കുഞ്ഞേ, രണ്ടര വയസ്സുള്ള കുഞ്ഞേ, ഇനി നമുക്ക് നേരിട്ടു കാണണ്ടേ...
Mail This Article
കഥയ്ക്ക് ഒരിക്കലും ജീവിതത്തിന്റെ ബദലാകാൻ കഴിയില്ല. അഥവാ അങ്ങനെ കഴിയുമോ എന്ന ശ്രമമാണ് ഓരോ സർഗസൃഷ്ടിയും.
പാൽമണം മാറാത്ത കുഞ്ഞിനെ കാണാതായ രാത്രിയിൽ തുടങ്ങി ഒരു നൂറ്റാണ്ടോളം നീണ്ട ജീവിതത്തെ, തലമുറകളെ, കുടുംബചരിത്രങ്ങളെ,സാമൂഹിക മാറ്റങ്ങളെ പിന്തുടരുന്ന കെ.എ.സെബാസ്റ്റ്യൻ മലയാള നോവലിൽ പുതുവഴി വെട്ടുകയാണ്. ഗൃഹാതുരത്വം കലർന്ന ഇന്നലെകളെ പുനരാനയിച്ചും വിദേശ രാജ്യങ്ങളിലേക്കു നീണ്ട മലയാളി കുടിയേറ്റങ്ങളുടെ വർത്തമാനം പറഞ്ഞും മലയാളി ജീവിതത്തിന്റെ അടിവേര് കണ്ടെത്താനുള്ള ശ്രമം. അതിനു നിമിത്തമാകുന്നത് ഒരു കുഞ്ഞാണ്. കാണാതായ കുഞ്ഞിനെ ഓർത്തു വിലപിക്കുന്ന അച്ഛനും അമ്മയും നിലവിളിയിൽ ജാതി മത വ്യത്യാസങ്ങൾ ഇല്ലാതായ നാടുമാണ്.
കുഞ്ഞുങ്ങൾ നഷ്ടമായ അമ്മമാർക്കാണ് നോവൽ സമർപ്പിച്ചിരിക്കുന്നത്. യുക്രെയ്നിലും ഗാന മുനമ്പിലും ഇസ്രയേലിലും മാത്രമല്ല അമ്മമാർ വിലപിക്കുന്നത്. ലോകമെങ്ങും അവരുടെ കരച്ചിൽ കേൾക്കാം. കുഞ്ഞുങ്ങളെ തട്ടിയെടുക്കരുത്. കൊല്ലരുത്: ദൈവവും ദൈവത്തോളമെത്തുന്ന മനുഷ്യരും പറയുന്നു. ആ പറച്ചിൽ, മല നെറുകയിൽ ചാഞ്ഞിറങ്ങിയ നീലനക്ഷത്രം പോലെ ഈ നോവലിൽ വെളിച്ചം നിറയ്ക്കുന്നു.
കവികൾ മനുഷ്യരാണ്. മനുഷ്യർ മാത്രവുമല്ല. ഇന്നലെകളെക്കുറിച്ച് അറിയാവുന്നതുപോലെ തന്നെ നാളെകളെയും അവർ കാണുന്നു. ഭാവിയുടെ സൃഷ്ടാക്കളല്ല അവർ. അങ്ങനെ അവകാശപ്പെട്ടാൽപ്പോലും വിശ്വസിക്കേണ്ടതില്ല. എന്നാൽ, ആ കണ്ണുകളിൽ തെളിയുന്ന വെളിച്ചത്തിൽ വരാനിരിക്കുന്ന രംഗങ്ങൾ ഓരോന്നും വ്യക്തമായി കാണാം. അതു കവി പറയും. അതിനെ അവിശ്വസിക്കേണ്ടതില്ല.
യോഹന്നാൻ കരീത്ര ഈ നോവലിൽ വന്നുപോകുന്ന കവിയല്ല. കാണാതായ, നഷ്ടപ്പെട്ട കുഞ്ഞിന്റെ ഭാവി കഥയും ജീവിതവും പറയുന്ന ജ്ഞാനദൃഷ്ടിയാണ്.
കാണാതെ പോവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന കുഞ്ഞുങ്ങളെക്കുറിച്ച് പ്രിയപ്പെട്ടവരെ, നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? ആരെല്ലാമായി തീരേണ്ടവരായിരുന്നു അവർ. അവരുടെAയുള്ള ദൈവം നിക്ഷേപിച്ച വിത്തുകൾ ഈ നിമിഷവും ഓരില, ഈരിലയായി പൊട്ടിമുളച്ചിട്ടില്ല. എന്തൊരു നഷ്ടം. എന്തൊരു കഷ്ടം.
ഭാഷ പുതുക്കിപ്പണിയുകയാണ് സെബാസ്റ്റ്യൻ. അതിന്റെ മികച്ച നിദർശനം കൂടിയാണ് നോവൽ.
കഥാപാത്രങ്ങളെ എഴുത്തുകാരൻ പിന്തുടരുകയല്ല. അവരിലൂടെ സംസാരിക്കുകയല്ല. അജ്ഞാതനായ എഴുത്തുകാരൻ സംസാരിക്കുകയുമല്ല. ഓരോ മനുഷ്യന്‍റെയും ഉള്ളിലുള്ള മറ്റൊരാളുണ്ട്. ആ ആളെ കഥ പറയാൻ നിയോഗിക്കുകയാണ് എഴുത്തുകാരൻ. അതിൽ കാഴ്ചയേക്കാൾ നിറയുന്നത് ഉൾക്കാഴ്ചയാണ്. ദർശനത്തേക്കാൾ അന്തർദർശനമാണ്. കേൾക്കുന്നത് ഭാവിയുടെ സ്വരം കൂടിയാണ്.
അയാൾ ചുമലിടിഞ്ഞു നിന്നു. ദുരന്തങ്ങൾക്കാണ് നാം സ്മാരകം പണിയുന്നത്. ഇപ്പോഴും ആ കാഞ്ഞിരം അവിടെയുണ്ടാവും. നേരം വൈകുന്നതിനു മുന്നേ ഇരുണ്ടുപോകുന്ന വൃക്ഷമാണ് കാഞ്ഞിരം. മറ്റു മരങ്ങൾ പോക്കുവെയിലിന്റെ സുവർണവെളിച്ചത്തിൽ മുങ്ങിനിൽക്കുമ്പോൾ, പകലിനെ അകാലത്തിൽ തലയറുത്ത കിരാതമൂർത്തിയെപ്പോലെ അത് ഇരുണ്ടങ്ങനെ നിൽക്കും. ആരും ആ മരത്തെ വെട്ടിക്കളയാൻ പോകുന്നില്ല. കാരണം, അത് തകർന്ന പ്രണയത്തിന്റെ സ്മാരകമാണ്.
രണ്ടര വയസ്സുള്ള കുഞ്ഞ്
കെ.എ.സെബാസ്റ്റ്യൻ
കറന്റ് ബുക്സ്, തൃശൂർ
വില 395