ADVERTISEMENT

1705ൽ കിള്ളിക്കുറിശ്ശിമംഗലത്തായിരുന്നു കുഞ്ചൻ നമ്പ്യാരുടെ ജനനം എന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ നമ്പ്യാരുടെ കുടുംബം എങ്ങനെ കിള്ളിക്കുറിശ്ശി മംഗലത്തെത്തിപ്പെട്ടു എന്നതിനെക്കുറിച്ച്‌ അന്വേഷണമധികമുണ്ടായിട്ടുണ്ട്‌ എന്നു തോന്നുന്നില്ല. കണ്ണൂരിനടുത്താണ്‌ ഇവരുടെ മൂലം എന്നെവിടേയോ വായിച്ചതോർക്കുന്നു. കൂടുതൽ അന്വേഷണങ്ങൾ അതിനെക്കുറിച്ച്‌ നടത്തിയിട്ടില്ല. എന്തായാലും അവർ കിള്ളിക്കുറിശ്ശിമംഗലത്ത് എത്തിപ്പെട്ടവരാണ്‌. ആ കുടുംബം അവിടെയെത്തി ഏതാനും നൂറ്റാണ്ടുകൾക്ക്‌ ശേഷമാണ്‌ കുഞ്ചന്റെ ജനനം. 

ഒരു ചാക്യാർക്കൂത്തിന്റെ വിശേഷങ്ങളിലൂടെയാണ്‌ ഐ. ആർ. പ്രസാദ്‌ തന്റെ 'ഘോഷം' എന്ന നോവൽ ആരംഭിക്കുന്നത്‌. എന്തിനെയും ഏതിനെയും വിമർശിക്കാൻ അനുമതിയുള്ളവനാണു ചാക്യാർ എന്നാണ്‌ പൊതുവിലുള്ള ധാരണ. പക്ഷേ ഭരണകൂടത്തെ വിമർശിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന്‌ ചാക്യാർക്കും അറിയാം. പരിധികളും പരിമിതികളുമറിയാം. ഒരിക്കൽ തിരുവേഗപ്പുറയിലെ ഒരു കൂത്തിനിടയിൽ വാക്ക്‌ കൈവിട്ടു പോയി. വള്ളുവക്കോനാതിരിയുടെ ഒരു രഹസ്യബന്ധത്തിലേക്ക്‌ നീളുന്ന കഥയും ആ ബന്ധത്തിന്റെ പിന്തുടർച്ചയായി വരുന്ന കൊലപാതക കഥയും ഒറ്റവാക്കിൽ വെളിപ്പെട്ടു. 'ഇവിടെ മാന്തോട്‌ കരിഞ്ഞുനാറുന്നുവല്ലോ...' എന്ന്‌ ഭീമനു വേണ്ടി ചാക്യാർ മൊഴിഞ്ഞു. മാന്തോടില്ലത്തെ നമ്പൂതിരിയെ വള്ളുവക്കോനാതിരി ചെമ്പിലിട്ടു പുഴുങ്ങിയെടുത്തിട്ട്‌ അധിക ദിവസമായിട്ടില്ലായിരുന്നു. അരമന രഹസ്യമായിരുന്നെങ്കിലും അങ്ങാടിപ്പാട്ടായിരുന്നു ആ കൊലപാതകം. നമ്പൂതിരിയുടെ വേളിയുടെ രഹസ്യ കാമുകനായിരുന്നു വള്ളുവക്കോനാതിരി. ചാക്യാർക്കും മിഴാവുകാരൻ നമ്പ്യാർക്കും (അവരുടെ കുടുംബത്തിനും) പിന്നെ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു. വള്ളുവനാട്ടിൽ തുടരാനാകില്ലായിരുന്നു. അതിനാൽ ആ രാത്രിയിൽ തന്നെ അവർ പാലായനം ചെയ്തു. 'നേതിരിമംഗലത്തെത്തിയപ്പോഴേക്കും നേരം നന്നായി വെളുത്തു.' പുഴകടക്കാൻ മാർഗ്ഗമില്ലെന്നായി. പുഴ നിറയെ വെള്ളമുണ്ടായിരുന്നു. അതു മുറിച്ചു കടന്ന്‌ കൊച്ചിയിലെത്താനാകില്ലെന്നുറപ്പിച്ച്‌ അവർ പുഴക്കരയിലൂടെ നടന്ന്‌ കിള്ളിക്കുറിശ്ശി മംഗലത്തെത്തി. നമ്പ്യാർ അവിടെ താമസമാക്കി. ചാക്യാർ പുഴകടന്ന്‌ അമ്മന്നൂരിലെത്തി.

ഇതാണ്‌ നോവലിൽ പറയുന്നത്‌. ഇങ്ങനെയാണ്‌ നോവൽ തുടങ്ങുന്നത്‌. അങ്ങനെയുമാകാം. അങ്ങനെയല്ലാതെയുമാകാം. പക്ഷേ ആ കുടുംബങ്ങൾക്ക്‌ ഒരു പാലായനത്തിന്റെ കഥയുണ്ട്‌. വടക്കുനിന്നോടിപ്പോന്നതിന്റെ കഥ. അതിൽ അതിസുന്ദരമായ ഭാവന കലർത്തിയതാകാം നോവലിസ്റ്റ്‌. അവിടെ ചരിത്രം തിരയേണ്ടതില്ല. തിരഞ്ഞാൽ കണ്ടെത്തുക സാധ്യമായെന്നും വരില്ല. പക്ഷേ ഈ തുടക്കം, അതിന്റെ വർണ്ണന, നിങ്ങളെ ഈ ചെറിയ പുസ്തകത്തിലേക്കാകർഷിക്കാനാകുന്നതായി. അതിൽ പിടിച്ചു നിർത്തുന്നതായി. തുടക്കം മൂർച്ചയുള്ളതാക്കുക, ഉദ്വേഗം ജനിപ്പിക്കുന്നതാക്കുക, തന്റെ കൈവശമുള്ള ഭാഷാചാതുര്യം പ്രകടമാക്കുന്നതാക്കുക എന്ന എഴുത്തു കർത്തവ്യത്തിൽ എഴുത്തുകാരൻ വിജയിക്കുകയും ചെയ്തു.

പറയുന്നത്‌ കുഞ്ചൻ നമ്പ്യാരുടെ ജീവിതകഥയാണെങ്കിലും നോവലിലുടനീളം വർത്തമാനകാലം കയറിവരുന്നോ എന്നെന്നിലെ വായനക്കാരൻ സംശയിച്ചു. ഒരു പക്ഷേ അന്നത്തേയും ഇന്നത്തേതും കാലങ്ങൾ തമ്മിൽ പലകാര്യങ്ങളിലും വലിയ വ്യത്യാസമൊന്നുമില്ല എന്നതാകാം ഇതിനു കാരണം. പുറത്തുകാണുന്ന ബഹളങ്ങളല്ലാതെ കാതലിൽ മാറ്റമില്ല എന്ന്‌. ആദ്യ അധ്യായത്തിലെ ഒരു വാക്യത്തിന്റെ മൂർച്ച ശ്രദ്ധിക്കുക. കിളിമാനൂർ രവിവർമ കോയിത്തമ്പുരാൻ രാജാവിനെ, അതായത്‌ മാർത്താണ്ഡവർമ്മയെ ചിലതെല്ലാം ബോധ്യപ്പെടുത്തുന്നതാണ്‌ പരാമർശവിഷയം. ഒരു ഭരാണധികാരി പണ്ഡിതരേയും കവികളേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌ എന്നദ്ദേഹം പറയുന്നു. അതിനൊപ്പം 'കവികളെ തീറ്റിപ്പോറ്റാൻ വലിയ പണച്ചിലവൊന്നുമില്ല. അടിസ്ഥാനപരമായി ചെറ്റകളാണ്‌. അൽപന്മാരാണ്‌' എന്നാണ്‌ രവിവർമയുടെ അഭിപ്രായം. അങ്ങനെ അടച്ചാക്ഷേപിക്കേണ്ടതുണ്ടോ എന്ന ശങ്ക നിലനിൽക്കുമ്പോഴും ഇതിനു വർത്തമാനകാലവുമായി ബന്ധമില്ലേ എന്ന സംശയം ഇല്ലാതാകുന്നില്ല. ഒരു പക്ഷേ അക്കാലം ഇന്നത്തേതിനേക്കാൾ മോശമായിരുന്നിരിക്കാം. ആയിരിക്കണം. കവികൾക്ക്‌, പണ്ഡിതർക്ക്‌ രാജസദസ്സിൽ നിന്ന്‌ വേറിട്ടൊരു ജീവിതമുണ്ടായിരുന്നില്ലെന്ന്‌ പറഞ്ഞാൽ അതിലധികം അതിശയോക്തിയുണ്ടാകില്ല. 'നമുക്കും കിട്ടണം പണം' എന്ന യുക്തി ഇന്നെന്നപോലെ അന്നുമുണ്ടായിരുന്നു എന്നതിനു ചരിത്രം പല തെളിവുകളും തന്നിട്ടുണ്ടല്ലോ. ഇത്തരം വാക്യങ്ങളും സന്ദർഭങ്ങളും പുസ്തകത്തിലുടനീളമുണ്ട്‌. എല്ലാം എടുത്തെഴുതേണ്ടതില്ല. അതുകൊണ്ടുകൂടിയാകണം ഇതൊരു 'പഴയ' കഥയുടെ എഴുത്തല്ലല്ലോ എന്ന ചിന്ത ശക്തമാകുന്നത്‌. കുഞ്ചൻ നമ്പ്യാർ ഇതാ ഇന്നലെ വരെ ജീവിച്ചിരുന്നിരുന്നുവല്ലോ എന്ന ചിന്ത. 

അതിനർഥം പുസ്തകം മുഴുക്കെ അങ്ങനയാണെന്നല്ല. ഇത്തരം എഴുത്തുകൾക്കാവശ്യമായ അളവിൽ മാത്രമേ ഈ വിമർശനങ്ങളുള്ളു. പുസ്തകത്തിൽ പഴയകാല ജീവിതത്തെക്കുറിച്ച്‌ ധാരാളമായി തന്നെ പറയുന്നുണ്ട്‌. മൂന്നാം അധ്യായത്തിലെ 'ഉതിരക്കൂറ തൂക്കൽ' എന്നതിനെക്കുറിച്ചുള്ള വിവരണം അതിനൊരു ഉദാഹരണമായെടുക്കാം. പ്രജകൾക്ക്‌ തങ്ങളുടെ പരാതികൾ രാജസമക്ഷമെത്തിക്കാനുള്ള മാർഗ്ഗമായിരുന്നത്രെ ഇത്‌. 'പ്രജകൾക്ക്‌ സങ്കടം പറയാൻ മാത്രമല്ല, അവരുടെ രോഷം പ്രകടിപ്പിക്കാനും അവസരം നൽകണം.' എന്ന രാജനീതിയാണ്‌ ഉതിരക്കൂറ തൂക്കലായി വരുന്നത്‌. 'ഉതിരക്കൂറ തൂക്കുന്നതോടെ സങ്കടം രാജസന്നിധിയിലത്തും.' അക്രമം നേരിടുന്നവരും, ആ വിവരം രാജസന്നിധിയിലെത്തിക്കാൻ ഈ മാർഗ്ഗം സ്വീകരിക്കാറുണ്ടത്രെ.  'ഉതിരക്കൂറ കാണുന്നതോടെ അധികാരികൾ കാര്യമന്വേഷിക്കും.' കുഞ്ചന്‌ ഈ സമ്പ്രദായത്തിൽ വലിയ മതിപ്പു തോന്നി എന്ന്‌ എഴുത്തുകാരൻ അടിവരയിടുന്നുണ്ട്‌. ഞാനതിനെ അന്നത്തെ സമൂഹ മാധ്യമം എന്നു വിളിക്കട്ടെ. പക്ഷേ ഒരു വ്യത്യാസം മാത്രം. ഇന്നത്തെ സമൂഹമാധ്യമങ്ങളെപ്പോലെ വിടുവായത്തത്തിന്‌ ഉതിരക്കൂറയിൽ സൗകര്യമില്ല. ഇത്തിരി ഉത്തരവാദിത്വബോധം അതാവശ്യപ്പെടുന്നുണ്ട്‌.

kunchan-nambiar
കുഞ്ചൻ നമ്പ്യാർ

സമൂഹത്തിലെ പല ചെയ്തികളേയും വിമർശിക്കുന്നതിനു കുഞ്ചനു തന്റേതായ രീതികളുണ്ടായിരുന്നു. അതെല്ലാം പല കഥകളിലൂടെ നമ്മൾ കേട്ടിട്ടുള്ളതുമാണ്‌. അതിലൂടെയെല്ലാം നോവലിസ്റ്റ്‌ നമ്മെ വഴിനടത്തുന്നുണ്ട്‌. ആ വിമർശനത്തിന്റെ കരുത്ത്‌ അനുഭവിപ്പിക്കുന്നുണ്ട്‌. അധ്യായം ഒമ്പതിൽ കവി തന്നെ അതിനെക്കുറിച്ച്‌ പറയുന്നുണ്ട്‌. 'ഞാനതൊന്നും ആലോചിച്ചിട്ടില്ല. എനിക്കിങ്ങനെയേ എഴുതാൻ കഴിയൂ ഉണ്ണായി. വെട്ടിത്തുറന്നും തുള്ളിക്കളിച്ചുമങ്ങനെ. രീതിരാത്മാകാവ്യസ്യ എന്നാണല്ലോ. എന്റെ രീതി ഇങ്ങനെ. ആരോട്‌ പറയണം, എന്ത്‌ പറയണം എങ്ങനെ പറയണം എന്ന ചിന്തയിൽ ഞാൻ പുതിയ പരീക്ഷണങ്ങളിലൂടെ എന്നെത്തന്നെ കൊണ്ടുപോകുന്നു. ബാഹുക വേഷം അഴിച്ചുവെയ്ക്കാനുള്ള നീണ്ട യാത്രയിലാണ്‌ ഞാനും.' എന്നാണദ്ദേഹം ഉണ്ണായിയോട്‌ പറയുന്നത്‌. അതിനൊപ്പം ഉണ്ണായിക്കവിതകളും തന്റെ കവിതകളും തമ്മിലുള്ള വ്യത്യാസത്തേയും ചൂണ്ടിക്കാണിക്കുന്നുണ്ട്‌ കുഞ്ചൻ. 'അകം കാണുന്നതാണുണ്ണായി കാഴ്ച. ഞാൻ ദേശത്തെ കാണുന്നു. വർത്തമാനകാലത്തെ മാത്രം കാണുന്നു.' എന്ന വ്യത്യാസം. പക്ഷേ ആ വർത്തമാനകാലം കാലാതിവർത്തികളായി. ഇന്നും അന്നും എന്നു തിരിച്ചറിയാനാകാത്ത വിധം കാലാതിവർത്തികൾ.

കുഞ്ചന്റെ കഥപറയുന്നതിനിടയിൽ എഴുത്തുകാരൻ മാർത്താണ്ഡവർമ്മയുടെ ജീവിതമൊന്ന്‌ കോറിയിട്ടിട്ടുണ്ട്‌. അദ്ദേഹം അധികാരത്തിലെത്തുന്നതിനു മുമ്പുണ്ടായ ചില സംഭവങ്ങൾ. അധികാരത്തിലിരിക്കുമ്പോഴുണ്ടായത്‌. അധികാരത്തിലെത്തുന്നതിനു മുമ്പ്‌ ഭരണാധിപനായിരുന്നവന്റെ മക്കളുമായുള്ള പടലപ്പിണക്കങ്ങൾ, അങ്ങനെയങ്ങനെ. അക്കാലത്തെ ചരിത്രം പറയാതെ കുഞ്ചന്റെ കഥയെങ്ങനെ പൂർത്തിയാക്കാനാകും.

ഒരു രാജാവിന്റെ ഭരണമവസാനിച്ച്‌ അടുത്തയാളിലേക്ക്‌ കടക്കുമ്പോൾ ഭരണം മാത്രമല്ല നാടും മാറുന്നു. അക്കാലമങ്ങനെയാണ്‌. ഇക്കാലവും ഏകദേശം അങ്ങനെയൊക്കെ തന്നെ. മാർത്താണ്ഡവർമ്മയിൽ നിന്ന്‌ ഭരണം ധർമ്മരാജാവിലെത്തിയപ്പോൾ പല കവികൾക്കും വൈഷമ്യങ്ങൾ ആരംഭിച്ചു. ഉണ്ണായിവാര്യർ വേണാടിനോട്‌ വിടപറഞ്ഞു. കുഞ്ചൻ പക്ഷേ അവിടെ തന്നെ തുടർന്നു. തന്റെ തനതു ശൈലിയിൽ സമൂഹത്തേയും ഭരണകൂടത്തിലുള്ളവരുടെ കൊള്ളരുതായ്മകളേയും വിമർശിച്ചുകൊണ്ടിരുന്നു. അത്‌ ശത്രുക്കളെ എണ്ണം വർധിപ്പിച്ചു. കുഞ്ചൻ അമിതമായി ഭരണകൂടത്തെ വിമർശിക്കുന്നു എന്ന ആരോപണം രാജാവിന്റെ ചെവിയിലെത്തി. രാജാവും അതു ശരിവയ്ക്കാനാരംഭിച്ചു. അത്‌ മറ്റൊരു കാലത്തിനു തുടക്കമിടുകയായിരുന്നു. കിള്ളിക്കുറിശ്ശി മംഗലത്തുനിന്നും ചെമ്പകശ്ശേരി വഴി വേണാട്ടിലെത്തിയ കുഞ്ചനിനി അവിടെ തുടരാനാകുമോ എന്ന സംശയം ജനിച്ചു തുടങ്ങി.

'വിളക്കണഞ്ഞാൽ കൊട്ടാരക്കെട്ടിലും പരിസരത്തും ചില പദസഞ്ചനങ്ങളും വിഭാവാനുഭാവസഞ്ചാരവും രസനിഷ്പത്തിയുമൊക്കെ പതിവുള്ളത്‌' അറിയാവുന്ന കുഞ്ചനതൊന്നും കണ്ടില്ലെന്ന്‌ നടിക്കാനായില്ല. പക്ഷേ 'എത്ര രോഷം പ്രകടിപ്പിച്ചാലും സഹൃദയർക്കത്‌ ഫലിത'മായി മാത്രം തോന്നി. എന്നാൽ അങ്ങനെയല്ലാത്തവരുടെ വൃന്ദം അപ്പുറത്ത്‌ വിശാലമായിക്കൊണ്ടിരിക്കുന്നതും കുഞ്ചനറിഞ്ഞു. എന്നിട്ടും 'എമ്പ്രാനൽപം കട്ടുഭുജിച്ചാലമ്പലവാസികളൊക്കെ കക്കും' എന്ന്‌ പരസ്യമായി തന്നെ ഭരണകൂടത്തെ വിമർശിക്കുന്നതിൽ നിന്നു പിന്മാറിയതുമില്ല.

അയാളുടെ പല ചെയ്തികളും രാജസദസ്സിനു സഹിക്കാവുന്നതല്ലാതായി. 'ഹീന ജാതിക്കാരുടെ കുടിലുകളിൽ വസിക്കുന്നു.' 'നഗരത്തിനു പുറത്തു വസിക്കുന്ന പരിഷ്കാരമില്ലാത്ത ജാതിക്കാരുമായാണ്‌ സമ്പർക്കം.' അതിലെല്ലാം ഉപരിയായി 'വേണാട്ടരചർ പാലിച്ചുപോരുന്ന ആചാരങ്ങളെപ്പോലും ചോദ്യം ചെയ്യുന്നതായിട്ടാണ്‌ വിവരം.' രാജാവിനു പിന്നെ ഒരു തീരുമാനമെടുക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു. 'നാടുകടത്തുകയല്ല, തല്ലിക്കൊല്ലുകയാണ്‌ വേണ്ടത്‌' എന്ന്‌ മുഖ്യസചിവനുറപ്പുണ്ടായിരുന്നു. കാരണം ഈ നമ്പ്യാർ രാജ്യത്തെ 'അസ്ഥിരതയിലേക്കും അധാർമ്മികതയിലേക്കും നയിക്കുന്നു' എന്നതിനദ്ദേഹത്തിന്റെ കൈവശം തെളിവുകളുണ്ടായിരുന്നു. അതങ്ങനെയാണ്‌, ഭരണകൂടത്തെ വിമർശിക്കാനൊരുമ്പെടുന്നവർക്കെതിരെ തെളിവുകൾ കുന്നുകൂടും. അന്നെന്നല്ല ഇന്നും. നമ്മൾ മനുഷ്യർ പുരോഗമിച്ചു എന്നും ജനാധിപത്യമാണെന്നും അവകാശപ്പെടുന്ന ഇന്നേ ഇത്തരം വിമർശനങ്ങളൊക്കെ, വലിയ ബുദ്ധിമുട്ടുണ്ടാകുന്നതാണ്‌. അപ്പോൾ പിന്നെ അന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ.

അങ്ങനെയാണു കുഞ്ചൻ വേണാടിനോട്‌ വിടപറയാൻ തീരുമാനിക്കുന്നത്‌. ഒളിച്ചോട്ടം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ജീവനു ഭീഷണിയുണ്ടായിരുന്നു എന്നും ആ ഭീഷണി ഭരണകൂടത്തിൽ നിന്നു തന്നെയായിരുന്നു എന്നും വ്യക്തം. എന്നാൽ കടുത്ത ശിക്ഷ എന്നതിനു മുന്നിൽ രാജാവു പിലാത്തോസിനെപ്പോലെ കൈകഴുകിയിരുന്നു എന്ന്‌ നോവൽ പറയുന്നു. അങ്ങനെ കവികളേയും പണ്ഡിതരേയും സംരക്ഷിക്കുന്നവൻ എന്ന ഖ്യാതി നിലനിർത്തിയിരുന്നു, എന്ന്‌.

'വാക്കിനൊപ്പം താളം പിടിച്ചതിന്റെ പേരിൽ രാജ്യം വിടേണ്ടിവന്ന'വരുടെ പിൻതലമുറക്കാരനങ്ങനെ മറ്റൊരു പാലായനത്തിലായി. വേണാട്ടിൽ നിന്നുള്ള പാലായനം. അതിനു സഹായിച്ചത്‌ രാമപുരത്തു വാര്യരായിരുന്നു. 'നാടുവാഴികൾക്ക്‌ താളം പിടിക്കാനറിയുന്ന ദേവരാജസൂരിയെപ്പോലുള്ള മികച്ച വാദകരാണ്‌ ലോകം ജയിക്കുന്നതും ലോകത്തെ നയിക്കുന്നതും' എന്ന തിരിച്ചറിവുകൂടിയാണീ പാലായനത്തിനു കാരണമാക്കിയത്‌. അപ്പോൾ നേരത്തെ നമ്മൾ കണ്ട വാക്യത്തിനു ബലം വർധിക്കുന്നു. കവികൾ 'അടിസ്ഥാനപരമായി ചെറ്റകളാണ്‌' എന്ന വാക്യത്തിന്‌. അങ്ങനെയുള്ളവരെ മാത്രമേ ഭരണകൂടം നിലനിർത്തുകയുള്ളു. ജീവിക്കാൻ അനുവദിക്കുകയുള്ളു. അല്ലാത്തവരുടെ കവിത ഭരണകൂടത്തെ വേവലാതിപ്പെടുത്തും. 'കാര്യം ഞാൻ പറയുന്നേൻ നേരുകേടെന്നു തോന്നേണ്ട' എന്നു പറയാൻ കവിക്ക്‌ അവകാശമില്ലെന്ന സത്യം അന്നും ഇന്നും നിലനിൽക്കുന്നുണ്ട്‌. 

ആ യാത്രയിലുടനീളം 'ഏതുനിമിഷവും വേൽക്കാരോ കുന്തക്കാരോ വാൾക്കാരോ തന്റെ നേരെ പാഞ്ഞടുക്കാം.' എന്നും തനിക്ക്‌ 'എതിർത്തു നിൽക്കാൻ ശേഷിയില്ല' എന്നും കുഞ്ചനറിയാമായിരുന്നു. അതു തന്നെയാണോ സംഭവിച്ചതെന്ന്‌ ഉറപ്പില്ല. അങ്ങനെയായിരിക്കണം എന്ന്‌ കഥയവസാനിപ്പിക്കുമ്പോൾ കഥാകൃത്ത്‌ അനുമാനിക്കുന്നു. കുഞ്ചൻ പേപ്പട്ടി കടിച്ചു മരിച്ചു എന്നാണ്‌ പൊതുവെ നിലവിലുള്ള ഭാഷ്യം. അത്തരം ഭാഷ്യങ്ങൾ അന്നു നിലവിലുള്ള സർക്കാരുകൾ പടച്ചുവിടുന്നതുമാകാം. ഒരു ക്ഷേത്രത്തിൽ ഓട്ടൻ തുള്ളലിനിടയിൽ ഒരു ദേവദാസിയുടെ ശരീരം അദ്ദേഹം വർണ്ണിച്ചു എന്നും ആ ദേവദാസി അവിടത്തെ രാജാവിന്റെ വെപ്പാട്ടിയായിരുന്നു എന്നും, ഇനിയത്‌ പാടരുതെന്ന്‌ രാജാവ്‌ കുഞ്ചനോട്‌ ആവശ്യപ്പെട്ടു എന്നും, കുഞ്ചൻ അനുസരിച്ചില്ല എന്നും, അതിനാൽ രാജാവിന്റെ ഉത്തരവിൻ പ്രകാരം കുഞ്ചന്റെ തലവെട്ടി എന്നും മറ്റൊരു ഭാഷ്യവുമുണ്ട്‌. അതും കെട്ടുകഥയാകാം.

എന്തായാലും നമ്മുടെ കഥയവസാനിക്കുന്നത്‌ 'പേപ്പട്ടി കടിച്ചതായിരുന്നു. ചികിത്സയ്ക്ക്‌ കൊട്ടാരം വക എല്ലാ ഏർപ്പാടുകളും ചെയ്തതായിരുന്നു' എന്നു പറഞ്ഞാണ്‌. ചികിത്സ നടക്കുന്നതിനിടയിൽ തീറ്റപ്രിയനായ കുഞ്ചൻ പഥ്യം തെറ്റിച്ചു എന്ന ജനസംസാരം പറഞ്ഞുകൊണ്ടാണ്‌. കുഞ്ചന്റെ സദ്യാവർണ്ണനകൾ കണ്ട്‌ അദ്ദേഹം ഒരു തീറ്റപ്രിയനാണെന്ന്‌ പലരും ധരിച്ചിരുന്നുവത്രെ. സത്യം അങ്ങനെയല്ലായിരുന്നു എങ്കിലും. കുഞ്ചന്റെ മരണത്തെക്കുറിച്ചുള്ള ഇനിയുമൊരു ഭാഷ്യത്തിൽ വൈദ്യസഹായം ലഭിക്കാൻ വൈകുന്നതിനു വേണ്ടതെല്ലാം കൊട്ടാരത്തിൽ നിന്നു ചെയ്തു എന്നും കാണുകയുണ്ടായി. അതും ഒരു സാധ്യതയാണ്‌. എന്നാൽ ഏറ്റവും വലിയ സാധ്യത, നോവലിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ, കുഞ്ചനെ ഭരണകൂടം സൗകര്യപൂർവ്വം ഒഴിവാക്കി എന്നതിനു തന്നെ. എന്നിട്ട്‌ പേപ്പട്ടിക്കഥ മെനഞ്ഞുണ്ടാക്കി എന്നതിനു തന്നെ. ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുക, അതിനെ വിമർശിക്കുക എന്നതിലും വലിയ പാപമെന്തുണ്ട്‌ - അതന്നായാലും, ഇന്നായാലും.

1770ൽ തന്റെ അറുപത്തിയഞ്ചാം വയസ്സിൽ അന്തരിച്ച ഈ പ്രതിഭ പക്ഷേ ഇന്നും മലയാളത്തിനെ ഇളക്കിമറിക്കുന്നുണ്ട്‌. വിമർശനങ്ങൾക്കതീതമായി ഒന്നുമില്ല എന്നു നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്‌. അതിന്റെ കാമ്പ്‌, ഓജസ്സ്‌, പൂർണ്ണമായും ഒപ്പിയെടുക്കുന്ന ഭാഷയും എഴുത്തും, അതിനോടു യോജിക്കുന്ന ഉദ്ധരണികളും 'ഘോഷം' എന്ന ഈ ലഘുനോവലിൽ എമ്പാടുമുണ്ട്‌. അതിനാൽ തന്നെ ഒരു നല്ല പുസ്തകം വായിച്ച ലഹരിയുമുണ്ട്‌.

English Summary:

I. R. Prasad's "Khosham": A Timeless Tale of Art, Power, and Censorship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com