പടർന്നു പിടിച്ച തീയിൽ പെടാതെ താളിയോലകള് സംരക്ഷിച്ച് ചിരുത; അവയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്ത്?
Mail This Article
അധ്യായം: ഇരുപത്തിയെട്ട്
ചിരുതമാനസത്തിനൊരു തുടർച്ച എന്ന വാക്യം കാർത്തികയെ വല്ലാതെ ത്രസിപ്പിച്ചു. പാലോറ മലയുടെ തുഞ്ചത്ത് മാത്രം കണ്ടു വരുന്ന ചന്ദ്രവിമുഖിയെ ചെമ്പനേഴി തറവാട്ട് കാവിൽ വളർത്തിയെടുത്തതിന്റെ രഹസ്യം ഈ ഗ്രന്ഥത്തിൽ ഉണ്ടാകുമോ? അതല്ലെങ്കിൽ ശ്രീകണ്ഠനെ പോലെ ചെമ്പന്റെയും ചിരുതയുടെയും പ്രണയവും കാട്ടുപുലി, കാട്ടാന തുടങ്ങി വന്യജീവികളുടെ ആക്രമണങ്ങളും രക്ഷപ്പെടലുകളും അടങ്ങിയ വെറും കെട്ടുകഥകളായിരിക്കുമോ? എന്തായാലും മുറിയിലെത്തിയ ഉടനെ അമൂർത്തൻ്റെ 'ഒളിവിലെ ഓർമ്മകളിലേക്ക്' അവൾ ജിജ്ഞാസയോടെ ഇറങ്ങി ചെന്നു.
കോലോത്തെ പാടത്തു നിന്നും കലിതുള്ളി പാഞ്ഞു വന്ന മിശറൻ കാറ്റിൽ ചിരുതയുടെ തീ പിടിച്ച വീട് ആളിക്കത്തി. ആകാശം മുട്ടെയുയർന്ന തീജ്വാലകളിൽ നിന്ന് കരിമ്പുക മാനത്ത് കാർമേഘങ്ങൾ സൃഷ്ടിച്ചു. തൊടിയിലെ വൃക്ഷത്തലപ്പുകൾ ചൂടേറ്റ് വാടിക്കരിഞ്ഞു. ചുറ്റുപാടും പടർന്ന ചുവന്ന വെളിച്ചത്തിൽ ചലനമറ്റ കുഞ്ചന്റെ ദേഹത്തെ മറികടന്ന്, ചിരുതയുടെ കൈയും പിടിച്ച് ചെമ്പൻ മെല്ലെ മുന്നോട്ട് നടന്നു. അടുക്കള തൊടിയിലെ നാട്ടുമാവിൻ ചോട്ടിലെത്തിയപ്പോൾ ചിരുത ഒരു നിമിഷം നിന്നു. കത്തിയമരുന്ന വീടിനെ അവസാനമായി തിരിഞ്ഞു നോക്കി. പഴയ പല ഓർമ്മകളും മനസ്സിലൂടെ മിന്നായം കണക്കെ പാഞ്ഞു പോയി. പിന്നെ നേരത്തെ കാട്ടുപുല്ലുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച വലിയൊരു സഞ്ചിയെടുത്ത് തോളത്തിട്ട് അവൾ ചെമ്പനോടൊപ്പം മുന്നോട്ട് നടന്നു.
അച്ഛന്റെ ഏറ്റവും വലിയ സമ്പാദ്യം. വീട് കത്തിപ്പടരുന്നതിന് മുമ്പ് ഗ്രന്ഥങ്ങളെല്ലാം സഞ്ചിയിലാക്കി ഒളിപ്പിച്ചു വെയ്ക്കാൻ തോന്നിയതിന് അവൾ പെരുമാൾ കാവിലെ ദേവിയോട് പലവട്ടം മനസ്സിൽ നന്ദി പറഞ്ഞു. തുരുത്തിക്കാടിനടുത്തെത്തിയപ്പോൾ ചെമ്പൻ ചിരുതയെ നോക്കി. എങ്ങോട്ട് പോകും? എങ്ങോട്ട് പോകണമെന്ന് ചിരുതയ്ക്കും അറിയില്ലായിരുന്നു.
പാലോറ മലയുടെ തുഞ്ചത്ത് തീക്കനലുകൾ പോലെ ചുവന്ന വെളിച്ചം ചിതറി തെറിക്കുന്നത് കണ്ട ചെമ്പൻ ചിരുതയെയും കൂട്ടി തുരുത്തി കാടിനുള്ളിലേക്ക് നടന്നു. താൻ തുരുത്തിക്കാടിനുള്ളിൽ വരുമ്പോൾ സ്ഥിരമായി താമസിക്കാറുള്ള ഏറുമാടങ്ങളിൽ ഒന്നിൽ ചിരുതയെ കയറ്റി ഇരുത്തി. ഇന്നത്തെ പകലു മുഴുവൻ ഇവിടെ കഴിയാം. അപ്പോഴെക്കും രക്ഷപ്പെടാനുള്ള ഒരു വഴി മനസ്സിൽ തെളിയുമായിരിക്കും. ചില്ലകൾക്കിടയിലൂടെ പതുങ്ങി വന്ന ചുവന്ന രശ്മികളിൽ ഞാവൽ പഴങ്ങൾ തിളങ്ങി നിൽക്കുന്നത് കണ്ട ചെമ്പൻ അത് പറിക്കാനായി ഞാവൽകൊമ്പിലേക്ക് പതുക്കെ പിടിച്ചുകയറി.
ഏറുമാടത്തിലിരുന്ന് ചിരുത അത് നോക്കി നിന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു? ചന്ദ്രവിമുഖി കണ്ടെത്തി അച്ഛന്റെ വൈദ്യപാരമ്പര്യത്തിന് ഒരു പൊൻതൂവൽ കൂടി ചേർത്തുവെയ്ക്കുന്ന മകൾ...! ഗോത്രചികിത്സയും നാട്ടുവൈദ്യവും കൂടി ചേർന്ന് ചികിത്സാരീതികളിൽ അഭ്ദുതങ്ങൾ സൃഷ്ടിച്ചെടുക്കുന്ന യുവമിഥുനങ്ങൾ...! വാഗ്ഭടനെ പോലെ ചെമ്പന്റെയും ചിരുതയുടെയും നാമം ലോകമുള്ള കാലത്തോളം പാണന്മാർ പാടിക്കൊണ്ടേയിരിക്കുമെന്ന മോഹം...!
ചിരുതയ്ക്ക് കരച്ചിൽ വന്നു. സങ്കടങ്ങൾ മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കുമ്പോഴാണല്ലോ സ്ത്രീകൾ പൊതുവെ ഉറച്ച തീരുമാനങ്ങളെടുക്കുക. എന്തുവന്നാലും ശരി, ചന്ദ്രവിമുഖി കണ്ടെത്തണം. ഒടുവിൽ ചെമ്പനോട് അക്കാര്യം ചോദിക്കാൻ പറ്റിയ അവസരമിതാ കൈവന്നിരിക്കുന്നു. പഴയതുപോലെ എന്നെ തനിച്ചാക്കി പോകാനോ ഒഴിഞ്ഞു മാറാനോ ഇനി ചെമ്പന് കഴിയില്ല.
പഴുത്ത ഞാവൽപഴങ്ങൾ പങ്കുവെച്ച് കഴിക്കുമ്പോൾ ചിരുത അപ്രതീക്ഷിതമായി ചന്ദ്രവിമുഖിയുടെ കാര്യം ചെമ്പനോട് പതുക്കെ ചോദിച്ചു. ചെമ്പൻ ഞെട്ടലോടെ അവളെ നോക്കി. അവളുടെ കരിമിഴിയിൽ ഉറച്ച തീരുമാനത്തിന്റെ പ്രതിഫലനം. ഞാവൽ പഴത്തിന്റെ കറപിടിച്ച് അവളുടെ ചുവന്ന ചുണ്ടുകൾക്ക് ഇളം വയലറ്റ് നിറം. ചെമ്പൻ ഇമവെട്ടാതെ കുറച്ചുനേരം അവളെ നോക്കി നിന്നു. ചിരുതയും കൂടുതൽ ചോദ്യങ്ങളില്ലാതെ മൂകയായി ചെമ്പനെ നോക്കിയിരുന്നു. അവിടെ ഏറ്റുമാടത്തിൽ വെച്ച്, പുലർകാലത്തിന്റെ കുളിർന്ന കുളിരിൽ ചെമ്പൻ പാലോറ മലയെക്കുറിച്ചും ചന്ദ്രവിമുഖിയെ കുറിച്ചും ചിരുതയോട് വെളിപ്പെടുത്തി.
സായംസന്ധ്യ പൂക്കാടിനുമേൽ ചുവന്ന ചായമടിക്കാൻ തുടങ്ങിയപ്പോൾ ചാത്തുക്കുട്ടിയും സംഘവും പതുക്കെ പൂക്കാടിറങ്ങി. പൂക്കാടും വിശാലമായ എലത്തൂർ പാടവും അതിർത്തി പങ്കിടുന്ന കുറ്റിപ്പുല്ലുകൾക്കിടയിലൂടെ അവർ മെല്ലെ മുന്നോട്ട് നടന്നു. അങ്ങകലെ ചുവന്ന പട്ടുടുത്ത് ഓളം തല്ലി പായുന്ന എലത്തൂർ പുഴയിൽ പുളയ്ക്കുന്ന മാലാൻ കൂട്ടങ്ങളെ റാഞ്ചാനായി ചെമ്പരന്തുകൾ ആകാശത്ത് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. കുഞ്ഞിച്ചോയിയുടെ നിർദേശപ്രകാരം കോൽക്കാർ വേലന്റെ കുടിലിന് മുന്നിലുള്ള പാടത്ത് പലയിടങ്ങളിലായി നേരത്തെ തയ്യാറാക്കിയ ചെറിയ കുഴികളിൽ ഇറങ്ങിയിരുന്ന് വൈക്കോലുകൊണ്ട് മുകൾഭാഗം മൂടി.
മറ്റ് ചില കോൽക്കാർ തൊട്ടടുത്ത കുടിലുകളിൽ ഒളിച്ചിരുന്നു. വേലന്റെ കുടിലിലും കരുത്തുറ്റ നാല് കോൽക്കാർ പല ഭാഗങ്ങളിലായി പതുങ്ങി നിന്നു. ചാത്തുക്കുട്ടിയെ പിടികൂടാനുള്ള ഒരുക്കമാണെന്ന കാര്യം കോൽക്കാർ ആരോടും വെളിപ്പെടുത്തിയില്ല. പകരം ഭ്രാന്തൻ ശങ്കരൻ ചങ്ങല പൊട്ടിച്ച് രക്ഷപ്പെട്ടെന്നും അവൻ എലത്തൂർ കളത്തിലെ കുടിലുകളിലെവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്നും മാത്രം പറഞ്ഞു. എലത്തൂർ പാടത്തിന് മുകളിൽ ഇരുട്ട് കരിമ്പടം വിരിക്കാൻ തുടങ്ങി. മാനത്ത് അങ്ങിങ്ങായി നക്ഷത്രങ്ങൾ തെളിഞ്ഞു.
കുഞ്ഞിച്ചോയിയുടെ പ്രതീക്ഷ അസ്ഥാനത്താകുമോ? ചാത്തുക്കുട്ടിയുടെ ലക്ഷ്യം കുട്ടിമാളു തന്നെയായിരിക്കുമോ?
രാത്രിയായതോടെ ചാത്തുക്കുട്ടിയുടെ സഞ്ചാരത്തെ കുറിച്ച് ലഭിച്ചിരുന്ന വിവരങ്ങളും നിലച്ചു. കുഞ്ഞിച്ചോയി ആകെ അസ്വസ്ഥനായി. നിമിഷങ്ങൾ ചുരുട്ടുപാമ്പിനെ പോലെ ഇഴഞ്ഞു നീങ്ങി. പെട്ടെന്ന് വേലന്റെ കുടിലിന് മുന്നിൽ ആകാശത്തു നിന്നും പൊട്ടിവീണതുപോലെ നാലു പേർ പ്രത്യക്ഷപ്പെട്ടു. ചാത്തുക്കുട്ടി മടക്കി കുത്തിയിരുന്ന ലുങ്കി അല്പം ഉയർത്തി ഇരുതുടകളിലും കൈക്കൊണ്ട് മെല്ലെയടിച്ച് ഒരു വഷളൻ ചിരിയോടെ കുനിഞ്ഞ് വരാന്തയിലേക്ക് കയറി.
(തുടരും)