വേദനാഭരിതമായ തപസ്സാണ് കവിത; കവി ഇങ്ങനെയുമാകാമോ?
Mail This Article
ശ്വസിക്കുന്ന വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ച് രക്തത്തിലേക്കു കടത്തിവിടാനുള്ള ശ്വാസകോശത്തിന്റെ ശേഷി ക്രമാതീതമായി കുറഞ്ഞതായിരുന്നു അയ്യപ്പപ്പണിക്കരുടെ മരണ കാരണമായ രോഗം. ഓക്സിജൻ സിലിണ്ടർ വീട്ടിൽ ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനൊക്കെ വേണ്ടിവരുന്ന വലിയ ചെലവ് വഹിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യരും തയാറായിരുന്നു. എന്നാൽ, അത്തരം നിർദേശങ്ങളോട് കവി അകലം പാലിച്ചു.
മുൻകൂട്ടി നിശ്ചയിച്ച് ഒരിക്കൽ ഡോക്ടറെ കാണാൻ പോകുമ്പോൾ പണിക്കർക്കൊപ്പം ശിഷ്യനും സുഹൃത്തുമായ പ്രിയദാസും ഉണ്ടായിരുന്നു. ഒരു മാസത്തിനപ്പുറം ആയുസ്സ് ശേഷിക്കില്ലെന്ന് അന്നു ഡോക്ടർ പറഞ്ഞു. കവിയോടും ഇതു സൂചിപ്പിച്ചിരുന്നു. വീട്ടിൽ തിരിച്ചെത്തി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പ്രിയദാസ്, കടമ്മനിട്ടയുടെ ശാന്തയിലെ നാലു വരികൾ ചൊല്ലി.
ഇല്ല, നമുക്കായൊരു സന്ധ്യ രാപ്പാതി –
യല്ലാതെ മറ്റൊന്നുമില്ലെന്നിരിക്കിലും
വിസ്മയം പോലെ ലഭിക്കും നിമിഷത്തി–
നർഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം.
ഇനിയുള്ള ദിവസങ്ങൾ എന്തു ചെയ്യണമെന്ന് ആലോചിക്കണമെന്നും പറഞ്ഞു.
അതൊക്കെ ആലോചിച്ച് ഞാൻ ഒരു കവിത എഴുതിയിട്ടുണ്ട്. ഇന്നലെ രാത്രി എഴുതിയതേയുള്ളൂ. വെള്ളമേഘങ്ങൾ: അയ്യപ്പപ്പണിക്കർ പറഞ്ഞു.
പത്തുമണിപ്പൂക്കൾ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയ വെള്ളമേഘങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന കവിത. കവിയുടെ അതുവരെയുള്ള കവിതാ സപര്യയിൽ നിന്നു പല രീതിയിലും മാറിനിൽക്കുന്ന കവിതകളാണ് പത്തുമണിപ്പൂക്കളിലുള്ളത്. സാമൂഹിക വിമർശനമോ ആക്ഷേപഹാസ്യമോ ദുരന്തമോ സ്നേഹമോ ഒന്നുമില്ലാതെ അജ്ഞാത സുഹൃത്തിനോടുള്ള സംഭാഷണങ്ങൾ.
തെക്കും വടക്കും എന്ന ചെറുകവിതയിൽ അദ്ദേഹം എഴുതുന്നു:
നീ തെക്കുനിന്നായിരിക്കും
ഞാൻ വടക്കുനിന്നു വന്നവൾ
പക്ഷേ, നമ്മൾ ഒന്നിക്കുമ്പോൾ
തെക്കും വടക്കും ഇല്ലാതാകും.
അതുകൊണ്ടു നമുക്കു നടക്കാം
ഒരു കൈ പിടിച്ചുകൊള്ളൂ.
വൈരുധ്യങ്ങളെ കവിതയിലും എഴുത്തിലും വാരിപ്പുണർന്ന അയ്യപ്പപ്പണിക്കർ എന്നത്തെയും പോലെ അവസാന കവിതകളിലും ജീവിതത്തിന്റെ നൈമിഷികത അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്. ജീവിത നിരാസമോ നിഷേധമോ അദ്ദേഹം പ്രകടിപ്പിക്കുന്നില്ല. ആസക്തിയോ അമിത സ്നേഹമോ കാണാനുമില്ല. എന്നാൽ, നിസ്സംഗതയും നിർവികാരതയും അദ്ദേഹത്തിന്റെ വരികൾക്ക് ഈണം പകരുന്നുമില്ല. വ്യർഥതയെ അറിഞ്ഞുകൊണ്ട് ജീവിതത്തെ അംഗീകരിക്കുക എന്ന ഉദാരവും സ്നേഹപൂർണവുമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
എവിടെയോ ജനിച്ച്, എവിടെയോ വളർന്ന്, എവിടെയോ തളർന്ന് അടിയേണ്ടവരാണ് നാമെല്ലാം എന്ന് അദ്ദേഹം അറിയുന്നു. ആ അറിവ് നമുക്കും പകരുന്നു. എന്നാൽ അതിനിടയിൽ ചിലതുണ്ട്.
ഒരു മഴച്ചാറ്റൽ.
ഒരു മയിൽപ്പീലിത്തൂക്കം.
ഒരു മഴവിൽനിഴൽ.
ഒരു നിലാക്കീറ്.
ഒരു കൺവിളയാട്ടം.
തീർന്നു. ചക്രം കറങ്ങാതാവും.
ഈ മുഹൂർത്തം നമ്മുടേതെന്നു കരുതൂ.
ഇതു കളയാതിരിക്കൂ....എന്നു പറയുന്ന പണിക്കർ, പറഞ്ഞിരിക്കെ ആ കൊള്ളിമീൻ പറഞ്ഞു പതഞ്ഞു കത്തിത്തീർന്നതും കാണിച്ചുതരുന്നു. നമ്മളും ഇതുപോലെയെന്ന് അറിയുന്നു. അറിയുന്നതേക്കാളും അധികമായി അറിയുന്നു !
ആരാണ് അയ്യപ്പപ്പണിക്കർ എന്ന് കണ്ടെത്താനാണ് പ്രിയദാസ് ശ്രമിക്കുന്നത്. അത് ബാഹ്യ അന്വേഷണമല്ല. ആത്മാന്വേഷണം തന്നെയാണ്. അയ്യപ്പപ്പണിക്കർ കവി മാത്രമല്ല, കവിതയെ ഇഷ്ടപ്പെടുന്നവരുടെ ഹൃദയത്തിന്റെ ഭാഗവുമാണ്. അല്ല, ആ ഹൃദയത്തിൽ അദ്ദേഹം ഉണ്ട്. ആവശ്യമായി, അനിവാര്യതയായി.
തന്നെ വിമർശിച്ചവരെപ്പോലും കുറ്റം പറയാതെ, അവരോടും ബഹുമാനം കുറയ്ക്കാതെ ജീവിച്ച പണിക്കർ കവിതയെ കാലത്തിനു വിട്ടുകൊടുത്ത് കർമം പൂർത്തിയാക്കുകയായിരുന്നു.
അനുയായികളെ സൃഷ്ടിക്കാൻ അദ്ദേഹം മെനക്കെട്ടില്ല. ആരെയും തളർത്താൻ ഒരിക്കലും ഒന്നും ചെയ്യാതിരുന്ന അദ്ദേഹം, ഇഷ്ടമുള്ള വഴിയിലൂടെ മുന്നോട്ടുപോകാൻ കഴിയാവുന്ന സഹായങ്ങൾ ചെയ്തിട്ടുമുണ്ട്. എങ്ങനെ എഴുതണം എന്ന് ഉപദേശിച്ചില്ല. നിർദേശിച്ചില്ല. സ്വന്തം എഴുത്ത് മഹത്തരമാണെന്ന് വിശ്വസിച്ചുമില്ല.
മലയാളത്തിൽ ഏറ്റവും കൂടുതൽ ഹാസ്യ കവിതകൾ എഴുതിയിട്ടുള്ളത് അയ്യപ്പപ്പണിക്കരാണ്. ഹാസ്യ കവിതയ്ക്കു ശേഷം തൊട്ടടുത്ത ദിവസം അദ്ദേഹം എഴുതുന്നത് ജീവിതവേദനകൾ വാറ്റിയെടുത്ത അഗാധമായ കവിതയായിരിക്കും. ഇതുകൊണ്ടുകൂടിയാണ് നമ്മുടെ കാലഘട്ടത്തിലെ ഒരു കവി ഇങ്ങനെയാകരുത് എന്ന് പണിക്കരെക്കുറിച്ച് കെ.സി.നാരായണൻ ഒരിക്കൽ പറഞ്ഞത്. കാവ്യരചനയെ വേദനാഭരിതമായ തപസ്സാക്കിയവർക്ക് ഒരിക്കലും പിന്തുടരാനാവാത്ത മാതൃകയാണ് അദ്ദേഹത്തിന്റേതെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട്, എന്തും എപ്പോഴും അനുവദിക്കപ്പെട്ട ലീലയാണ് പണിക്കർക്ക് കാവ്യരചനയെന്നും സമർഥിച്ചു. അദ്ദേഹം പ്രേമകാവ്യങ്ങളെഴുതും. മറ്റു ചിലപ്പോൾ പ്രേമകാവ്യങ്ങളെ പരിഹസിച്ചെഴുതും. വീണ്ടും പ്രേമകാവ്യങ്ങളിലേക്കു തിരിച്ചെത്തും. എല്ലാറ്റിനെയും പരിഹസിക്കും. പരിഹസിച്ചതിനെത്തന്നെ ആവർത്തിക്കും. എന്തും അയ്യപ്പപ്പണിക്കർക്ക് അനുവദനീയമാണ്.
പണിക്കരുടെ കാവ്യലോകത്തിലൂടെ കടന്നുപോകുന്നവർക്ക് ഈ അഭിപ്രായത്തോട് പരോക്ഷമായി മാത്രമേ യോജിക്കാൻ കഴിയൂ. ഒറ്റനോട്ടത്തിൽ വൈരുധ്യമെന്നു തോന്നാവുന്ന കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാൽ അതിനെ പാതകമായി ഒരിക്കലും പരിഗണിക്കാൻ കഴിയില്ല. കാരണം, ജീവിതവും അങ്ങനെതന്നെയാണ്. അനന്ത വൈചിത്ര്യവും വൈവിധ്യപൂർണവുമായ ജീവിതത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന കവിക്ക് ഒരിക്കലും ഒരു പ്രത്യേക ചിന്തയിലോ ശൈലിയിലോ ഭാവുകത്വത്തിലോ മാത്രം ഒതുങ്ങിനിൽക്കാനാവില്ല. ജീവിതത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കുന്നവർക്ക് കവിതയിലെ വൈവിധ്യം അംഗീകരിക്കാതിരിക്കാൻ കഴിയുന്നതെങ്ങനെ. അടിയന്തരാവസ്ഥയെ പരിഹസിക്കാൻ കറുത്ത ഹാസ്യത്തെയല്ലാതെ മറ്റെന്തിനെയാണ് പണിക്കർ ആശ്രയിക്കേണ്ടിരുന്നതെന്നു കൂടി വിമർശകർ പറയേണ്ടതുണ്ട്. ആധുനികതയ്ക്ക് തുടക്കം കുറിച്ചതു തന്നെ പണിക്കർ ആയിരുന്നെങ്കിലും എന്തും എഴുതിയാൽ കവിതയാകുമെന്നു ധരിച്ചവരെ കവിതയിലൂടെത്തന്നെയല്ലേ പരിഹസിക്കേണ്ടതെന്ന ചോദ്യവും ബാക്കി. ഉന്നതനായ ഒരു കലാകാരനു മാത്രമേ, സ്വന്തം കഴിവിൽ ഉറച്ച വിശ്വാസമുള്ള ഒരു വ്യക്തിക്കു മാത്രമേ, സ്വയം പരിഹസിക്കാൻ കഴിയൂ. ആ പരിഹാസത്തിൽ ഉലഞ്ഞുപോകുന്നതല്ല സ്വന്തം കവിതയെന്ന് പണിക്കർക്ക് അറിയാമായിരുന്നു. അതദ്ദേഹം തെളിയിച്ചു. മലയാളമുള്ളിടത്തോളം മരണമില്ലാത്ത ആ കവിതകൾ വീണ്ടും വീണ്ടും തെളിവ് തരുന്നു.
കടുത്ത വിമർശനം ഉന്നയിച്ച കെ.സി.നാരായണന് അക്കാലത്തുതന്നെ പണിക്കർ കത്ത് എഴുതിയിരുന്നു. അഭിപ്രായങ്ങളോട് താനും യോജിക്കുന്നുവെന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം !
അവസാന കവിതകളിലൊന്നായ സംഭാഷണം, കവിയുടെ സംഭാഷണം തന്നെയാണ്. മലയാള കവിതയോട്, അനുവാചകരോട്. നമ്മോട്. നമുക്കു മറ്റുള്ളവരോടു പറയാനുള്ളതും അത്രയൊക്കെയല്ലേയുള്ളൂ.
നീ ഇപ്പോൾ എന്നപ്പറ്റി പറയുന്നതൊക്കെ
കവിതയായെഴുതരുതോ ?
പ്രതീകാത്മകമായി മാത്രം.
പ്രതീകമാകുമ്പോൾ
ഇന്നതെന്നു തറപ്പിച്ചുപറയാൻ കഴിയില്ലല്ലോ.
നമുക്കു മാത്രം മനസ്സിലാകുകയും ചെയ്യും.
ചിലപ്പോൾ നമുക്കും മനസ്സിലാവില്ല!
കവിതയ്ക്കപ്പുറത്തെ അയ്യപ്പപ്പണിക്കർ
പ്രിയദാസ് ജി.മംഗലത്ത്
ഡിസി ബുക്സ്
വില 240 രൂപ