ADVERTISEMENT

ചിന്തയിലെ വസ്തുവിന്റെയും ഭൗതികവസ്തുവിന്റെയും ലോകങ്ങള്‍ യോജിപ്പിലെത്തുന്നതെങ്ങനെയാണ്? സൗരയൂഥഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന ദീര്‍ഘവൃത്തപഥങ്ങളുടെ സ്ഥലീയരൂപവും ഗണിതശാസ്ത്രജ്ഞന്‍ മനസ്സില്‍ സ്വരൂപിച്ചെടുക്കുന്ന ദീര്‍ഘവൃത്തങ്ങളുടെ ബീജഗണിതവാക്യവും പരസ്പരചേര്‍ച്ചയിലായിരിക്കുന്നത് എന്തുകൊണ്ടാണ്? ചിന്തയെയും ചിന്തയുടെ വ്യാപിതരൂപമായ  ദ്രവ്യത്തെയും യോജിപ്പിക്കുന്നത് ദൈവമാണെന്ന് റെനെ ദെക്കാര്‍ത്ത് കരുതി. അങ്ങനെ, വിരുദ്ധമെന്നു കരുതുന്ന രണ്ടുലോകങ്ങളെ യോജിപ്പിക്കുന്ന സൈദ്ധാന്തികനിര്‍മ്മിതിയായിട്ടാണ് ദൈവം കാര്‍ട്ടീഷ്യന്‍ ദര്‍ശനത്തില്‍ സ്ഥാനം നേടുന്നത്. എന്നാല്‍, സ്പിനോസയെ സംബന്ധിച്ചിടത്തോളം ചിന്തയും ദ്രവ്യവും രണ്ടു സവിശേഷവിഷയങ്ങളല്ല. കാര്‍ട്ടീഷ്യന്‍ വിഭജനത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിന്തയില്ലാത്ത ശരീരവും ശരീരമില്ലാത്ത ചിന്തയും സ്പിനോസയുടെ ചിന്തയില്‍ അപ്രത്യക്ഷമാകുന്നു. ഇവ അസ്തിത്വത്തിന്റെ വ്യത്യസ്തരൂപങ്ങളായിരിക്കുമ്പോഴും അനന്തപ്രകൃതിയുടെ ഭാഗമായിരിക്കുന്നു. പില്‍ക്കാലത്ത് വൈരുദ്ധ്യാത്മകതയുടെ ദാര്‍ശനികന്മാര്‍ ചിന്തയിലെ വസ്തുവും ആനുഭവികവസ്തുവും തമ്മിലുള്ള വൈരുദ്ധ്യത്തില്‍  ഊന്നി നില്‍ക്കുകയും അവയുടെ ഐക്യത്തെയും വിപരീതത്തെയും കുറിച്ചു പറയുകയും ചെയ്തു.

ഗണിതത്തെ ശുദ്ധചിന്തയെന്നു ഗണിക്കുന്ന രീതി പിന്നീട് വെല്ലുവിളിക്കപ്പെടുന്നുമുണ്ട്. എല്ലാ തത്ത്വശാസ്ത്രവിശകലനങ്ങള്‍ക്കു ശേഷവും വൈരുദ്ധ്യങ്ങള്‍ പുതിയ രൂപങ്ങളില്‍ ഉയര്‍ന്നുവരുന്നു. എന്താണ് മനസ്സ്? എന്താണ് ദേഹം? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നമ്മെ കുഴക്കുന്നു. ഇവയെ കുറിച്ച് നാം പലപ്പോഴും ഏകപക്ഷീയമായി ചിന്തിക്കുന്നു. ശരീരത്തേയും ആത്മാവിനേയും കുറിച്ചുള്ള പഴയ പ്രശ്‌നമണ്ഡലങ്ങളിലേക്ക് നടക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുന്നു. അജയ് പി മങ്ങാട്ട് രചിച്ച പുതിയ നോവല്‍  - 'ദേഹം' - ഇത്തരം ചില ചോദ്യങ്ങളെ ഉന്നയിക്കുകയും അവയെ കുറിച്ചു വീണ്ടും വിചാരപ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്.

മനോസഞ്ചാരങ്ങളുടെ, മാനസികവിഭ്രമങ്ങളുടെ, മനസ്സില്‍ ഊറിക്കൂടുന്ന പാപബോധങ്ങളുടെ, മനസ്സു സൃഷ്ടിക്കുന്ന ഭാവനാലോകത്തിന്റെ എഴുതപ്പെട്ട രേഖയായിരിക്കുമ്പോഴും അജയ് പി മങ്ങാട്ട് തന്റെ നോവലിന് ദേഹം എന്ന പേരു നല്‍കുന്നു. പൊടിയും ചെളിയും വിയര്‍പ്പും ചോരയും ശുക്ലവും കൊണ്ട് പങ്കിലമായ ദേഹമില്ലാതെ, മര്‍ദ്ദനങ്ങളേറ്റ് വേദന കൊണ്ടു പുളയുന്ന ശരീരത്തിലല്ലാതെ മനസ്സ് എവിടെ നില്‍ക്കും? ജമീലയുടെ മനസ്സിന് ഒരു ആലയം വേണ്ടിയിരുന്നു. ദേഹമില്ലാതായ ജമീലയുടെ ദേഹിയുടെ ശകലങ്ങളെ അരവിയുടെ ശരീരം ചുമക്കുന്നു, ഈ നോവലില്‍. അവള്‍ ഓര്‍മ്മകളായി അയാളിലേക്കു പ്രവേശിക്കുന്നു. അല്ലെങ്കില്‍, അവളുടെ അടങ്ങാത്ത മനസ്സ് അയാളുടെ ശരീരത്തെ വന്നു തൊടുന്നു. അയാളെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്നു. ജമീലയുടെ ശരീരരഹിതമായ സാന്നിദ്ധ്യത്തില്‍ അയാള്‍ വേറെ മനുഷ്യനാകുന്നു. അവള്‍ അയാളുടെ ശരീരത്തില്‍ ആവേശിച്ചിരിക്കുന്നു. അരവിയില്‍ വൈകിയുണര്‍ന്ന കുറ്റബോധമോ നീതിവിചാരമോ അയാളെ മാറ്റിത്തീര്‍ക്കുന്നു.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന പേരില്‍ നടക്കുന്ന മനുഷ്യഹത്യകള്‍ നമ്മുടെ ഭരണകൂടങ്ങളുടെയും അതിന്റെ മര്‍ദ്ദനോപകരണങ്ങളുടെയും കൊടിയ നീതിരാഹിത്യത്തെയും നൃശംസതയെയും വെളിപ്പെടുത്തുന്നതാണ്. അനഭിമതരായ സംഘടനകളില്‍ പെട്ടവരെയും തീവ്രവാദികളെയും യാതൊരു വിധത്തിലുള്ള വിചാരണകള്‍ക്കും വിധേയമാക്കാതെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന പ്രതീതി സൃഷ്ടിച്ചു വധിക്കുന്ന ക്രൗര്യം ആധുനികമെന്നു പുകഴ്‌പെറ്റ ജനാധിപത്യത്തിന്റെ കീഴിലാണല്ലോ അഭ്യസിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങളുടെ സാമുഹികമായ അടിസ്ഥാനങ്ങള്‍ പരിശോധിക്കപ്പെടണമെന്നും കുറ്റവാളികള്‍ക്കു വധശിക്ഷ വിധിക്കുന്നതു വിചാരശീലമുള്ള ഒരു സമൂഹത്തിനു ചേര്‍ന്നതല്ലെന്നും ഉറപ്പിക്കുന്ന സാകല്യബോധം ആര്‍ജ്ജിച്ച ഒരു കാലയളവാണിത്. ഇതേ കാലത്തു തന്നെയാണ് വിചാരണ പോലുമില്ലാതെ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളുടെ കൈകളാല്‍ മനുഷ്യര്‍ കൊല ചെയ്യപ്പെടുന്നതും. അജയ് പി മങ്ങാട്ടിന്റെ നോവല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ തുടര്‍ച്ചയെയോ ബാക്കിയെയോ ആണ് പ്രമേയമാക്കുന്നത്. അതിനിഷ്ഠൂരമായ ഇത്തരം കൊലകളുടെ സാമൂഹികമാനങ്ങളെ കുറിച്ച് നോവല്‍ ഉല്‍ക്കണ്ഠാകുലമാകുന്നില്ലെന്നു പറയണം. ചാലി ചട്ടമ്പിയാണെന്നോ ഗ്രാമം ചുട്ടെരിച്ചവനാണെന്നോ ഉള്ള സാമാന്യപരാമര്‍ശങ്ങള്‍ക്കപ്പുറത്ത് അയാളെ കേള്‍ക്കാനുള്ള അവസരം നോവലിസ്റ്റ് ഒരുക്കുന്നില്ല. ഇപ്പോള്‍, എന്തിനാണ് ചാലിയെ പോലീസുകാര്‍ കൊണ്ടുപോകുന്നതെന്നും കൊലപ്പെടുത്തുന്നതെന്നും നമുക്കു മനസ്സികുന്നില്ല. എഴുത്തുകാരനും അത് അറിയുന്നില്ല. നോവല്‍ ഈ വിഷയത്തിലേക്കു പ്രവേശിക്കുന്നില്ല. നിരപരാധികളെ പോലീസ് കൂട്ടിക്കൊണ്ടു പോകുന്നതിനെയും അവര്‍ കൊല്ലപ്പെടുന്നതിനെയും കുറിച്ചു മാത്രം നാം ഗ്രന്ഥകാരനില്‍ നിന്നും അറിയുന്നു. ജീവിതത്തിലെ സ്വാഭാവികപ്രക്രിയ പോലെ ആയിത്തീര്‍ന്നിട്ടുള്ള ഭരണകൂടക്രൗര്യത്തെ സവിശേഷമായി എഴുതേണ്ടതില്ലെന്ന ധാരണ എഴുത്തില്‍ പ്രവര്‍ത്തിക്കുന്നതായി കരുതാം. പ്രമേയത്തിന്റെ സാകല്യത്തെ  നോവല്‍ ഏറ്റെടുക്കുന്നില്ല. എന്നാല്‍, ഏറെ പ്രാധാന്യമുള്ള പാര്‍ശ്വങ്ങളിലേക്ക് അതു കാഴ്ചയ്ക്കുള്ള കാചങ്ങളെ ഫോക്കസ് ചെയ്യുന്നു.   

deham-ajay-book

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട പോലീസ് സ്‌ക്വാഡില്‍ അംഗമായിരുന്ന അരവി എന്ന വ്യക്തിയുടെ മാനസികസംഘര്‍ഷങ്ങളും അയാള്‍ അഭിമുഖീകരിക്കുന്ന ജീവിതാവസ്ഥകളും നോവലില്‍ എഴുതപ്പെട്ടിരിക്കുന്നു. കുറ്റവാളികളെന്നു കണ്ടെത്തുന്നവരെ മാത്രമല്ല, അവരെ കൊല്ലാന്‍ നിയോഗിക്കുന്നവരെയും പിന്നീട് ഭരണകൂടം കൊലപ്പെടുത്തുന്നുണ്ട്. അരവിയും അങ്ങനെയാണ് ഇല്ലാതാകുന്നത്. അന്ത്യത്തില്‍, അയാള്‍ ആത്മഹത്യക്ക് നിര്‍ബ്ബന്ധിക്കപ്പെടുകയാണ്. ഭരണകൂടത്തിന്റെ ജനാധിപത്യമുഖം സംരക്ഷിക്കാനുള്ള ശ്രമത്തിന്നിടയില്‍ അത് കൊലകള്‍ ആവര്‍ത്തിക്കുന്നത് പല രൂപത്തിലാണ്. ഭരണകൂടവിരുദ്ധരെന്നു മുദ്ര കുത്തപ്പെടുന്ന വിപ്ലവകാരികളെ ഏറ്റുമുട്ടലെന്ന പേരിട്ടു കൊന്നുകളയുന്നവര്‍ക്ക് അതിന്റെ തുടര്‍ച്ചയില്‍ നിലനില്‍പ്പിനായി കൊലകളുടെ പരമ്പരകള്‍ ആസൂത്രിതമായി നിര്‍വ്വഹിക്കേണ്ടി വരുന്നു. ആരാണ് ആക്രമണകാരികള്‍ - പോരാളികളോ? ഭരണകൂടമോ? എന്ന ചോദ്യം നമ്മുടെ ഉള്ളില്‍ തടയുന്നു! 

നോവലില്‍, പൊലീസിലെ ഉന്മൂലനസംഘത്തെ നയിക്കുന്നത് മോഹന്‍ദാസാണ്. ഗുജറാത്തിയായ ഐ പി എസ് ഓഫീസര്‍. അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഒരു ചിത്രമുണ്ട്. ശ്രീബുദ്ധനുമായി ബന്ധപ്പെട്ട ഒരു കഥയില്‍ വരുന്ന ധനപാലനെന്ന കൊമ്പനാനയുടെ ചിത്രം..! തന്റെ കീഴുദ്യോഗസ്ഥന്മാരെ ഉന്മൂലനയുദ്ധത്തിനു സന്നദ്ധരാക്കാനാണ് മോഹന്‍ദാസ് ഈ ചിത്രത്തെ തന്റെ മേശപ്പുറത്തു പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരിക്കല്‍ ധനപാലനെന്ന കൊമ്പനാന ചതുപ്പില്‍ കുടുങ്ങി, അതിനു കരയിലേക്കു കയറാന്‍ കഴിയാതായി. ആനയെ ചെളിയില്‍ നിന്നു കയറുന്നതിനു സഹായിക്കാന്‍ കോസലരാജാവ് ഒരാളെ അയച്ചു. അയാള്‍ ചതുപ്പിന്നടുത്ത് സംഗീതജ്ഞരെ കൊണ്ടുവന്ന്  ഒരു ആയോധനരാഗം പാടിപ്പിച്ചു. യുദ്ധപടഹശബ്ദങ്ങള്‍ കേട്ട ആനയ്ക്ക് ഒരു യുദ്ധക്കളത്തിലാണു താന്‍ നില്‍ക്കുന്നതെന്നു തോന്നി. ആന യുദ്ധസന്നദ്ധനായി ഉണര്‍ന്നു. തന്റെ സര്‍വ്വശക്തിയുമെടുത്ത് ആന സ്വയം പുറത്തേക്കു വലിച്ചെടുത്തു. അങ്ങനെ ചതുപ്പില്‍ നിന്നു പുറത്തുകടന്നു. ഭിക്ഷുക്കളില്‍ നിന്നും ഇക്കാര്യം കേട്ട ബുദ്ധന്‍ പറഞ്ഞു: 'ചെളിയില്‍ കുടുങ്ങിയ ആന സ്വയം പുറത്തെടുത്തതുപോലെ മലിനമായ മാര്‍ഗ്ഗങ്ങളില്‍ നിന്ന് സ്വയം പുറത്തുകടക്കുക'' ശ്രീബുദ്ധന്‍ ധനപാലന്റെ കഥയില്‍ നിന്നും കണ്ടെടുക്കുന്ന മന:സാക്ഷിയുടെ പാഠങ്ങളെയല്ല, മറിച്ച് കേവലസൈനികയുദ്ധമുറകളുടെ പാഠങ്ങളാണ് മോഹന്‍ദാസിന്റെ മേശപ്പുറത്തെ ചിത്രം പ്രസരിപ്പിക്കുക! അഹിംസയുടെയും കരുണയുടെയും പ്രവാചകനായ ശ്രീബുദ്ധന്റെ മന്ദസ്മിതത്തെ 'ശ്രീബുദ്ധന്‍ ചിരിക്കുന്നു' എന്ന വാക്കുകളിലൂടെ അണുബോംബിന്റെ പരീക്ഷണസ്‌ഫോടനത്തിന്റെ പരസ്യവാക്യമാക്കുന്ന ഭരണകൂടതന്ത്രം ഇവിടെയും കാണാം. ഏതു ക്രൗര്യത്തെയും ന്യായീകരിക്കാന്‍ കരുണയുടെയും സ്‌നേഹത്തിന്റെയും അതിജീവനത്തിന്റെയും മഹാവാക്യങ്ങളെ ഭരണകൂടങ്ങള്‍ എക്കാലവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അധികാരം ഏതു കാരുണ്യപ്രത്യയശാസ്ത്രത്തെയും കൊലമന്ത്രമാക്കി മാറ്റുമെന്ന് ചരിത്രം ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുമുണ്ട്. ഗുജറാത്തിയായ അഹിംസാവാദി മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ കുറിച്ചാണ് നാം ഏറെ ശ്രദ്ധിച്ചിരുന്നത്. ഇപ്പോള്‍, ഉന്മൂലനസംഘത്തിന്റെ നേതൃത്വത്തിലുള്ള സമകാലത്തെ മോഹന്‍ദാസുമാരെ കുറിച്ചു ഈ നോവലിലും സമകാല ഇന്ത്യാചരിത്രത്തിലും വായിക്കുന്നു.

മോഹന്‍ദാസ് ഉള്‍പ്പെടുന്ന അഞ്ചംഗസംഘത്തില്‍ സത്യവേലിനോടാണ് അരവിക്ക് കൂടുതല്‍ അടുപ്പം. ഉന്മൂലനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകളിലാണ് അരവി ഏറെയും പ്രവര്‍ത്തിച്ചിട്ടുള്ളത്. കൊലപാതകങ്ങള്‍ക്കായിട്ടുള്ള യാത്രകളാണ് അയാളുടെ ജീവിതത്തില്‍ ഏറെയും. ഇപ്പോള്‍, അയാളുടെ നാല്‍പ്പത്തിയെട്ടാം വയസ്സില്‍ ആ സ്‌ക്വാഡ് പിരിച്ചു വിട്ടിരിക്കുന്നു. സത്യവേല്‍ സര്വ്വീസില്‍ നിന്നും വിരമിച്ച് തഞ്ചാവൂരില്‍ താമസമാക്കി. അരവിയോ? അവസാനത്തെ ഉന്മൂലനത്തിനു ശേഷം ഒരു ദിവസം രക്തസമ്മര്‍ദ്ദം കൂടി അയാള്‍ കുഴഞ്ഞുവീണു. ആശുപത്രിയില്‍ നിന്നിറങ്ങിയതിനു ശേഷം അയാള്‍ അവധിയില്‍ പ്രവേശിച്ചു. അയാളില്‍ ഓര്‍മ്മകള്‍ കടന്നുകൂടി.  അയാളില്‍ ഭൂതകാലം ആവേശിച്ചു. അയാളെ ജമീലയുടെ ഭൂതം ബാധിച്ചു. അയാള്‍ കേട്ടു: 'ഭൂതത്തിലേക്കു മടങ്ങുകയാണ് നിനക്കു മോചനം'' 

നിരന്തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ആസൂത്രകനോ നടത്തിപ്പുകാരനോ ഒക്കെയായി  പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ക്ക് ഇപ്പോള്‍ എന്താണ് സംഭവിച്ചത്? ജമീല അറസ്റ്റ് ചെയ്യപ്പെടേണ്ടവളെന്നോ കൊല ചെയ്യപ്പെടേണ്ടവളെന്നോ അരവിയുടെ സംഘത്തോടു ആരും നിര്‍ദ്ദേശിച്ചിരുന്നില്ല. അവര്‍ക്കു കൊല്ലാനുണ്ടായിരുന്നത് ചാലി എന്ന ചട്ടമ്പിയെ ആയിരുന്നു. പക്ഷേ, ചാലിയോടൊപ്പം അയാളുടെ ഭാര്യ ജമീലയും അവരുടെ കൈകളില്‍ പെട്ടു. ഭര്‍ത്താവിനെ വിട്ടുപോകാന്‍ അവള്‍ കൂട്ടാക്കിയില്ല. സത്യവേലും അരവിയുമാണ് ജമീലയെ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്. സത്യവേല്‍ അവളെ ലൈംഗികമായി ഉപയോഗിച്ചു. അരവി അവളുടെ കഴുത്തറുത്തു. അവളെ കത്തിച്ച് ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. ഇവിടെ എന്‍കൗണ്ടര്‍ സ്‌ക്വാഡിലെ ആക്രമണകാരിയായ ഉദ്യോഗസ്ഥന്‍ ആദ്യമായി ഒരു സ്ത്രീയുടെ കൊലയാളിയാകുകയാണെന്നു നമുക്കു ധരിക്കാം. ജമീലയാകട്ടെ, ജീവന്‍ ദേഹം വിട്ടു തുടങ്ങുമ്പോഴേക്കും അരവിയോടു കഥ പറഞ്ഞു തുടങ്ങിയിരുന്നു. 'നീ ഒരിക്കല്‍ എനിക്കു പിന്നാലെ പോകും'' എന്ന ജമീലയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി പരിണമിക്കുന്നു. ജമീല അയാളില്‍ ഒഴിയാബാധയാകുന്നു. അയാളില്‍ ആവേശിച്ചത് ജമീലയാണെന്നു പറയണമെന്നില്ല. അയാളില്‍ സ്ത്രീ ആവേശിച്ചു. അയാള്‍ സ്വയം മാറ്റിപ്പണിയാന്‍ നിര്‍ബ്ബന്ധിതനായി. അയാള്‍ പരിവര്‍ത്തിക്കപ്പെടുന്നു. പരിവര്‍ത്തിക്കപ്പെടുന്നവന്‍ ഉന്മൂലനസംഘത്തിന്റെ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ലോകത്തെ കാണുന്നവനാണ്.

ഇപ്പോള്‍, ചാലിയുടെയും ജമീലയുടെയും ഉള്ളില്‍ പരസ്പരം പ്രവര്‍ത്തിച്ചിരുന്ന സ്‌നേഹത്തിന്റെ ലോകം അരവിക്കു പരിചിതമാകുന്നു. അയാള്‍ ജമീലയുടെ ഉപ്പ എഴുതിയ കവിതകള്‍ കേള്‍ക്കുന്നു. ജമീലയ്ക്കും അവളുടെ ഉപ്പയ്ക്കുമിടയില്‍ കവിതകളിലൂടെയും മറ്റും വളര്‍ന്നു പന്തലിച്ചിരുന്ന സ്‌നേഹത്തിന്റെ ലോകത്തെ അയാള്‍ അറിയുന്നു. അരവിയുടെ മുന്നില്‍ സ്‌നേഹത്തിന്റെ പല വഴികള്‍ തുറക്കുന്നു. അവയിലൂടെയെല്ലാം അയാള്‍ നടക്കുന്നു. അയാളിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ കടന്നു വരുന്നു. തീവണ്ടിയില്‍ തന്നോടൊപ്പം യാത്ര ചെയ്യുന്ന ഒരുവള്‍ നോവല്‍ വായിക്കുന്നതു കാണുന്ന അരവി തുളസിയെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കു നയിക്കപ്പെടുന്നു. ഒരിക്കലും പുസ്തകങ്ങള്‍ വായിച്ചിട്ടില്ലാത്തവന്‍ തുളസിയുടെ നോവല്‍ വായിക്കുന്നു. അവന്‍ തുളസിയെ തേടിപ്പോകാന്‍ പ്രേരിതനാകുന്നു. അരവിയിലെ ഈ പരിവര്‍ത്തനം അയാളറിയാതെ പുറത്തു നടക്കുന്ന മറ്റൊരു പരിവര്‍ത്തനത്തെ കൂടി സാധൂകരിക്കുന്ന വിധം മാറിത്തീരുന്നുമുണ്ട്. അയാള്‍ വേട്ടക്കാരനില്‍ നിന്നും ഇരയുടെ വേഷത്തിലേക്കു മാറ്റപ്പെടുകയാണ്. അരവിയുടെ മേലുദ്യോഗസ്ഥന്മാര്‍ അയാളെ എങ്ങനെ കൊല്ലണമെന്ന് ആലോചിച്ചു തുടങ്ങിയിരുന്നു. സത്യവേലിന്റെ പരിഭ്രമവും ഭയവും കലര്‍ന്ന ശബ്ദത്തിലൂടെ ഈ കാര്യം ബോദ്ധ്യപ്പെടുന്നവന് ജമീലയുടെയും അമ്മയുടെയും തുളസിയുടെയും സ്‌നേഹം ആശ്വാസമാകുന്നു. അയാള്‍ അവരുടെ സ്‌നേഹത്തിനായി പിന്നെയും പിന്നെയും കൊതിക്കുന്നു.    

അജയ് മങ്ങാട്ടിന്റെ നോവലിന് സവിശേഷമായ ചില ദാര്‍ശനികമാനങ്ങളുണ്ട്. നോവലിന്റെ പ്രമേയം തന്നെ അതിഭൗതികമാണെന്നു പറയാമല്ലോ? മറിച്ച്; വിചാരം, ചിന്ത, ഓര്‍മ്മകള്‍ എന്നിവയുടെയെല്ലാം ഭൗതികതയെ സൂചിപ്പിക്കുന്ന വാക്കായി ദേഹം എന്ന ശീര്‍ഷകം നില്‍ക്കുന്നുവെന്നും പറയാം. അത് സ്വമനസ്സ് നഷ്ടപ്പെട്ട് ജമീലയുടെ ഭൂതമനസ്സിനാല്‍ നയിക്കപ്പെടുന്ന അരവിയുടെ ശരീരത്തിന്റെ സൂചകവുമാകാം. ജമീലയും അവളുടെ ഉപ്പയും അരവിയും തുളസിയും തത്ത്വചിന്തകരെ പോലെ സംസാരിക്കുകയോ ഇടപെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്. തത്ത്വചിന്തകനായ സെനക്കയെ കുറിച്ച് തുളസി ഒരു നാടകമെഴുതിയിട്ടുണ്ട്. അവള്‍ സെനക്കയെ കുറിച്ച് അരവിയോടു പറയുന്നുമുണ്ട്. തത്ത്വചിന്ത രഹസ്യസമരരീതിയാണെന്നു തുളസിക്കറിയാം. അരവിയുടെ കൂട്ടുകാരന്‍ സത്യവേല്‍ വിദ്യാഭ്യാസകാലത്ത് തത്ത്വചിന്ത പഠിച്ചയാളാണ്. അയാളും അരവിയോടു സെനക്കയെ കുറിച്ചു പറയുന്നു. അധികാരികള്‍ ദേഹത്തില്‍ മുറിവേല്‍പ്പിച്ച് രക്തം വാര്‍ത്തു കൊന്നുകളയുന്ന തത്ത്വചിന്തകനായ സെനക്ക നോവലിലെ സദാ സാന്നിദ്ധ്യമായി നില്‍ക്കുന്നു. ജമീലയെ പോലെ സെനക്കയുടെ ഭാര്യയും മരണത്തിലേക്കു പോകുന്ന ഭര്‍ത്താവിനോടൊപ്പം ഇറങ്ങി നടന്നവളത്രെ. നോവലിസ്റ്റ് ഒരുക്കുന്ന പ്രശ്‌നീകരണത്തിന്റെ സന്ദര്‍ഭങ്ങളായി ഇവയെ കാണണം. തത്ത്വചിന്ത പോലെ സാഹിത്യവും ഈ നോവലിലെ സവിശേഷസാന്നിദ്ധ്യമായിരിക്കുന്നു. ചെക്കോവും പട്ടത്തുവിളയും മറ്റും പലയിടങ്ങളിലായി പരാമര്‍ശിക്കപ്പെടുന്നതു കാണാം. ചെക്കോവിന്റെ ജീവിതം വിശദമായി പറയുന്നുമുണ്ട്. ജമീലയുടെ ഉപ്പയുടെ കവിതകള്‍ അരവിയെ വിടാതെ പിന്തുടരുകയാണല്ലോ? അരവിയുടെ വിചാരങ്ങള്‍ സ്ത്രീയിലേക്ക് - അമ്മയിലേക്കും തുളസിയിലേക്കും ജമീലയിലേക്കും - തിരിയുന്നതും അയാള്‍ സാഹിത്യം വായിക്കാന്‍ തുടങ്ങുന്നതും ഏകകാലത്താണ്. ജമീലയോടൊപ്പം സാഹിത്യവും അയാളെ മാറ്റിപ്പണിയുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. സാഹിത്യം പകരുന്ന മൂല്യലോകങ്ങളോടുള്ള അജയ് മങ്ങാട്ടിന്റെ സഹഭാവം ഇതിന്നകം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവലില്‍ തുടരെത്തുടരെ പ്രത്യക്ഷപ്പെടുന്ന സാഹിത്യപരാമര്‍ശങ്ങളും അതിലെ ചില ഭാഗങ്ങളില്‍ സാഹിത്യപഠനലേഖനങ്ങളോട് അടുത്തു നില്‍ക്കുന്ന ആഖ്യാനശൈലിയും ഓര്‍ക്കുക.

ദേഹം എന്ന നോവലിന്റെ സാമാന്യമായ രചനാശൈലിക്ക് അജയ് മങ്ങാട്ടിന്റെ പൂര്‍വ്വനോവലുകളുടെ ഭാഷയും ശൈലിയുമായി ചില ബന്ധങ്ങളുണ്ട്. ഒരേ സ്വരവും ശ്രുതിയും ആവര്‍ത്തിക്കുന്നുവല്ലോ എന്ന പരിഭവത്തിലേക്കു നയിക്കാവുന്നതാണത്. എങ്കിലും ഈ ആഖ്യാനശൈലിയില്‍ ഊറിക്കുടുന്ന സൗന്ദര്യം ആരെയും ആകര്‍ഷിക്കാതിരിക്കില്ല. നോവലിനുള്ളിലെ നോവല്‍ - അരവിയുടെ കഥ പറയുന്ന ആഖ്യാനത്തില്‍ തുളസിയുടെ നോവല്‍ ആഖ്യാനം - പാഠാന്തരത്വത്തെ കുറിച്ചു ചര്‍ച്ച ചെയ്യാനുള്ള പ്രേരണയായി പ്രത്യക്ഷപ്പെടുന്നതും എടുത്തു പറയണം. 'അവള്‍ ആ കഥയില്‍ എത്ര നിശബ്ദയാണ്. എന്നാല്‍ എല്ലാ സ്‌നേഹത്തേയും ചലിപ്പിക്കുന്നത് അവളാണ്''  എന്ന അരവിയുടെ നോവല്‍വായനയും നിരൂപണവും കൂടി ഈ നോവലിലുണ്ട്. അജയ് മങ്ങാട്ടിലെ സാഹിത്യനിരൂപകന്‍ നോവല്‍ രചനയില്‍ ഇടപെടുന്നുവെന്നും പറയാം. തുളസിയുടെ കാണാതായ പൂച്ച തിരിച്ചുവരുന്ന സന്ദര്‍ഭത്തില്‍ അവളുടെ നോവലിലെ പൂച്ചയുടെ പേര് ഇനു എന്നാണല്ലോയെന്ന് അരവി ഓര്‍ക്കുന്നു. സ്‌നേഹങ്ങളെ ഉടച്ചു കളയുന്ന മനുഷ്യരുടെ അധികാരരുപങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുറത്ത് സ്‌നേഹത്തെ ചലിപ്പിക്കുന്ന മനുഷ്യേതരപ്രകൃതിയുടെ സാന്നിദ്ധ്യമായി ഇനു എന്ന പൂച്ച കടന്നുവരുന്നു. അതു മനുഷ്യനെ കൂടി ചേര്‍ത്തുനിര്‍ത്തുന്ന സാകല്യദര്‍ശനത്തെ പേറുകയും ചെയ്യുന്നു.

നിങ്ങള്‍ കാണുന്ന ഒരു കാഴ്ചയെ, ഒരു സവിശേഷസന്ദര്‍ഭത്തെ, കേള്‍ക്കുന്ന പാട്ടിനെ, ഒരു ചെറിയ കാലയളവിലെ അനുഭവത്തെ - ഇവയുടെ പ്രത്യക്ഷതലങ്ങളെ മാത്രം സരളമായി താളുകളോളം വിശദീകരിച്ചെഴുതുന്ന എഴുത്തുകാരുണ്ട്. പ്രത്യക്ഷത്തിന്റെ അനായാസവും സുതാര്യവും ദീര്‍ഘവുമായ വിവരണങ്ങളിലൂടെ അകക്കാമ്പിനെ പിടിച്ചെടുക്കാനുള്ള ശ്രമമാകാം ഇത്. കൃതിയുടെ മൂര്‍ത്തരൂപത്തില്‍ നിസ്സാരമെന്നു ഗണിക്കപ്പെട്ടേക്കാവുന്ന പ്രമേയത്തേക്കാളുപരി സവിശേഷമായ സന്ദര്‍ഭങ്ങളെ എഴുതുന്ന വാക്കുകള്‍ക്കും എഴുത്തിനും പ്രാധാന്യം നല്‍കുന്ന രചനാരീതിയാണിത്. ഭാഷയുടെയും കഥ പറച്ചിലിന്റെയും അനന്തസാദ്ധ്യതകളെ കാണുന്നത്. ഇത് വാക്കുകള്‍ക്കുള്ള കീര്‍ത്തനമായി നാം അനുഭവിക്കുന്നു. പാശ്ചാത്യരായ ചില എഴുത്തുകാര്‍ അനുവര്‍ത്തിക്കുന്ന രീതിയെ മലയാളത്തിലേക്കു കൊണ്ടുവരുന്നതിന് വലിയ വായനക്കാരന്‍ കൂടിയായ അജയ് മങ്ങാട്ടിനു കഴിയുന്നു. കരുണാകരന്‍ തന്റെ ഒരു നോവലില്‍ അനുവര്‍ത്തിച്ചിട്ടുള്ള ശൈലിയാണത്. ഇപ്പോള്‍ അജയ് മങ്ങാട്ട് അതില്‍ പങ്കു ചേരുന്നു. എഴുത്തിനെ പുതുമയുള്ളതാക്കണമെന്ന ആഗ്രഹം ഈ നോവലെഴുത്തുകാരന്റെ ഉള്ളില്‍ എരിഞ്ഞു കത്തുന്നുണ്ടെന്നു തീര്‍ച്ചയാണ്. നോവലിനെ പൊതിഞ്ഞുനില്‍ക്കുന്ന നിഗൂഢതയുടെ ആവരണത്തിന് പ്രമേയവുമായി ബന്ധമുണ്ടെന്നു തന്നെ കരുതണം. അര്‍ത്ഥത്തെ നിഗൂഢമാക്കി ലാവണ്യത്തെ സൃഷ്ടിക്കുകയെന്ന പഴയ സൗന്ദര്യശാസ്ത്രധാരണകളെയല്ല അതു പേറുന്നതെന്നു കരുതാം. പ്രമേയത്തിന്റെ മുഖ്യഭാഗമായ ഉന്മൂലനസ്‌ക്വാഡിന്റെയും വിപ്ലവകാരികളുടെയും ജീവിതത്തിലെ നിഗൂഢതകള്‍ നോവലിന്റെ ഭാവമണ്ഡലവുമായി കണ്ണിചേര്‍ക്കപ്പെടുന്നതാണ്, അത്. 

'തത്ത്വമോരാതവര്‍ക്കിതുലകായ് വിലസും ഭ്രമത്താല്‍'' എന്ന ഉലകനിഷേധം ശ്രീനാരായണഗുരുവില്‍ തന്നെ കാര്യമായുണ്ടോ എന്നു സന്ദേഹിക്കുവാനാണ് എനിക്കു താല്‍പ്പര്യം. നോവലിന്റെ ആദ്യപേജുകളില്‍ ഉദ്ധരിക്കപ്പെട്ട ഈ ഗുരുവാക്യത്തിന്നപ്പുറം നമ്മുടെ ഉലകജീവിതത്തിലെ ചില ധര്‍മ്മസങ്കടങ്ങളെയാണ് അജയ് പി മങ്ങാട്ടിന്റെ നോവലില്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com