ഉടലും സ്വത്വവും തമ്മിലുള്ള പൊരുത്തക്കേടുകളും പറയപ്പെടാതെ പോകുന്ന സ്വപ്നത്തിന്റെ ലോകവും
Mail This Article
മലയാളത്തിൽ ഏറ്റവും സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന യുവ എഴുത്തുകാരിൽ ഒരാളായ ഷാഹിന ഇ. കെയുടെ പുതിയ കഥാസമാഹരമാണ് 'സ്വപ്നങ്ങളുടെ പുസ്തകം'. കഥകൾക്ക് പൊതുവെ വലുപ്പം കുറഞ്ഞുവരുന്ന കാലത്ത് അതിൽ നിന്ന് വിഭിന്നമായി നാല് നീണ്ട കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ ആഖ്യാനത്തിന്റെ സാധ്യത വിപുലമാവുന്നുണ്ട്.
മനുഷ്യരുടെ നിഗൂഢമായ മാനസിക വ്യാപാരങ്ങളിലേക്കുള്ള യാത്രയിൽ വായനാക്കാരെ ഒപ്പം ചേർക്കുകയാണ് എഴുത്തുകാരി ഇതിലെ ഓരോ കഥയിലും. പ്രിയപ്പെട്ടവൻ കണ്മുന്നിൽവച്ചു നഷ്ടമായതോടെ സ്ഥലകാലബോധം നഷ്ടപ്പെട്ട, അവന്റെ സ്വപ്നങ്ങളുടെ പുസ്തകം തിരയുന്ന പെൺകുട്ടിയുടെ കഥയാണ് ആദ്യത്തേത്. സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള നേർത്ത രേഖയിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമാഹാരത്തിലെ ഏറ്റവും സങ്കീർണ്ണമായ കഥയും ഇത് തന്നെയാകണം.
ഉടലും സ്വത്വവും തമ്മിലുള്ള പൊരുത്തക്കേടുകളും, അതിന്റെ സംഘർഷങ്ങളും ഇപ്പോൾ ഒരു പുതിയ വിഷയം അല്ല. എങ്കിലും പ്രമോദ് രാമനെപ്പോലെ അപൂർവ്വം ചിലരാണ് മലയാളത്തിൽ ഇതിനെ പ്രധാന പ്രമേയമാക്കി കഥകൾ എഴുതിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു പ്രതിസന്ധിയിൽ പെട്ടുഴലുന്ന, മാതാപിതാക്കൾ ഉൾപ്പടെ ചുറ്റുമുള്ള മനുഷ്യർക്ക് ഇടയിൽപെട്ട് വീർപ്പുമുട്ടുന്ന ക്രിസാന്തിന്റെ ആത്മാവ്യഥകളാണ് രണ്ടാമത്തെ കഥ.
തന്നോട് പ്രണയമുള്ള കൂട്ടുകാരിയോട് തനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയില്ലെന്ന് എങ്ങനെ മനസ്സിലാക്കിക്കും എന്നറിയാതെ ഉഴലുകയും എല്ലാത്തിൽ നിന്നും രക്ഷപെടാൻ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ക്രിസാന്തിന്റെ സംഘർഷങ്ങളാണ് ഇതിൽ നിറയുന്നത്.
ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ നമ്മുടെ പരിസരത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കണ്ടെടുക്കാൻ കഴിയുന്ന ദൈന്യതയാണ് കൃഷ്ണചുര എന്ന മൂന്നാമത്തെ കഥ പറയുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിലെ ഗോപാൽ യാദവിന്റെ പട്ടിണിയ്ക്കുശേഷം ഇതര സംസ്ഥാന തൊഴിലാളിയുടെ ജീവിതം അത്രമേൽ തീക്ഷ്‌ണമായി അവതരിപ്പിക്കുന്ന കഥയാണ് കേരളത്തിൽ പണിക്കെത്തുന്ന ഖോകന്റെ കഥ.
സൈന്യത്തിനും തീവ്രവാദികൾക്കും ഇടയിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കശ്‍മീറിലെ ജനങ്ങളുടെ പ്രതിനിധി സൂഫിയാനെയും, വികാരങ്ങൾക്കല്ല രാജ്യതാത്പര്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന കർത്തവ്യ ബോധത്തിൽ പ്രവർത്തിക്കുന്ന പട്ടാളക്കാരനെയുമാണ് കാശീർ, കല്ല് സൂഫിയാൻ എന്ന നാലാമത്തെ കഥയിൽ കാണുന്നത്.
വിവിധ ദേശങ്ങളിലെ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ 4 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. എന്നാൽ ആ മനുഷ്യരെല്ലാം കടന്നു പോകുന്ന സമാനവും അതിസങ്കീർണ്ണവുമായ മാനസിക സംഘർഷങ്ങളാണ് അവരെ പരസ്പരം ബന്ധിപ്പിക്കുന്നത്.
ഒട്ടും സുഖകരമായ സ്വപ്നങ്ങളല്ല ഈ പുസ്തകത്തിലുള്ളത്. വായിച്ചു കഴിഞ്ഞാൽ ഉടനൊന്നും സുഖകരമായ സ്വപ്നം കണ്ടൊരു ഉറക്കം സാധ്യമല്ലാത്തവിധം നമ്മളെ അസ്വസ്ഥമാക്കുന്ന അതുകൊണ്ട് തന്നെ വായിക്കേണ്ടതുമായ കഥകളാണിവ.
സ്വപ്നങ്ങളുടെ പുസ്തകം
ഷാഹിന ഇ. കെ.
ഡി സി ബുക്സ്
വില: 140 രൂപ