ADVERTISEMENT

ഇതൊക്കെ തുറന്നെഴുതുമ്പോൾ എനിക്ക് ലജ്ജ തോന്നാത്തതിന് കാരണമുണ്ട്. എഴുതുമ്പോൾ ഞാൻ മാത്രമാണു കാണുന്നത്. പിന്നീടു മാത്രമാണതു വായനക്കാരിൽ എത്തുന്നത്. അതിനിടയിലുള്ള നിമിഷം ആവർത്തിക്കുകയില്ല. എന്റെ വാക്കുകൾ വായനക്കാരിൽ എത്തുമ്പോഴേക്കും എനിക്ക് അപകടം സംഭവിക്കാം. മരിക്കാം. യുദ്ധമോ വിപ്ലവമോ പൊട്ടിപ്പുറപ്പെട്ടേക്കാം. ഈ തിരിച്ചറിവാണ് എഴുതാൻ എനിക്കു ധൈര്യം തരുന്നത്. 16 വയസ്സുള്ളപ്പോൾ കത്തിക്കാളുന്ന സൂര്യനു കീഴിൽ ദിവസം മുഴുവനും കിടക്കുന്നതു പോലെ. 20 വയസ്സുള്ളപ്പോൾ ഗർഭ നിരോധന മാർഗങ്ങൾ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ. പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ!

രണ്ടു വർഷത്തോളം നീണ്ടുനിന്ന വന്യമായ പ്രണയത്തെക്കുറിച്ച് എഴുതിയപ്പോൾ കാമുകന്റെ പേര് ഫ്രഞ്ച് എഴുത്തുകാരി ആനി എർനോ ഒരിടത്തുപോലും വെളിപ്പെടുത്തിയിട്ടില്ല. മിസ്റ്റർ എ എന്നാണവർ ഉപയോഗിച്ചത്. എയുടെ കാമുകിക്ക് എക്സ് എന്നോ വൈ എന്നോ പറയാമായിരുന്നു. എന്നാൽ, കള്ളപ്പേരിൽ ഒളിച്ചിരിക്കാതെ സ്വയം വെളിപ്പെടുത്താൻ ധൈര്യം ലഭിച്ചത് തൊട്ടടുത്ത നിമിഷത്തെക്കുറിച്ചുപോലും തീർച്ചയില്ലാത്തതുകൊണ്ടാണ്. മരണം തൊട്ടടുത്ത് കാത്തുനിൽക്കുന്നുണ്ട് എന്നതുപോലെ തിരക്കിട്ട് എഴുതി. ഒരു വിശദാംശവും വിട്ടുപോകാതെ. പ്രണയമെന്ന ഉൻമാദത്തിൽ കുരുങ്ങിയ ഇരയുടെ ചാപല്യങ്ങൾ ഒന്നുപോലും ഒഴിവാക്കാതെ.

എന്നെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതെ ഒരു ദിവസം മുഴുവനും ചെലവഴിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞേക്കാം. ഞാനൊരാൾ നിരന്തരം ഓർമിക്കുന്നു എന്ന ബോധമേ ഇല്ലാതെ അദ്ദേഹം രാവിലെ ഉണരുന്നതും കാപ്പി കുടിക്കുന്നതും സംസാരിക്കുന്നതും ചിരിക്കുന്നതും ഞാൻ സങ്കൽപിച്ചു. മുഴുവൻ സമയവും ഒരൊറ്റ ചിന്തയിൽ മാത്രം ജീവിക്കുന്ന എന്റെ അവസ്ഥയുമായി താരതമ്യം ചെയ്തപ്പോൾ എനിക്കു തന്നെ അദ്ഭുതം തോന്നി. എങ്ങനെ അദ്ദേഹത്തിന് ഇത് കഴിയുന്നു. ഞാൻ അദ്ദേഹത്തെക്കുറിച്ച് ഓർമിക്കാതിരിക്കുന്നതേയില്ല എന്നത് അദ്ദേഹത്തിനും അദ്ഭുതമായിരിക്കാം. എന്റെ നിലപാടാണ് ശരി എന്നു സ്ഥാപിക്കാൻ ശ്രമിക്കുകയല്ല. എന്നാൽ, അദ്ദേഹത്തേക്കാൾ ഭാഗ്യവതി ഞാൻ തന്നെയാണ്. 

ജീവിതത്തിൽ നിന്ന് ഒരു നിമിഷം പോലും മാറ്റിനിർത്താത്ത പ്രണയത്തെയാണ് ഭാഗ്യം എന്ന് ആനി പറയുന്നത്. ഭാഗ്യമില്ലാത്ത ഒരാൾക്ക് എങ്ങനെയാണ് പ്രണയത്തിനു വേണ്ടി പൂർണമായും സ്വയം സമർപ്പിക്കാനാവുക. അതല്ലേ പുണ്യം. സായൂജ്യം. ആത്മസാക്ഷാത്കാരം. പ്രണയത്തിനുവേണ്ടി ബലിയാടാവുക; പ്രത്യേകിച്ചും മറ്റാരും അതിന് പൂർണമായും സജ്ജരല്ലാതിരിക്കെ.

കേവലം 60 പേജ് മാത്രമുള്ള സിംപിൾ പാഷൻ എന്ന പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത് പ്രണയ ധീരതയാണ്; ചാപല്യമല്ല. രണ്ടു വർഷത്തെ പ്രണയത്തിന്റെ കരുത്തിൽ രണ്ടു നിമിഷം പോലെ അനുഭവിച്ചതിന്റെ വിസ്മയമാണ്; ദൗർബല്യമല്ല. മറ്റൊരവസരത്തിൽ ബാലിശം എന്നു മാത്രം വിശേഷിപ്പിക്കാനാവുന്നതെല്ലാം സാഹസികം എന്ന തലത്തിലേക്ക് ഉയരുന്നതിന്റെ സമാനതകളില്ലാത്ത യുക്തിയാണ്; അസംബന്ധമല്ല.

എനിക്ക് അപരിചിതമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. അതു ഞാൻ പഠിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തിനു വേണ്ടിയാണ്. പ്രണയത്തിനു വേണ്ടിയാണ്. എന്റെ കൂടെയുണ്ടായിരുന്നപ്പോൾ അദ്ദേഹം വെള്ളം കുടിച്ച ഗ്ലാസ് ഞാൻ ഇതുവരെ കഴുകിയിട്ടേയില്ല. കോപ്പൻഹേഗനിൽ നിന്നു ഫ്രാൻസിലേക്കുള്ള ആകാശയാത്രയിൽ വിമാനം തകർന്നുപോകട്ടെ എന്നു ഞാൻ ആഗ്രഹിച്ചു; ഇനി എനിക്ക് അദ്ദേഹത്തെ കാണാൻ കഴിയുകയില്ലെങ്കിൽ. കഴിഞ്ഞ വേനൽക്കാലത്ത് പാദുവയിലെ സെന്റ് ആന്റണിയുടെ ശവകുടീരത്തിൽ മറ്റുള്ളവർ പ്രാർഥനകൾ എഴുതിയ കൈലേസും പേപ്പറുകളുമായി നിന്നപ്പോൾ എന്റെ കയ്യിലുണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഒരേയൊരു ചിത്രം. ആ ചിത്രം അമർത്തിപ്പിടിച്ച് ഒരേയൊരു പ്രാർഥനയിലേക്കു ഞാൻ കൈകൾ കൂപ്പി: അദ്ദേഹം എത്രയും വേഗം തിരിച്ചുവന്നിരുന്നെങ്കിൽ...

വിവാഹിതനായിരുന്നു ആനിയുടെ കാമുകൻ. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അലോസരമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിവാഹം കഴിക്കുമെന്നോ എന്നും കൂടെ താമസിക്കുമെന്നോ ഒരു പ്രതീക്ഷയുമില്ലായിരുന്നു. എന്നിട്ടും, ഒരോ ദിവസവും ഓരോ നിമിഷവും കാത്തിരുന്നു. കൂ‌ടെയുള്ളപ്പോഴെല്ലാം അദ്ദേഹം മടങ്ങിപ്പോകുമെന്ന ചിന്തയിൽ ഉരുകി. സന്തോഷത്തിന്റെ നിമിഷങ്ങൾ പോലും വരാനിരിക്കുന്ന വേദനകൾക്കു വേണ്ടി ഹോമിച്ചു. അനന്തമായ കാത്തിരിപ്പുകൾക്കു വേണ്ടി വീണ്ടും വീണ്ടും ജീവിതം കടം ക‌ൊടുത്തു. 

കുട്ടിക്കാലത്ത് ഒരു രോമക്കുപ്പായം കിട്ടുന്നതു പോലും ഏറ്റവും വലിയ സന്തോഷമായിരുന്നു. പുതിയ ഒരു ജോഡി ഡ്രസ്, കടലോരത്തെ വില്ല എന്നിങ്ങനെ ആഗ്രഹങ്ങൾക്കു മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. ഒരു ബുദ്ധിജീവിയുടെ ജീവിതത്തിനു വേണ്ടി പിന്നീടു ഞാൻ കൊതിച്ചു. എന്നാൽ ഇപ്പോൾ ഒരു കാര്യം എനിക്കു വ്യക്തമായി: പ്രണയത്തിനു വേണ്ടി മാത്രമായും ജീവിക്കാം. 

കടുത്ത പ്രണയത്തിന്റെ ഭ്രാന്തിലൂടെ കടന്നുപോകുന്നതിനേക്കാൾ തീവ്രമാണ് സിംപിൾ പാഷൻ. പുസ്തകം വായിച്ചുതീരുമ്പോൾ മുൻ കവറിലെ ചുവപ്പിൽ ആലേഖനം ചെയ്ത ചിത്രത്തിലേക്കു നോക്കാതിരിക്കാൻ കഴിയില്ല. മടിയിൽ നിവർത്തിവച്ച പുസ്തകം വായിക്കുന്ന ആനി എർനോ. ഇരു തോളുകളിലൂടെയും മാറിലേക്കു വീണ തൂവെള്ള മുടി. ആ കണ്ണുകൾ എന്നാൽ ഒന്നും ഒളിപ്പിക്കുന്നില്ല. പ്രണയ സ്മൃതിയുടെ പരാഗത്തിൽ തിളങ്ങുന്ന മുഖം. സ്നേഹിച്ചിരുന്നു, സ്നേഹിക്കപ്പെട്ടിരുന്നു എന്നു വിളിച്ചുപറയുന്ന, ആവർത്തിക്കുന്ന കണ്ണുകൾ. മഴമേഘങ്ങളുടെ നിഴലിൽ, സാന്ധ്യ വെളിച്ചത്തിൽ, തെളിഞ്ഞു കത്തിയ ക്ഷേത്രവിളക്ക്. വൈകിയാലും വരുമെന്ന് ഉറപ്പുള്ള ആരാധകനെ കാത്തിരുന്ന പ്രകാശം. കാമുകനാൽ ഒരിക്കൽ ലാളിക്കപ്പെട്ട കവിളുകൾ. തീരുകയില്ലതിലെണ്ണയും നാളവും ! 

യൗവ്വനത്തിൽ ലോകത്തെ കൂസലില്ലാതെ നോക്കി, പ്രണയത്തെക്കുറിച്ചും ലൈംഗിതകയെക്കുറിച്ചും തുറന്നു പറഞ്ഞ മാധവിക്കുട്ടിയെ ആനി എർനോയുടെ ചിത്രം ഓർമിപ്പിക്കുന്നില്ല. എന്നാൽ, വാക്കുകളിൽ വിദൂര ഛായ ഉണ്ട്. പ്രണയ ധീരതയിൽ തൂവൽപക്ഷികളാകുന്നുണ്ട് അവർ. സിംപിൾ പാഷന് ലോകത്ത് എവിടെയെങ്കിലും ഒരു മുൻഗാമി ഉണ്ടെങ്കിൽ അത് എന്റെ കഥ എന്ന പുസ്തകമാണ്. മാധവിക്കുട്ടിയുടെ പ്രണയ സ്മൃതി പേടകം. ജീവിതത്തിന്റെ സാരാംശം. ആത്മാവിന്റെ തിരുശേഷിപ്പ്. ഗുരുതരമായ രോഗം ബാധിച്ച് മൂന്നാം തവണയും ആശുപത്രിയിലായിരുന്നു അപ്പോൾ മാധവിക്കുട്ടി. മരണം അടുത്തെത്തി എന്ന ചിന്ത തന്നെയാണ് അവരെയും അന്ന് ധീരയാക്കിയത്. 

വിഷയാസക്തിക്കു പ്രസിദ്ധനായ എന്റെ കാമുകൻ എന്നിൽ എപ്പോഴും ഭ്രാന്തമായ ലൈംഗികവാഞ്ഛ ഉണർത്തി. അദ്ദേഹം എനിക്കു സംതൃപ്തി നൽകിയെങ്കിലും അദ്ദേഹം സംതൃപ്തനാവുന്നതു കാൺകെ ഞാൻ സന്തുഷ്ടയായി. ഒരിക്കൽ, ഞാനൊരർദ്ധനിദ്രയിൽ മയങ്ങവെ, എന്റെ കപോലങ്ങളിൽ അമർന്നിരുന്ന അദ്ദേഹത്തിന്റെ കൈപ്പടം പെട്ടെന്നു മൃദുവാകുന്നതായി എനിക്കു തോന്നുകയും അദ്ദേഹം രഹസ്യമായി എന്റെ പേര് ഉച്ചരിക്കുന്നതു ഞാൻ കേൾക്കുകയും ചെയ്തു. ഞാനുണർന്നിരിക്കുകയായിരുന്നെങ്കിൽ അദ്ദേഹം അത്ര ദയാലു ആവുമായിരുന്നില്ല. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. 

ജീവിതത്തിലെ ഏറ്റവും മഹത്തായ അധ്യായം മരണത്തിനു മുന്നേ എഴുതിപ്പൂർത്തിയാക്കിയിട്ടും മാധവിക്കുട്ടി ജീവിച്ചിരുന്നു; പ്രണയം തിരസ്കരിക്കപ്പെട്ട ജീവിതത്തെക്കുറിച്ചും എഴുതിക്കൊണ്ട്. തന്റെ പ്രണയത്തിൽ ആവേശം കൊള്ളുന്ന കടൽദൂരത്തിന് അപ്പുറമുള്ള നമ്മളെ കാണാതെ, അറിയാതെ, ഏതോ ഓർമയുടെ മധുര സ്മൃതിയിൽ ലയിച്ച് ആനി എർനോ ഇപ്പോഴും ഏതോ പുസ്തകം വായിക്കുന്നുണ്ടാകും. ആ പുസ്തകം ഒരിക്കലും തീരാതിരിക്കട്ടെ. ആ ചിരി മങ്ങാതിരിക്കട്ടെ. ആ വിളക്ക് കെടാതിരിക്കട്ടെ. ഇനിയുള്ള ജീവിതത്തിൽ ഞങ്ങൾക്കതു വേണം. പൊള്ളയായ ആഘോഷത്തിന്റെ പകലുകളിലും വ്യർഥതയുടെ നീറുന്ന രാത്രികളിലും അതല്ലാതെ മറ്റെന്താണ് ഞങ്ങൾക്ക് ആശ്രയം. പ്രണയത്തിന്റെ പകലുകളിലും വേർപാടിന്റെ രാത്രികളിലും വഴി നടത്താൻ വേറെ ഏത് അക്ഷരങ്ങളാണ് ഞങ്ങൾക്കുള്ളത്. പ്രണയത്തിനു വേണ്ടിയും ജീവിക്കാമെന്നു പഠിപ്പിച്ച സിംപിൾ പാഷൻ, എന്റെ കഥ... കഥ തീർന്നാലും തുടരുന്ന ജീവിതം. പ്രണയമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com