ചതിച്ചത് മനസ്സ് അല്ല; തീവ്ര വിഷാദം; ഉറക്കം കിട്ടാതെ എഴുതിയത് ആത്മകഥ
Mail This Article
1990ൽ ജെയിൻ ചാംപിയൻ സംവിധാനം ചെയ്ത സിനിമ ‘ആൻ എയ്ഞ്ചൽ അറ്റ് മൈ ടേബിൾ’ എന്ന പേരിലാണു പുറത്തുവന്നത്. ജാനറ്റ് ഫ്രെയിം എന്ന എഴുത്തുകാരിയുടെ വിവാദം ഉയർത്തിയ ആത്മകഥയായിരുന്നു സിനിമയുടെ പ്രമേയം. എന്നാൽ 2004 ൽ ജാനറ്റ് അന്തരിച്ചപ്പോൾ ന്യൂയോർക് ടൈംസ് തലക്കെട്ടിൽ അവരെ വിശേഷിപ്പിച്ചത്, ഭ്രാന്തിനെ ആഴത്തിൽ അറിയാൻ ശ്രമിച്ച എഴുത്തുകാരി എന്നാണ്. മാലാഖ എന്നല്ല. പലവട്ടം ചികിത്സ തേടിയ ജാനറ്റ് മാനസിക പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചു എന്നതിനേക്കാൾ അനുഭവിച്ചു എന്നു പറയുന്നതായും ഉചിതം. നിരന്തരമായ അസ്വസ്ഥതകളുമായി ജീവിക്കാൻ ശ്രമിച്ചെന്നും അതിജീവിക്കാൻ അക്ഷരങ്ങളുടെ സഹായം തേടി എന്നും കൂടി പറയേണ്ടിവരും. ആ ശ്രമങ്ങളുടെ സദ്‌ഫലമാണ് ഇന്നും വായിക്കപ്പെടുന്ന ജാനറ്റിന്റെ ഉദാത്തമായ സൃഷ്ടികൾ. ജീവിച്ചിരുന്നപ്പോൾ സത്യത്തിനും മിഥ്യയ്ക്കുമിടയിലെ നേർത്ത വരമ്പിലൂടെ ഇടറിനീങ്ങിയ എഴുത്തുകാരി ഇന്ന് ആഘോഷിക്കപ്പെടുന്നു. ജന്മശതാബ്ദി വർഷത്തിൽ വീണ്ടെടുക്കപ്പെടുന്നു. അർഹിച്ച അംഗീകാരം ലഭിച്ചില്ലെങ്കിലും കാലത്തിനു മുൻപേ പറന്നു വഴി കാട്ടിയ മൗലികതയുടെ പേരിൽ.
കഥ, കവിത, നോവൽ, ആത്മകഥ എന്നീ നാലു വിഭാഗങ്ങളിലും ദേശീയ പുരസ്കാരം നേടിയ ഒരേയൊരു ന്യൂസിലൻഡ് എഴുത്തുകാരിയാണ് ഇന്നും ജാനറ്റ്. പരമോന്നത ദേശീയ ബഹുമതിയും അവരെ തേടിയെത്തി. ‘ആൻ എയ്ഞ്ചൽ അറ്റ് മൈ ടേബിൾ’ എന്ന ആത്മകഥ ലോക സാഹിത്യത്തിലെ വിസ്മയം എന്നാണ് ഇന്നും പല എഴുത്തുകാരും വാഴ്ത്തുന്നത്.
1924 ഓഗസ്റ്റ് 28 നാണ് ജാനറ്റ് ജനിച്ചത്. അച്ഛൻ റെയിൽവേ തൊഴിലാളി. അദ്ദേഹത്തിന് ഇടയ്ക്കിടെ സ്ഥലം മാറ്റം ഉണ്ടാകുമ്പോൾ വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത പൊട്ടിപ്പൊളിഞ്ഞ വീടുകളിൽ ജാനറ്റ് ബാല്യം ചെലവിട്ടു. നാലു പെൺമക്കളും ഒറ്റ കിടക്കയിലാണ് ഉറങ്ങിയിരുന്നത്. ഏക സഹോദരൻ എട്ടാം വയസ്സിൽ രോഗിയുമായി. പശുക്കളെ കറന്നു. വെള്ളം കോരി. കോഴികളെ വളർത്തി. ജോലി ചെയ്തും അധ്വാനിച്ചുമാണു വളർന്നത്. കൈയ്യിൽ കിട്ടുന്നതെല്ലാം വായിച്ച ചുവന്ന തലമുടിക്കാരി കഷ്ടപ്പാടുകൾക്കിടയിലും സ്കൂളിൽ മിടുക്ക് കാട്ടിയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. 10 വർഷത്തിന്റെ ഇടവേളയിൽ രണ്ടു സഹോദരിമാരെ നഷ്ടപ്പെട്ടു. സമാനമായ ഹൃദ് രോഗത്തെത്തുടർന്ന് രണ്ടു പേരും മുങ്ങിമരിച്ചു. അധ്യാപക പരിശീലനം നേടിയ ജാനറ്റിനെ ദുരന്തങ്ങൾ വല്ലാതെ ഉലച്ചു. ജീവനൊടുക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും സ്കീസോഫ്രീനിയ രോഗി എന്നു ഡോക്ടർമാർ വിധിയെഴുതി. എട്ടു വർഷം സൈക്യാട്രിക് വാർഡുകളിലും വീട്ടിലുമായി മാറി മാറി താമസിച്ചു. ഒട്ടേറെ തവണ ഷോക്ക് ചികിത്സയിലൂടെ കടന്നുപോയി.
എഴുത്ത് എന്റെ ജീവിത രീതിയാണെന്നു പറഞ്ഞാൽ സംശയമുണ്ടോ. എഴുത്താണ് എന്റെ ജീവിതം രക്ഷിച്ചത്. അക്ഷരങ്ങൾ മാത്രമായിരുന്നു ഒരേയൊരു കൂട്ട്: ആത്മകഥയിൽ ജാനറ്റ് ജീവിത സത്യം വെളിപ്പെടുത്തി. 1951ൽ പുറത്തുവന്ന കഥാസമാഹാരം ലഗൂൺ എഴുത്തുകാരിയുടെ വരവ് അറിയിച്ചു. ആറു വർഷത്തിനു ശേഷം മൂങ്ങകളും കരയാറുണ്ട് എന്ന നോവൽ. വിഷാദം ആയിരുന്നു യഥാർഥ രോഗം. അതിനാണ് മാനസിക രോഗ ചികിത്സ തേടേണ്ടി വന്നത്. എന്നാൽ അതാരും കണ്ടുപിടിച്ചില്ല എന്നു മാത്രം.
ഞാൻ ആരാണെന്ന് എനിക്ക് അറിയില്ല. എന്റെ ശരീരത്തിൽ പോലും എനിക്കു സ്ഥാനമില്ല. നെൽക്കതിർ കൊണ്ട് ഉണ്ടാക്കിയ നോക്കുകുത്തി പോലെ ആകാശത്തു നിന്നു തൂങ്ങിക്കിടക്കുന്നു: ഫെയ്സസ് ഇൻ ദ് വാട്ടർ എന്ന നോവലിൽ നായികയിലൂടെ പുറത്തുവന്നത് എഴുത്തുകാരിയുടെ മനോവേദന തന്നെ.
വീടും നാടും നഷ്ടപ്പെട്ട വ്യക്തി ജീവിതം മുഴുവൻ അലയും പോലെ ജാനറ്റ് മനസ്സിന്റെ സ്വസ്ഥതയ്ക്കു വേണ്ടി തപസ്സിരുന്നു; ജീവിതം മുഴുവൻ. പുരുഷ മേധാവിത്വവും അപവാദങ്ങളും പ്രശസ്തിക്കു മേൽ കരിനിഴൽ വീഴ്ത്തി. തളർന്നുവീഴേണ്ടതായിരുന്നു. എന്നാൽ, പ്രതികൂല സാഹചര്യങ്ങളെ മാത്രം നേരിട്ട എഴുത്തുകാരി തന്റെ സൂര്യൻ ഉദിക്കുന്ന കാലത്തെ കിനാവ് കണ്ട് നിരന്തരം എഴുതി. സാഹിത്യ സമിതിയുടെ ഫണ്ട് ലഭിച്ച് 1957ൽ യൂറോപ്പിലേക്കു പോയി. എഴുത്തുകാരിയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച ടുവേഡ്സ് അനദർ സമ്മർ എന്ന നോവൽ ഇക്കാലത്തെ അനുഭവങ്ങളാണ്.
യുകെയിൽ നിന്നു തിരിച്ചു ന്യൂസിലൻഡിലേക്കു പോയ എഴുത്തുകാരി ശിഷ്ടകാലം മാതൃരാജ്യത്തു തന്നെ ജീവിച്ചു. ആത്മകഥ നന്നായി വിറ്റുപോയത് സാമ്പത്തിക നില ഭദ്രമാക്കി. ആദ്യ നോവൽ മുതൽ അവസാന നോവൽ വരെയും വ്യക്തിത്വത്തിലൂടെ വെളിപ്പെട്ട, ആത്മാന്വേഷണത്തെക്കുറിച്ചു തന്നെ എഴുതി. എന്നെപ്പോലും എനിക്കറിയില്ലല്ലോ എന്നു വീണ്ടും വീണ്ടും പരിതപിച്ചു. ഇപ്പോഴിതാ, ലോക സാഹിത്യ വേദികളിൽ ജാനറ്റിന്റെ കൃതികളുടെ ആവേശകരമായ വായന സംഘടിപ്പിക്കുന്നു. പുതിയ തലമുറ ആ വാക്കുകളിൽ സ്വന്തം ഹൃദയ മിടിപ്പുകൾ കേൾക്കുന്നു. പരിചിതമായ ആത്മഗതം വായിക്കുന്നു. കടന്നുപോയ ദുരന്തങ്ങളെയും ക്രൂരതകളെയും ഓർത്തു സഹതപിക്കുന്നു. സ്വയം അറിഞ്ഞില്ലെങ്കിലും ജാനറ്റിനെ കണ്ടെത്താൻ ശ്രമിക്കുകയാണ് ലോകം. പുസ്തകങ്ങളിൽ നിന്ന്. കേട്ടറിഞ്ഞ കഥകളിൽ നിന്ന്. അലയുന്ന ആത്മാവിന് ശരീരത്തിന്റെ കൂട്ട് നൽകി, മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടരുതേ എന്നു പ്രത്യാശിച്ച്. അക്ഷരങ്ങളിൽ അവസാന അഭയം തേടി.