പ്രണയം എന്ന ഉന്മാദത്തെ കുറിച്ച് എഴുതുമ്പോൾ സംഭവിക്കുന്നത്...
Mail This Article
റിഹാൻ റാഷിദിന്റെ പുസ്തകങ്ങൾ എന്നും മനസ്സിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം വായനക്കാരനിൽ വായനയുടെ ഇടവേളകളിൽ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് എഴുത്തുകാരൻ നമ്മെ കൂട്ടികൊണ്ട് പോകുന്നത്. ഒടുവിൽ വായിച്ചുനിർത്തുമ്പോൾ എന്തെന്നില്ലാതെ ഒരു വായനാനുഭവമാണ് അത് നമുക്ക് സമ്മാനിക്കുന്നത്.
'കാകപുരം' എന്ന നോവലിനു ശേഷം റിഹാൻ റാഷിദ് എഴുതിയ നോവലാണ് 'പീതോന്മാദം'. സ്വപ്നവും യാഥാർത്ഥ്യവും ചരിത്രവും സാഹിത്യവുമെല്ലാം കൂട്ടുപിണഞ്ഞു കിടക്കുന്ന ഒരു നല്ല നോവലാണിത്. ഒരു പെൺകുട്ടി തന്റെ സുഹൃത്തിനോട് കഥ പറയുന്ന ശൈലിയിലാണ് ഈ നോവൽ മുന്നോട്ട് പോകുന്നത്. വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലിൽ ദുരിതാശ്വാസക്യാമ്പിൽ കഴിയേണ്ടിവന്ന കുറേ ജീവിതങ്ങളുടെ കഥയാണിത്.
സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. താൻ ജീവനുതുല്യം സ്നേഹിച്ച സമീർ എന്ന യുവാവ് തന്നെ മതം മാറ്റി നാടുകടത്താനാണ് പ്രണയിച്ചത് എന്നുള്ള ചുറ്റുപാടുകളുടെ കുറ്റപ്പെടുത്തലുകൾ ആ പെൺകുട്ടി പൊള്ളി ജീവിക്കുന്നു. പ്രണയത്തിന് കപടത അഭിനയിക്കാനാവില്ല എന്ന ധാരണയിൽ അവൾ അവനായി കാത്തിരിക്കുന്നു. സ്നേഹത്തിനായുള്ള അവളുടെ അതിയായ ദാഹമാണ് ചിത്രകാരനായ മിലൻ എന്ന കഥാപാത്രം. അവൾ മിലൻ എന്ന യുവാവിൽ ആകൃഷ്ടയാവുന്നു. മിലൻ അവളെ സ്നേഹംകൊണ്ട് പലപ്പോഴും ഉലയ്ക്കുന്നുണ്ട്.
ഈ നോവലിലെ മറ്റൊരു കഥാപാത്രമാണ് ജിബ്രാൻ എന്ന പൂച്ച. ആ പൂച്ചയിലും അവൾ കാണുന്നത് അവളെ തന്നെയാണ്. അവളുടെ വായനയും അവളുടെ സ്വപ്നവും അവളുടെ ഉപബോധമനസ്സും എല്ലാം അടയാളപ്പെടുത്തുന്നത് അവളിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്ന സ്നേഹത്തിനായുള്ള അതിയായ ആഗ്രഹമാണ്. അതുകൊണ്ടുതന്നെയാണ് ചുറ്റുപാടുകളിലെ സ്നേഹപ്രകടനങ്ങൾ അവളിൽ അസ്വസ്ഥത ജനിപ്പിക്കുന്നതും. വെള്ളപ്പൊക്കത്തിന്റെ കെടുതികളും ഉരുൾപൊട്ടത്തിന്റെ ദുരിതവും വാർത്തകൾ സൃഷ്ടിക്കുന്ന ഭീകരതയുമെല്ലാം ഈ നോവൽ പങ്കുവെയ്ക്കുന്നു.
റിഹാൻ ഈ നോവലിലൂടെ സംവേദനം ചെയ്യപ്പെടുന്ന ആശയം പ്രണയം എന്ന ഉന്മാദത്തെയാണ്. താങ്കളുടെ എഴുത്തിനും പ്രമേയങ്ങൾക്കുമുള്ള വശ്യത മലയാളസാഹിത്യലോകം അടയാളപ്പെടുത്തും. നിങ്ങൾ സൃഷ്ടിക്കുന്ന പ്രമേയങ്ങൾ നാളത്തെ പ്രബന്ധങ്ങളാകും. നിങ്ങളുടെ എഴുത്തുകൾ ചർച്ചചെയ്യപ്പെടും. എല്ലാവിധ ആശംസകളും.
പീതോന്മാദം
റിഹാൻ റാഷിദ്
മനോരമ ബുക്സ്
വില: 280 രൂപ
('പീതോന്മാദം' ഓർഡർ ചെയ്യാനായി www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്.)