മലയാളത്തിലെ ട്രെൻഡിങ് നോവൽ; ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ ഇനി ഇംഗ്ലീഷിലും
Mail This Article
യുവ എഴുത്തുകാരി നിമ്‌ന വിജയ് എഴുതിയ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വരുന്നു. പ്രണയത്തിന്റെ സൂക്ഷ്മതകളും ആധുനിക സമൂഹത്തിലെ വ്യക്തികൾ നേരിടുന്ന പ്രതിസന്ധികളും പ്രമേയമാക്കിരിക്കുന്ന പുസ്തകം, അടുത്ത വർഷം പകുതിയോടെ ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. 'റാം C\O ആനന്ദി'യുടെ പരിഭാഷകയായ ഹരിത സി.കെ.യാണ് ഏറ്റവും പ്രിയപ്പെട്ട എന്നോട്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നത്.
2023 മേയിൽ മാന്‍കൈൻഡ് പബ്ലിക്കേഷൻസ് പുറത്തിറങ്ങിയ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്', നിമ്നയുടെ രണ്ടാമത്തെ പുസ്തകമായിരുന്നു. പ്രസിദ്ധീകരിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ മലയാളത്തിലെ ഹിറ്റ് പുസ്തകങ്ങളിലൊന്നായി അത് മാറി. ഒന്നരവർഷം കൊണ്ട് ഒന്നര ലക്ഷത്തിലധികം കോപ്പികൾ എന്ന അതിശയകരമായ നേട്ടത്തിലാണിപ്പോൾ പുസ്തകം എത്തിനിൽക്കുന്നത്. ഇതിനോടകം 34 പതിപ്പുകളാണ് പുറത്തിറങ്ങിയത്.
ഇതിനിടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് പുസ്തകങ്ങളുടെ ലിസ്റ്റിൽ നാലാം സ്ഥാനവും കൈവരിക്കാൻ സാധിച്ചു. ചെറുപ്പക്കാർക്കിടയിൽ ചർച്ചാവിഷയമായി മാറിയ നോവൽ, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വായനക്കാരുടെ മനസ്സിലിടം നേടിയിരുന്നു.
ജേണലിസത്തിൽ ബിരുദധാരിയായ കോഴിക്കോട് സ്വദേശി നിമ്‌ന, 2020–21 കാലഘട്ടത്തിൽ ഹൈദരാബാദിലും മുംബൈയിലും ജോലി ചെയ്തു. അക്കാലത്ത് ഓൺലൈൻ പോർട്ടലുകളിൽ കഥകളെഴുതി പ്രസിദ്ധീകരിച്ചു. ‘നനയുവാൻ ഞാൻ കടലാകുന്നു’, ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്നീ രണ്ടു പുസ്തകങ്ങളിലൂടെയാണ് നിമ്‌ന കേരളത്തിന്റെ പുതുതലമുറയിലെ റൈറ്റിങ് സെൻസേഷനായി മാറിയത്.