ഞാൻ വായിച്ച പുസ്തകങ്ങളല്ല, എന്നെ വായിച്ചവ; ഉയിരു വെന്ത്, ഉടല് വെന്ത്, ഉള്ളം പുകഞ്ഞ്...
Mail This Article
എഴുതാൻ കൊതിച്ച കഥകളൊക്കെയും വായിക്കാനാണു വിധി. അങ്ങനെയുമുണ്ട് വിചിത്രമായ വിധി. വാക്കുകൾ കൊണ്ടു തൊട്ട്, വാക്കുകൾ കൊണ്ടു വായിച്ച്, വാക്കുകൾ കൊണ്ട് ചുംബിച്ച്, കാമുകനും ഭ്രാന്തനുമാകാൻ വിധിക്കപ്പെട്ട ജൻമം. പ്രണയിച്ചും വേർപെട്ടും അറ്റമില്ലാത്ത വിരഹത്തീയിൽ ഉരുകിയും. നിരാധാര സങ്കടത്തിൽ വീർപ്പുമുട്ടിയും നിലയില്ലാത്ത ദുഃഖത്തിൽ ശ്വാസം മുട്ടിയും. നിഷ്കളങ്കമായി ചിരിച്ചും ഓർത്തോർത്തു പുഞ്ചിരിച്ചും. സഹജീവികൾ. സ്വന്തം അനുഭവങ്ങൾ. ഇതൊക്കെ എങ്ങനെയാണ് ഇത്ര കൃത്യമായി ഇവർ പകർത്തിയതെന്നോർത്തപ്പോൾ വീണ്ടും വായിച്ചു. വീണ്ടും വീണ്ടും വായിച്ചു. അപകടകരമാണ് ആ വായന. പുസ്തകം വായിക്കലല്ല അത്. ജീവിതം വായിക്കലാണ്. അല്ല, ജീവിക്കുക തന്നെയാണ്. അത്തരമൊരു ജീവിതം സമൂഹം അനുവദിക്കാത്തിടത്തോളം സംഘർഷം സ്വാഭാവികമാണ്. അനിവാര്യമാണ്. ഭ്രാന്ത് കടന്നുവരാതിരിക്കുന്നതെങ്ങനെ. സൈക്യാട്രിക് വാർഡുകളിൽ കാത്തിരിക്കാതെങ്ങനെ. ആത്മഹത്യാ മുനമ്പുകളിൽ അഭയം തേടാതെങ്ങനെ. ഇടവേളയിൽ എഴുതാൻ ശ്രമിക്കുകയാണ്.
എഴുതാനാവാതെ പോയ എണ്ണമില്ലാത്ത മനുഷ്യർക്കുവേണ്ടി. അറിയപ്പെടാത്തവരുടെ, അജ്ഞാതരുടെ ഇനിയും ഉയരാത്ത സ്മാരകങ്ങൾ. അവയ്ക്കിടയിൽ ആരും സന്ദർശിക്കാത്ത, ആരുടെയും കണ്ണീർ ഇനിയും വീണിട്ടില്ലാത്ത, ഇനിയും ഉയരാത്ത ഒരു സ്മാരകം കൂടി ഉണ്ടെന്നു കരുതാം.
പുസ്തകങ്ങളെക്കുറിച്ചെഴുതിയ പുസ്തകങ്ങളാണു നിരൂപണങ്ങൾ. എഴുത്തിനെക്കുറിച്ചെഴുതിയ എഴുത്ത്. എഴുത്തുകാരെക്കുറിച്ചുള്ള എഴുത്ത്. എഴുത്തുകാരേയും അതിശയിപ്പിച്ച എഴുത്തുകാരുണ്ട് നമുക്ക്. കഥയിലെ വരി പോലെ, ഇഷ്ട കവിതയിലെ മറക്കാനാകാത്ത വരി പോലെ, ഓർമയിൽ നിന്ന് ഓടിയൊളിക്കാത്ത വാക്യങ്ങളുണ്ട് നിരൂപണങ്ങളിൽ. കാണാക്കാഴ്ചകളിലേക്കു ജാലകം തുറന്നിട്ട അദൃശ്യ ജാലകങ്ങൾ. അവ എല്ലാവരും വായിക്കാറില്ല. വായിക്കേണ്ടതുമില്ല.വായിക്കാനാാത്ത ഭാഷ തന്നെ പ്രധാന തടസ്സം. സങ്കീർണമാവണം ശൈലി എന്ന വാശിയിൽ ആസ്വാദകരെ അകറ്റിയവരാണവർ. അവർ കൂടി ഉൾപ്പെട്ട മലയാള നിരൂപണത്തിലെ, ഒരൊറ്റ പുസ്തകം മാത്രം നിർദേശിക്കേണ്ടി വന്നാൽ ഒട്ടും മടിക്കാതെ അബ്ബാസിനെ കാട്ടിക്കൊടുക്കാം. മലയാള ഭാഷ എഴുതാനും വായിക്കാനും തനിയേ പഠിച്ച, എട്ടാം ക്ലാസ് തമിഴ് വിദ്യാഭ്യാസം മാത്രമുള്ള മുഹമ്മദ് അബ്ബാസിനെ. ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ എന്ന പുസ്തകത്തെയും. ഒരുപക്ഷേ മലയാളത്തിൽ ആദ്യമായിരിക്കും എല്ലാവർക്കും മനസ്സിലാകുന്ന ഒരു നിരൂപണ ഗ്രന്ഥം പുറത്തിറങ്ങുന്നത്.
അറിയാവുന്നതൊക്കെ അറിയാത്ത ഭാഷയിൽ എഴുതി അദ്ഭുതപ്പെടുത്താൻ ശ്രമിക്കാതെ, തന്നെ തൊട്ട, ചുംബിച്ച, കാമുകനും ഭ്രാന്തനുമാക്കിയ പുസ്തകങ്ങളെക്കുറിച്ച് അബ്ബാസ് എഴുതിയ പുസ്തകം. കഥ പോലെ, നോവൽ പോലെ, കവിത പോലെ, ആവർത്തിച്ചു വായിക്കാൻ മോഹിപ്പിക്കുന്ന പുസ്തകം. വായിച്ചാലും തീരാത്ത പുസ്തകം. വായിച്ച പുസ്തകങ്ങളെക്കുറിച്ചല്ല അബ്ബാസ് എഴുതുന്നത്, തന്നെ വായിച്ച പുസ്തകങ്ങളെക്കുറിച്ചാണ്.
അബ്ബാസ് എഴുതുന്ന കഥകളൊക്കെയും നേരത്തേ വായിച്ചവ തന്നെയാണ്. പഠനത്തിനും നിരൂപണത്തിനും വിധേയമായിട്ടുള്ളവ.ഒരു തവണയല്ല, ആവർത്തിച്ചുവായിച്ചിട്ടുള്ളവ. ഇവ അക്ഷരംപ്രതി അയവിറക്കാൻ ശേഷിയുള്ളവർ പോലും ഉണ്ടായിരിക്കും. പറഞ്ഞിട്ടുണ്ടായിരിക്കും. എഴുതിയിട്ടുണ്ടായിരിക്കും.
എന്നാൽ, ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ എന്ന പുസ്തകം വായിച്ചതിനു ശേഷം ഇതേ കഥകൾ വീണ്ടുമൊന്നു വായിക്കാതിരിക്കാനാവില്ല.അത് ഇതുവരെയുള്ളതിൽ നിന്നതെല്ലാം വ്യത്യസ്തമായ വായനയായിരിക്കും. വാക്കുകളിലൂടെയല്ലാതെ, ജീവിതത്തിലൂടെയുള്ള വായന. ഇത്രയും നാൾ, റെയിൽവേ പാളത്തിന്റെ അരികിലൂടെ മാത്രമാണു നടന്നതെങ്കിൽ ഇനി പാളത്തിൽ തന്നെ ചവിട്ടി നടക്കുന്നതുപോലെ. ട്രെയിൻ ഇനിയും വരാനുണ്ടോ എന്നു പേടിക്കാത്ത നടപ്പ്. അതിനു ധൈര്യമുള്ളവർ മാത്രം അബ്ബാസിനെ വായിച്ചാൽ മതി.
ഇനി മടിക്കേണ്ട, വായിച്ചു തുടങ്ങാം...
വളരെ വർഷങ്ങൾക്കു മുൻപാണ്. കല്ലിൽ പോലും കവിത കാണുന്ന പ്രായമാണ്. വായനയുടെ തുടക്കകാലമായതിനാൽ പട്ടിണി കിടക്കുന്നവന് ഭക്ഷണത്തോടുള്ള ആർത്തി പോലെ ഭ്രാന്തു പിടിച്ചുള്ള വായനയാണ്......
ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ
മുഹമ്മദ് അബ്ബാസ്
ഡിസി ബുക്സ്
വില 250 രൂപ