ADVERTISEMENT

വെളിച്ചത്തിനെന്തു വെളിച്ചമെന്ന് ബഷീർ പറഞ്ഞതു നിഷ്കളങ്കമായാണ്. ആത്മാർഥമായാണ് വെളിച്ചമേ നയിച്ചാലും എന്ന് ആഗ്രഹിച്ചത്. ആഹ്വാനം ചെയ്തത്. കണ്ണു തുറക്കുമ്പോഴൊക്കെയും കൊതിച്ചതു വെളിച്ചത്തിനുവേണ്ടി തന്നെ. ഇരുളോ. അത് അവിടെത്തന്നെയുണ്ടായിരുന്നു. നിഷ്കളങ്കതയെ നിഷ്പ്രഭമാക്കി. ആഗ്രഹത്തെ കത്തിച്ചു ചാമ്പലാക്കി. ആഹ്വാനത്തെ പരിഹസിച്ച്. കൊതിച്ചതിനെ വിധിച്ചതുകൊണ്ടു വെട്ടി. ഇരുൾ വിഴുങ്ങിയവർ. ഇരുട്ടിനു സ്വയം വിട്ടുകൊടുത്തവർ. ഇരുട്ട് പിടിച്ചെടുത്തുകൊണ്ടുപോയവർ. അവർ അവർ മാത്രമല്ല. നമ്മൾ കൂടിയാണ്. മറ്റുള്ളവർക്കു മുന്നിലല്ലെങ്കിൽ നമുക്കുള്ളിലെങ്കിലും  സമ്മതിക്കേണ്ട സത്യം. ഉള്ളിലും പുറത്തും അടുത്തും അകലെയും എവിടെയോ അവിടമെല്ലാം നിറയുന്ന ഇരുട്ട്. ഇരുട്ടിന്റെ ദയാവായ്പിൽ മാത്രം സാന്നിധ്യം തെളിയിക്കുന്ന വെളിച്ചത്തിന്റെ പുസ്തകം: മുടിയറകൾ. തൊട്ടപ്പനിലൂടെ ഞെട്ടിച്ച, അശരണർക്കും സുവിശേഷം നൽകിയ ഫ്രാൻസിസ് നൊറോണയുടെ പുതിയ നോവൽ.

നിസ്സംഗമായ വായനയ്ക്കിടെ അപൂർവമായി മാത്രമാണ് ഹൃദയമിടിപ്പ് കൂട്ടുന്ന പുസ്തകങ്ങൾ ലഭിക്കുന്നത്. എത്രയോ കാലത്തിനു ശേഷം. കരയാനാവാതെ, ശ്വാസം വിലങ്ങി, തീച്ചൂളയിൽ എന്നപോലെ, നിലവിളിക്കാൻ പോലുമാവാതെ ഇരുന്നയിരുപ്പിൽ ഉറഞ്ഞുപോയ മണിക്കൂറുകളാണ് മുടിയറകൾ ആവശ്യപ്പെടുന്നത്. അങ്ങനെയൊന്നും സംഭവിക്കരുതേ. ഇവർ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചിരുന്നെങ്കിൽ... വെറുതെയെങ്കിലും ആഗ്രഹിച്ചു. വായിച്ചു ഞെട്ടി. വീർപ്പുമുട്ടലോടെ നിശ്ചലം, നിശ്ശബ്ദം. പുസ്തകത്തിൽ നിന്ന് കണ്ണെടുത്തപ്പോഴൊക്കെ ചുറ്റും ഇരുട്ട്. കണ്ണു തുറന്നുപിടിച്ചിട്ടും അതു തന്നെ. കണ്ണടച്ചിട്ടും മാറ്റമില്ല. അർഹതയില്ലാത്ത ഈ മുടി എന്നെ ധരിപ്പിക്കല്ലേ എന്ന ഉള്ളു നീറുന്ന പ്രാർഥന. എന്നിട്ടും ചുറ്റുമുള്ളവർ ധരിപ്പിക്കുന്ന മുടിയുടെ എണ്ണം കൂടുകയാണല്ലോ. അതിനനുസരിച്ച് കുറ്റബോധം. പ്രായശ്ചിത്തമില്ലാത്ത, പശ്ചാത്താപമില്ലാത്ത പാപബോധം. പുശ്ചം നിറഞ്ഞ്, ചുണ്ട് കോട്ടിയൊരു ചിരിയിൽ ഒതുക്കാവുന്നതല്ല. ഇനിയും ബാക്കിയാണ്, അർഹതയില്ലാത്ത മുടി ധരിക്കേണ്ടിവന്നവരുടെ മാറാത്ത മനോരോഗത്തിന്റെ പീഡകൾ.

ശരിയാണ് നൊറോണ പറഞ്ഞത്. കഥാപാത്രങ്ങൾ, അവരെ അങ്ങനെ വിളിക്കാമെങ്കിൽ, അവർ എഴുത്തുകാരനെ നയിക്കുകയായിരുന്നു. അവർക്കു പിന്നാലെയായിരുന്നു അദ്ദേഹം. തോന്നുന്ന വഴിക്കായിരുന്നു ഓരോരുത്തരുടെയും സഞ്ചാരങ്ങൾ. ചിലപ്പോൾ ഒന്നിലും ഇടപെടാതെ അവർ യാത്ര ചെയ്തുകൊണ്ടിരുന്ന യാനപാത്രങ്ങളുടെ ഗതി കണ്ടുനിൽക്കേണ്ടിയും വന്നിട്ടുണ്ട്.

രേഖീയമല്ല മുടിയറയിലെ ഇരുളിന്റെ വഴികൾ. പല വഴികളിലൂടെയും വഴികൾ തന്നെ ഇല്ലാത്ത കുറ്റാക്കൂരിരുട്ടിലൂടെയും കൊണ്ടുപോകുന്നുണ്ട്. ഇടയ്ക്ക് എവിടെവച്ചോ കണ്ട മുഖങ്ങളെ തിരിച്ചറിയുന്നുണ്ട്. അവർക്കൊപ്പം കുറച്ചുദൂരം. വീണ്ടും മറ്റൊരു വഴി. എന്നിട്ടും ഒടുവിൽ, തണലു പാകിയ ഞാറ മരങ്ങളുടെ നിഴലിലൂടെ അവൾ മുന്നോട്ടാണു നടന്നത്. പക്ഷി പൊഴിച്ചതാണോ മനുഷ്യർ പിഴുതതാണോ എന്നു തിരിച്ചറിയാൻ കഴിയാതെ മുറിവേറ്റൊരു പറവയുടെ തൂവൽ അപ്പോഴും കാറ്റിനെ തൊട്ടിലാക്കി ഞാറമരച്ചില്ലയിൽ നിന്നും താഴേക്കു വരുന്നുണ്ടായിരുന്നു. അതേ, ആ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്. പക്ഷി പൊഴിച്ചതോ. മനുഷ്യർ പിഴുതതോ... ഒരു മടിയും കൂടാതെ രായൻ പിഴുതെടുക്കും. കുഞ്ഞാപ്പിയോ. രായൻ അങ്ങനെ ചെയ്യരുതെന്ന് ആഗ്രഹിക്കും. ആ ആഗ്രഹം വെറുതെയാകും. എങ്കിലും രായനു കൂട്ടു നടക്കും. കിടക്കും. ജീവിതത്തിൽ മാത്രമല്ല, മരണത്തിലും. ഏറ്റവും ആത്മാർഥമായി അവൻ കരഞ്ഞിട്ടുണ്ടാകുക രായന്റെ മൃതദേഹം കണ്ടപ്പോഴായിരിക്കും. അത് അനാഥ, അജ്ഞാത മൃതദേഹമായി മാറാതിരുന്നതും അവൻ ജീവിച്ചിരുന്നതുകൊണ്ടു മാത്രം. ഏറ്റെടുക്കാൻ, ഏറ്റുവാങ്ങാൻ നീണ്ടു ചെന്ന കൈകൾ. മണ്ണിനെ നനച്ച കണ്ണീർത്തുള്ളികൾ. ഇരുട്ട് പിടിച്ചിറക്കിക്കൊണ്ടുപോയ രണ്ടു പേർ എന്ന് ഒഴുക്കൻ മട്ടിൽ അവരെക്കുറിച്ചു പറഞ്ഞ് അവസാനിപ്പിക്കാനാവില്ലെന്നു മാത്രം. മുടിയറയിലെ ഇരുട്ടിന്റെ മൂർത്തികളാണ് അവർ രണ്ടു പേരും. അവർക്കൊപ്പവും അവരേക്കാളും മിഴിവുള്ള വേറെയും എത്രയോ പേർ. ഞാറക്കടവിലെ നിരാധാര മനുഷ്യർ. ഓരോരുത്തരും ഓരോ ഇതിഹാസമാണ്. വറീത്. പാഴൂര്, മാമ്പള്ളിയച്ചൻ. സിസ്റ്റർ മേബിൾ. ആബേലമ്മ. എണ്ണിപ്പറഞ്ഞാലും തീരാത്ത എണ്ണമറ്റ ജന്മങ്ങൾ. സെമിത്തേരി. രൂപക്കൂട്. തിരുമുറിവ്. ആലയം. കള്ളും കഞ്ചാവും മൂന്നു ലോകങ്ങളും ഒറ്റ ഞൊടിയിൽ കാണിച്ച ആസക്തിയുടെ ചലിക്കുന്ന രൂപങ്ങളും. സ്വയം മറന്ന്, വ്യക്തിത്വം തന്നെ ഇല്ലാതാക്കി, ഇരുട്ടിനു വിട്ടുകൊടുത്തു മാത്രം ഒരു എഴുത്തുകാരന് എഴുതിപ്പൂർത്തിയാക്കാൻ കഴിയുന്ന കൃതിയാണ് മുടിയറകൾ.

ഇരുട്ടിന്റെ കൈ പിടിച്ചുപോയവരല്ല ഈ നോവലിലെ എല്ലാ കഥാപാത്രങ്ങളും. എല്ലാവർക്കും വേണ്ടിയിരുന്നത് വെളിച്ചമാണ്. എന്നാൽ, അതു നിഷേധിക്കപ്പെട്ടപ്പോൾ അവർക്ക് മറ്റൊരു മാർഗമുണ്ടായിരുന്നില്ല. ഒരർഥത്തിൽ മാത്രമല്ല, എല്ലാ അർഥത്തിലും എത്ര നിസ്സഹായമാണ് നമ്മുടെയൊക്കെ അവസ്ഥകൾ. സ്വയം നഷ്ടപ്പെടുകയല്ലാതെ മറ്റെന്താണൊരു മാർഗം. ഇതൊരു ചോദ്യമായല്ല, യാഥാർഥ്യമായി ഈ നോവലിൽ ഉടനീളം മുഴങ്ങുന്നുണ്ട്. എല്ലാവരും നിസ്സഹായരാണോ. ചിലരെങ്കിലും അങ്ങനെയല്ലെന്നു തോന്നാം. മാമ്പള്ളിയച്ചനെ പോലെ. എന്നാൽ, അയാൾ പോലും സ്വതന്ത്രനല്ല. കെട്ടിയ കുറ്റിക്കു ചുറ്റും സഞ്ചരിക്കുന്ന സാഞ്ചോയുടെ മറ്റൊരു പശു മാത്രമാണയാൾ. അയാളെ കാത്തിരുന്ന വിധി, മറ്റുള്ളവരുടേതിൽ നിന്ന് ഒട്ടും വ്യത്യസ്തവുമായില്ല. 

ദൈവവും പിശാചും എന്നതൊരു ക്ലീഷേയാണ്. മനുഷ്യനും ദൈവവും എന്നതൊരു യാഥാർഥ്യവും. ദൈവത്തിന്റെ ആലയം അതിനേക്കാൾ വലിയൊരു യാഥാർഥ്യമാണ്. ആലയത്തെ ആശ്രയിച്ചു കഴിയുന്നവരും സാധാരണ മനുഷ്യരും ഓരോ നിമിഷവും ഉറ്റുനോക്കുന്നത് അദ്ദേഹത്തെയാണ്. ആ വചനങ്ങളാണ്. എന്നാൽ, അവർക്കു പോരടിക്കേണ്ടിവരുന്ന ജീവിതത്തിലെ നിത്യസംശയങ്ങൾക്കും ആശങ്കകൾക്കും പരിഹാരങ്ങളില്ല. വേദനകൾക്കു മരുന്നില്ല. എന്തിന് വേദനയുടെ മുടി നീ എനിക്കു തന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല.

തീണ്ടാത്തുരുത്തിനു നടുവിലെ ചിതയിൽ നിന്നും തീ ഉയരുന്നതും നോക്കി ഉയരം കൂടിയ ഞാറച്ചില്ലയിലേക്കു കുഞ്ഞാപ്പി കയറി. അവിടെയിരുന്നാൽ കായലിനപ്പുറം ഞാറക്കടവു പള്ളിയുടെ കുരിശ് കാണാം. ദൂരെ നിന്ന് പള്ളിക്കുരിശ് കാണുമ്പോഴെല്ലാം ദൈവത്തെ അടക്കിയൊരു കുഴിമാടമാണ് പള്ളിയെന്ന് അവനു തോന്നും. ദൈവം ദുർബലനായിപ്പോകുന്നൊരു ഇടമാണ് ദേവാലയമെന്ന വിചാരം. ആരെങ്കിലും കൊടുക്കുന്ന നക്കാപ്പിച്ച കാശിന്റെ വലിപ്പമനുസരിച്ച് കൃപ വിളമ്പേണ്ടൊരു വെപ്പുകാരനായി ദേവാലയങ്ങളിലെ ദൈവം മാറിപ്പോകുന്നു. മനുഷ്യനായാലും ദൈവമായാലും അവനെ നമ്മൾ എങ്ങും തളച്ചിടരുത്. 

രായൻ ആരുടെയും തളയ്ക്കു നിന്നുകൊടുത്തില്ല. ജീവിതത്തിലുടനീളം അയാൾ ആരെയാണ് അന്വേഷിച്ചത്. മനുഷ്യനെയോ ദൈവത്തെയോ. മനുഷ്യരെ അയാൾ മൃഗവാസനയോടെ കണ്ടു. ദൈവത്തെ കണ്ടതായി പോലും നടിച്ചതുമില്ല. അയാളിൽ എവിടെയാണ് ദൈവത്തിന്റെ ഇരിപ്പിടം. സാന്നിധ്യം. 

നിഷേധി. വിധേയൻ. ആലയങ്ങളുടെ കാവൽക്കാരും അധിപൻമാരും. നിസ്സഹായർ. ആലംബമറ്റവരും വീണുപോയവരും. വീണുപോയവരെ ഉയർത്താമെന്നു വാഗ്ദാനം ചെയ്തവർ. അവരുടെ വിചാരണയല്ല, നിരാധാരമായ രോദനങ്ങളാണ് മുടിയറയിൽ നിന്നു മുഴങ്ങുന്നത്. എപ്പോഴൊക്കെയോ നമ്മെ അലട്ടിയ, ആരോടെന്നില്ലാതെ ചോദിച്ച, ഉത്തരമില്ലാതെ വിഷാദിച്ച സങ്കടങ്ങൾ. വെട്ടിമൂടിയ ഇന്നലെകൾ. കണ്ണുയർത്തി നോക്കാൻ പേടിച്ച നാളെകൾ. ഉരുകിത്തീർന്ന ഇന്ന്. ദൈവമേ.....

‌ഇരുട്ടാണോ വെളിച്ചമാണോ നല്ലതെന്നു ചോദിച്ചാൽ വെളിച്ചമാണെന്നു നമ്മൾ പറയും. എങ്ങനെയാണ് ഇരുട്ട് ചീത്തയാകുന്നതെന്നു ചോദിച്ചാൽ ഒരു അന്തവും കിട്ടില്ല. ഇരുട്ടുള്ളതുകൊണ്ടല്ലേ വെളിച്ചമുണ്ടാകുന്നത്. ചിലപ്പോൾ തോന്നും ഇരുട്ടാണ് സ്ഥായിയായതെന്ന്. കാരണം അത് സ്വയംഭൂ ആണ്. വെളിച്ചത്തിനു നിലനിൽക്കണമെങ്കിൽ പുറമേ നിന്നുള്ള വസ്തുവിന്റെ സഹായം വേണം. ഇരുട്ടിനങ്ങനെ ആരും വേണ്ട. അതെപ്പോഴും തനിച്ചാണ്. ദൈവത്തെപ്പോലെ. അതുന്നെയല്ലേ അവരുടെ ബലവും. 

ഈ മുടിയറ അത്ര പെട്ടെന്നൊന്നും ഊരിമാറ്റാൻ നല്ല വായനക്കാർക്കു കഴിയുമെന്നു തോന്നുന്നില്ല. അവഗണിച്ചുകൊണ്ടു മുന്നോട്ടു പോകാനും ആവില്ല. ഇത് നമ്മുടെ ഭാഗധേയം തന്നെ. ഇതുവരെ എഴുതിയതിൽ ഫ്രാൻസിസ് നൊറോണയുടെ ഏറ്റവും മികച്ച പുസ്തകം. നോവൽ വർഷമായ 2024ലെ മികച്ച 5 കൃതികളിൽ ഒന്നും. 

മുടിയറകൾ 

ഫ്രാൻസിസ് നൊറോണ 

ഡിസി ബുക്സ് 

‌വില: 450 രൂപ

English Summary:

Book Mudiyarakal Written by Francis Noronha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com