കൺകെട്ട് വിദ്യയിൽ പ്രസിദ്ധന്, അസാമാന്യ ബലവാൻ; രാജകുടുംബാംഗങ്ങളെ തേടി ആ കള്ളൻ വരുമോ?
Mail This Article
അധ്യായം: ഇരുപത്തിയാറ്
ചെമ്പനേഴി തറവാടിന്റെ നടുമുറ്റത്തേക്ക് അപ്രതീക്ഷിതമായി ഓടിക്കിതച്ചെത്തിയ ഒരു കറുത്ത പടകുതിരയുടെ പുറത്തു നിന്നും ഉശിരുള്ളൊരു കോൽക്കാരൻ ചാടിയിറങ്ങി. നീല പട്ടുക്കൊണ്ടുണ്ടാക്കിയ തലപ്പാവും തിളങ്ങുന്ന മേൽവസ്ത്രവും നീളമേറിയ ഉടവാളും ധരിച്ച കോൽക്കാരൻ വേഗത നിയന്ത്രിക്കാനാകാത മുന്നോട്ട് നീങ്ങിപ്പോയ പടക്കുതിരയെ പിടിച്ചു നിർത്തി. അപ്പോഴെക്കും കുതിരാലയത്തിലും തറവാട് മുറ്റത്തും മറ്റും കാവൽ നിന്ന സുരക്ഷാഭടന്മാർ കോൽകുന്തവുമായി അവനെ വളഞ്ഞു. സിംഹക്കൂട്ടങ്ങളുടെ മുന്നിലകപ്പെട്ട മാൻപേടയെപോലെ അവൻ പേടിയോടെ തല കുനിച്ചു കൈകൾ ഉയർത്തി.
എലത്തൂർ മനയിലെ കുഞ്ഞിച്ചോയി തമ്പ്രാന്റെ കോൽക്കാരനാണെന്നും മൂത്തേടം തിരുമനസ്സിനുള്ള ഓലയുമായി വന്നതാണെന്നും വിനീതവിധേയനായി കോൽക്കാരൻ ഉണർത്തിച്ചു. മാത്രമല്ല മുളങ്കുറ്റിയിൽ നിന്നും ഓല പുറത്തെടുത്തു കാണിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഉമ്മറത്തെത്തിയ വിഷ്ണുകീർത്തി കോൽക്കാരനെ തറവാടിനു പുറത്തെ അതിഥിപ്പുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂത്തേടത്തെ എത്രയും വേഗം വിവരമറിയിക്കാനും കോൽക്കാരന് പ്രാതൽ കൊടുക്കാനും ഏർപ്പാടാക്കിയിട്ടാണ് വിഷ്ണുകീർത്തി തിരിച്ച് തറവാട്ടിലേക്ക് കയറി പോയത്.
മൂത്തേടം അതിഥിപ്പുരയിലെത്തുമ്പോൾ കോൽക്കാരൻ ഭക്ഷണം കഴിച്ചതിനുശേഷം മുഖം കഴുകുകയായിരുന്നു. മൂത്തേടത്തെ കണ്ട് തൊഴുതു വണങ്ങി ഏറെ ആദരവോടെ മുളങ്കുറ്റിയിൽ നിന്ന് ഓലയെടുത്ത് മൂത്തേടത്തിന് കൊടുത്തു. നാലോലകൾ കൂട്ടിക്കെട്ടിയ ചെറിയൊരു ദൂതായിരുന്നു അത്. മൂത്തേടം ഓലകൾ നിവർത്തി.
"കോഴിക്കോട് വാഴുന്നോർ കുടുംബാംഗവും ഭരണതന്ത്രജ്ഞനും സർവ്വോപരി മഹാ പണ്ഡിതനുമായ മൂത്തേടം തിരുമനസ്സ് നീണാൾ വാഴട്ടെ. വളരെ സന്തോഷകരമായ ഒരു കാര്യം ഉണർത്തിക്കാനും അങ്ങയോടുള്ള അഗാധമായ നന്ദി രേഖപ്പെടുത്താനുമാണ് ഈ കുറിപ്പ്. ബാക്കി കാര്യങ്ങൾ കോൽക്കാരനിൽ നിന്നും നേരിട്ടറിയുക.
സ്നേഹത്തോടെ,
കുഞ്ഞിച്ചോയി, എലത്തൂർ മന."
ഓലയിൽ നിന്നും കണ്ണെടുത്ത് മൂത്തേടം കോൽക്കാരനെ നോക്കി. അവന്റെ കണ്ണുകളിൽ നിന്നും ഏറെ പറയാനുണ്ടെന്ന് മനസ്സിലായ മൂത്തേടം അവനെയും കൂട്ടി തന്റെ മുറിക്ക് പുറത്തുള്ള വരാന്തയിലേക്ക് പോയി. അവിടെയിരുന്നാൽ അങ്ങകലെ അകലാപ്പുഴ ശാന്തമായി ഒഴുകുന്നത് കാണാം. തീരത്തുള്ള അയനി മരങ്ങളെ തഴുകി വരുന്ന ഇളം കാറ്റു കൊള്ളാം. തറവാടിന്റെ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി നിൽക്കാം.
മൂത്തേടത്തിന് അഭിമുഖമായി വരാന്തയിലിരുന്ന് കോൽക്കാരൻ പറഞ്ഞു തുടങ്ങി. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സുഭദ്ര തമ്പുരാട്ടി കഥ കേട്ട് വരാന്തയിലെ കൽത്തൂണിനരികെ വന്നിരുന്നു. കാർത്തിക ചികിത്സാർത്ഥം ചികിത്സ പുരയിലായിരുന്നു.
മൂത്തേടവും രാജകുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനത്തെ പൂക്കാടിനതിർത്തി കടത്തിയശേഷം കുഞ്ഞിച്ചോയിയുടെ കോൽക്കാർ തിരിച്ചു വരികയായിരുന്നു. കാടിന്റെ മധ്യഭാഗത്തെത്തിയപ്പോഴാണ് കാട്ടുതീയുടെ ലക്ഷണമായ പുക മര ചില്ലകളിൽ ഒഴുകി പരക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്. രണ്ട് കോൽക്കാർ കുതിരകളിൽ നിന്ന് ചാടിയിറങ്ങി പുകയുടെ ഉത്ഭവസ്ഥാനം കണ്ടെത്താനായി മുന്നോട്ട് നടന്നു. കത്തിപടരുന്നതിന് മുമ്പ് കണ്ടെത്തി കെടുത്തിക്കളഞ്ഞാൽ വലിയൊരു ആപത്തിൽ നിന്ന് പൂക്കാടിനെ രക്ഷിക്കാമല്ലോ.
അടിക്കാടുകളെ വകഞ്ഞു മാറ്റി അല്പദൂരം മുന്നോട്ടു നടക്കുമ്പോഴേക്കും ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ട് അവർ ജാഗരൂകരായി. മൂന്നാൾ വട്ടമിട്ട് കൈ ചുറ്റി പിടിച്ചാൽ പോലും കൈയെത്താത്തത്രയും വണ്ണമുള്ള ഞാവൽ മരത്തിന്റെ മറവിൽ നിന്നുകൊണ്ടവർ ആ കാഴ്ച കണ്ടു.
വേട്ടയാടി പിടിച്ച ഏതോ കാട്ടുമൃഗത്തിന്റെ ഇറച്ചി കരിയില കൂട്ടിയിട്ട തീയ്യിൽ വേവിച്ചെടുക്കുന്ന നാലുപേർ. കാട്ടുചില്ലയിൽ തൂങ്ങിയാടുന്ന മുള്ളൻപന്നിയുടെ മുള്ളോടുകൂടിയ തോലിനരികിൽ നിരത്തിവെച്ചിരിക്കുന്ന നാലഞ്ചു കുപ്പികളിൽ വാറ്റുചാരായം. സംഘാംഗങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളെ കോൽക്കാർ പ്രത്യേകം നിരീക്ഷിച്ചു. മൊട്ടത്തല, തീക്ഷ്ണമായ കണ്ണുകൾ, തടിച്ച കൊമ്പൻ മീശ, കാരിരുമ്പ് ഉരുക്കിയെടുത്തതുപോലുള്ള മാറിടവും വയറും തെങ്ങ് ഉലച്ചു കളയുമാറ് വലിച്ചുകെട്ടിയ കച്ച, മുട്ടോളമെത്തുന്ന കടഞ്ഞെടുത്ത കൈകൾ, കരുത്തുറ്റ കാലുകൾ... സംഘാംഗങ്ങൾക്ക് എന്തോ നിർദ്ദേശം കൊടുത്ത് അയാളൊന്നു പൊട്ടിച്ചിരിച്ചു. മേൽചുണ്ടിന് താഴേക്ക് നീണ്ട മീശയ്ക്കിടയിലൂടെ വെളുത്ത പല്ലുകൾ വിടർന്നു നിന്നു.
ചാത്തുക്കുട്ടി...!!!
കോൽക്കാരന്റെ നാവിൽ നിന്നും പതിഞ്ഞൊരു ശബ്ദം അറിയാതെ പുറത്തു വന്നു. ചാത്തുക്കുട്ടി നിരത്തി വെച്ചിരിക്കുന്ന വാറ്റുകുപ്പികളിലൊരണ്ണമെടുത്ത് മരയടുപ്പ് കടിച്ചൂരി പുറത്തേക്ക് തുപ്പി. പിന്നെ രണ്ടിറക്ക് വാറ്റുചാരായം പച്ചവെള്ളം കുടിക്കുന്ന പോലെ അകത്താക്കി. അരയിൽ നിന്നും കൊക്ക് നീണ്ടൊരു പിച്ചാത്തിയെടുത്ത് വെന്തുക്കൊണ്ടിരുന്ന ഇറച്ചിയിൽ നിന്നൊരു കഷ്ണം മുറിച്ചെടുത്തു. പുക പാറുന്ന ഇറച്ചി കഷ്ണം ഇരുകൈകളിലിട്ട് അമ്മാനമാട്ടി, ചൂടാറ്റി വായിലേക്ക് വെച്ചു.
കോൽക്കാർ ശബ്ദമുണ്ടാക്കാതെ പതിയെ പിൻവാങ്ങി. അരനാഴികനേരം കൊണ്ട് വിവരം കുഞ്ഞിച്ചോയിയുടെ ചെവിയിലെത്തി. ചാത്തുക്കുട്ടിയെ വകവരുത്താൻ പകയോടെ കാത്തിരുന്ന കുഞ്ഞിച്ചോയി വളരെ പെട്ടെന്ന് തന്ത്രങ്ങൾ മെനഞ്ഞു. അളിയന് സാധിക്കാത്തത് തനിക്ക് സാധിക്കണം. തന്റെ ഭാര്യ നീലിക്ക് കാഴ്ചയായി ചാത്തുക്കുട്ടിയുടെ ജീവനറ്റ ശിരസ്സ് സമർപ്പിക്കണം. പൊന്നാരാങ്ങളെയെ കൊന്നവനോട് ഭർത്താവ് പകരം വീട്ടി എന്നതിൽ അവൾ അഭിമാനിക്കണം. നാടുവാഴിയിൽ നിന്ന് പട്ടും വളയും സ്വീകരിക്കണം. കോഴിക്കോട് രാജ്യത്തെ കിടുകിടെ വിറപ്പിച്ച കാട്ടു കള്ളൻ ചാത്തുക്കുട്ടിയെ കീഴ്പ്പെടുത്തിയവൻ..എലത്തൂർ മനയിലെ കുഞ്ഞിച്ചോയി... തലമുറകൾക്ക് വീരവാദം പറഞ്ഞിരിക്കാൻ ഇതു തന്നെ ധാരാളം. പക്ഷേ അതത്ര നിസ്സാരകാര്യമല്ല. ഒറ്റക്കുത്തിന്റെ പിടച്ചിലിന്റെ കഥ നാടായ നാടു മുഴുവൻ പാട്ടാണ്. ഏത് പൂട്ടും ഏത് കെട്ടും നിഷ്പ്രയാസം അഴിച്ചെടുക്കാൻ വിദഗ്ദനാണ് ചാത്തുക്കുട്ടി. കണ്ടമാത്രയിൽ അപ്രത്യക്ഷനാകാനും ഞൊടിയിടയിൽ മറ്റൊരിടത്ത് പ്രത്യക്ഷനാകാനും കഴിവുള്ളവൻ. ആൾബലത്തെ കൺകെട്ട് കൊണ്ട് കീഴ്പെടുത്തുന്നവൻ. പക്ഷേ തന്ത്രങ്ങൾ മെനയുന്ന കാര്യത്തിൽ കുഞ്ഞിച്ചോയിയും അത്ര നിസ്സാരക്കാരനല്ലല്ലോ.
കുഞ്ഞിച്ചോയി കോൽക്കാരെ മുഴുവൻ വിളിച്ചു വരുത്തി. അവരെ പല കൂട്ടങ്ങളായി തരം തിരിച്ചു. തന്ത്രങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. പടിഞ്ഞാറ്റിയിലെ ആയുധപ്പുരയുടെ വാതിൽ പതുക്കെ തുറക്കപ്പെട്ടു.
(തുടരും)