എന്റെ പ്രിയ സ്നേഹിതൻ സെബാസ്റ്റ്യന്, 1927ൽ നിന്ന് ഒരു കത്ത്
Mail This Article
കവിതയ്ക്ക് നെടുമ്പുരയോ
എടുപ്പുകളോ വേണ്ട.
വഴിയോരത്ത് ; ആ തണ്ണീർപന്തലിനരികെ
ഒരു മരത്തണലോ
കല്ലു ബെഞ്ചോ.
മുഖ്യധാരയിൽ നിന്നു നിഷ്കാസിതമായതായിരുന്നു അയ്യപ്പന് കവിത. ആർക്കും വേണ്ടാത്ത, ആരും ശ്രദ്ധിക്കാത്ത പലതിനെയും അഭിമാനത്തോടെ അയ്യപ്പൻ കവിതയിൽ ചേർത്തുനിർത്തുകയോ അകറ്റുകയോ ചെയ്തു. മുന്നൊരുക്കങ്ങളില്ലാതെ എഴുതി. എവിടെവച്ച്, എങ്ങനെ, ഏതു കോലത്തിലും. വല്ലപ്പോഴും മാത്രം ധ്യാന വിശുദ്ധിയിൽ നിന്ന് ഒന്നോ രണ്ടോ വരികൾ എന്നും ഓർക്കപ്പെടാൻ വേണ്ടി കുറിച്ചിട്ടു. സുഹൃത്ത് സെബാസ്റ്റ്യനും വ്യത്യസ്തനല്ല. അദ്ദേഹത്തിന്റെ കവിതയ്ക്കു കാണാൻ കഴിയുന്ന ചില കാഴ്ചകളുണ്ട്.
കത്തിയമരുന്ന ചിതകളിൽ നിന്ന്
മനുഷ്യരും കൊറ്റികളും
ഒരേ സമയം
ധ്യാനപൂർവം
പ്രതീക്ഷകൾ
പെറുക്കിയെടുക്കുന്നത്.
മിന്നൽപ്പിണർ ഉള്ളു പിളർന്ന്
നൂറു നാളങ്ങൾ നാവു നീട്ടുന്ന
തീയായി അതു വരും.
തീരെ നിനച്ചിരിക്കാത്ത
ഒരു നേരത്ത്.
പലവ്യഞ്ജനക്കടയിൽ നിന്നു കിട്ടിയ ബില്ലിനു പുറത്ത് വരച്ചുവച്ച രൂപങ്ങളാണ് ജലച്ചായത്തിലെ കവിതകൾ. നിരത്തിലെ കുഴിയിൽ വീണു കിടക്കുന്ന വെള്ളത്തിൽ ഒഴുകിപ്പരന്ന നിറങ്ങൾ. അവയ്ക്ക് വ്യവസ്ഥാപിതമായ ഒന്നുമായും ഒരു ബന്ധവുമില്ല. എന്നാൽ, തനതായ ശക്തിയുണ്ടു താനും. ചിലപ്പോൾ ആ കവിതകൾ ചിതറിയ ചില ചിത്രങ്ങൾ വരച്ച് പെട്ടെന്നു മാഞ്ഞുപോയേക്കാം. പരിഭവിക്കരുത്. ഒരു കവിതയും ഏകാഗ്ര വിശുദ്ധമായ പ്രമേയത്തിലേക്കു വാതിൽ തുറക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ലെന്നു വരാം. എന്നാൽ പെട്ടെന്ന് ഒന്നോ രണ്ടോ വരി ഹൃദയത്തിൽ നിന്ന് ഊറിവരും. ഞെട്ടലും അദ്ഭുതവും സമ്മാനിച്ച്.
ഫെഡറികോ ഗാർസിയ ലോർകയുടെ സെബാസ്റ്റ്യൻ ഗാഷിന് എന്ന കത്ത് വായിച്ച വിസ്മയത്തിൽ സെബാസ്റ്റ്യൻ എഴുതുന്നു:
എന്റെ പ്രിയ സ്നേഹിതൻ സെബാസ്റ്റ്യന്
എന്നു തുടങ്ങുന്ന ഈ കത്ത്
1927ൽ ആണ് താങ്കൾ അയയ്ക്കുന്നത്.
എനിക്കത് കിട്ടുന്നത് ഇപ്പോൾ
2024 മാർച്ച് 25 ഞായറാഴ്ച.
ഉണർന്നിരുന്ന് പാടുന്ന അനേകം ചീവീടുകളുടെ ഇടയിൽ ലോർക ഇപ്പോഴുമുണ്ടെന്നു സമാധാനിക്കുന്ന കവിത സ്നേഹാതുരമായി അവസാനിക്കുന്നു:
ഞങ്ങളുടെ നിലയ്ക്കാത്ത സ്വപ്നത്തിന്റെ
തുടർച്ചയായി
ഈ മറുപടി നിനക്കെഴുതാൻ തുടങ്ങുന്നു:
പ്രിയപ്പെട്ട ലോർക്കാ...
ഒരാൾ മാത്രമേ എനിക്കു പരിചിതനായി ഇപ്പോഴുള്ളൂ എന്നു പറയുന്ന കവി അയാൾ ഞാനല്ലെന്ന് തൊട്ടടുത്ത വരിയിൽ പറഞ്ഞ് പ്രമേയത്തെ കീറിമുറിച്ചുകൊണ്ടാണ് പലപ്പോഴും കവിതയിലേക്കു കടക്കുന്നതു തന്നെ. അപൂർവമായി അവ ഒരു മരമായി വളരുന്നു. മിക്കപ്പോഴും ചില്ലകളോ ഇലകളോ മാത്രമായി തണൽ തരുന്നു. കറുത്ത വാനിൽ നക്ഷത്രങ്ങളെ വരയ്ക്കാൻ പറന്നുയരുന്ന ഒറ്റയാൻ മിന്നാമിനുങ്ങ്. പച്ചിലകളിലെ കോറിവരകൾ തെളിവായിട്ട കൈവിരൽപ്പാടുകൾ ആരുടേതാണെന്ന് ഇപ്പോഴും ഒരു സൂചനയുമില്ല. രണ്ടു പേർ തുഴയുന്ന ചെറുവഞ്ചി നാഷനൽ ഹൈവേയിലൂടെ തെന്നി തെന്നി നീങ്ങുന്നുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടേറെ ചിത്രങ്ങൾ. എല്ലാം കൂടി അടുക്കിവയ്ക്കുമ്പോൾ ഈ ലോകത്തു ജീവിക്കുമ്പോഴും ഇവിടെ നിന്നു പുറത്താക്കപ്പെട്ട കവിയെയും അയാളുടെ ഏക ആശ്രയമായ കവിതയെയും കാണാൻ കഴിയും. അതു വായിക്കുക... അവയ്ക്ക് എന്തൊക്കെയോ പറയാനുണ്ട്....
കളി കാര്യമായി.
അടുത്ത രംഗത്തോടെയും
അവസാനിക്കാത്തത്.
ജലച്ചായം
സെബാസ്റ്റ്യൻ
ഡിസി ബുക്സ്
വില: 140 രൂപ