പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശിയായ ഗോപി നായരുടെയും മാധവിയമ്മയുടെയും മകനായി ജനിച്ച റെമോയുടെ യഥാർഥ പേര് രമേഷ് ഗോപി നായർ എന്നാണ്. ഗോപി നായർ ഇന്ത്യൻ എയർഫോഴ്‌സിലെ ഷെഫായിരുന്നതിനാൽ ഇന്ത്യയിൽ പലയിടത്തും ആ കുടുബം താമസിച്ചിരുന്നു. 4 പെൺകുട്ടികൾക്കും 1 ആൺകുട്ടിയ്ക്കും ശേഷമാണ് ആറാമത്തെ സന്താനമായിട്ടാണ് റെമോ ജനിക്കുന്നത്.

റെമോ ഡിസൂസ, Image Credit: Instragram/remodsouza
റെമോ ഡിസൂസയും കുടുബവും, Image Credit: Instragram/remodsouza

1974 ഏപ്രിൽ 2ന് ബാംഗ്ലൂരിൽ ജനിച്ച റെമോ, ഗുജറാത്തിലെ ജാംനഗറിലെ എയർഫോഴ്‌സ് സ്കൂളില്‍ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂളിലെ ഓട്ടമത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ റെമോയുടെ ആദ്യ അഭിനിവേശം  അത്ലറ്റിക്സിലായിരുന്നു. പിന്നീട് അത് നൃത്തത്തിലേക്ക് തിരിഞ്ഞത് ഒരു ദിവസം ടിവിയിൽ മൈക്കൽ ജാക്‌സനെ കണ്ടതോടു കൂടിയാണ്. മകൻ ഇന്ത്യൻ വ്യോമസേനയിൽ ചേര്‍ന്ന് പൈലറ്റാകണമെന്ന് പിതാവ് ആഗ്രഹിച്ചുവെങ്കിലും പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയപ്പോഴെ തനിക്ക് പഠനത്തിൽ താൽപ്പര്യമില്ലെന്ന് റെമോ മനസ്സിലാക്കിരുന്നു.

റെമോ തന്റെ ഭാഗ്യം തേടി മുംബൈയിലേക്ക് പോയി ആദ്യം പറ്റിക്കപ്പെടുകയാണ് ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തയാൾ പറ്റിച്ചപ്പോഴും ആഗ്രഹം ഉപേക്ഷിക്കുവാൻ റെമോ തയ്യാറായില്ല. സിനിമകളും മ്യൂസിക് വീഡിയോകളും മറ്റും കണ്ടാണ് അദ്ദേഹം അക്കാലം വരെ നൃത്തം പഠിച്ചത്. ടെലിവിഷനിൽ നൃത്തം കണ്ട് തന്റെ ചുവടുകൾ പഠിച്ച റെമോ, തന്റെ ഗുരു മൈക്കൽ ജാക്‌സണാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. 1995-ൽ പുറത്തിറങ്ങിയ രംഗീല എന്ന സിനിമയിൽ പശ്ചാത്തല നർത്തകനായി ജോലി ചെയ്തു കൊണ്ടിരിക്കെ 'ദിവാന' എന്ന വീഡിയോ ആൽബത്തിൽ കൊറിയോഗ്രാഫറാകുവാൻ അവസരം ലഭിച്ചത് വലിയ വഴിത്തിരിവായി. 

റെമോ ഡിസൂസ, Image Credit: Instragram/remodsouza
റെമോ ഡിസൂസ, Image Credit: Instragram/remodsouza

‌ഒരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിൽ ജനിച്ച ലിസെല്ലെ ഡിസൂസയെയാണ് 1999ൽ റെമോ വിവാഹം കഴിച്ചത്. റെമോയുടെ നൃത്തക്ലാസിലേക്ക് വന്ന ലിസെല്ലെയോട് കർക്കസ്യമുള്ള അദ്ധ്യാപകനായിട്ടാണ് പെരുമാറിയത്. എന്നാൽ കാലക്രമേണ അവർ പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. ധ്രുവ്, ഗബ്രിയേല്‍ എന്നിവരാണ് മക്കൾ. റെമോ പിന്നീട് ക്രിസ്തുമതം സ്വീകരിക്കുകയും രമേഷ് ഗോപി നായർ എന്ന പേര് മാറ്റി റെമോ എന്ന പേര് തന്റെ ഔദ്യോഗിക നാമമാക്കി മാറ്റി.

റെമോയുടെ നൂതനവും ഊർജ്ജസ്വലവുമായ ശൈലി, ഒരു പ്രമുഖ നൃത്തസംവിധായകനായി വളരുവാൻ സഹായിച്ചു. ധൂം (2004), എന്തിരൻ (2013), സ്റ്റുഡൻ്റ് ഓഫ് ദ ഇയർ(2013), യേ ജവാനി ഹേ ദീവാനി (2013), ബാജിറാവു മസ്താനി (2015) തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ജനപ്രിയമായ നൃത്തരംഗങ്ങളുടെ പ്രിയ തോഴനായി മാറി റെമോ ഡിസൂസ. എ-ലിസ്റ്റ് ബോളിവുഡ് താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ച അദ്ദേഹം, 25 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 100-ലധികം സിനിമകൾക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. മാത്രമല്ല ഡാൻസ് ഇന്ത്യ ഡാൻസ്, ഡാൻസ് പ്ലസ് പോലുള്ള ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോകളുടെ വിധികർത്താവായി വർഷങ്ങളായി ടെലിവിഷനിലും റെമോ സജീവ സാന്നിധ്യമാണ്. റെമോയുടെ അഭിലാഷം കൊറിയോഗ്രാഫിക്കപ്പുറം നീണ്ടതിന്റെ ഫലമായി, 2011 ൽ ഫാൽത്തു എന്ന ഹാസ്യ ചിത്രത്തിലൂടെ അദ്ദേഹം ചലച്ചിത്ര സംവിധാനത്തിലേക്ക് കടന്നു. പിന്നീട് നൃത്തം വിഷയമാക്കി എബിസിഡി എന്ന 3 ചിത്രങ്ങളുടെ സിനിമാ ഫ്രാഞ്ചൈസിയും എ ഫ്ലൈയിംഗ് ജാട്ട് എന്ന ചിത്രവും സംവിധാനം ചെയ്തു.  

റെമോ ഡിസൂസ, Image Credit: Instragram/remodsouza
റെമോ ഡിസൂസ, Image Credit: Instragram/remodsouza

റെമോയുടെ കരിയർ ബോളിവുഡിൽ തഴച്ചുവളർന്നപ്പോഴും അദ്ദേഹത്തിന് കേരളത്തിനോടുള്ള ബന്ധം ശക്തമായി തന്നെ നിലനിന്നു. കുട്ടിക്കാലത്തെക്കുറിച്ചും തെയ്യം, കഥകളി തുടങ്ങിയ നൃത്തരൂപങ്ങളും ആയോധന കലാരൂപമായ കളരിപ്പയറ്റും  തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം സ്നേഹപൂർവ്വം സംസാരിക്കാറുണ്ട്. നാട്ടിലെത്തി ബന്ധുക്കളുമായി സമയം ചിലവഴിക്കുന്നതും പതിവാണ്.  

കരിയറിന്റെ തുടക്കത്തിൽ തന്റെ നിറത്തെക്കുറിച്ച് നിരന്തരം മോശം അഭിപ്രായം കേൾക്കേണ്ടി വന്നിട്ടും തന്റെ സ്വപ്‌നങ്ങളോട് സമർപ്പണത്ത‌ോടെ നിലകൊണ്ട റെമോ ഡിസൂസയുടെ കഥ വളർന്നു വരുന്ന കലാകാരന്മാർക്ക് ഒരു പ്രചോദനമാണ്. ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്, ദേശീയ ചലച്ചിത്ര അവാർഡ്, ഫിലിംഫെയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി നൃത്തസംവിധാനരംഗത്ത് കേരളത്തിന്റെയും യശ്ശസ് ഉയർത്തിരിക്കുകയാണ് റെമോ ഡിസൂസ എന്ന രമേഷ് ഗോപി നായർ. 

English Summary:

Choreographing Dreams: The Extraordinary Story of Remo D'Souza