കരച്ചിൽ കാലത്തിന് വിട; മകൾക്കു വേണ്ടി ചിരിച്ച് അമ്മ
Mail This Article
അച്ഛൻ ആരെന്ന അന്വേഷണം മകൾ അവസാനിപ്പിക്കുന്നത് എപ്പോഴായിരിക്കും. കണ്ടെത്തുമ്പോഴോ. കണ്ടെത്തലിന് പ്രസക്തി ഇല്ലെന്ന് അറിയുമ്പോഴോ. കണ്ടെത്തലിനെ അപ്രസക്തമാക്കുന്ന പൂർണത അമ്മയിൽ കണ്ടെത്തുമ്പോഴോ. ഒന്നും അസാധ്യമല്ലെന്നു കരുതുന്ന, തെളിയിക്കുന്ന പാർവ്വതിയുടെ ദൃഢനിശ്ചയത്തിലാണു സേതുവിന്റെ പുതിയ നോവൽ തുടങ്ങുന്നത്. തനിക്കും അച്ഛനുണ്ട്; പേര് പോലും അറിയില്ലെങ്കിലും. അത് ആരെന്ന് അറിയണം. അമ്മയിൽ നിന്നു തന്നെ. ചോദ്യത്തോടെ തുടങ്ങുന്ന കൃതി അവസാനിക്കുന്നത് ഉത്തരത്തിലല്ല എന്നതാണു നോവലിനെ പ്രസക്തമാക്കുന്നത്. ഒപ്പം പുതിയ ചില ചോദ്യങ്ങൾ നോവൽ ഉയർത്തുന്നുമുണ്ട്. അവ സ്ത്രീകളുടെ അതിജീവനവുമായി ബന്ധപ്പെട്ടവയാണ്. അതൊരു സാധ്യതയും പ്രതീക്ഷയുമായി ഉയർത്തി കാണിക്കുന്നുമുണ്ട്. അതിനു സേതു അണിനിരത്തുന്നതു മൂന്നു തലമുറകളിലുള്ള മൂന്നു സ്ത്രീകളെയാണ്. സൗമിനി. സൗമിനിയുടെ അമ്മ. മകൾ പാർവ്വതി. നോവലിനു പേരിടുന്നതിൽ പോലും അമ്മയും മകളും തമ്മിൽ തർക്കമുണ്ടായിരുന്നു. അമ്മയുടെ പേര് മതി കൃതിക്കെന്ന് മകൾ. കഥയെ മുന്നോട്ടു നയിക്കുന്ന മകളുടെ പേരാണു യോജിക്കുകയെന്ന് അമ്മ. കഥയിൽ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്നത് അമ്മ തന്നെയെന്ന് മകൾ. നീയെന്റെ മോൾ മാത്രമല്ല അമ്മയും കൂട്ടുകാരിയും കൂടിയാണെന്ന് അമ്മ. അമ്മയിൽ നിന്നല്ലേ മകളുണ്ടാകൂ. അതു വെറും ജനിതകം.
മകളുടെ മൗനത്തിൽ ആ തർക്കം അവസാനിച്ചപ്പോൾ സേതു ഉറപ്പിച്ചു: പാർവ്വതി തന്നെ. പാണ്ഡവപുരം മുതൽ കൈമുദ്രകളും അടയാളങ്ങളും ഉൾപ്പെടെയുള്ള കൃതികളിലൂടെ സ്ത്രീയുടെ മനസ്സ് കണ്ടെത്താൻ ശ്രമിച്ചപ്പോഴും ഒരൊറ്റ പെൺപേര് മാത്രമായി ഒരു കൃതിയെയും അദ്ദേഹം അടയാളപ്പെടുത്തിയിരുന്നില്ല. അരുന്ധതിയും ഗായത്രിയുമൊക്കെ ചില നോവൽ പേരുകളുടെ ഭാഗമായെങ്കിലും ആദ്യമായാണ് ഒരൊറ്റപ്പേര് ഉറയ്ക്കുന്നത്. അത് ഒരു നിയോഗം തന്നെയാണു താനും. ഒറ്റയ്ക്കു നിൽക്കുന്നവരാണ് സേതുവിന്റെ സ്ത്രീകൾ. അഥവാ, നിൽക്കാൻ കെൽപുള്ളവരാണ്. ജാരനെ കാത്തിരിക്കുന്ന ദേവി മുതൽ അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രവും ഈ യാഥാർഥ്യത്തിന് അടിവരയിടുന്നു. ഞങ്ങൾ അടിമകളല്ലെന്ന് അവർ വിളിച്ചുപറയുന്നു. പ്രവൃത്തികളിലൂടെ തെളിയിക്കുന്നു. പുതിയ വഴി തെളിക്കുന്നു. അവിടെ പുരുഷ വിദ്വേഷമില്ല. ഫെമിനിസമോ കേവല സ്വാതന്ത്ര്യ പ്രഖ്യാപനമോ ഇല്ല. അതിനെല്ലാം അപ്പുറത്ത്, സമൂഹം സൃഷ്ടിച്ച വേലിക്കെട്ടുകളെ ധീരമായി പൊളിച്ച് അവർ മുന്നോട്ടു കുതിക്കുകയാണ്. കരുത്തരായി. സ്വയം സമ്പൂർണരായി. കാലത്തിനൊപ്പം സേതു എന്ന എഴുത്തുകാരൻ സ്വയം കണ്ടെത്തുന്നതും കാലത്തെ കടന്നു മുന്നേറുന്നതും സ്ത്രീകളോടുള്ള ഈ സമീപനം കൊണ്ടുകൂടിയാണ്. വായനക്കാർ അദ്ദേഹത്തിന്റെ കൃതികൾ തേടിച്ചെല്ലുന്നതിനു കാരണവും മറ്റൊന്നല്ല.
അമ്മയെ ധിക്കരിച്ച മകളാണ് സൗമിനി. ജനിച്ചുവളർന്ന നാടിനോടുള്ള താൽപര്യമില്ലായ്മയുടെ കാരണം ഇതു കൂടിയാണ്. എന്നാൽ, എന്നെങ്കിലും ആ നാട്ടിലൂടെ തലയുയർത്തി നടക്കുക എന്ന ആഗ്രഹം അവരുടെ മനസ്സിലുണ്ടെന്ന് കണ്ടെത്തുന്നത് മകൾ പാർവ്വതിയാണ്. അതിന് അവസരമൊരുക്കുന്നതും മകൾ തന്നെ. മാപ്പു പറഞ്ഞ് സൗമിനി തിരിച്ചെത്തുമ്പോൾ പാർവ്വതി സൗമിനിയിൽ നിന്ന് അകലുകയാണ്; ശാരീരികമായെങ്കിലും. എന്നാൽ, അമ്മയ്ക്ക് അനുയോജ്യയായ കൂട്ട് കണ്ടെത്തി എന്ന ആത്മവിശ്വാസമുണ്ട്. സ്വന്തം കൂട്ട് കണ്ടെത്താമെന്ന വിശ്വാസവും. കൂട്ടിനേക്കാളും പ്രസക്തം സ്വയം കണ്ടെത്തുകയാണെന്ന തിരിച്ചറിവും.
അമ്മയും മകളും തമ്മിലുള്ള ദീർഘസംഭാഷണമായും സേതുവിന്റെ നോവൽ വായിക്കാം. സൗമിനിയും അമ്മയും തമ്മിലും സൗമിനിയും മകൾ പാർവ്വതിയും തമ്മിലും. ഇതിനിടെ ശ്രദ്ധ നേടുന്ന രണ്ടു പുരുഷ കഥാപാത്രങ്ങളുണ്ട്. അച്ചുവേട്ടനും ബിശ്വജിത്തും. സ്ത്രീകളോടുള്ള സ്നേഹവും ബഹുമാനവുമാണ് ഇവരെ ശ്രദ്ധേയരാക്കുന്നത്. സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ അന്തസ്സോടെ ജീവിക്കാമെന്ന പാഠവും. ലോകത്തെ നന്നാക്കാൻ മറ്റെല്ലാം ത്യജിച്ചയാളാണ് ബിശ്വജിത്ത്. ആ വഴിയിൽ സ്ത്രീകൾ അയാൾക്ക് പ്രതിബന്ധമേ അല്ല. എന്നാൽ, പാർവ്വതിയെ ഒരിക്കൽക്കൂടി കാണാൻ അയാൾ എത്തുന്നുണ്ട്. ആ കൂടിക്കാഴ്ചയ്ക്ക് അപൂർവ ചാരുതയുണ്ട്. അവരിരുവരും തമ്മിൽ തമ്മിൽ വലിച്ചടുപ്പിക്കുന്നില്ല. എന്നാൽ, ആ ബന്ധം ദൃഢമാണു താനും. എന്നെങ്കിലുമൊരിക്കൽ അവർ വീണ്ടും ഇനിയും കാണാതിരിക്കില്ല. അന്നും അവർ അപരിചിതർ ആയിരിക്കില്ല. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണെങ്കിലും തലേ ദിവസം പിരിഞ്ഞതുപോലെ കണ്ണടച്ച വിളക്കുകാലിന്റെ ചുവട്ടിൽ അവർ ഒന്നായേക്കാം. ഇല്ലെങ്കിലും അവർ വേർപിരിയുന്നില്ല; എല്ലാ ആത്മാർഥ പ്രണയിതാക്കളെയും പോലെ. സ്വന്തം കഷ്ടപ്പാടിനേക്കാൾ കൂടെയുള്ളവരുടെ സുഖാന്വേഷണമാണ് അച്ചുവേട്ടനെ നിസ്വാർഥനാക്കുന്നത്. അതുകൊണ്ടുതന്നെ അയാളുടെ ആവശ്യങ്ങൾ കണ്ടറിയാൻ മറ്റുള്ളവർ മറക്കുന്നുമില്ല.
ഒരിക്കൽ സൗമിനി ആരോടും പറയാതെ വണ്ടി കയറിയപ്പോൾ വീണുപോയി അമ്മ. എന്നാൽ, പാർവ്വതി വണ്ടി കയറുമ്പോൾ സൗമിനി എന്ന അമ്മ കരയുകയല്ല. ചിരിക്കുകയാണ്. ആ ചിരിയിൽ എല്ലാ അമ്മമാരുടെയും ചിരി അലിഞ്ഞുചേരട്ടെ. എല്ലാ പെൺമക്കളുടെ പ്രതീക്ഷകളും!
പാർവ്വതി
സേതു
ഡി സി ബുക്സ്
വില: 320 രൂപ