പാലപ്പൂവിന്റെ പരിമളമേന്തുന്ന മാന്ത്രികവലയം; പുറത്തു കടക്കാൻ അനുവദിക്കാതെ പിന്തുടരുന്ന അപ്സരസ്സിന്റെ സാമീപ്യം...
Mail This Article
നീതു മോഹൻദാസ് എന്ന യുവ എഴുത്തുകാരിയുടെ പുതിയ പുസ്തകം 'സപ്തപർണി' വായിച്ചു തുടങ്ങിയതേ എനിക്കു ബോധ്യപ്പെട്ടു, നല്ല ഒഴുക്കുള്ള കഥ പറച്ചിൽ തന്നെയാണെന്ന്. തന്റെ ആശയത്തിനിണങ്ങും വിധം കഥാസന്ദർഭങ്ങളുണ്ടാക്കി അതിനു ചേരുന്ന ഭാഷയിൽ അവയെ കോർത്തിണക്കി മുഖ്യകഥാബീജത്തിലെത്തി. വായനയിലുണ്ട് സുഖദമായ ഒഴുക്ക്. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കും വിധം തന്നെയാണ് രചനാശൈലി.
'സപ്തപർണി' എന്നാൽ ഏഴിലംപാല. പാലക്കാട്/ മലപ്പുറം ജില്ലകളിലെ ഉൾഗ്രാമങ്ങളിൽ ഇപ്പോഴും ധാരാളം കാണാം ഏഴിലം പാല. പാല പൂത്തുനിന്നാൽ ചുറ്റുവട്ടത്ത് ചുരുങ്ങിയത് അര മൈൽ വ്യാസവ്യാപ്തിയിലെങ്കിലും നമ്മെ വശീകരിക്കുന്ന ഒരു സുഗന്ധം വ്യാപരിച്ചിട്ടുണ്ടാകും. പാലയ്ക്കു താഴെ മണ്ണിൽ നിറയെ വെളുത്തമെത്ത പോലെ പാലപ്പൂക്കൾ ചിതറിക്കിടക്കും. പാലപ്പൂവിന്റെ പരിമളമേന്തുന്ന ഇളം കാറ്റിൽ ഒരു മാന്ത്രികവലയം ചുറ്റിലും രൂപപ്പെടും. ഭാവനകളും സങ്കൽപ്പങ്ങളും വിശ്വാസങ്ങളും ഇടകലർന്നു കിടക്കുന്നു ഏഴിലം പാലയ്ക്കൊപ്പം. കൂറ്റൻ തടി, തടിയിലും ഇലയിലുമുള്ള പാൽക്കറ, ഇലയുടെ ആകൃതി, തീക്ഷ്ണഗന്ധമുള്ള പൂവ് - ഈ സവിശേഷതകൾ ഒക്കെക്കൂടെയാകണം മനുഷ്യന് പാലയോടുള്ള ഭയത്തിനും അന്ധവിശ്വാസങ്ങൾക്കും കാരണം.
ഇത്തരമൊരു ചുറ്റുപാടിലാണ് ഈ കഥ തുടങ്ങുന്നത്. ഷൊർണ്ണൂര് കുളപ്പുള്ളിയിലുള്ള ദേശമംഗലം മനയിൽ പഴമയുടെ സാത്വികപരിസരങ്ങളിൽ ജനിച്ചു വളർന്ന ഒരുണ്ണി, ദേവനന്ദൻ അഥവാ ദേവനാണ് നോവലിലെ കഥാനായകൻ. മുത്തശ്ശിക്കഥകൾ കേട്ട് പാലപ്പൂക്കളെയും അരളിയെയുമറിഞ്ഞ് ദിവസവും മനക്കലെക്കുളത്തിൽ മുങ്ങി നിവർന്ന്, അമ്മയന്തർജ്ജനമുണ്ടാക്കുന്ന രുചിക്കൂട്ടുകൾ നുണഞ്ഞ് വളർന്നുവന്നവനാണ് ദേവൻ. പഠിച്ച് വലുതായതും ജോലിക്കായി ബാംഗ്ലൂരിലേക്ക് ജീവിതം ദേവനെ എത്തിച്ചപ്പോൾ നഗരപരിഷ്ക്കാരങ്ങളും തിരക്കുകളുമായി ഇണങ്ങാൻ പ്രയാസപ്പെടുന്നു, അപ്പോഴും കൂടെയുണ്ട് പിടിവിടാതെ ഇഴഞ്ഞെത്തുന്ന ഗൃഹാതുരത്വം... ഇത് ദേവനെ ഇടയ്ക്കിടെ കുളപ്പുള്ളിയിലെ ജന്മഗൃഹത്തിലെത്താൻ പ്രേരിപ്പിക്കുന്നു. ഇല്ലത്തിന്റെ കിഴക്കുവശത്തുള്ള പാലയാണ് ദേവന്റെ ജീവിതത്തെ കുറച്ചു നാളത്തേക്ക് കുടുക്കിയത്.
ദേവൻ എന്ന കഥാപാത്രം സാമൂഹ്യവ്യവസ്ഥിതിമാറ്റത്തിന്റെ ചുഴിയിൽ കറങ്ങുന്നയാളാണ്. അവബോധ മനസ്സിൽ വേരോടിയ മുത്തശ്ശിക്കഥകൾ, ആചാര വിശ്വാസങ്ങൾ, മിഥ്യാധാരണകൾ എന്നിവയെ പുരോഗമനത്തിന്റെ പടവുകളിലേക്ക് കാലുയർത്തുമ്പോഴും കൂടെ ചുമക്കുന്ന ഒരാളാണ് ദേവൻ. അതുകൊണ്ടുതന്നെ ജീവിതസാഹചര്യങ്ങൾക്കൊപ്പം മാറാനാകാതെ ഗൃഹാതുരത്വത്തിന്റെ കറക്കത്തിൽ വിഭ്രാന്തി മൂത്ത് ഭ്രാന്തിന്റെ വക്കിലെത്തി, പാലപ്പൂവിന്റെ മാദകഗന്ധം പടർന്ന പരിസരത്തു നിന്ന് ഒരു അപ്സരസ്സിന്റെ സാമീപ്യം സ്വപ്നമോ യാഥാർഥ്യമോ എന്നു തിരിച്ചറിയാനാകാതെ വലഞ്ഞപ്പോൾ മാനസികാരോഗ്യത്തിന് ചികിത്സപോലും തേടേണ്ടി വരുന്നു ദേവന്.
എങ്കിലും ഭ്രമാത്മകതയിൽ നിന്നും മോചിതനാകുമ്പോൾ സ്വപ്നങ്ങളിൽ കൊണ്ടു നടന്നിരുന്ന സങ്കൽപങ്ങളെ പുറം തള്ളാൻ ദേവന് കഴിയുന്നു. പുതിയ ജീവിതത്തിലേക്കുള്ള ആ ചുവടുമാറ്റം മുഖ്യ കഥാതന്തുവായി, ഏഴിലംപാലയുടെ പൂമെത്തയിലും അഷ്ടഗന്ധസമൃദ്ധിയിലും നീതു മോഹൻദാസിന്റെ നോവൽ 'സപ്തപർണി' നല്ലൊരു വായനാനുഭവമായി മാറുന്നു.
പഴമയുടെ സിദ്ധാന്തങ്ങളിലേക്ക് ഒന്നൂളിയിട്ട് അവിടെ നിന്നും പെറുക്കിക്കൂട്ടിയ വിവരശേഖരം! - ഈ നോവലിന്റെ മറ്റൊരു പ്രത്യേകതയാണ്. യക്ഷി - ഗന്ധർവ്വ - അപ്സരസ്സുകളുടെ കഥകൾ മാത്രമല്ല ജ്യോത്സ്യം, നാട്ടുവൈദ്യം, ചിത്രകല, ബാംഗ്ലൂർ എന്ന നിദ്രരഹിത നഗരത്തിന്റെ പ്രത്യേകതകൾ, സ്വീഡനിൽ അപൂർവ്വമായി ദർശിക്കാൻ കഴിയുന്ന ധ്രുവദീപ്തി തുടങ്ങിയവയെക്കുറിച്ചും നോവലിൽ വ്യക്തമായ കൃത്യമായ വിവരണങ്ങൾ കാണാം. ചുമർച്ചിത്രകലയിലെ സൂക്ഷ്മതയും അതിന്നായി ഉപയോഗപ്പെടുത്തുന്ന വിദ്യകളും സാമഗ്രികളും എല്ലാം എങ്ങനെ ഏതു വിധം എന്നു പോലും നീതു, തന്റെ കഥാസന്ദർഭങ്ങൾക്കു മിഴിവു നൽകാൻ വേണ്ടി അന്വേഷിച്ചു കണ്ടെത്തി ഉപയോഗിച്ചിട്ടുണ്ട്.
തിരുവില്വാമലയിലെ പുനർജ്ജനി നൂഴലിന്റെ വാങ്ചിത്രവും രസകരം. പുനർജ്ജനിയെക്കുറിച്ചുള്ള നീതുവിന്റെ കണ്ടെത്തലുകൾ എനിക്കും പുതിയ അറിവുകളാണ്. ഇനിയും പലതുമുണ്ട് ഈ പുസ്തകത്തിൽ, അവ വായനക്കാർക്കായി സ്വയം കണ്ടെത്താൻ സമർപ്പിക്കുന്നു. സപ്തപർണി ധാരാളം വായിക്കപ്പെടട്ടെ. കഥ പറച്ചിലിന്റെ പുതിയ മേഖലകളിലേക്ക് നീതുവിന്റെ തൂലിക ചലിക്കട്ടെ. പ്രതീക്ഷകൾ അസ്ഥാനത്താകില്ല എന്നതുറപ്പാണ്. കഥാകാരി അത്രക്കും കർമ്മബദ്ധയും സർഗ്ഗകുതുകിയുമാണ്.
നീതു മോഹൻദാസ്
സപ്തപർണി
ലോഗോസ് ബുക്സ്