ADVERTISEMENT

ശാസ്ത്ര സൗന്ദര്യങ്ങളെല്ലാം ആവാഹിച്ച് കൊത്തിയെടുത്ത ഒരു നൃത്തശിൽപം പലതവണ അരങ്ങില്‍ ആസ്വാദിച്ചാലും അത് കാഴ്ച്ചക്കാരന്‍റെ ആത്മാവിനെ സ്പര്‍ശിക്കുന്നില്ലെങ്കില്‍, അനുധ്യാനത്തിന് വക നല്‍കുന്നില്ലെങ്കില്‍ ആ സൃഷ്ടി അവനെ സംബന്ധിച്ചിടത്തോളം ഉദാത്തതയ്ക്ക് നിര്‍ദര്‍ശകമാണെന്ന് പറഞ്ഞുകൂട. ആവര്‍ത്തിച്ചുള്ള നിരീക്ഷണത്തിന് ശേഷവും രസാനുഭൂതിയും ആകര്‍ഷകത്വവും ബോധത്തില്‍ തങ്ങി നില്‍ക്കുന്നുവെങ്കില്‍, ആ രചനസൗഭഗം എല്ലാ കാലത്തും എല്ലാതരം മനുഷ്യരെയും രസിപ്പിക്കുന്നുവെങ്കില്‍, നൃത്തം ഉദാത്തമത്രെ- എന്നാണ് സാമാന്യതത്വം.

മേതില്‍ ദേവിക അവതരിപ്പിച്ച 'സ്ത്രിപ്രേക്ഷ'യെ നമുക്ക് അത്തരമൊരു വിഭാഗത്തില്‍പ്പെടുത്താം. വീണ്ടും വീണ്ടും കാണുന്തോറും ആസ്വാദകനില്‍ ദര്‍ശന കൗതുകം നിറയ്ക്കും വിധം രസം നിറഞ്ഞ നൃത്താഖ്യാനശൈലി. ദേവികയുടെ ഇതരസൃഷ്ടികള്‍ പോലെതന്നെ മാന്ത്രികത പേറുന്ന മറ്റെന്തോ ഒന്ന് സ്ത്രിപ്രേക്ഷയിലും ഉണ്ടെന്ന് തോന്നുന്നു.

Methil-Devika-3
മേതിൽ ദേവികയുടെ നൃത്തം. (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/മനോരമ)

പാലക്കാട് ജില്ലയിലെ തിരുവാലത്തൂര്‍ ഭഗവതി ക്ഷേത്ര മതില്‍കെട്ടിനുള്ളിലെ നടവഴിയില്‍ ആണ് സ്ത്രിപ്രേക്ഷ അരങ്ങുണര്‍ത്തിയത്. അന്നപൂര്‍ണ സ്തുതിയില്‍ തുടങ്ങി മഹിഷാസുരമര്‍ദ്ധിനിയായ ഭദ്രകാളിയെ നൃത്തത്തില്‍ സന്നിവേശിപ്പിച്ച നടനസല്ലയം. നൃത്തത്തിന്‍റെ സാങ്കേതികത്തികവും വ്യാകരണവും പരിശോധിച്ചാല്‍ ഈ കലാകാരിയുടെ തന്നെ മികച്ച പ്രകടനങ്ങള്‍ മറ്റുവേദികളില്‍ കാണാമെങ്കിലും ക്ഷേത്രവഴികളില്‍ അരങ്ങുണര്‍ത്തി ഔജ്ജ്വല്യമാര്‍ന്ന ഒരു നൃത്തപ്രഖ്യാപനം തീര്‍ക്കാന്‍ സാധിച്ചു എന്നതാണ് സ്ത്രിപ്രേക്ഷയെ വ്യത്യസ്തമാക്കുന്നത്. സ്നേഹാന്നം ഊട്ടി പൂര്‍ണാർഥത്തില്‍ വിലസിക്കുന്ന ദേവീഭാവവും, സ്വാഭിമാനം നശിക്കപ്പെടുമ്പോള്‍ സ്വയം ഭദ്രയായും മാറുന്ന പെണ്മയുടെ ദിത്വഭാവം നൃത്തചാരുതയില്‍ മനോഹരമായി കുറിക്കിയെടുത്ത് സ്ത്രിപ്രേക്ഷയായ് അവതരിപ്പിച്ചിരിക്കുന്നു ഇവിടെ. വിലങ്ങുകളും വേലികെട്ടുകളും ഇല്ലാത്ത വിശാലസ്ഥലിയിലേക്ക് സ്വയം ഇറങ്ങി വന്ന് ഉന്മത്തയായ് നൃത്തപ്രഖ്യാപനം ചെയ്യുന്ന സ്ത്രൈണ ഭാവത്തെ ദേവതസങ്കല്‍പ്പവുമായ് കൂട്ടിയിണക്കി മൂര്‍ത്തമായ ദേവിഭാവത്തിനുചുറ്റും സൗന്ദര്യചക്രമൊരുക്കി അരങ്ങേറിയ നൃത്തഭാവന തന്നെയാണിത്.

ഇത്തരമൊരു സര്‍ഗചിന്തയും അതില്‍ തുടര്‍ന്നൊരു ദൃശ്യഭാഷയും ഒരുക്കാന്‍ രചയിതാവ് എത്രയെത്ര നിലാസാധകങ്ങളില്‍ ഏര്‍പ്പെട്ടിരിക്കാം എന്ന് ചിലപ്പോഴൊക്കെ ചിന്തിച്ചു പോവുന്നു. ദൈര്‍ഘ്യം കുറഞ്ഞതെങ്കിലും പ്രജ്ഞയ്ക്ക് കിട്ടുന്ന സംതൃപ്തിയും കാതിനും കണ്ണിനും ലഭിക്കുന്ന ഹര്‍ഷോന്മാദവും ഉന്നതമായ കാവ്യാസ്വാദനത്തിനൊപ്പം തന്നെ സ്ത്രിപ്രേക്ഷയുടെ സൗന്ദര്യത്തേയും ചേര്‍ത്തുവയ്ക്കുന്നു. സ്വന്തം ഉലയില്‍ രൂപപ്പെട്ടുവരുന്ന ഓരോ നര്‍ത്തകി ബിംബവും ഈ ഉടലാട്ടം ആസ്വദിച്ചിരിക്കാം, ആഗ്രഹിച്ചിരിക്കാം. 

Methil-Devika-2
മേതിൽ ദേവികയുടെ നൃത്തം. (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/മനോരമ)

സ്ത്രിപ്രേക്ഷയുടെ നൃത്തസംവിധാന വിഷയത്തിന്‍റെ സൂക്ഷ്മവശങ്ങളിലേക്ക് ചിന്തിക്കുമ്പോള്‍ തികഞ്ഞ ഗവേഷണ കൗതൂഹലത്തോടെ വേണം ഇതിനെ നോക്കിക്കാണാന്‍ നൃത്തഭാഷ്യത്തിലേക്ക് ഇങ്ങനെയൊരു ഇതിവൃത്തം തിരഞ്ഞെടുക്കുക എന്നത് തന്നെ ശ്രമകരമായ ഒന്നാണ്. ദേവികയ്ക്ക് അത് പുതിയ  കാര്യമല്ലതാനും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൗടില്യന്‍റെ അർഥശാസ്ത്രത്തില്‍ വിവക്ഷിക്കപ്പെട്ടിട്ടുള്ള സ്ത്രീപ്രേക്ഷ, പെണ്‍ അരങ്ങുകള്‍ കാണാന്‍ സ്ത്രീ സ്വാതന്ത്ര്യത്തിനുമേലുള്ള പിഴയടയ്ക്കലിനെക്കുറിച്ചാണെങ്കില്‍, വര്‍ത്തമാനക്കാലത്തെ ഈ സ്ത്രിപ്രേക്ഷ അരങ്ങിടം സ്വയം വാര്‍ത്തെടുത്ത് നൃത്തം ചെയ്യുന്ന ഓരോ സ്ത്രീയുടേതുകൂടിയാണ്. 

നൃത്ത സംവിധാനത്തിന്‍റെ രൂപരേഖ മനസ്സില്‍ വരച്ചിട്ട് അതിന് അലങ്കാരങ്ങളും നിറച്ചാര്‍ത്തുകളും ആധുനിക രംഗഭാഷ സജ്ജീകരണങ്ങളും സിനിമാറ്റിക്ക് സാങ്കേതികതയും പകര്‍ന്ന് കൊടുത്ത രചന. ഒപ്പം സോപാന സംഗീതവും താളവും മനസ്സില്‍ പലവുരു ചൊല്ലിയാടി നൃത്തസൗഭഗമായ് നമ്മിലേക്കെത്തിച്ചിരിക്കുന്നു.

സുന്ദരമായ ദൃശ്യവിരുന്നിനുവേണ്ട എല്ലാ അകമ്പടികളും ആശ്ലേഷബദ്ധമാകുന്നു ഇവിടെ. നര്‍ത്തകിയുടെ നാട്യ ചലനങ്ങള്‍ ഉദ്ദീപിപ്പിക്കും വിധം ധ്വനിസാന്ദ്രമായ സംഗീതമേളവും ആലാപനവും നൃത്തശിൽപത്തിന് ശിങ്കിടി പാടുമ്പോള്‍ ലയഭംഗി അത്രമേല്‍ ഉദാത്തമാകുന്നു. ശാസ്ത്രീയനൃത്തത്തിന്‍റെ ലാവണ്യശോഭ അതിന്‍റെ വരേണ്യഭംഗി ഒട്ടും ചോരാതെ ക്യാമറയുടെ ദൃശ്യപരതയിലേക്ക് സുവര്‍ണശോഭ പരത്തി അവതരിപ്പിച്ചതും ശ്ലാഘനീയം തന്നെ! സ്ത്രിപ്രേക്ഷയുടെ നൃത്തവ്യാകരണം ഏതു തന്നെയായാലും അതുളവാക്കുന്ന ആത്യന്തിക രസാനുഭവം തന്നെയാണ് നിറഞ്ഞ ചാരുത.

രാഗത്തിന്‍റെ സ്വരൂപഗുണവും ആശയത്തിന്‍റെ സ്വഭാവഗുണവും നൃത്ത സങ്കേതങ്ങളിലൂടെ ഒരുവന്‍റെ ആസ്വാദകതലത്തിലേക്ക് സന്നിവേശിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല, എന്നത് ദേവികയുടെ സ്ത്രിപ്രേക്ഷ ഓര്‍മ്മിപ്പിക്കുന്നു. തീര്‍ച്ചയായും സ്ത്രിപ്രേക്ഷ മനോഹരമായ സര്‍ഗമുദ്ര തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com