ADVERTISEMENT

പ്രണയോന്മാദത്തിന്റെ പരകോടിയിൽ പരസ്പരം പകരുന്നതും നുകരുന്നതും എന്താവാം? പ്രണയത്തേക്കാൾ മഹത്തരമായ മറ്റൊരു നിമിഷമുണ്ടോ? ഉണ്ടെങ്കിൽ ഏതായിരിക്കും? പ്രണയം അന്ധമെന്നത്, സ്വാഭാവികമായ സദാചാര ജടിലമായ ആക്ഷേപമോ അതോ ജീവിക്കുന്ന ലോകത്തെ അപ്പാടെ അവഗണിക്കാൻ രണ്ടുപേരെ പ്രാപ്തമാക്കുന്ന പ്രണയത്തിന്റെ മാത്രം പ്രത്യേകതയോ? എന്തുമാവട്ടെ, പ്രണയത്തിൽ ശരീരമെന്നത് ഇല്ലെന്നുതന്നെ പറയേണ്ടിവരും. അങ്ങനെയാണ് വാൻഗോഗിന്റെ കാമുകി വായനക്കാരിലൂടെ കടന്നുപോകുന്നത്. നിർമലവും പരിപാവനവുമായ സ്നേഹത്തിന്റെ അനിർവചനീയമായ ഉണർത്തുപാട്ടാണ് സിയാൻ എന്ന് തോന്നിപ്പോയാൽ അത്ഭുതമില്ല.

ഈ കഥയിലെ നായികയും നായകനും വായനക്കാർക്ക് പരിചിതരും പലപ്പോഴും പലരീതിയിലായി വായനയിലും അറിവിലും കടന്നുവന്നവരുമായിരിക്കും. സൂര്യകാന്തി (Sunflowers), ഭയാനക രാത്രി (The starry night), ഉരുളക്കിഴങ്ങ് തീറ്റക്കാർ (The potato eaters) ഉൾപ്പെടെയുള്ള വിശ്വവിഖ്യാതമായ സൃഷ്ടികളിലൂടെ നാം കേട്ടറിഞ്ഞ വാൻഗോഗിനെ ഈ നോവലിലൂടെ കാണുമ്പോൾ നാം ഏറെ ആകാംഷയോടെയാവും ഓരോ പേജുകളിലൂടെയും യാത്രചെയ്യുക. ആ ചിത്രകാരന്റെ വഴികളിൽ, അവന് അഗ്നിയും ജലവുമായി ഒപ്പം നടന്ന സ്ത്രീയെ വായനക്കാരൻ അടുത്തറിയുന്നു. അവളിലൂടെ ചിത്രകാരനെ അറിയാൻ കാത് കൂർപ്പിക്കുന്നു. 

നിരാശയുടെ, ദുഃഖത്തിന്റെ, പടുകുഴിയിലാണ്ടുപോയ ഒരുവനെ ആനന്ദത്തിന്റെ പ്രതീക്ഷയുടെ ഉണർത്തുപാട്ടായി പടർന്നുകയറുന്ന കാമുകിയായി സിയാൻ മാറുന്നതെങ്ങനെയെന്ന് ഈ നോവൽ വരച്ചുവയ്ക്കുന്നുണ്ട്. അങ്ങനെയൊരു പെണ്ണ്, അതായിരുന്നു സിയാൻ. 'സോറോ' എന്ന ചിത്രപരമ്പരയുടെ മോഡൽ ആയിരുന്നവൾക്ക് വാൻഗോഗിൽ സന്തോഷം നിറയ്ക്കാൻ സാധിച്ചതെങ്ങനെയെന്നുള്ള സംശയവും ചോദ്യവും നോവൽ തന്നെ മുന്നോട്ടുവയ്ക്കുന്ന ചിലതും നമുക്ക് കണ്ടെത്താൻ സാധിച്ചേക്കാം. അത്, ഒരുപക്ഷേ ഈ നോവലിന്റെ വൈരുധ്യമോ പ്രത്യേകതയോ ആയിരിക്കാം.

van-gogh-book

എഴുത്തുകാരൻ ഒരു ശിൽപം വാർത്തെടുക്കുന്നതുപോലെ ചരിത്രത്തിൽ നിന്നും ഒരു കഥയെ മെനെഞ്ഞെടുക്കുമ്പോൾ, ഓരോ ജീവിതവും അതിന്റെ ചരിത്ര വസ്തുതകളും യാഥാർഥ്യബോധവും മറച്ചുപിടിച്ചുകൊണ്ട്, ഭാവനയുടെ മായികലോകത്തിലൂടെ വളർന്ന് പ്രശസ്തരാവാൻ കൊതിച്ചേക്കാം. അങ്ങനെ ഏതോ നിമിഷത്തിൽ പിറവികൊണ്ട ഒരു സുന്ദരാഖ്യാനമാണ് ഈ പുസ്തകം. 

മഞ്ഞിന് മനുഷ്യമനസ്സിന്റെ കറുത്ത നിറമാണെന്ന് വരച്ചുകാട്ടുന്നുണ്ട് ഈ നോവലിൽ. സമൂഹത്തിലെ കപട സദാചാരത്തിന്റേയും സ്ത്രീ വിരുദ്ധതയുടേയും മുഖംമൂടികൾ അഴിഞ്ഞുവീഴുന്നതിനോടൊപ്പം സാമൂഹിക അസംതുലിതാവസ്ഥയുടെ നേർച്ചിത്രവും വരച്ചുവയ്ക്കുന്നു. മദ്യശാലക്കു മുന്നിൽ തണുത്തുവിറച്ചു നിൽക്കുന്ന സിയാനെ ഒരിക്കൽ അവളുടെ സൗന്ദര്യവും ചൂടും നുകരാൻ മത്സരിച്ചവർതന്നെ കണ്ടില്ലെന്ന് നടിക്കുന്ന, അവഹേളിക്കുന്ന രംഗത്തോടെയാണ് നായികയും നായകനും നോവലിൽ അവതരിപ്പിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. സ്നേഹം നിരാകരിക്കപ്പെടുന്നതിൽ നിന്നും അതിനെ തീവ്രമായ പരിലാളനയിലേക്ക് പറിച്ചുനടുന്ന, ജേക്കബ് എബ്രഹാം എന്ന എഴുത്തുകാരന്റെ മാന്ത്രിക വിരലുകളെ ഇവിടെ കണ്ടെത്താൻ സാധിക്കും.

ഗർഭിണിയും ക്ഷീണിതയും അശരണയും ശരീരവിപണിയിൽ വിലയില്ലാത്തവളുമായ നായികയിലൂടെ പ്രണയ നിരാസങ്ങളുടെ നിരന്തരമായ മുറിവേറ്റും ഉന്മാദത്തിന്റെ പടവുകൾ താണ്ടിയവനുമായ നായകനിലേക്കുള്ള പ്രണയത്തിന്റെ സംഭവബഹുലമായ ഒരു യാത്രയെ ഈ നോവലിൽ കണ്ടെത്താൻ സാധിക്കും. ഒരു ചിത്രകാരൻ, തന്റെ മുന്നിലെ ദൃശ്യത്തെ, വെളിച്ചത്തിന്റേയും നിറങ്ങളുടേയും ഏറ്റക്കുറച്ചിലുകളിലൂടെ അടയാളപ്പെടുത്തുന്ന അത്ഭുതകരമായ രീതിയിലാണ് നോവലിസ്റ്റ് ചരിത്രപുരുഷനായ വാൻഗോഗിനെ അക്ഷരങ്ങളിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. "കറുത്ത റൗണ്ട്ഹാറ്റ്, കയ്യിൽ നിറഞ്ഞു വീർത്തിരിക്കുന്ന തുകൽസഞ്ചി, തോളിൽ ചണസഞ്ചി, പുറത്ത് രചനാക്കോപ്പുകൾ നിറച്ച വലിയ സഞ്ചി, നരച്ച കാലുറയും, കീറിത്തുടങ്ങിയ ഷൂസ്, കുപ്പായത്തിൽ അവിടെയും ഇവിടെയും നിറങ്ങളുടെ പൊട്ടും പൊടിയും കാണാം. ചാർക്കോൾ ഉപയോഗിച്ചു വരയ്ക്കുന്നതിന്റെ പാട് നഖങ്ങളിലുണ്ട്." പ്രണയ സങ്കൽപ്പങ്ങളിൽ നിന്നും എത്ര വിരുദ്ധമായാണ് വാൻഗോഗ് എന്ന നായകനെ കഥാപ്രവേശത്തിൽ നോവലിസ്റ്റ് അവതരിപ്പിക്കുന്നതെന്ന് നോക്കൂ. പാരമ്പര്യ നിഷേധത്തിന്റെ വലിയൊരു ഉദാഹരണമായി ഇത്‌ അടയാളപ്പെടുത്തുന്നുണ്ട്. നായികയായ സിയാൻ എന്ന തെരുവ് പെണ്ണിന്റെ കണ്ണിലൂടെയാണ് ഈ ചിത്രീകരണം എന്നതുകൂടി തിരിച്ചറിയണം.

സിയാൻ ഉയർത്തുന്ന ചില ചോദ്യങ്ങൾ നോവൽ വായനക്കാരോട് പങ്കുവയ്ക്കുമ്പോൾ, അത്‌ ലോകത്തൊടുതന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. "ഒരു തെരുവു വേശ്യയുടെ ചിന്തകൾക്ക്, ജൽപനങ്ങൾക്ക്, അന്നും ഇന്നും ആരും ചെവികൊടുക്കില്ല. അവൾ ജീവിതം അവസാനിപ്പിച്ചാലും ഇല്ലെങ്കിലും ഷെൽഡെ നദി അതേ താളത്തിൽ ഒഴുകും" എന്നുള്ള ചില പ്രസ്താവനകൾ നൂറ്റാണ്ടുകളുടെ ഇപ്പുറത്തും പ്രസക്തമായി നിലകൊള്ളുന്നതായി കാണനാകും. 'സോറോ' (Sorrow) എന്ന മാസ്റ്റർപീസ് ചിത്രത്തിന്റെ മോഡൽ ആയപ്പോൾ, അതിന്റെ പൂർത്തീകരണത്തിൽ സിയാൻ അനുഭവിക്കുന്ന അനുഭൂതി, വാൻഗോഗിന്റെ ചിത്രകലയോടുള്ള അഭിനിവേശത്തിനോടൊപ്പം, അല്ലെങ്കിൽ അതിനും മീതെ നിൽക്കുന്നതായി വായനക്കാർക്ക് അനുഭവപ്പെട്ടേക്കാം. വിദ്യാഭ്യാസംകൊണ്ടോ ജീവിതാനുഭവംകൊണ്ടോ ഒന്നുംതന്നെ കഥയിൽ സാമാന്യബോധംപോലും ഇല്ലെന്ന് നാം കണ്ടറിഞ്ഞ്, വിലയിരുത്തിപ്പോകുന്ന തെരുവുപെണ്ണ്, ഒരു ചിത്രസൃഷ്ടിയുടെ പൂർത്തീകരണത്തിൽ, അതിൽ തന്റെ പങ്കുകൂടി ചേർത്തുവച്ചുകൊണ്ട് നടത്തുന്ന പ്രസ്താവം വലിയൊരു രാഷ്ട്രീയമാനം നൽകുന്നതാണ്.

തെരുവുപെണ്ണുങ്ങളോട് അനുകമ്പയോടെ പെരുമാറുന്നത് കലാകാരന്മാർ മാത്രമാണെന്ന് സിയാൻ പറഞ്ഞുവയ്ക്കുന്നുണ്ട്. അത്‌ അനുഭവങ്ങളുടെ നിറച്ചാർത്തിൽ നിന്നാണുതാനും. പ്രണയം വികാരവിരേചനത്തിനുള്ള ഉപാധിയായി മാത്രം കണ്ടിരുന്നവർക്കിടയിൽ തന്റെ ശരീരം ചവിട്ടിമെതിക്കപ്പെട്ടപ്പോൾ, ചിത്രകാരനായ ഒരു പുരുഷൻ തന്റെ ആത്മാവിലേക്കാണ് പാഞ്ഞുകയറിയതെന്നുള്ള വിലയിരുത്തൽ ഈ നോവലിലെ ശ്രദ്ധേയമായ ഒരു അടയാളപ്പെടുത്തലാണ്. താൻ മരിച്ചാലും തന്നെ അടയാളപ്പെടുത്തുവാൻ ഒരു ചിത്രകാരനിലൂടെ സാധിക്കുമെന്ന കണ്ടെത്തൽകൂടി സിയാന്റേതായി കാണാൻ സാധിക്കും. വാൻഗോഗ് "സോറോ" പൂർത്തിയാക്കിയപ്പോൾ അത്‌ സിയാനിൽ ഉണ്ടാക്കിയ നിർവൃതി, ചിത്രകാരനിൽ ഉണ്ടാക്കിയതിനൊപ്പമോ, ഒരുപക്ഷേ അതിനും അപ്പുറത്താണോ എന്ന് നമ്മൾ സംശയിച്ചുപോകും.

കൗമാര-യൗവ്വനകാലങ്ങളിൽ തന്റെ ശരീരത്തെ അനുഭവിച്ചവരിൽ നിന്നും ക്രൂരമായ അവഗണന നേരിടുന്ന ഒരുവളിലേക്ക് ദൈവദൂതനായാണ്, പ്രണയ നിഷേധങ്ങളുടെ ഇരയായ വാൻഗോഗ് വന്നുചേരുന്നത്. ആൺ നോട്ടങ്ങളിൽ നിന്നുപോലും നിരാകരിക്കപ്പെട്ട തെരുവുപെണ്ണിനും, ജീവിതത്തിൽ ഇനിയൊരു പ്രണയം പ്രതീക്ഷിക്കാനില്ലെന്ന അവസ്ഥയുള്ള വാൻഗോഗിന്റെയും ജീവിതത്തിൽ, അവരുടെ കൂടിച്ചേരലുകൾ വരച്ചുവയ്ക്കുന്ന പ്രണയചിത്രങ്ങളാണ് ഈ നോവലിന്റെ പ്രധാന ആകർഷണം.

'വാൻഗോഗിന്റെ കാമുകി' വായിച്ചുതീരുമ്പോൾ അത് വാൻഗോഗിന്റെ ഒരു കഥയായി മാറുന്നില്ല. ചരിത്രപുരുഷന്റെ പരിവേഷമുള്ള ഒരു പ്രധാന കഥാപാത്രമായി, വാൻഗോഗ് ഉണ്ടെങ്കിലും നോവലിന്റെ ശക്തിയും ഗതിയും നിർണ്ണയിക്കുന്നത് സിയാനാണ് എന്നുകാണാം. ചിത്രകലയോടുള്ള അഭിനിവേശംപോലെ തന്നെയാണ് സിയാനോടുള്ള വാൻഗോഗിന്റെ പ്രണയവും. അതുകൊണ്ടുതന്നെ, സാമ്പ്രാദായികവും സമ്പന്നവുമായ അനുഭവങ്ങളുടെ ആവർത്തനങ്ങളല്ല നോവലിൽ കാണാൻ സാധിക്കുക. ചിത്രകലയോടുള്ള വാൻഗോഗിന്റെ വിവിധങ്ങളായ അന്വേഷണങ്ങളും നിരീക്ഷണങ്ങളും വായനക്കാരെ അസ്വസ്ഥരാക്കുന്നതരത്തിലോ സാങ്കേതികത്വത്തിൽ കുരുങ്ങാതെയോ തികഞ്ഞ സൗന്ദര്യത്തോടെ, നോവലിൽ നിറഞ്ഞാടുന്നു.

സിയാനും വാൻഗോഗും പ്രധാനവേഷത്തിൽ അവരുടെ ജീവിതം പകർത്തിവച്ചുകൊണ്ട് കഥപറയുമ്പോൾ, അരികുവത്കരിക്കപ്പെട്ട നിരവധി കഥാപാത്രങ്ങൾ കഥയൊഴുക്കിനെ മുന്നോട്ടുനയിക്കുന്നതരത്തിൽ അവരുടെ പാത്രധർമങ്ങൾ നിറവേറ്റുന്നുണ്ട്. അതിൽ ആഗ്നസ്സും പെട്രോയും അപ്പക്കാരിത്തള്ളയും മനുഷ്യത്വത്തിന്റെ മാകുടോദാഹരണങ്ങളായി നിലകൊള്ളുന്നു. സിയാന്റെ മകൾ മരിയയും അവസാനഭാഗത്ത് കടന്നുവരുന്ന സഹോദരൻ പീറ്ററും ആഗ്നസ്സിന്റെ മക്കളും ഒക്കെ നിസ്സഹായതയുടെ, അനിശ്ചിതത്വത്തിന്റെ അടയാളങ്ങളായി വായനക്കാരിൽ ചോദ്യചിഹ്നമായിരിക്കാം അവശേഷിപ്പിക്കുക. തിയോയും ആന്റൻമോവും ബാർണാർഡും ജാസ്‌പെറും ലൂക്കയും ഒക്കെ അവരവരുടെ ധർമങ്ങൾ നിറവേറ്റിക്കൊണ്ട് കഥയിൽ വില്ലൻ പരിവേഷത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലെ കളിപ്പാവകളായി അവതരിക്കുന്നു.

പ്രണയം ഒരു വ്യക്തിയെ എങ്ങനെയെല്ലാം വിവർത്തനം ചെയ്യുന്നുവെന്ന് ഈ നോവലിന്റെ ആഖ്യാനത്തിൽ അനുഭവിച്ചറിയാൻ വായനക്കാരന് തീർച്ചയായും സാധിക്കും. 'ക്ലാസിന മരിയ ഹുർണിക്' എന്ന ലോക പ്രശസ്തി നേടിയ വാൻഗോഗിന്റെ മോഡൽ 'സിയാനാ'യി നമ്മളിലേക്ക് കടന്നുവരുമ്പോൾ, ചരിത്രത്തെ വികൃതമാക്കുമോ വാൻഗോഗിനെ കേവലം ഉന്മാദിയാക്കി അപമാനിക്കുമോ എന്നൊക്കെ വായനക്കാർ ഭയന്നേക്കാനിടയുണ്ട്. ചരിത്രവും ജീവചരിത്രവും അതിന്റെ കൽപനാസൃഷ്ടിയിലേക്ക് (fictional) കടക്കുമ്പോൾ, വിശിഷ്യാ ഒരു പ്രണയം പശ്ചാത്തലമായി കടന്നുവരുമ്പോൾ, കഥയുടെ വളർച്ചയിൽ, പ്രണയത്തിന്റെ രതിപരതയിലേക്കുള്ള യാത്രകളിൽ ഒക്കെ വികലമായി വിമർശന വിധേയമായിപ്പോകാറുണ്ട്. എന്നാൽ നോവൽ, പുസ്തകമായി വായനക്കാരിലേക്കെത്തിയിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും വാൻഗോഗും കാമുകിയും മലയാള സാഹിത്യമണ്ഡലത്തിൽ തെളിമയോടെ നിറഞ്ഞുനിന്ന് അഭിമാനംകൊള്ളുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക.

വാൻഗോഗിന്റെ കാമുകി

ജേക്കബ് ഏബ്രഹാം

English Summary:

Malayalam Book ' Vangoginte Kamuki ' written by Jacob Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com