ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവലാണ് 'തപോമയിയുടെ അച്ഛൻ'. ആ തലക്കെട്ടുതന്നെ വായനക്കാരിൽ കൗതുകമുണ്ടാക്കുന്ന ഒന്നാണ്. ഇതിലെ കഥ പ്രത്യക്ഷത്തിൽ അഭയാർഥി ജീവിതങ്ങളെക്കുറിച്ചാണ് പറയുന്നതെങ്കിലും നോവലിലെ കഥാപാത്രങ്ങളുടെ ഇരുളടരുകളെ വെളിച്ചത്തിന്റെ നേർത്തപാടയിലേക്ക് ഒരു എക്സ്റേ പരിശോധിക്കും മട്ടിൽ വെളിപ്പെടുത്തുന്നു.

തപോമയിയിൽനിന്നും അപ്രതീക്ഷിതമായി തന്റെ കയ്യിൽ എത്തിച്ചേരുന്ന ഒരു കുറിപ്പിൽ കാണുന്ന ഗൂഢലിപികളിൽക്കൂടെയാണ് ആഖ്യാതാവും തപോമയിയുടെ അച്ഛനായ ഗോപാൽ ബറുവയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ആരോടും പങ്കുവയ്ക്കാൻ കഴിയാത്ത തന്റെ ചിന്തകളെ / ദുഃഖങ്ങളെ/ ആധികളെ അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചുവയ്ക്കുന്നു. ഒരിക്കലും ആരും വായിക്കരുതെന്ന നിർബന്ധമുള്ളതിനാൽ ഒരു നിഗൂഢഭാഷ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ എഴുത്ത്.

നിരന്തരം ദുഃഖങ്ങൾ വേട്ടയാടുന്ന സ്നേഹിക്കാൻ മാത്രം അറിയുന്ന കുറേ മനുഷ്യർ, അവരുടെ നേർത്ത സന്തോഷങ്ങൾ, സ്ഥായിയായ ഗൂഢമൗനങ്ങൾ. വാക്കുകളുടെയും ചിഹ്നങ്ങളുടെയും ഇഴപിരിച്ചെടുക്കുമ്പോൾ ദുരിതത്തിന്റെ മലമടക്കുകളിൽ ഞെരിഞ്ഞമരുന്ന ഹൃദയങ്ങളെ കാണാം. 

പർവീണ, ജഹാൻ, ഗോപാൽ ബറുവ, ഡോ. സന്താനം, സുമന, ശ്യാമൾദാ അങ്ങനെയങ്ങനെ ഓരോരുത്തർക്കും പറയാൻ ഒത്തിരിയുണ്ട്. ദുഃഖം ഘനീഭവിച്ചുപോയതുകൊണ്ടാകാം ഇവരുടെയെല്ലാം കൂട്ട് മൗനമാണ്. സംസാരിക്കാൻ മറന്നുപോയവർ, മുൻപിൽ ശൂന്യത മാത്രം കാണുന്നവർ. എവിടെനിന്നും ഏതു നിമിഷവും ആട്ടിപായിക്കപ്പെടാമെന്നു ഭയക്കുന്നവർ. സ്വയം പറഞ്ഞുതുടങ്ങുമ്പോൾ നഷ്ടങ്ങളെ കുറിച്ച് മാത്രം പറയേണ്ടിവരുന്നതിനാലാകാം അവരെക്കുറിച്ചു പറയാൻ അവർ പോലും ആഗ്രഹിക്കാത്തത്.

അഭയാർഥിക്യാമ്പ് നോവലിന്റെ പ്രധാന ആഖ്യാനഭൂമികയാണ്. 'സ്നേഹത്തിനായുള്ള നെട്ടോട്ടമാണ് ഓരോ അഭയാർഥിയുടെയും യാത്ര'യെന്ന് എഴുത്തുകാരൻ പറയുന്നുണ്ട്. നിക്ഷ്കാസിതരായ മനുഷ്യരുടെ 'ഇടം' തേടിയുള്ള പാലായനം എന്ന് നമുക്ക് ഇവിടെ വിവക്ഷിക്കാം. "The slave is powerless; with no recourse, no protection, no appeal." എന്ന് Twelve Years a Slave എന്ന ബുക്കിൽ Solomon Northup പറയുന്നുണ്ട്. ഒരഭയാർഥിയുടെയും അവസ്ഥ ഇതിൽനിന്നും ഒട്ടും വിഭിന്നമല്ല. സ്വന്തമായി ഒന്നും അവകാശപ്പെടാൻകഴിയാതെപോകുന്ന മനുഷ്യർ. ലോകത്താകമാനം കണ്ടുവരുന്ന നിരവധി അഭയാർഥികളുടെയും മനസ്സിന്റെ കെട്ടുപാടുകളാൽ അഭയാർഥിത്വം പേറേണ്ടിവന്നവരുടെയും നേർകാഴ്ചയാണ് 'തപോമയിയുടെ അച്ഛൻ'. 

ഇതൊരു അഭയാർഥിക്കഥയായി മാത്രം പറഞ്ഞുവയ്ക്കാനാകില്ല. ജീവിതവ്യഥകളിൽ പെട്ടുപോകുന്ന കുറെയേറെ മനുഷ്യരുടെയും നേർക്കാഴ്ചയാണ്. കഥാപാത്രങ്ങളെ അവരുടെ അനുഭവങ്ങളുടെ തീക്ഷ്ണതയ്ക്കനുസരിച്ച്, അൽപംപോലും മടുപ്പിക്കാതെ അനാവശ്യവാക്കുകളുടെ കസർത്തുകളില്ലാതെ വായനക്കാരിലേക്കെത്തിക്കാൻ ഇ. സന്തോഷ്കുമാറിന് ഒരു പ്രത്യേക കഴിവാണ്. അദ്ദേഹം തന്റെ പല കഥകളിലൂടെയും അത് തെളിയിച്ചതുമാണ്. 

ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മെ വളരെയേറെ സ്വാധീനിക്കുന്നുണ്ടെങ്കിലും എന്നെ ഏറ്റവും ആകർഷിച്ചൊരാൾ തപോമയി തന്നെയാണ്. ഇങ്ങനെയും ഒരു മനുഷ്യനുണ്ടാകുമോ എന്ന് തോന്നിപ്പോകുന്ന ഒരാൾ. നന്മമാത്രം ചെയ്യാൻ ആഗ്രഹിക്കുന്നൊരാൾ.  'ഏതാനും വാക്കുകൾ മതി എഴുത്തിൽ ദൂരെയാത്ര പോകുവാൻ' എന്ന് ആമുഖത്തിൽ ഇ. സന്തോഷ്കുമാർ പറയുന്നുണ്ട്. അദ്ദേഹം മനുഷ്യരെ പറഞ്ഞുവയ്ക്കുമ്പോൾ അത്ര പെട്ടൊന്നൊന്നും മനസ്സിൽനിന്നിറക്കിവിടാൻ വായനക്കാർക്ക് കഴിയാറില്ല. അവർ നമ്മെ അത്രയ്ക്കും കീഴടക്കിയിട്ടുണ്ടാകും. അത്തരത്തിൽ മുന്നിൽ നിൽക്കുന്നു 'തപോമയിയും.'

തപോമയിയുടെ അച്ഛൻ

ഇ. സന്തോഷ്കുമാർ

ഡി സി ബുക്സ്

വില: 399 രൂപ

English Summary:

Malayalam Book Tapomayiyude Achan Written by E. Santhoshkumar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com