ADVERTISEMENT

ജിൻഷ വായനക്കാർക്ക് സുപരിചിതമാണ് ആ പേര്. വളർന്നുവരുന്ന യുവ എഴുത്തുകാരി. ഒൻപതു കഥകളുടെ സമാഹാരവുമായി സാഹിത്യനഭസ്സിലേക്ക് പടികയറിവരുന്നത് പ്രിയപ്പെട്ട എഴുത്തുകാരി കെ. ആർ. മീരയുടെ അവതാരികയിലൂടെയാണ്.

കഥകൾ കേട്ട് വളർന്ന ഒരു കുട്ടി, വലിയൊരു കഥ പറച്ചിലുകാരിയാകാൻ മോഹിച്ചവൾ. എന്നിട്ടും വളർന്നു വലുതായപ്പോൾ കഥ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു തിരിച്ചുപിടിക്കാനാകാതെ നോക്കിനിന്ന് ആർത്തുകരയുന്ന കുട്ടിയായി.

പിന്നെ എപ്പോഴോ ആ കുട്ടിയുടെ മുന്നിലേക്ക് കഥകൾ ഓരോന്നായി കടൽ തിരികെ കൊടുത്തു കൊണ്ടിരുന്നു. ആ കഥകളുടെ മാന്ത്രികച്ചെപ്പ്  ജിൻഷ ഇവിടെ  ഒൻപതു കഥകളുടെ സമാഹാരമായി തുറന്നു വെക്കുകയാണ്.

ജിൻഷ ഗംഗ, Image Credit: www.instagram.com/_jinsha__ganga, @dijumonk
ജിൻഷ ഗംഗ, Image Credit: www.instagram.com/_jinsha__ganga, @dijumonk

തീരെ ചെറുതെന്നു വിശേഷിപ്പിക്കുന്ന ജീവിതം, എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞുള്ള ബാല്യ-കൗമാരം. അയാൾക്ക് റിട്ടയർമെന്റിനുശേഷം മടുപ്പു തോന്നിയപ്പോഴാണ് ലൈബ്രറിയിലേക്കെത്തി വായന തിരഞ്ഞെടുക്കുന്നത്. വായന മനുഷ്യനെ പുതുക്കുമെന്ന് പണ്ടെങ്ങോ കേട്ട പ്രസംഗത്തിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അറിയാനായി തുടങ്ങിയ വായന പിന്നീട് അയാളിലുണ്ടാക്കുന്ന മാറ്റങ്ങൾ വിസ്മയിപ്പിക്കുന്നതാണ്.

വായനയെ അറിയുവാൻ അപ്പുറത്തൊരാളുള്ളപ്പോഴാണ് വായന ആസ്വാദ്യവും ഗഹനവുമാവുന്നതെന്നയാൾ തിരിച്ചറിയുമ്പോൾ, പുസ്തകങ്ങളിൽ നിന്ന് പുസ്തകങ്ങളിലേക്കുള്ള ദൂരം കുറയുകയും ചുറ്റുമുള്ള സംഭവവികാസങ്ങളിലേക്ക് കഥാപാത്രങ്ങളെ ചേർത്തുവെച്ചുകൊണ്ടു ജീവിതത്തെ നിസ്സാരതയോടെ നോക്കിക്കാണുമ്പോൾ അവരുടെ മാനസ്സികപിരിമുറുക്കങ്ങളിൽ  വായനയുടെ സ്വാധീനശക്തിയും ദൗർബല്യവും കാണാം അഗ്രസന്ധിനി എന്ന കഥയിലൂടെ!

എഴുത്തുകാരുടെ അഹങ്കാരങ്ങളും ദൗർബല്യങ്ങളും കഴിവുകളും വിലയിരുത്തുന്ന വിസെലിറ്റ്‌സ. 

'ഈ ജയിലില്‍ കിടന്ന് കുറേപേർ മരിച്ചിട്ടുണ്ടാവില്ലേ പ്രഭാകരാ!' 

'മരിച്ച കണക്കിനെക്കാളും കൊന്നതിന്റെ കണക്കല്ലേ സാറേ ജയിലിനു പറയാനുള്ളത്. എത്രയാൾക്കാരെയാ ബ്രിട്ടീഷുകാരും അവരുടെ പോലീസും മറ്റുള്ളവരുമൊക്കെ ഇതിനകത്തിട്ട് കൊന്നതെന്നറിയാമോ? ഞാനും സാറും നിൽക്കുന്ന മണ്ണിലും ഉണ്ടാവും ഉണങ്ങാത്ത ചോരത്തുള്ളികള്‍!

ഇങ്ങനെ കണ്ണൂർ ജയിലിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതിനൊപ്പം വയനക്കാരോടും പുതിയ എഴുത്തുകാരോടും എല്ലാവരുടെ എഴുതിനോടുമുള്ള ഇന്നത്തെ പ്രസാധകരുടെ എഡിറ്റേഴ്സിന്റെ ഹൃദ്യമായ സമീപനങ്ങളും മനോഭാവവും പറഞ്ഞുവെക്കുന്നു വിസെലിറ്റ്‌സ. പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന പ്രണയം അവഗണനയിലേക്ക് വഴിമാറുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പക വർഷങ്ങൾക്കുശേഷം പ്രണയം തന്നെയെന്ന് തിരിച്ചറിയുകയാണവൾ.

രുചിഭേദങ്ങളുടെ രസനകളിൽ നിറഞ്ഞു നിൽക്കുന്ന ഉപ്പ്. വിപഞ്ചികയുടെയും ആനന്ദിന്റെയും മധുരമുള്ള പ്രണയം

പൊള്ളിയടർന്നകന്നത് ചുണ്ടോളമെത്തിയ ചുംബനം ഉപ്പിന്റെ സീൽക്കാരത്തിൽ തെറിച്ചുപോയപ്പോളാണ്. ശാരീരികമായ പീഡകളിൽ നിന്നും പെണ്മനസ്സിനെയും ആണ്മനസ്സിനെയും ശക്തീകരിക്കപ്പെടാമെന്ന് തോന്നുമെങ്കിലും ചിലപ്പോഴൊക്കെ ചിലർ പരാജയത്തിന്റെ അഗാധഗർത്തങ്ങളിൽ വീണുപോകുന്ന കാഴ്ചകൾ കാണാം. ഭൗതികവും മാനസികവുമായ അവഹേളനങ്ങളിലേക്ക് തള്ളിയിടപ്പെട്ട പ്രണയത്തിൽ വീണുപോയ പെണ്മനസ്സ് കാരിരുമ്പിന്റെ കരുത്തുള്ള മുഖപടം അണിഞ്ഞുകൊണ്ടു തീക്ഷണതയുടെ ഗന്ധം തീർക്കുന്നു.  

ജീവിതമെന്ന മഹാചിത്രത്തിൽ ഉപ്പിന്റെ തിളക്കത്തിൽ കറുപ്പുകൊണ്ടാടയാളപ്പെടുത്തിയ ബാല്യത്തിൽ നിന്നും മോചിതനാകാതെ പോയ ആണ്‍കരുത്തിന്റെ, കരകയറാനാകാതെ പോയ മനസ്സിന്റെ ശക്തവും തീവ്രവുമായ സങ്കടങ്ങൾ തളർത്തിയിട്ട മനസ്സും ശരീരവും പ്രതീകമായി മാറുന്നു ആനന്ദിലൂടെ. 

ആനന്ദിന്റെ കണ്ണുകളിൽ നിന്ന് വന്ന കണ്ണീരുപ്പ് അവളുടെ ചോദ്യങ്ങളെ അലിയിച്ചില്ലാതാക്കിയശേഷം ഒരിറ്റുപോലും നിറഞ്ഞുപോകാതെ വറ്റിപ്പോയപ്പോൾ ഒരു ആണ്‍കുട്ടിയുടെ അമർത്തിപിടിച്ച കരച്ചിൽ അടിവയറിലേക്കൂർന്നിറങ്ങിയപ്പോൾ  അവളുടെ മൃദുലമായ ശരീരത്തിനെക്കാൾ മൃദുലമായ മനസ്സിനെ എങ്ങനെയാണ് അടയാളപ്പെടുത്താൻ വാക്കുകൾക്ക് ബലമില്ലാതെ ലിപികൾ മറന്നുപോയി! അത്രയും ശക്തവും തീവ്രവുമായ രചനയാണ് ഉപ്പ്!

രാമൻ പണിക്കരിലൂടെ തെയ്യത്തിന്റെ ഉത്ഭവവും തലമുറകളിലൂടെ കൈമാറിവന്ന ആചാരങ്ങളും അന്നത്തെ ജാതിവർണ്ണങ്ങളുടെയും മേൽക്കോയ്മകളുടെയും ചരിത്രം പറയുകയാണ് ഒടയിലൂടെ. ഒരു കലാരൂപത്തിനപ്പുറം  വിശ്വാസവും ഭക്തിയും ഇഴചേർന്നു നിൽക്കുന്ന തെയ്യം അവകാശങ്ങളുടെ ഉടമ്പടികൾ കൂടിയാണ്. ഒറ്റക്കോലവും തീച്ചാമുണ്ടിയും ആടികൊണ്ട് അക്ഷരങ്ങളുടെ ഒട കെട്ടിയാടി കൊണ്ട് മേലേരിയിലേക്ക് ഓടി കയറുകയാണ് ജിൻഷ ഈ സമാഹാരവുമായി.

"കനലാടിമാർക്ക് കനല് പൊള്ളുലാ...പൊള്ളാൻ പാടില്ല" എന്നറിഞ്ഞുകൊണ്ടുള്ള കയറ്റം.

സമനതകളിലാത്ത ശൈലിയും കാവ്യഭംഗിയുമുണ്ട് ഈ എഴുത്തുകൾക്ക്. ഒൻപത് കഥകളും വ്യത്യസ്തമാണ്, പക്ഷേ അനുഭവിപ്പിക്കുന്ന മേലേരിയുടെ തീക്ഷണത ഒന്നാണ്. ഇതിൽ സാഹിത്യഭാഷയില്ല, സാഹിത്യമുണ്ട് ഭാഷയുടെ നൈപുണ്യം കൊണ്ട്! ഇനിയും നല്ല രചനകൾ ഉയിർക്കൊള്ളട്ടെയെന്ന് ഹൃദ്യമായി ആശംസിക്കുന്നു.

ഒട

ജിൻഷ ഗംഗ

ഡിസി ബുക്സ്

വില: 220 രൂപ

English Summary:

Jinsha Ganga book Oda book review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com