ആരോരുമില്ലെന്നു കരുതേണ്ട; ഇന്ത്യയിൽനിന്നു മോഷണം പോയ വെങ്കല വിഗ്രഹം ബ്രിട്ടൻ തിരികെത്തരും
Mail This Article
അതു നമ്മുടെ തിരുമങ്കൈ ആൾവാരല്ലേ? ഓക്സ്ഫഡ് സർവകലാശാലയിലെ അഷ്മോളിയൻ മ്യൂസിയത്തിലുള്ള വെങ്കല വിഗ്രഹം കണ്ട ഗവേഷകരിലൊരാൾക്കു തോന്നിയ സംശയം ചരിത്രത്തിന്റെ നിയോഗമായിരുന്നു. വൈഷ്ണവ സന്യാസിമാരിൽ പ്രമുഖനായ തിരുമങ്കൈ ആൾവാരുടെ 500 കൊല്ലം പഴക്കമുള്ള വിഗ്രഹം തമിഴ്നാട്ടിലെ ക്ഷേത്രത്തിൽനിന്നു മോഷണം പോയതാണെന്ന് സർവകലാശാല അറിഞ്ഞത് അങ്ങനെ.
വിവരമറിയിച്ചതോടെ, വിഗ്രഹം ഇന്ത്യയ്ക്കു കൈമാറണമെന്ന് അപേക്ഷ നൽകിയ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് അനുകൂല മറുപടി ലഭിച്ചിരിക്കുകയാണിപ്പോൾ. ഏതാനും നടപടിക്രമങ്ങൾ കൂടി കഴിഞ്ഞാൽ തിരുമങ്കൈ ആൾവാർ ‘നാടണയും’.
2019 നവംബറിലായിരുന്നു ഗവേഷകരിലൊരാൾ വിഗ്രഹം തിരിച്ചറിഞ്ഞത്. വാളും പരിചയുമായി നിൽക്കുന്ന, ആകാരഭംഗിയുള്ള വിഗ്രഹം 1967 ൽ സതെബീസ് കമ്പനി നടത്തിയ ഒരു ലേലത്തിൽനിന്നാണ് ഓക്സ്ഫഡ് സർവകലാശാല സ്വന്തമാക്കിയത്. പുരാവസ്തു വിദഗ്ധനായ ഡോ. ജെ.ആർ. ബെൽമണ്ടിന്റെ (1886-1981) ശേഖരമായിരുന്നു സതെബീസ് അന്നു ലേലത്തിനു വച്ചത്.