വരും വരാതിരിക്കില്ല എന്നല്ല, ഞാനിന്നു വരും എന്നു തന്നെ; വാതിൽ വലിച്ചടയ്ക്കല്ലേ
Mail This Article
എനിക്കൊന്നു കണ്ടേ മതിയാകൂ. ഞാനിന്നു വരും.
എത്ര അധികാരത്തോടെയാണ് അവർ ഫോണിൽ സംസാരിക്കുന്നത്. എന്നിട്ടും അവർക്ക് ഒരു പേരു പോലുമില്ല. ആ വാക്കുകളിൽ നിന്ന് മനസ്സിൽ ഒരു വ്യക്തി രൂപപ്പെടുകയായി. മറുപടിക്കു വേണ്ടി കാത്തില്ല. സമ്മതമോ വിസമ്മതമോ എന്നു തിരക്കിയില്ല. ഉദ്ദേശിച്ച വ്യക്തി തന്നെയല്ലേ എന്നു രണ്ടു വട്ടം ചോദിച്ച് ഉറപ്പു വരുത്തിയെന്നു മാത്രം. ബാക്കിയൊന്നും കേൾക്കേണ്ടതില്ല. പറയേണ്ടതുമില്ല.
ഒടുവിൽ അവർ വന്നു. പ്രതീക്ഷിച്ചതിനേക്കാൾ വൈകിയിരുന്നു. എന്നാൽ, അങ്ങനെയൊരു ഭാവം അവർക്കില്ലായിരുന്നു. ഏതു നേരത്തും എങ്ങനെയും കയറിവരാമെന്ന ധൈര്യം. ആ ധൈര്യമായിരുന്നില്ലേ ഞാനിന്നു വരും എന്ന വാക്കുകളിലും ഉണ്ടായിരുന്നത്. എന്നാൽ, അവർ...
വാതിലിൽ ഒരു മുട്ടു കേട്ടു. വലിയൊരു ഭാണ്ഡവുമായി മെലിഞ്ഞ ഒരു സ്ത്രീ സ്വന്തം വീട്ടിലേക്കെന്ന മട്ടിൽ കയറിവന്നു. ഉദ്ദേശിച്ചയാളെ കണ്ടില്ലെങ്കിലും അപരിചിതത്വം തോന്നിയില്ല. പിഞ്ഞിക്കീറിയ മുഷിഞ്ഞ സാരി ചുറ്റിയ ഒരു രൂപം. മുറിയുടെ ഒരു മൂലയിലേക്കു നടന്ന് തിണ്ണയിൽ ഭാണ്ഡം തലയണയായി വച്ച് നീണ്ടുനിവർന്നു കിടന്നു. അത്ര തന്നെ. സ്ഥലം മാറ്റം കിട്ടിയെത്തിയ ഓഫിസിൽ ആദ്യ ദിവസം തന്നെ ഉണ്ടായ ദുരനുഭവങ്ങളുടെ തുടർച്ചയായിരുന്നു അത്.
ആ സ്ത്രീ. അവരുടെ വാക്കുകളിലെ, പ്രവൃത്തിയിലെ അധികാരം. ആ നീണ്ടു നിവർന്ന കിടപ്പും. എനിക്കൊന്നു കാണണം. കണ്ടേ മതിയാകൂ എന്നു പറഞ്ഞത് ഇവർ തന്നെയല്ലേ. ആ വാക്കുകളിൽ നിന്ന് രൂപപ്പെട്ട എല്ലാ ചിന്തകളെയും തുടച്ചുമാറ്റിയാണ് അവർ കിടന്നത്. കണ്ടേ മതിയാകൂ എന്നവർ പറഞ്ഞത് ഇതിനായിരുന്നോ. എല്ലാ ഭാരവും ഇറക്കിവച്ചു കിടക്കാൻ.
അതേ, ഇങ്ങനെയും മനുഷ്യരുണ്ട്. അവരെ കാണാൻ പി. എഫ്. മാത്യൂസ് എന്ന എഴുത്തുകാരനെ വായിക്കണം. നിറയെ പ്രതീക്ഷകളുമായി തുടങ്ങി ചിലപ്പോൾ നിരാശപ്പെടുത്തുമെങ്കിലും അദ്ഭുതപ്പെടുത്തുന്ന കഥകളുമെഴുതിയിട്ടുണ്ട് മാത്യൂസ്. ഇനിയും എഴുതാനിരിക്കുന്നുമുണ്ട്. മൂങ്ങ എന്ന പുതിയ സമാഹാരം തന്നെ തെളിവ്. ലോക സാഹിത്യത്തിന്റെ വലിയൊരു വായനക്കാരനാണ് എഴുത്തുകാരൻ. അവിടെയുമിവിടെയും എഴുതുന്ന ചില കുറിപ്പുകളിൽ നിന്ന് എത്രയോ മികച്ച കൃതികളെ അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ട്. അവയൊക്കെ വായിക്കുമ്പോൾ മാത്യൂസിലുള്ള പ്രതീക്ഷയും കൂടും. അവയെ പൂർണമായി തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും മികച്ച വിഭവങ്ങളുണ്ട് ഈ എഴുത്തുകാരന്റെ അക്ഷരശാലയിൽ. കൊണ്ടാടപ്പെട്ട കഥകളേക്കാൾ വലിയ ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ചില കഥകൾ ഈ എഴുത്തുകാരനെ സമകാലിക കഥാകൃത്തുക്കളുടെ മുൻനിരയിൽ തന്നെ നിർത്തുന്നുമുണ്ട്. അതിലൊന്നാണ് ഒരു ദിവസം എന്ന കഥ.
പല തവണ വായിച്ചിട്ടും വിരസത തോന്നുന്നില്ല. വീണ്ടും വായിക്കാൻ തോന്നുന്നുമുണ്ട്. പറയാൻ അധികമൊന്നുമില്ല. 7 പേജ് മാത്രം. മൂന്നു പേർ. അവരുടെ ഒരു ദിവസത്തെ ഏതാനും മണിക്കൂർ മാത്രം. എന്നാൽ, ആ കഥ തുറന്നിടുന്ന ലോകം എത്ര നീട്ടി എഴുതിയാലും അനാവരണം ചെയ്യാനാവുമെന്നു തോന്നുന്നില്ല. ആസ്വാദകനെയും നിരൂപകനെയും വിമർശകനെയും വെല്ലുവിളിച്ചു കൊണ്ട് വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയാണ് ഒരു ദിവസം.
അതു സാധാരണ ദിവസമായിരുന്നില്ല. ഇന്ദിരാ ഗാന്ധി മരിച്ച ദിവസമാണ്. പത്രമോഫിസ് തിരക്കിന്റെ കൊടുമുടി കയറുന്ന ദിവസം. ഒരു രാജ്യം മുഴുവൻ ഒരു സ്ത്രീയുടെ കൊലപാതകത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന ദിവസം. അംഗരക്ഷകരാൽ വെടിയേറ്റു കൊല്ലപ്പെട്ട സ്ത്രീ. അധികാരം കൊണ്ടും ആജ്ഞാ ശക്തികൊണ്ടും രാജ്യത്തെ തന്റെ വാക്കുകളുടെ ചിറകിൻ കീഴിലേക്കു വലിച്ചടുപ്പിച്ച സ്ത്രീ. അന്നു തന്നെയാണ് എനിക്കൊന്നു കണ്ടേ മതിയാകൂ എന്നു മറ്റൊരു സ്ത്രീ പറയുന്നത്. പറയുന്നത് കേൾക്കണം എന്ന് അവരാഗ്രഹിച്ച വ്യക്തിയല്ല. മറ്റൊരാൾ. അതു കേട്ടപ്പോൾ നിങ്ങളുദ്ദേശിക്കുന്ന ആളല്ല എന്നു പറയാൻ തോന്നിയില്ല. അത്രയ്ക്കുണ്ടായിരുന്നു ആധികാരികത. കോടിക്കണക്കിനു പേർ ഒരു സ്ത്രീയുടെ മരണ വർത്തമാനത്തിൽ മുഴുകിയ ദിവസം തന്നെ, മറ്റൊരു സ്ത്രീ, ഒരു ഓഫിസ് മുറിയിൽ നീണ്ടു നിവർന്നു കിടന്ന് ഉറങ്ങുന്നു. ഉറങ്ങാൻ വേണ്ടി മാത്രം വന്നതാണെന്ന ഭാവത്തിൽ.
എന്തായിരുന്നു അവരും അവർ കാണാൻ വന്ന ആളും തമ്മിലുള്ള ബന്ധം. അവരുടെ മുൻകാല വിനിമയങ്ങൾ. ഇനിയവയുടെ ഭാവി. ഒരു സ്ഥലം മാറ്റം എല്ലാം തുലച്ചിരിക്കുകയാണ്. അതവർ അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. അതോ അറിഞ്ഞിട്ടും തന്നെ ബാധിക്കുന്നതല്ലെന്ന ഉറപ്പാണോ അവർക്ക്. എന്തിനായിരിക്കും ഇപ്പോൾ വന്നത്. കണക്കു പറയാനോ കണക്ക് തീർക്കാനോ. എല്ലാം മാറിയെന്ന് എങ്ങനെ അവരെ ബോധ്യപ്പെടുത്തും.
മൂങ്ങ എന്ന കഥാസമാഹാരം വായിച്ചു കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് ഇറങ്ങിപ്പോയിട്ടില്ല ആ സ്ത്രീ. അവരെ ഇനി ഏറ്റെടുക്കേണ്ടത് നിങ്ങൾ വായനക്കാരനാണ്. ആരുടെയും അനുമതി വേണ്ട. ഒരു ദിവസം വരും. കണ്ടേ പറ്റൂ എന്നു പറയും. എന്നിട്ടു വരും. വാതിലടച്ചു പോകല്ലേ വായനക്കാരാ....
മൂങ്ങ
പി. എഫ്. മാത്യൂസ്
ഡി സി ബുക്സ്
വില : 199 രൂപ