പുതുതായി വിടർന്ന പൂവ് കാണുമ്പോൾ എന്നെ ഓർക്കുക... മംഗളം.. ശുഭം
Mail This Article
ഈ സംഭവം ഇതുപോലെ എന്നോടു പറഞ്ഞ മനുഷ്യനോട് ഇതിന്റെ ഗുണപാഠമെന്തെന്നു ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഇതു മാത്രമാണ്: ഓ ഒന്നുമില്ല, വെറും ഒരു ഓർമ മാത്രം.
ബാല്യകാലസഖിയിൽ മജീദ് സുഹ്റയോട് അവസാനമായി പറയാൻ കൊതിച്ചത് എന്താണെന്നു ചിന്തിച്ചു തലപുകയ്ക്കുന്നവർ ബഷീറിന്റെ മറ്റു കഥകളും വായിക്കണം. പ്രത്യേകിച്ചും അവസാന ഭാഗം. ഒരു കഥയും അദ്ദേഹം പൂർത്തിയാക്കിയിട്ടില്ല. ഒരു ഗുണപാഠവും നൽകിയിട്ടില്ല. തനിക്കു പറയാനുള്ളതു പറഞ്ഞു നിസ്സാരമെന്ന മട്ടിൽ അവസാനിപ്പിക്കുകയായിരുന്നു. അല്ല, പാതിയിൽ നിർത്തുകയായിരുന്നു. ബാക്കി എന്തെന്നു ചോദിച്ചാൽ അതേ മറുപടി തന്നെയായിരിക്കും ലഭിക്കുക.
തീവണ്ടിയുടെ കംപാർട്ട്മെന്റിൽ ഇരുന്നു കഥ കേട്ടവർ ആ യുവാവിനെ സൂക്ഷിച്ചു നോക്കി. അവരിൽ ഒരാൾ ചോദിച്ചു: എന്നിട്ട്? അയാൾ സമാധാനം ഒന്നും പറഞ്ഞില്ല. എന്തു പറയാൻ. നമ്മുടെ ഹൃദയങ്ങൾ എന്ന കഥയാണ് ബഷീർ ഇങ്ങനെ നിർത്തിയത്. ആ കഥ പറയുന്നത് ഒരു തീവണ്ടിയിലാണ്. കംപാർട്ട്മെന്റിൽ എട്ടുപേരുണ്ടായിരുന്നു. വിവിധ മതസ്ഥർ. ഓരോരുത്തരും അദ്ഭുതകരമായ പ്രണയത്തെക്കുറിച്ച് ഓരോന്നെല്ലാം പറഞ്ഞ് ബഹളം കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് രാജ്യസഞ്ചാരിയായ ആ യുവാവ് ഒരു കഥ പറഞ്ഞത് (അത് ബഷീർ അല്ലാതെ മറ്റാരാണ്?)
വടക്കേ ഇന്ത്യയിലെ ജാതി സ്പർധയെക്കുറിച്ച്. അവിടെ ഒരു ബ്രാഹ്മണ വസതിയിൽ ഒരു മുസ്ലിം യുവാവ് ഒളിച്ചുതാമസിച്ചതിനെക്കുറിച്ച്. ആ വീട്ടിലെ യുവതി അയാളെ പ്രണയിക്കുന്നു. അവസാനം അയാൾ തന്റെ വഞ്ചനയെക്കുറിച്ച് അവളോട് വെളിപ്പെടുത്തുന്നു. ആരായാലും ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്നായിരുന്നു ആ യുവതിയുടെ മറുപടി. എന്നാൽ, വൈകാതെ, ആ യുവതിക്ക് ദുരൂഹമായ രോഗം ബാധിക്കുന്നു. ഒരു രാത്രി വിളക്കിന്റെ തിരി താഴുന്നു.
ഒറ്റ വരിയിലാണ് ബഷീർ ആ മരണം പറയുന്നത്. പിറ്റേന്നു സന്ധ്യയോടു കൂടി ദേവിയുടെ ദഹനക്രിയ നടന്നു. അപ്പോഴാണ് എല്ലാവരും കഥയുടെ ബാക്കി ചോദിച്ചത്. എന്തു പറയാൻ എന്നു മറുപടി. ആ രണ്ടു വാക്കിൽ ബഷീർ എല്ലാം ഒളിപ്പിച്ചുവച്ചു. ബഷീർ ഇല്ലാത്ത കഴിഞ്ഞ 30 വർഷം എത്രയോ പേർ എത്രയെത്ര കഥകൾ എഴുതി. ചെറുതും വലുതും. കവിതകൾ. ലേഖനങ്ങളും. അവരോട്, എല്ലാവരോടുമായി ബാക്കി ചോദിച്ചൂ. എന്നിട്ട്....? എന്തു പറയാൻ എന്നതിനപ്പുറം ആരും ഒന്നും പറയുന്നില്ല. പറയാൻ ശ്രമിക്കുക മാത്രം ചെയ്യുന്നു. ആ അർഥത്തിൽ, അവർ, എല്ലാവരും ബഷീർ നിർത്തിയിടത്തുനിന്ന് എഴുതിത്തുടങ്ങുകയാണ്. എന്നാൽ, അദ്ദേഹം പറഞ്ഞതിൽ കൂടുതലായി അധികമൊന്നും പറയാൻ കഴിയുന്നുമില്ല.
ബാല്യകാലസഖിയിൽ ബസിന്റെ ഹോൺ ആണ് മജീദിന്‍റെയും സുഹ്റയുടെയും അവസാന സംഭാഷണം മുറിച്ചത്. എന്നാൽ, ബസിനേക്കാളും ബഷീറിന് ചേരുക തീവണ്ടി എന്ന രൂപകമാണ്. ബസ് കേവലം ചെറിയൊരു യാത്രയുടെ പ്രതീകമാണ്. തീവണ്ടി ഒരു രാജ്യത്തെ ഒരറ്റത്തു നിന്നും മറ്റേയറ്റം വരെ കൂട്ടിയിണക്കുന്നു. അതൊരു ദീർഘയാത്രയാണ്. അതിൽ ഒട്ടേറെപ്പേരുണ്ട്. നാനാ ജാതി മതസ്ഥർ. സ്ത്രീകളും പുരുഷൻമാരും ‘പാവപ്പെട്ട’ വേശ്യകളും ഉൾപ്പെടെ. അവർക്കു പറയാൻ ഒട്ടേറെ കഥകളുണ്ട്. പലതും നമുക്കു ഭാവന ചെയ്യാൻ പോലുമാവാത്തത്.
അനാദ്യന്തം. അത്യദ്ഭുതകരം. അത്തരം കഥകളാണ് ബഷീർ പറഞ്ഞത്. പലതും ആരോ പറയുന്ന കഥകളായി തന്നെയാണ് അദ്ദേഹം പറഞ്ഞത്. ബഷീറും കേൾവിക്കാരൻ തന്നെയായിരുന്നു. കേട്ടത് പകർത്തുക മാത്രമായിരുന്നു. അവരുടെ വാക്കുകളിൽ. ശൈലിയിൽ. അതുകൊണ്ടാണ്, എന്തു പറയാൻ... എന്നവർ അവസാനിപ്പിച്ചത്. അതിൽ അധികമൊന്നും അവർക്ക് അറിയില്ലായിരുന്നു. ആർക്കാണ് അറിയാവുന്നത്. അറിയാവുന്നവർ പറഞ്ഞിട്ടുണ്ടോ. പറഞ്ഞതിൽ നിന്ന് അതിലധികം ആർക്കെങ്കിലും മനസ്സിലായിട്ടുണ്ടോ...
മനസ്സില്ലാമനസ്സോടെ, എങ്കിലും സന്തോഷത്തോടെ, ഞാൻ കുറച്ചു നടന്നു. ഞാൻ തിരിഞ്ഞുനിന്നു. ശശിനാസ് വാതിൽപ്പടിയിൽ നിൽക്കുകയാണ്. രണ്ടു കതകിലും പിടിച്ചുകൊണ്ട് അവൾ മന്ദഹസിക്കുകയാണ്. ഞങ്ങൾ അങ്ങനെ കുറേസമയം അന്യോന്യം നോക്കിക്കൊണ്ടുനിന്നു. കുറച്ചു കഴിഞ്ഞു. ആ വാതിൽ അടഞ്ഞു.