ADVERTISEMENT

നിങ്ങൾ ഈ കത്തുകൾ വായിക്കുക. ഇതിലെ കഥാപാത്രങ്ങളെ അറിയുക. അവരുടെ ജീവിതത്തിൽ നിങ്ങളെത്തന്നെ കണ്ടുമുട്ടിയേക്കാം. അതും എന്റെ കുറ്റമല്ല. 

ആദ്യ നോവലിന്റെ തുടക്കത്തിൽ മുഹമ്മദ് അബ്ബാസ് നൽകുന്നത് മുന്നറിയിപ്പാണ്. അപകടകരമായ മുന്നറിയിപ്പ്. മറുപടി കിട്ടുമെന്ന പ്രതീക്ഷ പോലുമില്ലാതെ അനസ് അഹമ്മദ് സമീറയ്ക്കയച്ച 30 കത്തുകളും 3 മറുപടികളുമാണ് നോവൽ. അഥവാ, ഓരോ കത്തുകൾക്കും തലക്കെട്ടിട്ട്, അധ്യായങ്ങളായി തിരിച്ച് നോവൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന പുസ്തകം. 

സമീറാ, ഇത് ഞാനാണ്. അനസ് അഹമ്മദ്. 

മറന്നിട്ടുണ്ടാവില്ല എന്നു കരുതുന്നു. വെറുക്കുന്നവരെ ആരും അത്ര പെട്ടെന്നു മറക്കാറില്ലല്ലോ. 

വെറുക്കേണ്ടവനെന്ന ഭാവത്തിൽ, എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ് അനസ് തുടങ്ങുകയാണ്. അതിവൈകാരികമായി. അതിഭാവുകത്വത്തോടെ. അതിലേറെ ഹൃദയം തുറന്ന്. പ്രണയത്തിന്റെ തിരുശേഷിപ്പ് തുടച്ചുമിനുക്കിയെടുക്കുന്ന വാക്കുകളാണ് തുടർന്നുള്ള അധ്യായങ്ങളിലുള്ളത്. എന്നാൽ, അതിനെ വിശുദ്ധമെന്ന് അനസ് പോലും വിശേഷിപ്പിക്കുന്നില്ല. നിഷ്കളങ്കതയേക്കാൾ കാപട്യമായിരുന്നു അവരുടെ ബന്ധത്തിന്റെ ആണിക്കല്ല്. ഒന്നല്ല, ഒട്ടേറെ കള്ളങ്ങൾ പറഞ്ഞും കേട്ടുമാണ് അവരാ ബന്ധത്തെ ഊട്ടിവളർത്തിയത്. എന്നാലും, തീക്ഷ്ണത വികാരങ്ങൾ ഇഴ ചേർത്ത ബന്ധം അസാധാരണമായിരുന്നു. അവിഹിതമായിരുന്നു. പ്രണയത്തിനെന്ത് ഹിതവും അവിഹിതവും. സ്ത്രീയും പുരുഷനും മാത്രം. അവരെ തമ്മിൽ ഇണക്കിച്ചേർക്കുന്നതെന്തോ അതുതന്നെ. മാംസ നിബദ്ധമായാലും അല്ലെങ്കിലും. ഒരുമിച്ചു ജീവിച്ചാലും ഇല്ലെങ്കിലും. കരയാകാനോ കടലാകാനോ കൊതിക്കുന്ന ദ്വീപിന്റെ ആദിമവും അനന്തവുമായ കാത്തിരിപ്പാണത്. ഇഴുകിച്ചേരലാണ്. എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തുന്ന, നിയമങ്ങളെ ലംഘിക്കുന്ന, ദുരന്തത്തിന്റെ ചിതയിൽ എരിഞ്ഞടങ്ങാനുള്ള കടലാസ്. തീയുടെ ആദ്യ സ്പർശത്തിൽ തന്നെ ആളിപ്പടരുന്ന, നിമിഷങ്ങൾക്കം കേവലം ചാരം മാത്രം ബാക്കിവയ്ക്കുന്ന ഉൻമത്തത. 

പ്രണയത്തിലാവുക എന്നാൽ ഒരു തരം മരണമാണ്. നമ്മൾ നമ്മളെത്തന്നെ പുതുക്കിപ്പണിയലാണ്. അനസ് ഒരിക്കൽ എഴുതി. എന്നാൽ, പ്രണയത്തിന്റെ സ്വർഗ്ഗത്തിലേക്കാണു പ്രവേശിക്കുന്നതെന്ന പ്രതീക്ഷയോടെ ഈ നോവൽ വായിക്കാനെടുക്കരുത്. എല്ലാ പ്രണയത്തിലുമുള്ള കാപട്യം, കളങ്കം, ചതി, വഞ്ചന എന്നിവ നേരിടേണ്ടിവരും. 

ഭാഷയിൽ അധികമൊന്നും മുന്നേറാൻ ഈ നോവലിലൂടെ മുഹമ്മദ് അബ്ബാസ് എന്ന ഔപചാരിക വിദ്യാഭ്യാസം അധികമൊന്നും ലഭിച്ചിട്ടില്ലാത്ത മുഹമ്മദ് അബ്ബാസിനു കഴിഞ്ഞിട്ടില്ല. കഥയിലോ അവതരണത്തിലോ വലിയ പുതുമയും അവകാശപ്പെടാനില്ല. എന്നാൽ, ഒരു കാമുകനും ഒരു കാമുകിയോടും ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ജീവിത സത്യങ്ങൾ അനസിന്റെ കത്തുകളിലുണ്ട്. മുഹമ്മദ് അബ്ബാസിന്റെ നോവലിലും. ഇഷ്ടപ്പെടുമ്പോഴും വെറുക്കുമ്പോഴും. കാത്തിരിക്കുമ്പോഴും പിന്നീട് ഓർക്കാറില്ലാത്തപ്പോഴും. കുമ്പസാരിക്കുമ്പോഴും സത്യം പറയുമ്പോഴും. അയാൾ അയാളെ അയാളായി തന്നെ അവൾക്കു കാഴ്ചവയ്ക്കുന്നുണ്ട്. അവൾ സ്വീകരിച്ചാലും ഇല്ലെങ്കിലും. അതൊരു പുതുമയാണ്. അല്ലെങ്കിൽ ഏതു പ്രണയമാണ് തിരിച്ചറിവുകൾക്കു ശേഷം തുടരാനാവുക. ഏതു ജീവിതമാണ് ബോധോധയത്തിനു ശേഷം ജീവിക്കാനാവുക. തപസ്സ് തന്നെ, എല്ലാം ഒന്നായിക്കൊണ്ട്, എല്ലാറ്റിലും ഒരുപോലെ ലയിച്ച്, മോഹവും മോഹഭംഗവുമില്ലാത്ത നിർജീവിതം. 

സിനിമകളിലും നോവലുകളിലും കാണുന്നതു പോലെ, ഈ പുസ്തകം വായിച്ചിട്ട്, ഇതിലെ കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് ആർക്കെങ്കിലും തോന്നിയാൽ അവർക്കെന്നെ ബന്ധപ്പെടാം. എന്നാൽ, മുഹമ്മദ് അബ്ബാസ് ഫോൺ നമ്പർ നൽകിയിട്ടില്ല. സമീറയ്ക്കയച്ച 30 കത്തുകളിലും അനസ് ഫോൺ നമ്പർ കുറിച്ചിട്ടുണ്ടായിരുന്നു. സമീറ ഒരിക്കൽപ്പോലും വിളിച്ചില്ലെങ്കിലും. എന്തുകൊണ്ടായിരിക്കും മുഹമ്മദ് അബ്ബാസ് നമ്പർ നൽകാതെ ഒളിച്ചിരിക്കുന്നത്? 

അനസ് അഹമ്മദിന്റെ കുമ്പസാരം

മുഹമ്മദ് അബ്ബാസ് 

ഡി സി ബുക്സ് 

വില: 199 രൂപ

English Summary:

30 Letters, One Heartbreak: Explore the Depths of Unrequited Love in Muhammad Abbas' New Novel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com