ADVERTISEMENT

കുട്ടിക്കാലത്തെ വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കാൻ താൽപര്യമുള്ളവർ ഉണ്ടാകില്ലേ? എന്നാൽ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന കളിപ്പാട്ടങ്ങൾ കാണാൻ ഒരു അവസരം ലഭിച്ചാലോ? 

ബാല്യത്തിന്റെ ഓർമ പുതുക്കാൻ എന്നതിനപ്പുറം കളിപ്പാട്ടങ്ങളുടെ പ്രാധാന്യവും ചരിത്രപരമായ വികസനവും മനസ്സിലാക്കാൻ സാധിക്കുന്നയിടമാണ് കളിപ്പാട്ട മ്യൂസിയങ്ങൾ. വിവിധ കാലഘട്ടങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള കളിപ്പാട്ടങ്ങൾ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ലക്ഷ്യമിട്ട ഈ മ്യൂസിയങ്ങൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടതാണ്. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിലും തലമുറകളിലുടനീളം ഗൃഹാതുരത്വവും ബന്ധവും വളർത്തുന്നതിലും അവയുടെ പങ്ക് വളരെ വലുതാണ്. 

കുട്ടിക്കാലത്തെ വസ്തുക്കൾ സംരക്ഷിക്കുന്നതിൽ അഭിനിവേശമുള്ള വ്യക്തികളുടെ സ്വകാര്യ ശേഖരം എന്ന നിലയിലാണ് ഈ മ്യൂസിയങ്ങൾ പലപ്പോഴും ആരംഭിച്ചത്. കാലക്രമേണ, ഈ ശേഖരങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മൂല്യം ശ്രദ്ധിക്കപ്പെട്ടതോടെ അത് പൊതു കളിപ്പാട്ട മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. വ്യാവസായികവൽക്കരണത്തിന്റെയും കളിപ്പാട്ടങ്ങളുടെ വൻതോതിലുള്ള ഉൽപ്പാദനത്തിന്റെയും ഉയർച്ചയോടെ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് കളിപ്പാട്ടങ്ങളുടെ മ്യൂസിയങ്ങളുടെ എണ്ണം വർധിക്കാൻ തുടങ്ങിയത്. 

JohannesDonath-germany
ജർമ്മൻ ടോയ് മ്യൂസിയം (സോൺബെർഗ്, ജർമ്മനി, Image Credit: Johannes Donath/facebook.com

1. ജർമൻ ടോയ് മ്യൂസിയം (സോൺബെർഗ്, ജർമ്മനി)

1901ൽ സ്ഥാപിതമായ സോൺബെർഗിലെ ജർമ്മൻ ടോയ് മ്യൂസിയം (Deutsches Spielzeugmuseum) ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കളിപ്പാട്ട മ്യൂസിയങ്ങളിൽ ഒന്നാണ്. സോൺബെർഗ് കളിപ്പാട്ട നിർമ്മാണത്തിനുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നു, മ്യൂസിയത്തിന്റെ വിപുലമായ ശേഖരം ഈ വ്യവസായത്തിലെ നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ള 60,000 കളിപ്പാട്ടങ്ങൾ ഉൾപ്പെടെ ഏകദേശം 100,000 വസ്തുക്കള്‍ അവിടെയുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ തുരിംഗിയൻ പോർസലൈൻ പാവകൾ, ആദ്യകാല കാഥേ ക്രൂസ് പാവകൾ, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തടി കളിപ്പാട്ടങ്ങൾ, പുരാതന ഈജിപ്തിൽ നിന്നുള്ള കളിപ്പാട്ടങ്ങൾ, ഗ്രീസിലും റോമിലും നിന്നുള്ള പുരാതന കളിപ്പാട്ടങ്ങൾ എന്നിവ പ്രധാന പ്രദർശനങ്ങളിൽ ഉൾപ്പെടുന്നു. ജർമ്മൻ ടോയ് മ്യൂസിയം 18-ാം നൂറ്റാണ്ട് മുതൽ ഇന്നുവരെയുള്ള കളിപ്പാട്ട നിർമ്മാണത്തിന്റെയും രൂപകൽപനയുടെയും പരിണാമം കണ്ടെത്തുന്ന വിശദമായ പ്രദർശനങ്ങൾക്ക് പേരുകേട്ടതാണ്.

ദി സ്ട്രോങ് നാഷനൽ മ്യൂസിയം ഓഫ് പ്ലേ (റോച്ചെസ്റ്റർ, ന്യൂയോർക്ക്, യുഎസ്എ), Image Credit: Doug Orleans/facebook.com
ദി സ്ട്രോങ് നാഷനൽ മ്യൂസിയം ഓഫ് പ്ലേ (റോച്ചെസ്റ്റർ, ന്യൂയോർക്ക്, യുഎസ്എ), Image Credit: Doug Orleans/facebook.com

2. ദി സ്ട്രോങ് നാഷനൽ മ്യൂസിയം ഓഫ് പ്ലേ (റോച്ചെസ്റ്റർ, ന്യൂയോർക്ക്, യുഎസ്എ)

കളികളുടെ ചരിത്രത്തിനായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലുതും സമഗ്രവുമായ മ്യൂസിയങ്ങളിൽ ഒന്നാണ് സ്ട്രോംഗ് നാഷനൽ മ്യൂസിയം ഓഫ് പ്ലേ. മാർഗരറ്റ് വുഡ്ബറി സ്ട്രോങ് 1969ൽ സ്ഥാപിച്ച ഈ മ്യൂസിയത്തിൽ കളിപ്പാട്ടങ്ങൾ, ഗെയിമുകൾ, പാവകൾ, വീഡിയോ ഗെയിമുകൾ എന്നിവയുടെ വിപുലമായ ശേഖരം കാണാം. നാഷണൽ ടോയ് ഹാൾ ഓഫ് ഫെയിം, വേൾഡ് വീഡിയോ ഗെയിം ഹാൾ ഓഫ് ഫെയിം എന്നിവയുൾപ്പെടെ കളിയുടെ വിവിധ വശങ്ങൾ അതിന്റെ പ്രദർശനങ്ങൾ ഉൾക്കൊള്ളുന്നു. "റീഡിംഗ് അഡ്വഞ്ചർലാൻഡ്", "അമേരിക്കൻ കോമിക് ബുക്ക് ഹീറോസ്" തുടങ്ങിയ മ്യൂസിയത്തിന്റെ സംവേദനാത്മക പ്രദർശനങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു. ന്യൂയോർക്കിലെ ഏറ്റവും വലിയ ഇൻഡോർ ബട്ടർഫ്ലൈ ഗാർഡനായ ഡാൻസിങ് വിംഗ്സ് ബട്ടർഫ്ലൈ ഗാർഡനിൽ ആയിരക്കണക്കിന് ചിത്രശലഭങ്ങളെയും കാണാം.

mint-lit
മിന്റ് മ്യൂസിയം ഓഫ് ടോയ്‌സ് (സിംഗപ്പൂർ), Image Credit: mintmuseumoftoys/facebook.com

3. മിന്റ് മ്യൂസിയം ഓഫ് ടോയ്‌സ് (സിംഗപ്പൂർ)

സിംഗപ്പൂരിലെ മിന്റ് മ്യൂസിയം ഓഫ് ടോയ്‌സ് 2007ലാണ് ആരംഭിച്ചത്. 1840 മുതൽ 1980 വരെയുള്ള കാലഘട്ടത്തിലെ 50,000 കളിപ്പാട്ടങ്ങളുടെ ശേഖരമായി ഇവിടം, ഏഷ്യയിലെ ഏറ്റവും വലിയ വിന്റേജ് ടോയ്‌സ് ആൻഡ് കളക്‌ളബിൾസ് മ്യൂസിയമാണ്. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന കളിപ്പാട്ടങ്ങളെല്ലാം സിംഗപ്പൂരിലെ സെന്റ് ആൻഡ്രൂസ് സ്കൂളിലെ പൂർവ വിദ്യാർഥിയായ ചാങ് യാങ് ഫായുടെ ആജീവനാന്ത ശേഖരമാണ്. ഡിസ്നി കളിപ്പാട്ടങ്ങൾ, ആസ്ട്രോ ബോയ്, ബാറ്റ്മാൻ, ബോൺസോ ദി ഡോഗ്, ഡാൻ ഡെയർ, പോപ്പേ ദി സെയ്‌ലർ, യുദ്ധത്തിനു മുമ്പുള്ള ജാപ്പനീസ് കളിപ്പാട്ടങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്.

ഇത്തരത്തിൽ നിരവധി കളിപ്പാട്ട മ്യൂസിയങ്ങൾ ലോകമെമ്പാടുമുണ്ട്. ഇന്ത്യയിലെ പാവകളുടെ ഒരു വലിയ ശേഖരമാണ് ഡൽഹിയിലുള്ള ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം. രാഷ്ട്രീയ കാർട്ടൂണിസ്റ്റായ കെ. ശങ്കരപ്പിള്ളയാണ് ഇത് സ്ഥാപിച്ചത്. ബഹദൂർ ഷാ സഫർ മാർഗിലെ ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് കെട്ടിടത്തിൽ പ്രത്യേക പ്രവേശന കവാടത്തിലൂടെ ഇവിടേക്ക് പ്രവേശിക്കാം. 

travelingmitch
ദി സ്ട്രോങ് നാഷനൽ മ്യൂസിയം ഓഫ് പ്ലേ (റോച്ചെസ്റ്റർ, ന്യൂയോർക്ക്, യുഎസ്എ), Image Credit: Doug Orleans/facebook.com

കളിപ്പാട്ടങ്ങൾ അവയുണ്ടായിരുന്ന കാലത്തെ സാമൂഹിക മൂല്യങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ, കലാപരമായ പ്രവണതകൾ എന്നിവ പ്രതിഫലിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, പരമ്പരാഗത ജാപ്പനീസ് കൊകേഷി പാവകൾ, റഷ്യൻ മാട്രിയോഷ്ക പാവകൾ, അമേരിക്കൻ ആക്ഷൻ ചിത്രങ്ങൾ എന്നിവ ഓരോന്നും അവ ഉത്ഭവിച്ച സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് കഥ പറയുന്നു. കുട്ടികൾക്ക് കൗതുകമാണെങ്കിൽ മുതിർന്നവർക്ക്, കളിപ്പാട്ട മ്യൂസിയങ്ങൾ ഒരു ഗൃഹാതുരമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്.

English Summary:

Discover the Magical World of Toy Museums Around the Globe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com