സൽമാൻ റുഷ്ദി വരുന്നു; നോവെല്ലാം നോവെല്ലയാക്കി
Mail This Article
എഴുത്തുകാർക്കു മുറിവേൽക്കുമ്പോൾ കിനിയുന്നതു ചോര മാത്രമല്ല, അനുഭവത്തിന്റെ കടലുകൾ കൂടിയാണ്. 2022ൽ അക്രമിയുടെ കത്തിമുനയിൽനിന്നു രക്ഷപ്പെട്ടെങ്കിലും സൽമാൻ റുഷ്ദിക്കു നഷ്ടമായത് ഒരു കണ്ണിന്റെ കാഴ്ചയാണ്. എഴുത്തുകാരനെ നിശ്ശബ്ദനാക്കാൻ അതുകൊണ്ടാകുമെന്ന് ആരെങ്കിലും കരുതിയെങ്കിൽ തെറ്റി. ആ ആക്രമണത്തിനു ശേഷം ആദ്യമായി ഫിക്ഷൻ എഴുത്തിലേക്കു തിരിച്ചുവരികയാണ് റുഷ്ദി. ‘വിക്ടറി സിറ്റി’യെന്ന നോവൽ പ്രസിദ്ധീകരിച്ചതു 2023ൽ ആയിരുന്നെങ്കിലും അത് ആക്രമണത്തിനു മുൻപേ എഴുതിപ്പൂർത്തിയാക്കിയതായിരുന്നു.
70 പേജുകൾ വീതമുള്ള നോവെല്ലാ ത്രയവുമായാണ് ഇഷ്ടഭൂമികയിലേക്കുള്ള മടക്കം. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും തുല്യമായി നേദിച്ച മൂന്നു ലഘു ആഖ്യായികകൾ. അവ ചേർത്തുവച്ചാൽ റുഷ്ദിയെന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയ അനുഭവലോകങ്ങൾ കൂടിയായി. ആ പുസ്തകങ്ങളെ കോർത്തുകെട്ടുന്ന ഒറ്റ ഘടകമുണ്ടെങ്കിൽ അതിതാണ്: ഒടുവിൽ എല്ലാം ഒടുങ്ങുമെന്ന ആശയം. ഈ മൂന്നിടങ്ങളും ഓരോ അനുഭവപ്രപഞ്ചങ്ങളായിരുന്നു.
കത്തി ആഴ്ന്നതിനു ശേഷമുള്ള അതിജീവനത്തിന്റെ ഓർമപ്പുസ്തകമായ ‘നൈഫി’നു വായനക്കാർ വലിയ സ്വീകരണമാണു നൽകിയത്. ‘ഈ പ്രായമെത്തുമ്പോൾ നിങ്ങൾ തീർച്ചയായും ചിന്തിച്ചുപോകുന്നൊരു കാര്യമുണ്ട്. ഇനിയെത്ര കാലം ഉണ്ടെന്നതാണ് അത്. 22 പുസ്തകങ്ങൾ കൂടി എഴുതാനുള്ള നേരം തീർച്ചയായും ഇല്ല. എനിക്കു ഭാഗ്യമുണ്ടെങ്കിൽ ഒന്നോ രണ്ടോ എഴുതിയാലായി’ റുഷ്ദി പറയുന്നു.
എഴുത്തുകാരനെന്ന നിലയിൽ തന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞെന്ന യാഥാർഥ്യവുമായി അനുരഞ്ജനത്തിലെത്തിയ എഴുത്തുകാരനെയാണ് നാം റുഷ്ദിയുടെ വാക്കുകളിലൂടെ കാണുന്നത്. വാക്കുകളുടെ ഇഷ്ടികകൾ കൊണ്ടു കെട്ടിപ്പടുക്കാവുന്ന ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾക്ക് എത്ര ഉയരമുണ്ടാകണമെന്നു വരെ മനസ്സിൽ സങ്കൽപ്പിച്ചിട്ടുണ്ടാകണം. എഴുത്തിൽ കൊടുത്തുതീർക്കാനുള്ള കടങ്ങൾ ബാക്കിവയ്ക്കരുതെന്ന നിർബന്ധബുദ്ധിയാകും ഇപ്പോൾ അദ്ദേഹത്തെ നയിക്കുന്നുണ്ടാകുക. എഴുത്തിന്റെ ഫിനിഷിങ് ലൈനിലേക്കു പോകുന്നൊരാളുടെ മനസ്സോടെ സംസാരിക്കുന്നതുകൊണ്ടാണ് തിയഡോർ അഡോർണോയുടെ ‘ലേറ്റ് സ്റ്റൈൽ’ എന്ന പ്രയോഗത്തെ ഓർമിച്ചത്. സാംസ്കാരിക വിമർശകനും ചിന്തകനുമായ എഡ്വേഡ് സെയ്ദ‍് എഴുതിയ ‘ഓൺ ലേറ്റ് സ്റ്റൈൽ’ എന്ന വിഖ്യാതമായ പ്രബന്ധത്തെക്കുറിച്ചും റുഷ്ദി സംസാരിച്ചു. കലാകാരൻമാർ അവരുടെ സർഗാത്മകതയുടെ അസ്തമയത്തോടടുക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്ന വിചാരമാണ് അഡോർണോയും സെയ്ദും നടത്തിയത്.
സെയ്ദിന്റെ പ്രബന്ധത്തിന്റെ ഉള്ളടക്കത്തെ അദ്ദേഹം സ്പർശിക്കുന്നു. നിങ്ങൾക്കു പോകാൻ രണ്ടു വഴികളുണ്ട്. ഒന്ന്, ലോകവുമായി പൊരുത്തപ്പെട്ട്, അനുരഞ‍്ജനത്തിന്റെ വഴി സ്വീകരിച്ച്, അതു പകരുന്ന സ്വസ്ഥതയോടെ എഴുതുക. അപ്പോൾ നിങ്ങളുടെ ഉള്ളു ശാന്തമായിരിക്കും. രണ്ടാമത്തേതു രോഷത്തിന്റെ വഴിയാണ്. ഉള്ളിലെ അശാന്തമായ, അലകടലിനെ കടലാസ്സിലേക്കു പകരുക. അപ്പോൾ നിവൃത്തികേടിന്റെ മറ്റൊരു പേരാകുന്നു ആവിഷ്കാരം. എന്നാൽ എല്ലാ വലിയ എഴുത്തുകാരെയും പോലെ രണ്ടു തോണിയിൽ കാൽവയ്ക്കാനാണ് റുഷ്ദി തുനിയുന്നത്. ചിലപ്പോൾ രോഷത്തോടെയും ചിലപ്പോൾ സംയമം പകരുന്ന ശാന്തതയോടെയും എഴുതാൻ. അല്ലെങ്കിൽ തന്റെ തീവ്രമായ അനുഭവങ്ങളോടു നീതിപുലർത്താനാകില്ലെന്ന് അദ്ദേഹം ഭയക്കുന്നുണ്ടാകണം.
വ്യക്തിപരമായ ആഖ്യാനമായാലും രാഷ്ട്രീയാഖ്യാനമായാലും അധികാരമുള്ളിടത്താണ് ആഖ്യാനത്തിന്റെ നിയന്ത്രണമെന്നു റുഷ്ദി നിരീക്ഷിക്കുന്നു. യുക്രെയ്നു നേരെ നടത്തുന്ന ആക്രമണത്തിലൂടെ റഷ്യ, തങ്ങളുടേതായ വ്യാഖ്യാനം അവതരിപ്പിക്കുകയാണ്. അതാണു ശരിയായ ആഖ്യാനമെന്നു വരുത്തിത്തീർക്കുകയാണ്. അത് ഒരിക്കലും അനുവദിച്ചുകൊടുത്തൂകൂടായെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. തന്റെ കഥയെ നിർവചിക്കുന്നത് അക്രമിയാകരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ‘നൈഫ്’ എന്ന ഓർമക്കുറിപ്പ് എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാനൊരു കഥപറച്ചിലുകാരനാണ്. കഥയുടെ നിയന്ത്രണം തിരികെപ്പിടിക്കാൻ ഞാൻ ആഗ്രഹിച്ചു. എങ്കിലേ എനിക്ക് അത് എന്റേതായ രീതിയിൽ പറയാൻ പറ്റൂ. ഞാൻ അയാളുടെ കഥയുടെ ഭാഗമായി മാറുന്നതിനു പകരം അയാൾ എന്റെ കഥയുടെ ഭാഗമായി മാറുന്നു’.
ആഖ്യാനത്തെ തിരിച്ചുപിടിക്കുക എന്നത് അധികാരത്തിനെതിരെയുള്ള, അതിന്റെ ഭീഷണരൂപങ്ങൾക്കെതിരായ ചെറുത്തുനിൽപ്പായി മാറുന്നു. ആയത്തുല്ല ഖമനയിയുടെ ഫത്‌വയെത്തുടർന്ന് ഒളിവിൽ കഴിഞ്ഞ കാലത്തെക്കുറിച്ച് റുഷ്ദി എഴുതിയതും ഇങ്ങനെ ഒരു ലക്ഷ്യത്തോടെയായിരുന്നു. തന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ജോസഫ് കോൺറാഡിന്റെയും ആന്റൺ ചെക്കോവിന്റെയും പേരുകളിൽനിന്ന് ഓരോ കഷ്ണം അടർത്തിയെടുത്ത് ജോസഫ് ആന്റൺ എന്ന പേരു സ്വീകരിച്ച് ഒളിവിൽക്കഴിഞ്ഞ കാലത്തെക്കുറിച്ച് അതേ പേരിൽ അദ്ദേഹം ഓർമക്കുറിപ്പ് എഴുതിയിട്ടുണ്ട്.
ചില യാഥാർഥ്യങ്ങൾ ഫിക്ഷനെ വെല്ലുന്ന തീവ്രാനുഭവങ്ങളാണെന്നും അതിന് നോവലിന്റെ ഭാഷയേക്കാൾ ഇണങ്ങുക ഓർമക്കുറിപ്പുകളുടെ നേർവഴി ആഖ്യാനമാണെന്നും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. ‘നൈഫ്’ എഴുതി സ്വതന്ത്രമായ മനസ്സോടെ, റുഷ്ദി എഴുത്തുമേശയിലേക്കു തിരിച്ചെത്തുമ്പോൾ, അത് ഫിക്ഷനെഴുതാനാണെന്നു കൂടി ഉറപ്പിക്കുമ്പോൾ ആ കാത്തിരിപ്പ് അർഥവത്താകുന്നു. എഴുത്തുകാർക്കു മുറിവേൽക്കുമ്പോൾ കിനിയുന്നതു ചോര മാത്രമല്ല, ആഖ്യാനത്തിനുള്ള മഷി കൂടിയാണ്. ‘വെസൂവിയസ് പർവതത്തെ എനിക്കൊരു മഷിക്കുപ്പിയായി തരൂ’ എന്നു പ്രാർഥിച്ച മെൽവിലിനെപ്പോലെ, ഉള്ളിൽ അശാന്തിയുടെ കടൽ കൊടുങ്കാറ്റ് കുലയ്ക്കുന്ന എഴുത്തുകാരുടെ ഗോത്രമാണ് റുഷ്ദിയുടേതും.