നീഹാരബിന്ദുവില്നിന്നു കമ്രതാരത്തിലേക്ക്
Mail This Article
വജ്രം പോലെ തിളങ്ങുകയും വിശ്വത്തെ ആകെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന മഞ്ഞുതുള്ളി ക്ഷണപ്രഭയാണ്; ഭാരം താങ്ങാനരുതാതെ അതു വീണുടയുമെന്നു കവികള്‍ മുമ്പേ പാടിയിട്ടുണ്ട്. സ്ത്രീകളെ മഞ്ഞുതുള്ളികളോടുപമിക്കുന്ന നിരവധി സാഹിത്യകൃതികളുണ്ട്. തമ്പി ആന്റണിയുടെ പുതിയ നോവലായ 'ഏകാന്തതയുടെ നിമിഷങ്ങളിലെ' ജെസ്സീലാ ജോ എന്ന നായിക, മഞ്ഞുതുള്ളിയെ അനുസ്മരിപ്പിക്കുമെങ്കിലും വാസ്തവത്തില്‍ അവളൊരു തിളക്കമുള്ള നക്ഷത്രമാണ്! 'പതിവു നായികാസങ്കല്‍പ്പത്തില്‍നിന്നു വ്യത്യസ്തയാണ് തമ്പി ആന്റണിയുടെ ഈ നോവലിലെ മുഖ്യകഥാപാത്രമായ ജെസ്സീലാ എന്ന പെണ്‍കുട്ടി' എന്ന് പ്രശസ്ത എഴുത്തുകാരിയായ സാറാ ജോസഫ് രേഖപ്പെടുത്തിയിരിക്കുന്നത് വെറുതെയല്ല.
സ്ത്രീപക്ഷരചനകള്‍ ധാരാളമായുണ്ടായത് എണ്ണത്തില്‍ കുറവാണെങ്കിലും പുരുഷന്‍മാരായ എഴുത്തുകാരില്‍നിന്നുതന്നെയാണ് എന്നതാണു സത്യം. വ്യാസനും വാല്‍മീകിയും മുതല്‍ കുമാരനാശാന്‍ വരെ അക്കൂട്ടത്തിലുണ്ട്. നിരവധി ഗദ്യകാരന്‍മാരുമുണ്ട്. സ്ത്രീപുരുഷഭിന്നതയില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നതിനു തെളിവാണ്, ആ ഭിന്നതയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളുയര്‍ത്തുന്ന കൃതികള്‍. പുതിയ കാലത്ത്, ഒരു സ്ത്രീയുടെ ഹൃദയത്തിനുള്ളിലേക്ക് ഒരു പുരുഷന് എത്രമാത്രം സഞ്ചരിക്കാന്‍ കഴിയുമെന്നു തീരുമാനിക്കാനാവില്ല. ആധുനികമെന്ന് ഓരോ കാലത്തെയും ചെറുപ്പക്കാര്‍ വിളിച്ചുപോരുന്ന സാംസ്‌കാരികപരിണാമങ്ങള്‍ അതിദ്രുതം പഴഞ്ചനായിത്തീരുന്ന, വേഷവിധാനത്തിലും വിദ്യാഭ്യാസത്തിലും ജോലിയിലുമൊക്കെ തുല്യതയുണ്ടായി എന്നവകാശപ്പെടുന്ന, ഇക്കാലത്തും പുരുഷനു സ്ത്രീയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല. അതിനു കാരണങ്ങളേറെയുണ്ട്. അതു സങ്കീര്‍ണമായ ഒരു ചര്‍ച്ചാവിഷയമാണ്. ഇവിടെ, ഒരു സ്ത്രീയിലേക്കു പരകായപ്രവേശം നടത്തുന്നതില്‍ തമ്പി ആന്റണി അസൂയാര്‍ഹമായി വിജയിച്ചിരിക്കുന്നു!
ഇതു സാധ്യമായിരിക്കുന്നത്, അപാരമായ നിരീക്ഷണപാടവവും കല്‍പ്പനാവൈഭവവും കൊണ്ടുതന്നെയാണ്. 'ദിവ്യാംഗ' എന്നു വിളിക്കാവുന്ന ജെസ്സീല, അവളുടെ സ്വാധീനക്കുറവുകളെ അതിജീവിക്കുന്ന ശരീരസൗന്ദര്യം കാരണം പലപ്പോഴും ചൂഷണത്തിനു വിധേയയാകുമായിരുന്നു. ധീരതയും ആദര്‍ശനിഷ്ഠയുമൊക്കെ അവളെ പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നു. അതേസമയം, പ്രായപൂര്‍ത്തി വന്ന ഒരു സ്ത്രീയുടെ കാമനകളെ അവള്‍ മറച്ചുവയ്ക്കുന്നുമില്ല. സമൂഹത്തെയോ മതപ്രമാണങ്ങളെയോ അവള്‍ ഭയപ്പെടുന്നുമില്ല.
ദീര്‍ഘമായ പരീക്ഷണഘട്ടങ്ങളെ അതിജീവിച്ച്, അവള്‍ പറയുന്നു: 'ഞാനിപ്പോള്‍ മാനം നോക്കിക്കിടക്കുന്നു. കോടിക്കണക്കിനു നക്ഷത്രങ്ങളുള്ള നക്ഷത്രസമൂഹങ്ങളില്‍ എവിടെയാണ് എന്റെ രാജകുമാരന്‍ എന്ന അന്വേഷണത്തിലാണ്!' ഈ രാജകുമാരന്‍ ഒരിക്കല്‍ വന്നെത്തുമെന്ന് പലപ്പോഴായി അവള്‍ ഈ നോവലിലെ എഴുത്തുകാരനോടു പറയുന്നുണ്ട്. ചിലപ്പോഴെങ്കിലും, ആ രാജകുമാരന്‍ വിജയന്‍ വെന്‍മലതന്നെയാണോ എന്ന് വിജയനും വായനക്കാരനും മാത്രമല്ല, ജെസ്സീലപോലും സംശയിക്കുന്നുണ്ട്!
സ്ത്രീപക്ഷരചനയെന്ന അവകാശവാദത്തോടെ പുറത്തുവരുന്ന പല രചനകളും സ്ത്രീയുടെ സ്വത്വത്തിലേക്കു കടക്കാതെ ഉപരിതലത്തില്‍ ചുറ്റിത്തിരിയുമ്പോള്‍ ഈ നോവല്‍ ഒരു വിശേഷവാദങ്ങളുമില്ലാതെ, സ്വാഭാവികമായി സ്ത്രീയിലേക്കു പ്രവേശിക്കുന്നു; അവളുടെ എല്ലാ ശക്തിദൗര്‍ബ്ബല്യങ്ങളിലൂടെയും കടന്നുപോകുന്നു; വായനക്കാരന് പുതിയൊരു കാഴ്ചപ്പാടു സമ്മാനിക്കുന്നു.
ഏതു ശില്‍പ്പത്തിലുമുണ്ടായേക്കാവുന്ന ചെറിയ പാകപ്പിഴകള്‍ കണ്ടേക്കാമെങ്കിലും പുതിയകാല നോവലുകളുടെ വലിപ്പവും ശില്‍പ്പവും എങ്ങനെയാവണമെന്ന് ഈ രചന കാണിച്ചുതരുന്നുണ്ട്. കൈയിലെടുത്താല്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കാന്‍ അനുവാചകനെ പ്രേരിപ്പിക്കുന്ന ഈ കൃതിയുടെ രചയിതാവെന്ന നിലയില്‍ തമ്പി ആന്റണിക്ക് അഭിമാനിക്കാം. കൈരളിക്ക്, ഈ എഴുത്തുകാരനില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുകയുമാവാം.
ഏകാന്തതയുടെ നിമിഷങ്ങള്‍
തമ്പി ആന്റണി
മാതൃഭൂമി ബുക്സ്
വില: 230 രൂപ