സ്വാതന്ത്ര്യ സമരത്തിന്റെ കഥ നിങ്ങളുടെ കുടുംബത്തിലുമില്ലേ; ഇതുപോലെ?
Mail This Article
ഇപ്പോൾ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടാൽ ഐക്യദാർഡ്യവുമായി ആരും മുന്നോട്ടുവരാറില്ല. ഈ പ്രശ്നങ്ങൾ എല്ലാം തീരും. പക്ഷേ, സമയമെടുക്കും. ചില നല്ല മനുഷ്യർ ഉള്ളതിനാൽ കാര്യങ്ങൾ മെച്ചപ്പെടും. പക്ഷേ, അതിനും സമയമെടുക്കും. രാജ്യ ചരിത്രത്തിലെ ഏറ്റവും മോശവും ക്രൂരവുമായ കാലത്തെ അതീജവിച്ചവരിൽ ഒരാളാണു വർത്തമാനകാലത്തെക്കുറിച്ചു പറയുന്നത്. ആശ്വസിപ്പിക്കുന്നത്. ആത്മവിശ്വാസം പകരുന്നത്. പോരാടാൻ ഓർമിപ്പിക്കുന്നത്. എന്നാൽ, അവർ അതിപ്രശസ്തയല്ല; അതിപ്രശസ്തർക്കു പോലും കഴിയാത്ത കാര്യങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ പേര് ചരിത്ര പുസ്തകത്തിൽ ഇടംപിടിച്ചിട്ടില്ല; ചരിത്രം രചിച്ച പോരാട്ടം നടത്തിയിട്ടുണ്ടെങ്കിലും. മഹാരാഷ്ട്രയിൽ സാംഗ്ലിയിലെ വിദയിൽനിന്നുമുള്ള ഹൗസാഭായി പാട്ടീൽ. സ്വാതന്ത്ര്യത്തിനു വേണ്ടി ഐതിഹാസികമായി പോരാടിയെങ്കിലും സ്വതന്ത്ര ഭാരതം വിസ്മരിക്കാൻ ശ്രമിച്ച ഹൗസാഭായിയെക്കുറിച്ച് ഓർമിപ്പിക്കുന്നത് പ്രശസ്ത മാധ്യമ, സാമൂഹിക പ്രവർത്തകൻ പി. സായിനാഥാണ്. സ്വാതന്ത്ര്യ സമരത്തിലെ അദൃശ്യനായകർ എന്ന പുസ്തകത്തിലൂടെ.
ലോകത്തു നടന്ന എല്ലാ വിപ്ലവങ്ങൾക്കും കാരണം വലിയ മനുഷ്യരാണെന്നാണു പറയാറ്. എന്നാൽ യഥാർഥ കാരണം ജനങ്ങൾ തന്നെയാണെന്നു പറഞ്ഞത് ഗാന്ധിജിയാണ്. ആ ജനങ്ങളിൽ ഒരാളാണ് ഹൗസാഭായി എന്ന ധീരവനിത. 1943 ൽ തന്നെ ബ്രിട്ടിഷ് ഭരണത്തിൽ നിന്ന് മഹാരാഷ്ട്രയിലെ സത്താറ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സ്വാതന്ത്ര്യം നേടിയിരുന്നു. പ്രാദേശിക സർക്കാരും രൂപീകരിച്ചിരുന്നു. അവർക്കു തൂഫാൻ സേന എന്ന പേരിൽ ചുഴലിക്കാറ്റ് പോലെ വീശിയടിച്ച സായുധ സൈന്യവുമുണ്ടായിരുന്നു. ആ സൈന്യത്തിലെ മുന്നണിപ്പോരാളിയായിരുന്നു ഹൗസാഭായി. ബ്രിട്ടിഷ് ഭരണത്തെ പോരാട്ടത്തിലൂടെ പുറത്താക്കിയാണ് ഇവർ അധികാരം പിടിച്ചെടുത്തത്. പ്രതി സർക്കാരിനെ അവരോധിച്ചത്. ആ സർക്കാരിന്റെ തലവനായിരുന്ന നാനാ പാട്ടീലിന്റെ മകളാണ് ഹൗസാഭായി.
ബ്രിട്ടിഷുകാർ വെറുതെയിരുന്നില്ല. അവർ, നാനാ പാട്ടീലിന്റെ വസ്തുവകകൾ കണ്ടുകെട്ടി. വലിയൊരു കുടുംബത്തിനു ജീവിക്കാൻ ഒരു മുറി മാത്രം അനുവദിച്ചു. എന്നിട്ടും അവർ തളർന്നില്ല. ധീരനായ നാനാ പാട്ടീലിന്റെ ധീരയായ മകൾ ഹൗസാഭായി ചാര വനിതയായി പ്രവർത്തിച്ചു. ഗറില്ലാ സേനയിലെ അംഗമായി കാട്ടിലും പുഴയിലും വിജനതീരങ്ങളിലും തമ്പടിച്ച് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. പൊലീസിന്റെ ആയുധങ്ങൾ മോഷ്ടിച്ചു. തീവണ്ടിപ്പാളങ്ങൾ തകർത്തു. പോസ്റ്റ് ഓഫിസുകൾ നശിപ്പിച്ചു. സർക്കാർ കെട്ടിടങ്ങൾക്കു തീവച്ചു. 1943 നും 46 നും ഇടയിലായിരുന്നു തൂഫാൻ സേന ഏറ്റവും സജീവമായിരുന്നത്. പോർച്ചുഗീസ് കോളനിയായിരുന്ന ഗോവയുടെ വിമാോചനപ്പോരാട്ടത്തിനു വേണ്ടിയും ഹൗസാഭായിയുടെ നേതൃത്വത്തിൽ ഒളിപ്പോരാളികൾ സജീവമായി.
1972 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് 25 വയസ്സ് തികഞ്ഞപ്പോൾ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കാൻ ഒരു ശ്രമം നടന്നിരുന്നു. എന്നാൽ, ജയിലിൽ കഴിയുകയോ തുറുങ്ക് ഭേദിച്ചു പുറത്തുവരികയോ ചെയ്ത ഹൗസാഭായിയെപ്പോലുള്ളവർ വിസ്മരിക്കപ്പെട്ടു. ഔദ്യോഗിക തെളിവുകൾ ഇല്ലായിരുന്നു എന്നാതാണ് തിരിച്ചടിയായത്. പോരാട്ടത്തിന്റെ രേഖകളും നാൾ വഴികളും രേഖപ്പെടുത്താനോ അംഗീകാരവും ആദരവും നേടിയെടുക്കാനോ ആയിരുന്നില്ലല്ലോ അവരുടെ പോരാട്ടം. 1992 ൽ ഹൗസാഭായിക്കും സഖാക്കൾക്കും ഔദ്യോഗിക അംഗീകാരമായി. എന്നാൽ, കൂടെ പ്രവർത്തിച്ച ശാലു തായ്, ലീലാ തായ് പാട്ടീൽ, ലക്ഷ്മി ഭായ് നയിക്കുവാടി, രാജ്മാതി പാട്ടീൽ എന്നിവരോ. അങ്ങനെ അറിയപ്പെടാത്ത എത്രയോ പേർ.
രാജ്യം മറന്ന സ്വാതന്ത്ര്യ സമര സേനാനികളെ നേരിൽകണ്ട് അവരുടെ പോരാട്ടം രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ സായിനാഥ്. അടുത്ത അഞ്ചോ ആറോ വർഷങ്ങൾക്കുള്ളിൽ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ഒരു വ്യക്തി പോലും ഇവിടെ ജീവനോടെ ഉണ്ടാകില്ല. ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളിന് വയസ്സ് 92 ആണ്. ഏറ്റവും പ്രായം കൂടിയയാൾക്ക് 104 വയസ്സും. എന്നാൽ, ഈ സ്ത്രീകളും പുരുഷൻമാരും ഇന്ത്യയുടെ ഉപ്പാണ്. അവരില്ലെങ്കിൽ ഇന്ത്യയില്ല. നമ്മളും.
സ്വാതന്ത്ര്യസമരത്തിലെ അദൃശ്യനായകർ
പി. സായിനാഥ്
ഡിസി ബുക്സ്
വില: 399 രൂപ