ഗൃഹാതുരതയിലേക്ക് മടങ്ങിപ്പോകുവാനുള്ള വാതിലുകൾ; തമ്പുരാൻകുന്ന് എന്ന നാടിന്റെ കഥ
Mail This Article
ദിലിപ്രസാദ് സുരേന്ദ്രൻ എഴുതി സാഹിത്യ പബ്ലിക്കേഷൻസ് കോഴിക്കോട്, പ്രസിദ്ധീകരിച്ച പുതിയ നോവലാണ് തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം. ഒരു നാടിന്റെ, കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഒരു ഗ്രാമത്തിന്റെ മിത്തുകളും ചരിത്രവും വർത്തമാനവും ഭാവനയിൽ ചാലിച്ചെഴുതിയ ഭംഗിയുള്ള ആഖ്യാനമുള്ള നോവലാണ് തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം. ഖസാക്കിന്റെ ഇതിഹാസം, തക്ഷൻകുന്ന് സ്വരൂപം, ഒരു ദേശത്തിന്റെ കഥ തുടങ്ങിയ പുസ്തകങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന നോവലാണ് തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം എന്നാണ് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടത്.
മറവന്മാർ തിരുവിതാംകൂർ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നതും, ക്രൂരതയും ദയയില്ലായ്മയും മുഖമുദ്രയുമാക്കിയ മറവപ്പട നാടിനും സൈന്യത്തിനും ബാധ്യതയായതോടെ തിരുവിതാംകൂറിൽ നിന്നും മറവന്മാരെ പുറത്താക്കിയതും, കലി കയറിയ മറവന്മാർ തീവെട്ടിക്കൊള്ളക്കാരായി മാറി നാടുമുഴുവൻ കൊള്ളയടിക്കുകയും എതിർക്കുന്നവരെ കൊന്നൊടുക്കുകയും ചെയ്തതും, നിസ്സഹായരായ മനുഷ്യർക്കിടയിലേക്ക് രക്ഷകൻ കടന്നുവന്നതുമെല്ലാമാണ് നോവലിന്റെ ആദ്യഭാഗം.
തമ്പുരാൻകുന്ന് എന്ന നാടിന്റെ സമാധാനവും സ്വസ്ഥതയും നശിപ്പിച്ചിരുന്ന ചാരായ ഷാപ്പിന്റെ പ്രവർത്തനം നിറുത്തുവാനായി ആ നാട്ടിലെ പെണ്ണുങ്ങൾ സംഘടിച്ചതും പോരാടിയതും വിജയിച്ചതുമാണ് നോവലിലെ ചരിത്രാഖ്യാനം. ഷാപ്പിന് ചുറ്റും കറങ്ങി തിരിഞ്ഞിരുന്ന മനുഷ്യരും, ആ മനുഷ്യരുടെ ജീവിതവും നിസ്സഹായതയും ഭംഗിയായി തന്നെ എഴുതിയിട്ടുണ്ട്. ആന്റണി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ചാരായ നിരോധനം എത്രത്തോളം ഗുണപരമായിരുന്നുവെന്ന് അന്നത്തെ മനുഷ്യരുടെ ജീവിതയെഴുത്തിൽ പ്രതിഫലിക്കുന്നുണ്ട്.
ഏത് നാട്ടിൽ ചെന്നാലും കാണാവുന്ന ചില മനുഷ്യരാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഏത് നാട്ടിലിരിക്കുന്ന മനുഷ്യർക്കും ഒരു നിമിഷം സ്വന്തം നാടിന്റെ ഗൃഹാതുരതയിലേക്ക് മടങ്ങിപ്പോകുവാനുള്ള വാതിലുകൾ തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം എന്ന നോവൽ തുറന്നിട്ടു തരും. നാടിന്റെ രുചികളും മണവും മൃഗങ്ങളുടെ പോരാട്ടവും വരെ തമ്പുരാൻകുന്നിലെ മനുഷ്യരുടെ ജീവിതത്തിലേക്ക് കോറിയിടുവാനും അവയെല്ലാം ഭംഗിയൊട്ടും ചോരാതെ അവതരിപ്പിക്കുവാനും എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
കഥകളി നിറഞ്ഞു കിടക്കുന്ന മനുഷ്യർക്കിടയിൽ ചിലരെല്ലാം തങ്ങളാണെന്നും തങ്ങളുടെ പ്രീയപ്പെട്ടവരാണെന്നും വായനക്കാർക്ക് തോന്നിയാൽ അത്ഭുതമില്ല, കാരണം ഈ പുസ്തകം ഒരു നാടിന്റെ മാത്രം കഥയല്ല, ഓരോ നാടിന്റെയും ഇന്നലെകളുടെ അടയാളപ്പെടുത്താൽ കൂടിയാണ്. കൈയടക്കമുള്ള ഭാഷയും കഥയുടെ ഒഴുക്കും തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം എന്ന നോവലിനെ കൂടുതൽ മികച്ച സൃഷ്ടിയായി മാറ്റിയിരിക്കുന്നു.
തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം
ദിലിപ്രസാദ് സുരേന്ദ്രൻ
സാഹിത്യ പബ്ലിക്കേഷൻസ്
വില: 250 രൂപ