ഇതെന്താ നഗരവിസ്മയത്തിലേക്ക് നീണ്ടു നിൽക്കുന്ന റെഡ് കാർപറ്റോ? അറിയാം നിറ്റെറോയി ആർട്ട് മ്യൂസിയത്തിന്റെ വിശേഷങ്ങള്
Mail This Article
നിറ്റെറോയി നഗരത്തിന്റെ ഭംഗിയിലേക്ക് നീണ്ടു കിടക്കുന്ന ചുവന്ന പാതയുണ്ട് ബ്രസീലിൽ. റെഡ് കാർപറ്റിനെ ഓർമിപ്പിക്കുന്ന ആ പാത ചെന്നവസാനിക്കുന്നത് നിറ്റെറോയി കണ്ടെമ്പററി ആർട്ട് മ്യൂസിയമെന്ന അത്ഭുത ലോകത്തിലേക്കാണ്. 1996ൽ സ്ഥാപിതമായ ഈ മ്യൂസിയം ആധുനിക കലയെ പ്രതിനിധീകരിക്കുന്ന ബ്രസീലിലെ ഏറ്റവും വലിയ മ്യൂസിയമാണ്. പ്രശസ്ത വാസ്തുശിൽപിയായ ഓസ്കാർ നീമേയർ രൂപകൽപന ചെയ്ത മ്യൂസിയത്തിന്റെ കെട്ടിടം തന്നെ ഒരു കലാസൃഷ്ടിയാണ്.
രൂപഭംഗി കൊണ്ട് കാഴ്ചക്കാരുടെ മനം മയക്കുന്ന മ്യൂസിയം ബ്രസീലിലെ റിയോ ഡി ജനീറോയിലെ നിറ്റെറോയി നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നാല് നിലകളുള്ള കെട്ടിടം നിർമ്മിക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി 300 തൊഴിലാളികൾ അഞ്ച് വർഷം ജോലി വേണ്ടി വന്നു. തന്റെ സഹപ്രവർത്തകനായ ബ്രൂണോ കോന്ററിനിക്കൊപ്പമാണ് ഓസ്കാർ നീമേയർ മ്യൂസിയത്തിന്റെ കെട്ടിടം രൂപകൽപന ചെയ്ത് അവസാനിപ്പിച്ചത്.
തുടക്കം മുതലേ, ആർട്ട് മ്യൂസിയത്തിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു: കലാ ശേഖരങ്ങളുടെ സംഭരണവും പ്രദർശനവും സൗന്ദര്യം തുളുമ്പി, വിനോദസഞ്ചാര കേന്ദ്രമായി മാറാൻ സാധ്യതയുള്ള കെട്ടിടവും. ആ രണ്ടു ലക്ഷ്യങ്ങളും വിജയകരമായി പൂർത്തീകരിക്കുവാൻ നിർമ്മാതാക്കൾക്ക് സാധിച്ചു. ഓസ്കറിന്റെ മകൾ അന്ന മരിയ നീമേയർ രൂപകൽപ്പന ചെയ്ത ആധുനിക ഫർണിച്ചറുകളാണ് അകം അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ചില കലാകാരന്മാരുടെ സൃഷ്ടികളാണ് മ്യൂസിയത്തിന്റെ ശേഖരത്തിൽ ഉൾപ്പെടുത്തിരിക്കുന്നത്. റിയോ ഡി ജനീറോ നഗരത്തിന്റെ അതിശയകരമായ കാഴ്ചകൾ മ്യൂസിയം പ്രദാനം ചെയ്യുന്നു. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ മ്യൂസിയം ചൊവ്വാഴ്ച മുതൽ ഞായർ വരെ, രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് തുറന്നിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. പ്രദർശനത്തിനൊപ്പം പരിപാടികൾ സംഘടിപ്പിക്കുവാൻ ഓഡിറ്റോറിയം, ഭക്ഷണം കഴിക്കുവാൻ റെസ്റ്റോറൻ്റ് എന്നിവയും മ്യൂസിയത്തിലുണ്ട്.