ADVERTISEMENT

സമാധാനം സെമിത്തേരിയിൽ ഉടലെടുക്കുന്ന സർട്ടിഫിക്കറ്റ് മാത്രമാണ്. ശവകുടീരത്തിൽ എഴുതിവയ്ക്കാൻ പറ്റിയ വാചകം: അറം പറ്റിയ വാക്കുകൾ. 

വൈ മസ്റ്റ് ഐ ക്രൈ....: യു ട്യൂബിലൂടെ ഇന്നും നിലവിളിക്കുന്ന വരികളും വേട്ടയാടുന്ന വാക്കുകളും. 

യഥാർഥ റെഗ്ഗേ സംഗീതം അടിച്ചർത്തപ്പെട്ടവരുടെ ഉൾത്തുടിപ്പുകളാണെന്നു ജീവിതം കൊണ്ടു തെളിയിച്ച പീറ്റർ ടോഷ് ഇന്നും ആഗോള സംഗീത പ്രണയികൾക്കു പാടിത്തീരാത്ത പാട്ടാണ്. പാട‌ാൻ കൊതിച്ച പാട്ടും. 

സമാധാനം എന്ന സ്വപ്നത്തേക്കാൾ അക്രമം എന്ന യാഥാർഥ്യത്തെക്കുറിച്ചു ബോധവാനായ ഈ ജമൈക്കക്കാരന്റെ ജീവിതത്തിലെ നിർണായ ദിവസമായിരുന്നു 1987 സെപ്റ്റംബർ 11. ജമൈക്കയുടെ ചരിത്രത്തിലെയും സംഗീത ചരിത്രത്തിലെയും ചോര പുരണ്ട ദിവസം. അന്നു വൈകിട്ട് പ്രിയപ്പെട്ട സുഹൃത്തുക്കൾക്കായി ടോഷ് ഒരു സംഗീത വിരുന്ന് ഒരുക്കിയിരുന്നു. വൈകിട്ട് ആറു മണിയോടെ അതിഥികൾ എത്തിത്തുടങ്ങി. സന്ദർശക മുറിയിലെ പുതിയ സാറ്റലൈറ്റ് ടിവിയിൽ സോപ്പ് ‌ഓപ്പറ. പെട്ടെന്നാണ് മൂന്ന് ആയുധധാരികൾ മുറിയിലേക്ക് ഇരച്ചുകയറിയത്.വളർത്തു നായ്ക്കൾ പോലും അപ്പോൾ ശബ്ദമുണ്ടാക്കിയില്ല. പീറ്റർ ടോഷിന്റെ പഴയ പരിചയക്കാരൻ ഡെന്നിസ് ലോബൻ പീറ്റർ ആയിരുന്നു അക്രമി സംഘത്തിലെ പ്രധാനി. എല്ലാവരും നിലത്തു കമഴ്ന്നുകിടക്കാൻ സംഘം നിർദേശം കൊടുത്തു. അമേരിക്കയിൽ നിന്നും ഒരാഴ്ച മുൻപ് മാത്രം മടങ്ങിവന്ന ടോഷിന്റെ വീട്ടിൽ നിന്ന് കറൻസി കണ്ടെടുക്കാൻ അവർ ശ്രമിച്ചെങ്കിലും നിരാശരായി. ടോഷിന്റെ സുഹൃത്തായ മെർലിനാണ് തന്നെ ടോഷിൽ നിന്ന് അകറ്റിയതെന്ന് ലോബൻ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. അതിനു ശേഷമാണ് സംഗീതത്തിലെ വന്യവും വേട്ടയാടുന്നതുമായ ശബ്ദത്തെ അവർ ഇല്ലാതാക്കിയത്. 

നാലോളം വെടിയുണ്ടകളാണു ടോഷിന്റെ തലയിൽ തുളച്ചുകയറിയത്. മർലിൻ മരിച്ചെന്നു കരുതിയത് പിന്നീട് അക്രമി സംഘത്തിനെതിരായ ഏറ്റവും വിലപിടിച്ച തെളിവായി. 

ലോകത്തിനും ജമൈക്കയ്ക്കും അമൂല്യമായ സംഗീത ശേഖരം കൈമാറി കടന്നുപോയ ടോഷിന്റെ ജീവിതവും സംഗീതയാത്രയും ഇന്നും വീർപ്പടക്കി മാത്രമേ വായിച്ചുതീർക്കാൻ കഴിയൂ. പ്രിയ പാട്ടിനു ശ്രുതി മീട്ടുന്ന അക്രമങ്ങൾ ഇന്നും ഞെട്ടലുണ്ടാക്കുന്നു. പ്രതിഭയ്ക്കൊപ്പം സഞ്ചരിക്കുന്ന പകയും പ്രതികാരവും പുതിയ വെളിപാടുകൾ പകരുന്നു. സംഗീത നിരൂപകനേക്കാൾ, കഴിവുറ്റ കുറ്റാന്വേഷനേക്കാൾ, മനുഷ്യപക്ഷത്തും ഹൃദയപക്ഷത്തും പാട്ടിന്റെ പക്ഷത്തും നിന്നാണ് രാമചന്ദ്രൻ ഐപിഎസ് പീറ്റർ ടോഷിന്റെ ജീവിതത്തെക്കുറിച്ചെഴുതുന്നത്. പുസ്തകത്തിലെ 10 ലേഖനങ്ങളിലും മരണം, സംഗീതം, കുറ്റകൃത്യം എന്നിവ നിഴൽ വീഴ്ത്തുന്നു. ജിയാനി വെഴ്സാച്ചെ, ആന്ദ്രേ എസ്കോബാർ, ജയ് കിഷൻ, പിയർ പൗലോ  പസോളിനി, സാമുവൽ ഡോ, അംജദ് സാബ്രി, തോമസ് സൻകാര, ബാബുൽ മൊരാ... പ്രതിഭയാൽ ആരാധക ലക്ഷങ്ങളെ സമ്പാദിച്ചിട്ടും ജീവിതവഴിയിൽ ഇടറിവീണ ഇവർ ഓരോരുത്തരുടെയും ജീവിതത്തെ പുതിയ കാഴ്ചപ്പാടുകൾ സഹിതമാണു രാമചന്ദ്രൻ അവതരിപ്പിക്കുന്നത്. ഓരോ ജീവിതവും കോളിളക്കം സൃഷ്ടിച്ചതും നിലയ്ക്കാത്ത അലകൾ സൃഷ്ടിച്ചതുമാണ്. അവർ ചരിത്രത്തിന്റെ ഭാഗം എന്നതിനേക്കാൾ, വർത്തമാനത്തിന്റെ സ്വത്തും ഭാവിയുടെ നിധിയുമാണ്. ഇവരെ ഒഴിവാക്കി ചരിത്ര രചന അസാധ്യമാണ് എന്നതാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. 

മർഫി രാമയ്യരും ചില റേഡിയോ വിശേഷങ്ങളും എന്ന ആദ്യ ലേഖനം ആത്മകഥാപരമാണ്. അതിലേറെ, രാജ്യ ചരിത്രത്തിലെ ചുവന്ന അധ്യായത്തെ സ്നേഹാതുരമായി തഴുകുന്ന ഓർമയുമാണ്. എടത്തട്ട നാരായണനും അരുണ ആസിഫ് അലിയും നിറഞ്ഞുനിൽക്കുന്ന റേഡിയോ വിശേഷങ്ങളിലൂടെ മർഫി രാമയ്യർ അവിസ്മരണീയ കഥാപാത്രമായി ഉയിർത്തെഴുന്നേൽക്കുന്നു. റേഡിയോ റിപ്പയറങ്ങിനുവേണ്ടി ജീവിതം സമർപ്പിച്ച രാമയ്യർക്കുള്ള സ്മരണാഞ്ജലി ഈ പുസ്തകത്തിലെ ഏറ്റവും മികച്ച ലേഖനമാണ്. 

ദിൽ ഏക് മന്ദിർ എന്ന ചിത്രത്തിലെ ഹസ്റത്ത് ജയ്പുരി എഴുതിയ ജാനെ വാലെ കഭീ നഹി ആത്തെഹെ ജാനേ വാലോം കീ യാദ് ആത്തി ഹൈ.... എന്ന പാട്ട് ഒഴുകിവരുന്നു. 

ചരിത്രത്തിന്റെ തുടർച്ചയാണ് രാമചന്ദ്രന്റെ പുസ്തകം; പുതിയൊരു ചരിത്രവും. 

മരണം സംഗീതം കുറ്റകൃത്യം 

എൻ. രാമചന്ദ്രൻ ഐപിഎസ് 

ഡി.സി ബുക്സ് 

വില 350 രൂപ 

English Summary:

The Untold Story of Reggae Legend Peter Tosh: Music, Crime, and Legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com