ADVERTISEMENT

വായനയ്ക്കൊപ്പം മുഖത്ത് വികാരങ്ങൾ തിരനീക്കിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ. കടത്തിണ്ണയുടെ ഒഴിഞ്ഞ കോണിലുള്ള തൂണിനോടു ചേർന്നാണ് ഇരിപ്പ്. അതയാളുടെ സ്ഥിരം താവളമാണ്. ചുറ്റുമുള്ളതിനെയൊന്നും ഗൗനിക്കാറേയില്ല. ഇരുപതോളം വർഷങ്ങൾക്കു ശേഷം വീണ്ടും അതേ തെരുവ്. പുസ്തകത്തട്ട്. അയാൾ ജീവിച്ചിരിക്കാൻ വിദൂര സാധ്യത പോലുമില്ല. എങ്കിലും നോക്കി. അദ്ഭുതം.

‌കുറച്ചു ദൂരെയായി അരമതിലു ചാരി അയാൾ ഇരിപ്പുണ്ടായിരുന്നു. ആർത്തി പിടിച്ച കണ്ണുകളോടെ അയാൾ പുസ്തകത്തിലൂടെ സഞ്ചരിക്കുകയാണ്. ആഹ്ലാദങ്ങളും ആകുലതകളും മുഖത്തു മിന്നിമാഞ്ഞുകൊണ്ടിരുന്നു. കണ്ണടയുടെ കട്ടി കൂടിയിട്ടുണ്ട്. അല്ലാതെ വിശേഷിച്ചൊരു മാറ്റവുമില്ല. 

കണ്ണടയുടെ കട്ടി കൂടിയിട്ടുണ്ടെന്നൊക്കെ എസ്.ആർ. ലാൽ എഴുതിയിട്ടുണ്ടെങ്കിലും അയാൾക്ക് ഒരു മാറ്റവും ഉണ്ടെന്നു തോന്നുന്നില്ല. അയാൾ ഇന്നലെയുണ്ടായിരുന്നു. ഇന്നത്തെ യാഥാർഥ്യമാണ്; നാളത്തെയും. അഞ്ഞൂറോ ആയിരമോ വർഷങ്ങൾക്കു ശേഷവും അയാൾ അവിടെയൊക്കെ തന്നെ കാണും. ആർത്തി പിടിച്ച കണ്ണുകളോടെ, മുഖത്ത് ഭാവഭേദങ്ങളുമായി. ലോകത്തെ പുറത്തിട്ടടച്ച് പുസ്തകത്തിൽ മാത്രം വ്യാമുഗ്ധനായ ആ വായനക്കാരനു വേണ്ടിയാണ് നല്ല എഴുത്തുകാർ എഴുതുന്നത്. അവർക്ക് ശബ്ദമില്ല. അവർ ഒരഭിപ്രായവും പറയാറില്ല. അവർ വിലയിരുത്തൽ നടത്തുകയോ പുരസ്കാരം നൽകുകയോ ചെയ്യുന്നില്ല. എന്നാൽ, അവരാണു പുസ്തകങ്ങളുടെ ജീവൻ. ആത്മാവ്. എല്ലാമെല്ലാം. അവരുടെ സംതൃപ്തിയാണ് ഏതു കൃതിയുടെയും യഥാർഥ നിലവാര മാനദണ്ഡം. അവർക്കിഷ്ടപ്പെടും ലാലിന്റെ കഥകൾ. പ്രത്യേകിച്ചും കൊള്ളിമീനാട്ടം. ജീവിതത്തിൽ ഉദിക്കുകയും പെട്ടെന്നുതന്നെ അസ്തമിക്കുകയും ചെയ്യുന്ന ഓർമകളുടെ കൊള്ളിമീൻ വെളിച്ചത്തിലാണല്ലോ ലാലും എഴുതുന്നത്. ജീവിതത്തെ നിഷേധിക്കാനാവാത്തതുപോലെ ഈ കഥകളെയും നിഷേധിക്കാനാവുന്നില്ല. സ്നേഹിക്കാനേ കഴിയുന്നുള്ളൂ. സ്വീകരിക്കാനാണ് മനസ്സ് പറയുന്നത്. നാളേക്കു വേണ്ടി സൂക്ഷിക്കാനും. 

രണ്ടു സ്നേഹിതരെന്നാൽ രണ്ട് ഓർമകൾ കൂടിയാണ്. മറവിരോഗത്തിന്റെ പിടിയിൽ പെട്ട അയാളുടെ യാത്ര തന്നെ നോക്കുക. ഓർമയാണ് അയാളെ സ്വാഗതം ചെയ്യുന്നത്. സുഹൃത്തിന്റെ ഭാര്യയുടെ ശബ്ദത്തിൽ. ഒന്നിവിടം വരെ വരാമോ എന്നാണ് അവർ ചോദിക്കുന്നത്. ഭർത്താവിന്റെ നഷ്ടപ്പെട്ട ഓർമയുടെ കണ്ണികളെ യോജിപ്പിക്കുക എന്ന സ്വാർഥത കൂടി ആ ആഗ്രഹത്തിലുണ്ട്. ആവശ്യപ്പെടുന്നത് മറ്റൊരു മറവിരോഗിയോടാണെന്നത് അവർ അറിയുന്നില്ല. കൂടിക്കാഴ്ച യാത്രയിലേക്കു പുരോഗമിക്കുന്നു. മറവിയുടെ പടവുകൾ കയറിയാണ് പോകുന്നത്. വീഴുന്നത് എന്നാണു പറയേണ്ടത്. ഓർമകളില്ലാത്ത ആഴത്തിലേക്ക്. ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ആ ഘട്ടമൊക്കെ പിന്നിട്ടിരുന്നു. എന്നിട്ടും അവരെ കാത്തിരുന്ന ആ വിചിത്ര നിയോഗം! 

എത്ര സങ്കീർണമാണ് ജീവിതത്തിന്റെ വഴികൾ. വർധക്യത്തിന്റെ തിരിവുകൾ. പ്രണയത്തിന്റെ മരണക്കിണറുകൾ. അറ്റുപോകാനുള്ളതാണ് ഓരോ ബന്ധവും. ഓരോ ഓർമയും. ഓരോ ജീവിതവും. ലാൽ അങ്ങനെ വിശ്വസിക്കുന്നില്ല. വായനക്കാരെ വിശ്വസിക്കാൻ അനുവദിക്കുന്നുമില്ല. ഒരാളിൽ എല്ലാ ഓർമകളും മരിക്കും എന്നു പറയുന്നത് നുണയാണ് എന്ന് അതുകൊണ്ടാണല്ലോ അദ്ദേഹം പറയുന്നത്. ശരിയായിരിക്കാം. ഒരു മുഖമെങ്കിലും മറവിയുടെ ഇരുട്ടിലും തെളിഞ്ഞേക്കാം. അതൊരു പ്രതീക്ഷയാണ്. വീണ്ടും കാണില്ലെന്നു കരുതിയ ആ വായനക്കാരനെ കണ്ടെത്തിയതുപോലെ തന്നെ. വലിയ മാറ്റങ്ങളൊന്നും അപ്പോഴും ഇല്ലെന്നതുപോലെ.

മാറിയ കാലത്ത് വ്യത്യസ്ത ആഖ്യാനത്തിനോ വിചിത്രമായ ശൈലിക്കോ ബൗദ്ധിക വ്യായാമത്തിനോ ലാൽ ശ്രമിക്കുന്നില്ല. ചേരാത്ത തൊഴുത്തുകളിൽ പ്രിയപ്പെട്ട കഥകളെ കൊണ്ട് കെട്ടുന്നുമില്ല. സ്നേഹത്തിന്റെ സുഗന്ധം പരക്കുന്നുണ്ട് കൊള്ളിമീനാട്ടം എന്ന പുസ്തകം തുറക്കുമ്പോൾ. പൊട്ടിപ്പോയെന്നു കരുതിയ ഓർമകളുടെ ഞരമ്പുകൾ ദൃഢമാണെന്നു തിരിച്ചറിയുന്നു. തിരിച്ചുനടക്കുകയല്ല, തിരിച്ചറിയുകയാണ്. എനിക്കൊന്നു ബോധ്യമായി. മരിച്ചു എന്നതു വെറുതെയാണ്. ഇവിടെയെവിടോ മറഞ്ഞിരിപ്പുണ്ട്. മറ്റു ചിലരിലൂടെ ജീവിതത്തെ നിയന്ത്രിക്കുകയാണ്. 

കട്ടിക്കണ്ണടക്കാരൻ ഇപ്പോഴും വായന തുടരുകയാണ്. ആ മുഖത്ത് വികാരങ്ങൾ തിരയിളക്കുന്നുണ്ട്. ചുറ്റുമുള്ളതൊന്നും അയാൾ ഗൗനിക്കുന്നതേയില്ല. അയാൾ ആ പുസ്കത്തിൽ ഇത്രമാത്രം മുഴുകുന്നുണ്ടെങ്കിൽ ഒന്നുറപ്പാണ്; അത് ലാലിന്റെ പുതിയ കഥാസമാഹാരം തന്നെയാണ്. അയാൾ വായിക്കുകയാണ്; നമുക്കും വായിക്കാം. 

കൊള്ളിമീനാട്ടം 

എസ്.ആർ. ലാൽ 

മാതൃഭൂമി ബുക്സ് 

വില: 160 രൂപ

English Summary:

Malayalam Book ' Kollimeenattam ' Written by S. R. Lal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com