ചിന്തയുടെ തീപ്പൊരികളുമായി വിഷ്ണു; ആനന്ദിന്റെ ചെറുനോവൽ
Mail This Article
വരണ്ട വാക്കുകളിൽ നിന്നുയരുന്ന ചിന്തയുടെ തീപ്പൊരികൾ ആനന്ദിന്റെ രചനകളിൽ എന്നും ഉടനീളമുണ്ടാകും. കഥയല്ല, ആശയങ്ങളാണ് അവയിൽ ആഖ്യാനം ചെയ്യപ്പെടുന്നത്. ആ മാനദണ്ഡമനുസരിച്ചായാലും നമ്മെ അതിശയിപ്പിക്കുന്നതാണ് 'വിഷ്ണു' എന്ന ചെറുനോവൽ. ഇതിൽ കഥാപാത്രങ്ങളായെത്തുന്ന വിഷ്ണുവിന്റെ അവതാരങ്ങളോരോന്നും ഈ ആർഷ ഭൂമിയിൽ നടമാടുന്ന അനീതിയെ അലങ്കാരങ്ങൾ അഴിച്ചുവച്ച നഗ്നമായ വാക്കുകൾ കൊണ്ട് വരച്ചു കാട്ടുന്നു.
"മരിക്കസാധാരണ-
മീവിധംദാരിദ്ര്യത്തിൽ
ദഹിപ്പതീനമ്മുടെ
നാട്ടിൽ മാത്രം"
എന്നു വിലപിച്ച കവിയുടെ രോഷം തന്നെയാണ് കാവ്യഭംഗി തീരെ ഉപേക്ഷിച്ച ഈ വരികളിലും:
"മേശക്കരികിലിരുന്ന് ഭക്ഷണം കഴിക്കുന്ന കൂടുതൽ മാന്യന്മാരായ സന്ദർശകർക്കരികെ, ഒളിച്ചും പതുങ്ങിയും അലഞ്ഞെത്തിയ കുട്ടികളായ യാചകരെ അതിനായി സൂക്ഷിച്ചിട്ടുള്ള ഒരു വടിയെടുത്ത് ആട്ടി ഓടിക്കുകയായിരുന്നു വിഷ്ണു, ഓടിക്കുമ്പോൾ വിഷ്ണു അവരോട് പ്രയോഗിച്ച ഭാഷ കാണിച്ചു അയാളും അവരും ഒരേ പ്രദേശക്കാരാണെന്ന്. ഒരേ പ്രവിശ്യക്കാരാണെന്നത് അയാളെ അവരുടെ നേരെ കനിവു കാണിക്കുവാൻ പ്രേരിപ്പിച്ചില്ല. വടി ഒരു കുട്ടിയുടെ ശരീരത്തിൽ കൊള്ളുകയും ചെയ്തു. ഓടിപ്പോയതല്ലാതെ അവൻ നിലവിളിച്ചില്ല."
ജി.ഡി.പി യിൽ ഊറ്റം കൊള്ളുമ്പോഴും വിശപ്പു സൂചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ നാം നിരന്തരം ആക്ഷേപിക്കുന്ന അയൽക്കാരായ ബംഗ്ലാദേശിനും (81) പാകിസ്ഥാനും (102) പിന്നിൽ നൂറ്റി പതിനൊന്നാം സ്ഥാനത്താണ് നമ്മൾ എന്നത് (Global Hunger Index-2023) ഒട്ടും നോവിക്കുന്നില്ലെങ്കിൽ ആനന്ദിന്റെ വാക്കുകളും നമ്മെ സ്പർശിച്ചേക്കില്ല. രാജ്യത്തെ അഞ്ചിലൊരു ഭാഗം ജനങ്ങൾ എഴുപത്തഞ്ചു ശതമാനം സമ്പത്തും ആസ്വദിക്കുമ്പോൾ വേറൊരു അഞ്ചിലൊരു ഭാഗം ജീവിക്കുന്നത് ഒന്നര ശതമാനം കൊണ്ടാണ് എന്നു പറയുന്നു ഇതിലെ വിഷ്ണു കരൺ.
'ഞാൻ വിഷ്ണുവാണു സാർ' എന്നു സ്വയം പരിചയപ്പെടുത്തി എത്തുന്ന ഓരോ കഥാപാത്രവും വികസനത്തിന്റെ ദയാമൃതം അരിച്ചിറങ്ങിയെത്താത്ത താഴെ തട്ടിലെ മനുഷ്യരുടെ ദയനീയാവസ്ഥയാണ് വരച്ചിടുന്നത് - പലവിധ കാഴ്ചപ്പാടുകളിലൂടെയാണെങ്കിലും.. നിർദ്ദേശിക്കുന്ന പരിഹാര മാർഗ്ഗങ്ങൾ പലതാണെങ്കിലും.
വിഷ്ണു നാഥ്, വിഷ്ണു പ്രകാശ്, വിഷ്ണു ശങ്കർ, വിഷ്ണു നാരായണൻ, വിഷ്ണു കുമാർ, വിഷ്ണു കരൺ എന്നിങ്ങനെ പല വിഷ്ണുമാരാണ് ഈ ആഖ്യാനത്തിൽ കഥാകൃത്തിന്റെ (നമ്മുടെ) മുന്നിലെത്തുന്നത്. ഇവർക്കു പുറമെയാണ് കഥയിലെ യഥാർഥ വിഷ്ണു. ഒരർഥത്തിൽ പുറത്തുള്ള ഈ വിഷ്ണുവിന്റെ അവസ്ഥയാണ് മറ്റു വിഷ്ണുമാരുടെ ചിന്താവിഷയം.
കഥയുടെ അവസാനം ഈ വിഷ്ണു കൊല്ലപ്പെടുന്നു. വിഷ്ണു സംഹരിക്കപ്പെട്ടു എന്നാണ് കഥാകൃത്ത് എഴുതുന്നത്. സൃഷ്ടിക്കും സംഹാരത്തിനും ഇടയിലെ സാധാരണക്കാരന്റെ 'സ്ഥിതി' ആണ് വിഷ്ണുവിന്റെ ജീവിതം. രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്ത ജീവിതത്തിന്റെ ആ ബദ്ധപ്പാട് ആനന്ദ് എഴുതുന്നതിങ്ങനെ: 'പക്ഷേ, അത് വളരെ ദീർഘമാണ്, സർ. വളരെ വളരെ ദീർഘം. തീരാത്തതെന്നു തന്നെ തോന്നും. കഠിനമാണ് സർ പുലരിയെ അന്തിയിലേക്കും അന്തിയെ പുലരിയിലേക്കും എത്തിക്കുക. ഋതുക്കൾ മാറുന്നതും രാത്രിക്കും പകലിനും നീളം കൂടുന്നതും കുറയുന്നതുമൊന്നും മനസ്സിലാകുകയില്ല, തലകീഴായി നിൽക്കുമ്പോൾ.''
തുടക്കത്തിൽ നാം കാണുന്ന വിഷ്ണു അഹങ്കാരത്തോടെ തലയുയർത്തുന്ന കോൺക്രീറ്റ് സൗധത്തിന്റെ പണിയിലാണെങ്കിൽ മരണത്തിനു മുൻപ് നാം അയാളെ കാണുന്നത് 'മാൻ ഹോളിൽ' തലകീഴായി കിടക്കുന്ന ശുചീകരണ തൊഴിലാളിയായാണ്. അവിടെ അയാൾ കഥാകാരനെ അഭിമുഖീകരിക്കുന്നതു കൂടി കാണാം: "കുറച്ചുനേരം കഴിഞ്ഞപ്പോൾ കാലുകൾ താങ്ങി നിന്നവർ മറ്റുള്ളവരുടെ സഹായത്തോടെ തലകീഴായി നിന്നിരുന്ന ആളെ മുകളിലേക്ക് വലിച്ച് പുറത്തെടുത്ത് റോഡിൽ കിടത്തി. ലങ്കോട്ടി മാത്രം ധരിച്ച അയാളുടെ ശിരസ്സു മുതൽ അര വരെ കറുത്ത ദ്രാവകത്തിൽ മുക്കിയ ശരീരം തണുത്തു വിറക്കുന്നുണ്ടായിരുന്നു. അൽപ്പനേരം അങ്ങനെ കിടന്നതിനു ശേഷം അയാൾ കിതപ്പോടെ എണീറ്റിരുന്നു. കൂട്ടുകാർ കൊണ്ടുവന്ന വെള്ളം കുറേ കുടിച്ചു. മുഖവും ശരീരവും കഴുകി.."
'നല്ല സൂര്യപ്രകാശമുള്ള സുന്ദരമായ ശീതകാല ദിവസം അല്ലേ സർ? ജീവിതം നൈമിഷികമാണെന്നും അതിനെ പാഴാക്കിക്കളയരുതെന്നും അല്ലേ നിങ്ങളൊക്കെ എഴുതുന്നത്?' സ്വീകരണമുറിയിൽ കഥാകൃത്തിനെ വിചാരണ ചെയ്യുന്ന വിഷ്ണു ശങ്കറും ഉന്നയിക്കുന്നത് ഇതേ ആരോപണമാണ്: 'നാട്ടിൻ പുറങ്ങളിലും വന മേഖലകളിലും മരിച്ചു ജീവിക്കുന്നവരെ നിങ്ങൾ ഒരു പക്ഷേ കണ്ടിട്ടുണ്ടാവില്ല, കഥകളും കവിതകളും എഴുതി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കരുതുന്നവരുണ്ട്. അറിവില്ലായ്മ എന്നു ചിലർ പറയും. എന്റെ അഭിപ്രായത്തിൽ അത് വഞ്ചനയാണ്, വെറും വഞ്ചന.'
എതിർപ്പുകളില്ലാതെ അഴിഞ്ഞാടുവാൻ തുടങ്ങിയ നവമുതലാളിത്തം മദ്ധ്യവർഗ്ഗത്തിന്റെ സങ്കൽപ്പങ്ങളിൽ സ്വപ്ന ലോകം സൃഷ്ടിച്ചതിനെപ്പറ്റിയാണ് അയാൾ പറയുന്നത്: 'പ്രോസസ് ചെയ്ത വാർത്തകളാണ് നിങ്ങൾക്കു കിട്ടുന്നത്. പ്രോസസ് ചെയ്ത ആശയങ്ങൾ, ഭക്ഷണം, നമ്മുടെ രുചി തന്നെ അവർ പ്രോസസ് ചെയ്ത് പരുവപ്പെടുത്തിയതാണ്. അരിഞ്ഞ്, കശക്കി, ഉരുണ്ടും നീളത്തിലും രൂപപ്പെടുത്തി വിളമ്പുന്ന ഇറച്ചി എന്തിന്റേതെന്ന് ചോദിക്കുന്നത് അസ്ഥാനത്താണ്. ആട്, പന്നി, പശു - നിങ്ങളുടെ സഹജീവികളുടേതാകാം, നിങ്ങളുടേതു തന്നെയാകാം.'
പ്രോസസ് ചെയ്ത് വിളമ്പുന്ന വിപണിയുടെ ഈ പുതുഭാഷണത്തിൽ ജീവിതത്തിന്റെ ഭാഷ വിസ്മൃതിയിലാവുന്നതും ജീവിക്കാനുള്ള അവകാശം പോലും ഔദാര്യമായി മാറുന്നതും ജനം അറിയാതെ പോകുന്നു. 'കാറുകളുടെ പുതിയ മോഡലുകളെയും മിന്നിത്തിളങ്ങുന്ന ശീതീകൃത മാളുകളെയും പറ്റി വാചാലരാകുന്നവർ ഓവുചാലിലെ ജീവിതത്തിനു നേരെ കണ്ണടക്കുന്നു.' കമ്പോള വ്യവസ്ഥിതിയിൽ, ഇരയാക്കപ്പെടുമ്പോഴും ഇക്കിളിപ്പെടുന്ന ജനതയുടെ ചിന്താശൂന്യതയെ കുറിച്ചാണ് ആനന്ദിന്റെ ഈ നോവൽ.
വിഷ്ണു
ആനന്ദ്
മാതൃഭൂമി ബുക്സ്