കർപ്പൂരനാളമായ് ഇനിയും കത്തിയെരിയുമെന്നോ, കണ്ണീരിൽ മുങ്ങും തുളസിക്കതിരാകുമെന്നോ; പാട്ടുകളുടെ ജുഡീഷ്യൽ കമ്മിറ്റി റിപ്പോർട്ടും പുറത്ത്
Mail This Article
പുഞ്ചിരി കാട്ടിയെന്നെ എന്തിനാത്മനായകാ
വഞ്ചനയിലാഴ്ത്തിയിട്ടു പോയതെങ്ങു ഗായകാ
വിശ്വസിച്ച തെറ്റിനായ് വേദനയ്ക്കു പാത്രമായ്
വിശ്വമെനിക്കാകെയിരുണ്ടുപോയ്...
1957 ൽ പുറത്തിറങ്ങിയ തസ്കരവീരൻ എന്ന ചിത്രത്തിനു വേണ്ടി ശാന്ത പി. നായർ, പി.ലീല എന്നിവർ ചേർന്നു പാടുന്ന ചപലം എന്ന പാട്ടിലെ വരികളാണിത്. ചതിക്കപ്പെടുമ്പോൾ,പ്രണയം പരിഹസിക്കപ്പെടുമ്പോൾ, വിശ്വസിച്ചതു തെറ്റായിരുന്നെന്നു തിരിച്ചറിയുമ്പോൾ പെണ്ണിന്റെ മാത്രമല്ല ആണിന്റെ ലോകവും അന്നു മാത്രമല്ല, ഇന്നും ഇരുണ്ടുപോകാം. എന്നാൽ, വേദനയ്ക്കു പാത്രമായി ആത്മഗായകനെ ഓർമിച്ച് ആജീവനാന്തം ഇന്നത്തെ പെണ്ണ് (ആണും) ജീവിതം ഹോമിക്കാൻ സാധ്യതയില്ല.
എത്ര വർഷം കഴിഞ്ഞാലും പ്രിയപ്പെട്ടവൻ തിരിച്ചുവന്നാൽ മതിയെന്നും, എന്തൊക്കെ ക്രൂരതകൾക്കു ശേഷം തിരിച്ചെത്തിയാലും
പാവമാനം ഞാനാ പാദത്തിൽ വീഴാം,
കൈക്കൊള്ളുമോ കനിവോടെ..
എന്നപേക്ഷിക്കാനും സാധ്യത കാണുന്നില്ല. 75 വർഷത്തെ സാമൂഹിക പുരോഗതിയുടെ, ചരിത്ര പ്രയാണത്തിന്റെ വികാസമോ മാറ്റമോ ആണത്. നിഷ്കളങ്ക പ്രണയത്തിന്റെ വിളക്കിൽ ഇന്നും എണ്ണ വറ്റിയിട്ടില്ലെങ്കിലും നിസ്വാർഥ സ്നേഹത്തിന്റെ കളങ്കമില്ലാത്ത വരികൾ ഇന്നും പ്രിയപ്പെട്ടവയാണെങ്കിലും ലജ്ജാവതിയേ എന്ന വിശേഷണം ഇന്ന് പെണ്ണ് അണിയുന്നുണ്ടെങ്കിൽ അത് മറ്റൊരു അർഥത്തിലാണ്. രാക്ഷസീ എന്നു വിളിക്കുന്നവരോട് ഇഷ്ടമല്ലെടാ, എനിക്കിഷ്ടമല്ലെടാ എന്നു പറയാനുള്ള ധൈര്യവും പെണ്ണ് ആർജിച്ചിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഭവിച്ച, ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ പ്രതിഫലനമാണത്. അത് സ്വാഭാവികമാണ്. അനിവാര്യമാണ്. ആ വിപ്ലവത്തെ ആർക്കും തടഞ്ഞുനിർത്താനാവില്ല. ആരെങ്കിലും അതിനു ശ്രമിച്ചാൽ അവർ വിസ്മരിക്കപ്പെടുകയും മാറ്റം യാഥാർഥ്യമാവുകയും ചെയ്യും.കേരള സമൂഹത്തിന്റെ, മലയാളി ജീവിതത്തിന്റെ ദശകങ്ങളിലൂടെയുള്ള മാറ്റത്തിന്റെ ചരിത്രം പല രീതിയിൽ പഠന വിധേയമായിട്ടുണ്ടെങ്കിലും മലയാളിയുടെ ദേശീയ ഗീതം എന്നു വിശേഷിപ്പിക്കാവുന്ന ചലച്ചിത്ര ഗാനങ്ങളിലൂടെ ആ മാറ്റത്തെ എഴുതാനും പാടാനുമുള്ള ശ്രമത്തിനു പുതുമയുണ്ട്. കൗതുകം ജനിപ്പിക്കുന്നതും രസകരവും എന്നാൽ വിജ്ഞാനപ്രദവുമാണത്. ആ ബദൽ ചരിത്രവും വർത്തമാനവും വിമത ഗീതവുമാണ് പെൺപാട്ടുതാരകൾ എന്ന സി.എസ്. മീനാക്ഷിയുടെ പുസ്തകം.
പാടിപ്പതിഞ്ഞ നമ്മുടെ എത്രയോ പാട്ടുകൾ ഇന്നു പാടുമ്പോൾ, അവയിലെ വരികളും അർഥവും നമ്മെത്തന്നെ നോക്കി പരിഹസിച്ചേക്കാം. അവ ഒരിക്കൽക്കൂടി പാടാൻ മടിച്ചേക്കാം. അങ്ങനെയൊക്കെ നോക്കി പാട്ട് ഇഷ്ടപ്പെടേണ്ടിവരുമോ, വെറുക്കേണ്ടിവരുമോ എന്നു ചോദിച്ചാൽ, ഒന്നും അത്ര നിഷ്കളങ്കമായിരുന്നില്ല എന്നതാണു മറുപടി. പട്ടുപോലുള്ള പാദങ്ങൾ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ വെമ്പുന്ന, വെണ്ണ തോൽക്കുമുടലോടെയും വെണ്ണിലാവിൻ തളിർ പോലെയും നിൽക്കുന്ന, പിന്തിരിഞ്ഞു നിന്നാൽ മണിത്തംബുരുവിന്റെ ശ്രുതിസുഖം തരുന്ന, ഒരു കോടി വരാഹനും കിടനിൽക്കാത്ത കാമുകാലിംഗനത്തിനായി കൊതിക്കുന്ന, പൂമണിമാരന്റെ കോവിലിൽ പൂജയ്ക്കെടുക്കാത്ത പൂവായി പാടുന്ന പാട്ടുകൾ. സ്ത്രീ ശരീര വർണനകളുടെ, പെൺമനസ്സിന്റെ അധമബോധത്തിന്റെ, ആണിനായുള്ള കാത്തിരിപ്പാണു ജീവിതധർമം എന്നു ധരിച്ച മനസ്സിൽ നിന്നുറവായ പാട്ടുകൾ. ജയിക്കാനായി ജനിച്ചവൻ ഞാൻ, അഗ്നി പോലെ വരുന്നു, അലകടൽ പോലെ വരുന്നു, ആഞ്ഞുവീശും കൊടുങ്കാറ്റായി വരുന്നു എന്നൊക്കെ അന്നും പുരുഷൻമാർ പാടിയിരുന്നു എന്നതു മറക്കരുത്. എന്നാൽ, കർപ്പൂരനാളമായ് നിങ്ങൾ തൻ മുന്നിൽ കത്തിയെരിഞ്ഞവൾ ഞാൻ എന്ന് അവൾ പാടിക്കൊണ്ടിരുന്നു. അക്ഷരാർഥത്തിൽ എരിഞ്ഞുകൊണ്ടുമിരുന്നു. കണ്ണീരിൽ മുങ്ങും തുളസിക്കതിരായ് അവൾ വീണ്ടും വീണ്ടും കാൽക്കൽ വീണുകൊണ്ടിരുന്നു. അവിടെ നിന്നുമാണു ഹേമ കമ്മിറ്റി റിപ്പോർട്ടിലേക്കു കേരളം എത്തുന്നത്. വിമൻ ഇൻ സിനിമ കലക്ടീവിലേക്കും.
പിന്നണി സംഗീതം വന്ന ആദ്യ മലയാള സിനിമ നിർമ്മലയിലെ ഗായിക വിമല ബി. വർമയിൽ നിന്ന് സയനോര എന്ന ഗായികയിലേക്ക് എത്തുമ്പോൾ ആർട്ടിസ്റ്റുകൾക്ക് എന്തിനാണ് പേടി എന്ന ചോദ്യം ഉയരുന്നുണ്ട്. പൈസ മാത്രമല്ലല്ലോ ആൾക്കാർക്കു വേണ്ടത്. ബെയ്സിക്കലീ ഹ്യൂമൻ ബീയിങ്സ് അല്ലാത്തവരുടെ കൂടി പ്രവർത്തിച്ചിട്ടും കാര്യമില്ലല്ലോ. സിനിമ തന്നെ ഉപേക്ഷിക്കാം എന്നു കരുതിയപ്പോഴാണ് ഡബ്ലൂസിസി എന്ന സംഘടന തനിക്കൊരു സ്പേസ് തന്നതെന്നും സയനോര പറയുമ്പോൾ ഏറ്റുപാടിയ, ഓർത്തുപാടുന്ന, കേൾക്കാൻ കൊതിച്ച പാട്ടുകളുടെ ശ്രുതിസുഖത്തിൽ മാത്രം മുഴുകാൻ ആവില്ല. നീ മിണ്ടാതിരിക്കൂ, കൂടുതൽ ഇടപെട്ടാൽ പാട്ട് കിട്ടൂല എന്നു പറയുന്നവർ ഇന്നുമുണ്ട്. എന്നാൽ,ഒരു സുഹൃത്തിനുവേണ്ടി ശബ്ദമുയർത്തേണ്ടിവരുമ്പോൾ അതു ചെയ്യാതിരുന്നാൽ ഒരു പാട്ടും ആത്മശാന്തി നൽകില്ലെന്ന എന്ന തിരിച്ചറിവിലാണു സയനോര സംസാരിക്കുന്നത്.
പെൺപാട്ടുതാരകൾ എന്ന പുസ്തകം എഴുതുമ്പോഴും പുറത്തുവരുമ്പോഴും ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ട്. എന്നാൽ, അത് ഒതുക്കി, അമർത്തി, രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ആ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. അത് മലയാളി സമൂഹത്തെ രണ്ടു വിഭാഗമാക്കി വേർതിരിച്ചിരിക്കുന്നു. വേട്ടക്കാരും ഇരകളും എന്ന വിഭജനത്തിൽ തന്നെ. വേട്ടക്കാർക്കൊപ്പം ഓടുകയും ഇരകൾക്കൊപ്പം കേഴുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ചരിത്രം വിധിക്കുമ്പോൾ രണ്ടേ രണ്ടു വിഭാഗങ്ങൾ മാത്രമേ ഉണ്ടാവൂ.അതിൽ ആർക്കൊപ്പമാണ് എന്നതാണു ചോദ്യം.
സി.എസ്. മീനാക്ഷി പറയുന്നു: സദാചാരക്കണ്ണുകളുടെ നോട്ടത്തിനു പാത്രമാകാതെ, ജൈവികമായ ലൈംഗിക സൗഹൃദങ്ങൾ തഴയ്ക്കുന്ന, മഴവിൽ സത്വരാജിയെ സർവാത്മനാ അംഗീകരിക്കുന്ന ഒരിടമായി കേരളം പരിണമിക്കുമെന്നും ലിംഗബന്ധങ്ങൾ അതിന്റെ സ്വാഭാവിക ചാരുതയോടെ ഒഴുകുന്ന ചലച്ചിത്രഗാനങ്ങൾ അധികമധികം പിറക്കുമെന്നും പ്രതീക്ഷിക്കാം.
ആ പ്രതീക്ഷയിലേക്കു തന്നെയല്ലേ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും വിരൽ ചൂണ്ടുന്നത്.
ആദ്യ മലയാള സിനിമാ ഗാനം മുതലുള്ള പാട്ടുകളുടെ രേഖീയമായ ചരിത്രമല്ല മീനാക്ഷി എഴുതുന്നത്. വിമർശനാത്മകമായ പഠനമാണ്. ഗവേഷണമാണ്.ചരിത്രമാണ്. അതൊരു പാട്ടിന്റെ സുഖത്തിൽ എഴുതി എന്നതാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. പുതിയ ഗായികമാർ വരെയുള്ളവരെക്കുറിച്ചു മീനാക്ഷി എഴുതുന്നുണ്ട്. കൃത്യമായ ചില കള്ളികളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുണ്ട്. എന്നാൽ യേശുദാസ് ഉൾപ്പെടെയുള്ള ഗായകരെ ഒഴിവാക്കിയിട്ടുമില്ല. പെൺമനസ്സിന്റെ മാത്രം ഏകപക്ഷീയ കാഴ്ചയല്ല ഇത്. മാരിവില്ലു പന്തലിട്ട ദൂരചക്രവാളം പാടുമ്പോൾ യഥാർഥ ചക്രവാളത്തോളം എത്തുന്ന ആ സുസ്വരത്തെ പിന്തുടരുകയും എത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. മിഴിയറിയാതെ അല്ല അത്.അത് ഇലഞ്ഞിപ്പൂമണം പോലെ ഇന്ദ്രിയങ്ങളിൽ പടരുക തന്നെ ചെയ്യും.ഇനി വരാനിരിക്കുന്ന നല്ല, നല്ല പാട്ടുകളും.
പെൺപാട്ടു താരകൾ
സി.എസ്.മീനാക്ഷി
മാതൃഭൂമി ബുക്സ്
വില 420