ADVERTISEMENT

അധ്യായം: ഇരുപത്തിയൊമ്പത്

ആത്മാർത്ഥമായ പ്രണയത്തിൽ ബുദ്ധിക്കും സാമാന്യചിന്തയ്ക്കും വലിയ സ്ഥാനമില്ല എന്നത് കാതലായ ഒരു സത്യമാണ്. ഭാവിയെ കുറിച്ചോ വരുംവരായ്കകളെ കുറിച്ചോ യുക്തിയെ കുറിച്ചോ ഉള്ള ചിന്തകൾ തദവസരത്തിൽ തടയപ്പെടും. കാലദേശവർണ്ണമില്ലാതെ അതിപ്പോഴും തുടർന്നുക്കൊണ്ടിരിക്കുന്നു എന്നത് തികച്ചും അദ്ഭുതം തന്നെ.

ചന്ദ്രവിമുഖി നേരിൽ കാണാനും അതിനെ കുറിച്ച് പഠിക്കാനുമുള്ള ചിരുതയുടെ ആഗ്രഹത്തിന് മുന്നിൽ ചെമ്പന് വഴങ്ങേണ്ടി വന്നത് ചെമ്പൻ അത്രയ്ക്കും ചിരുതയെ പ്രണയിച്ചതുക്കൊണ്ടായിരിക്കുമല്ലോ. ചന്ദ്രവിമുഖി പട്ടത്താനം ചടങ്ങിലെ കഠിനമായ പ്രതിജ്ഞയാണ് ചെമ്പൻ ലംഘിച്ചത്. ജീവനെക്കാൾ വിലയുള്ള പ്രതിജ്ഞ. അതുമാത്രമല്ല, കുറച്ച് കാലം ഒളിച്ച് താമസിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം പാലോറ മലയുടെ മുകൾ പരപ്പാണെന്ന ചിരുതയുടെ നിർദേശവും  ചെമ്പന് സമ്മതിക്കേണ്ടി വന്നു.

തുരുത്തി പറമ്പിൽ നിന്നോ ചെമ്പന്റെ ഗോത്രസമൂഹത്തിൽ നിന്നോ ഒരാക്രമണം എന്തായാലും പാലോറ മലയുടെ മുകളിൽ എത്തില്ല എന്നത് ശരിയായ കാര്യം തന്നെ. പക്ഷേ കാട്ടാനകളും വൻപുലികളും ഉൾപ്പെടെ വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന പാലോറ മല കാടുകളിൽ ദിവസങ്ങളോളം തങ്ങുകയെന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

എന്നിട്ടും ചെമ്പനും ചിരുതയും പാലോറ മലയിൽ കയറാനായി കൈതപ്പുഴയുടെ മറുതീരത്തെ കാട്ടു പുല്ലുകൾക്കിടയിലൂടെ നടന്നു.ചിരുതയുടെ ആഗ്രഹവും നിശ്ചയദാർഢ്യവും അത്രയ്ക്കുണ്ടായിരുന്നു. രണ്ടു ദിവസത്തെ സഞ്ചാരത്തിനൊടുവിലാണ് പാലോറ മലയുടെ മറുഭാഗത്തെ താഴ് വാരത്തിൽ അവർ എത്തിച്ചേർന്നത്. ചെമ്പനും ചെമ്പന്റെ ഗോത്രസമൂഹവും വസിച്ചിരുന്ന താഴ്‌വാരത്തിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു മറുഭാഗത്തെ താഴ്‌വാരം.

കുത്തനെയുള്ള ഭീമാകാരന്മായ പാറക്കെട്ടുകൾ, അതിനിടയിൽ അങ്ങിങ്ങായി വെഞ്ചാമരം പോലെ കുറ്റിച്ചെടികൾ, പച്ചയും മഞ്ഞയും പൂക്കൾ വരച്ച വിരിപട്ടു പോലെ വിശാലമായ പുൽമേടുകൾ, അവയ്ക്കിടയിൽ കുടപിടിച്ചപോലെ ഒറ്റപ്പെട്ട വൃക്ഷങ്ങൾ, മുകളിൽ പല വർണ്ണങ്ങളിൽ പന്തലുവിരിച്ച കൊടുംകാട്, അതിനും മുകളിൽ പഞ്ഞിക്കെട്ടു പോലെ വെൺമേഘങ്ങൾ... താഴ്‌വാരത്ത്, കൈതപ്പുഴയുടെ തീരത്ത് വലിയൊരു കൂട്ടം കാട്ടാനകളും കാട്ടുപോത്തുകളും മേയുന്നുണ്ടായിരുന്നു. അങ്ങകലെ, പുൽമേടുകൾക്കരികെ പുള്ളിമാൻ -വരയാടിൻ കൂട്ടങ്ങളെയും ചിത്രം വരച്ച പോലെ കാണാമായിരുന്നു.

മനോഹരമായ കാഴ്ചകളായിരുന്നെങ്കിലും ചെമ്പന്റെ മനസ്സിൽ തീയാളി. പുൽമേടുകൾക്കരികിൽ, പാറക്കൂട്ടങ്ങൾക്കിടയിൽ വൻ പുലികളും കടുവകളും ചെന്നായ്ക്കളും ഇര തേടി പതുങ്ങിയിരിക്കുന്നുണ്ടാകും. അവർക്കിടയിലൂടെ മലമുകളിൽ എത്തിച്ചേരുകയെന്നത് ജീവന്മരണ പോരാട്ടം തന്നെയാണ്. അവൻ ചിരുതയെ നോക്കി .അവളൊരു കൂസലുമില്ലാതെ താഴ്‌വാരത്തിൻ്റെ ഭംഗി ആസ്വദിക്കുകയാണ്. ഒന്നുമറിയാത്തവന് ഒന്നിനെയും പേടിക്കേണ്ടതില്ലല്ലോ. ഉണക്ക മരത്തടികളും കാട്ടുമുളയും ചേർത്തു കെട്ടി ചെമ്പൻ അതിവേഗം ഒരു ചങ്ങാടമുണ്ടാക്കി. കൈതപ്പുഴയെ കീറി മുറിച്ച് ചങ്ങാടം പാലോറമല താഴ്‌വാരത്തെത്തി.

ഒരു കറുത്ത ഭീകരജീവി കുനിഞ്ഞിരുന്ന് തല താഴ്ത്തി വാ തുറന്നിരിക്കുന്നതു പോലെയുള്ള ആ വൻ കരിമ്പാറയ്ക്ക് താഴെ മലമുകളിലേക്കുള്ള പുതുവഴി തേടി ചെമ്പനും ചിരുതയും മേലോട്ട് നോക്കി നിന്നു. 

2

എലത്തൂർ കളത്തിലെ വേലന്റെ കുടിലിന് മുന്നിൽ മൂന്നിടത്തായി കരിവീരന്മാരെ പോലെയുള്ള മൂന്ന് കരുത്തന്മാർ ചാത്തുക്കുട്ടിക്ക് കാവൽ നിന്നു. വരാന്തയിൽ കയറിയ ചാത്തുക്കുട്ടി വാതിലിൽ പതുക്കെ മുട്ടി. അടുക്കള ചായ്പിൽ ഒതുങ്ങി കൂടിയ വേലനും ഭാര്യയും കുട്ടിമാളുവും അതുകേട്ട് പരിഭ്രമിച്ചു. ഭ്രാന്തൻ ശങ്കരൻ ഒടുവിൽ ഞങ്ങളുടെ കുടിലിൽ തന്നെ വന്നിരിക്കുന്നു. സാരമില്ല. അവനെ പിടിച്ചുകെട്ടാൻ ഉശിരുള്ള കോൽക്കാരുണ്ടല്ലോ 

"ആരാ അത്..?" മുട്ടു കേട്ട് ജാഗരൂകരായ കോൽക്കാരുടെ നിർദ്ദേശാനുസരണം വേലൻ വിളിച്ചു ചോദിച്ചു.

"ഞാനാ... ചാത്തുക്കുട്ടി. നിന്റെ മോളെയൊന്നു കാണാൻ വന്നതാ. വാതിലു തൊറക്ക്."

വേലന്റെ തലച്ചോറിൽ ഇടിവെട്ടി. ആ വിദ്യുത്പ്രവാഹത്തിൽ സപ്തനാഡീഞരമ്പുകളും കരിഞ്ഞുപോയി. വേലൻ കുഴഞ്ഞ് നിലത്ത് വീണു. അതിനു മുമ്പെ കുട്ടിമാളുവും അമ്മയും കുഴഞ്ഞ് നിലത്തിരുന്നു പോയിരുന്നു. അവർ പേടിയോടെ കരിന്തിരി വെളിച്ചത്തിൽ വാതിൽക്കലേക്ക് നോക്കി.

പെട്ടെന്ന് ചകിരി കയറുക്കൊണ്ട് കെട്ടിവെച്ച വാതിൽ മരപലകകൾ ചെറിയൊരു ശബ്ദത്തോടു കൂടി പൊട്ടി ചിതറി അകത്തേക്ക് തെറിച്ചു വീണു. അപ്പോഴുണ്ടായ ചെറുകാറ്റിൽ ആടിയുലഞ്ഞ തിരിനാളത്തിന്റെ പ്രഭയിൽ, കരുത്തനായ ചാത്തുക്കുട്ടി ചുണ്ടിലൊളിപ്പിച്ചുവെച്ച വഷളചിരിയുമായി മെല്ലെ അകത്തേക്ക് കയറി വന്നു. കല്ലിരിപ്പിടത്തിൽ കത്തിച്ചുവെച്ച എണ്ണവിളക്കെടുത്ത് ചാത്തുക്കുട്ടി ചുറ്റും നോക്കി. പൊടുന്നനെ  കോൽക്കാരിലൊരാൾ ആയുധവുമായി ചാത്തുക്കുട്ടിയുടെ മുകളിലേക്ക് ചാടി വീണു. എണ്ണവിളക്ക് ദൂരേക്ക് തെറിച്ചു വീണു കെട്ടു. അപ്രതീക്ഷിത ആക്രമണമായതുകൊണ്ട് ചാത്തുക്കുട്ടിക്ക് പൂർണ്ണമായും ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. മുന്നോട്ട് വേച്ചുപോയ ചാത്തുക്കുട്ടിയുടെ ഇടതു കൈത്തണ്ടയിൽ വാൾമുന നീണ്ടൊരു ചുവന്ന വര വരച്ചു. ഞൊടിയിടയിൽ ചാത്തുക്കുട്ടി പ്രത്യാക്രമണം നടത്തി. കോൽക്കാരൻ വീശിയ വാൾമുനയിൽ നിന്ന് മിന്നായം പോലെ ഒഴിഞ്ഞു മാറി വെട്ടിത്തിരിഞ്ഞ് മലക്കം മറിഞ്ഞ് വലതു കൈ വീശി ഒരൊറ്റ കുത്ത്.

ഒരു നിമിഷം. കോൽക്കാരന്റെ ഇടത് മുലഞെട്ടിന് താഴെ തുളഞ്ഞു കയറിയ പിച്ചാത്തി ഒന്നു തിരിച്ച് ചാത്തുക്കുട്ടി വലിച്ചൂരി. നിലത്തു പിടഞ്ഞു വീണ കോൽക്കാരൻ്റെ ശ്വാസം പാതിയിൽ മുറിഞ്ഞു.

പക്ഷേ അപ്പോഴെക്കും മറ്റ് കോൽക്കാർ ചാത്തുക്കുട്ടിയെ വളഞ്ഞിരുന്നു. വേലനും കുടുംബവും കുടിലിനുള്ളിൽ നിന്നും പുറത്തേക്കോടി. പുറത്ത് ചാത്തുക്കുട്ടിക്ക് കാവലായി നിന്ന മൂന്ന് കരിവീരന്മാരും കോൽക്കാരുടെ കൂട്ടം ചേർന്നുള്ള ആക്രമണത്തിൽ നിലം പതിച്ചു. കുടിലിന് പുറത്തിറങ്ങിയാൽ ചാത്തുക്കുട്ടിയുടെ പൊടി പോലും കണ്ടുകിട്ടില്ലെന്നറിയാവുന്നതുക്കൊണ്ട് കോൽക്കാർ കുടിലിന്റെ എല്ലാ ഭാഗത്തും തീ കൊളുത്തി. ആളിപ്പടരുന്ന കുടിലിനുള്ളിൽ പൊരിഞ്ഞ സംഘട്ടനം നടന്നു. ചാത്തുക്കുട്ടിയുടെ കുത്തുക്കൊണ്ട് രണ്ട് പേർ കൂടി നിലത്തു വീണു. തീ നാളങ്ങൾ കൈ നീട്ടി ശരീരത്തെ ചുംബിക്കാൻ തുടങ്ങിയതോടെ ചാത്തുക്കുട്ടി തളർന്നു. മുറിവേറ്റയിടങ്ങളിൽ നിന്നും ചുടുരക്തം ഒഴുകി പടർന്നു.  പുറത്തേക്ക് ഓടി രക്ഷപ്പെടാനൊരുങ്ങവെ കത്തിപ്പടർന്ന മോന്തായം വലിയൊരു ശബ്ദത്തോടെ ചാത്തുക്കുട്ടിക്കുമേൽ പതിച്ചു. കുടിലിന് ചുറ്റും കൂടി നിന്നിരുന്ന കോൽക്കാർ ആർത്തട്ടഹിച്ചു.

(തുടരും)

English Summary:

Chandravimukhi Enovel Bajith CV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com