എന്നാലും എന്റപ്പച്ചാ, ഉത്തമപുരുഷാ, നിങ്ങളെന്താണ് ആ സ്ത്രീയോട് അന്ന് പറഞ്ഞത്?
Mail This Article
ചിരിച്ചാലും കൊള്ളാം കരഞ്ഞാലും കൊള്ളാം... ഒറ്റയ്ക്കല്ലെന്ന് ഓർമ വേണം. കരച്ചിലു കണ്ടാൽ ആർക്കാണു സങ്കടം വരാത്തത്. ഓരോ തുള്ളി കണ്ണീരും കരയുന്ന കണ്ണുകൾക്കുള്ളതാണ്. കരയാൻ പറ്റാതെ പോയ സങ്കടങ്ങൾക്ക്. ഇന്നലത്തെ കരച്ചിലുകൾക്ക്; നാളത്തെയും. ചിരിയോ? ചിരി തന്നെ. ഓരോ ചിരിയിലുമുണ്ട് അതുവരെ ചിരിക്കാതെ ശ്വാസം മുട്ടി ഇരുന്നു ചിരിക്കുന്നതിന്റെ ഒരാശ്വാസം. മറന്നുപോയതൊക്കെ ഓർത്തെടുത്താണു ചിരി. ഒരൊറ്റച്ചിരിയിൽ തീരുന്ന സങ്കടങ്ങൾ. എന്തിനാണ് അധികം പറയുന്നത്. ഈ ജീവിതം ഇത്രയുമേ ഉള്ളാരുന്നോ എന്നൊരു ആക്കിയ ചിരി മതിയല്ലോ. ടുലു നാടൻ കഥകൾ വായിക്കുമ്പോൾ തോന്നുന്ന പോലെ തന്നെ. മസില് ഒക്കെ അയച്ചു. അറിയാതെയൊരു ചിരി പൊട്ടി. അതങ്ങനെ പടരുകയാണ്. നിക്കുന്നില്ല. കണ്ണൊക്കെ നിറയുന്നുണ്ടല്ലോ. ആനന്ദാശ്രു തന്നെ. ചിരിക്കുന്നെങ്കിൽ ഇങ്ങനെ തന്നെ വേണം. തന്നെത്തന്നെ നോക്കി ചിരിക്കുക. അതുകാണുമ്പോൾ ചുറ്റുമുള്ളവർക്കുണ്ടാകുന്ന ഒരു സന്തോഷം. എല്ലാം മറക്കുന്ന ആനന്ദം. അത് ഇതാണ്. ടുലു റോസ് ടോണിയുടെ കഥ വായിക്കുമ്പോൾ തോന്നുന്ന അതേ വികാരം. അതോ വിചാരമോ.
അപ്പോൾ ഇത് കഥകളാണെന്ന് ഉറപ്പിച്ചോ.
ആ എന്തോലുമാവട്ടെ!
ചക്ക എന്നു പറയുമ്പോൾ ചുക്ക് എന്നു വായിക്കുന്നവരോട് ഒരു കാര്യം. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നോർത്താൽ തീരുന്ന പ്രശ്നമേ തൽക്കാലം നിങ്ങൾക്കുള്ളൂ. ഹല്ല പിന്നെ!
എഴുതാൻ ഏറ്റവും പ്രയാസം അവനവനെക്കുറിച്ചു തന്നെയാണ്. അല്ലെങ്കിൽ മറ്റുള്ളവരുടെ കുഴപ്പങ്ങൾ കണ്ടുപിടിക്കാൻ നൂറു കണ്ണാണല്ലോ. നൂറു കണ്ണിലും കാണുന്നതൊക്കെ എഴുതി നിറച്ചാൽ എന്തോരം വരും. അതുകൊണ്ടല്ലേ, അതുകൊണ്ടു മാത്രമല്ല അതൊക്കെയങ്ങു പറഞ്ഞു തീർക്കുന്നേ. അസൂയ, പരദൂഷണം എന്നൊക്കെ പറയും. പറയുന്നവർ ഇതൊന്നും പറയാത്തതു പോലെ. എന്നാലും പറയുമ്പോൾ ഒരു സുഖം.
എന്നാൽ, കണ്ണാടിയിൽ ഒന്നു നോക്കിയാലോ. ആകെ സുന്ദരമയം. എന്നാൽ എഴുതിത്തുടങ്ങാം. അതല്ലേ പാട്. ഭയങ്കര പാട്. സ്വന്തം കുറ്റം കണ്ടുപിടിക്കാനാണെങ്കിൽ അതിനേക്കാൾ പാട്. എന്നിട്ടു വേണമല്ലോ എഴുതാൻ. അത് അതിനേക്കാൾ പാട്. എന്നാൽ വീട്ടിലുള്ളവരേക്കുറിച്ച് എഴുതാം. അപ്പൻ. അമ്മ. ഹോ, അത് അതിലും വലിയ പാടു തന്നെ. എന്താപ്പോ ഒരു പരിഹാരം. ഉണ്ട്. അതിനാണല്ലോ നമ്മുടെ ടുലു റോസ് ടോണി. നല്ല നാടൻ കഥകൾ. അതങ്ങട് വായിക്കുക. എല്ലാ ബുദ്ധിമുട്ടും ഒറ്റയടിക്ക് ഇറക്കിവയ്ക്കാം. എങ്ങനെ പറയണമെന്നും എഴുതണമെന്നും ഇനി ശങ്കിക്കുകയേ വേണ്ട. കണ്ടില്ലേ, ആദ്യത്തെ, അതോ ആയിരാമത്തെയോ പ്രേമത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഉമ്മ. (ഇടയ്ക്കൊരു പീഡനവും ഉണ്ട്. ചെറുതാണെങ്കിലും അത് മറക്കരുത്. പീഡിപ്പിച്ച ആളിനെക്കുറിച്ച് അറിയുമ്പോൾ, പ്രത്യേകിച്ചും). ഫസ്റ്റ് നൈറ്റ്. ഗർഭം. പ്രസവം. പിന്നെ ആ പേടിയുണ്ടല്ലോ. ഏതു മുഴ കണ്ടാലും തോന്നുന്ന അതു തന്നെ. കാൻസർ. ഇത്രയുമൊക്കെയായാൽ ഒരു ജീവിതം ആയി. അതേ ജീവചരിത്രവും. അതുതന്നെയാണ് ഈ നാടൻ കഥകളിലുള്ളത്. ഇതു വായിക്കുമ്പോൾ കുറെയൊക്കെ മിസ്സായിന്നു തോന്നാം. അതേ, ചിരിക്കാനുള്ള കുറേ വക പാഴാക്കീന്ന്. സാരല്യ. സമയം ഇനിയും കിടക്കുകയല്ലേ. നീണ്ടുനിവർന്ന്. ഒന്നുമങ്ങോട്ട് ആലോചിക്കാതെ അങ്ങു വായിക്കുക. തുടങ്ങാം...
എന്നായിരിക്കും അപ്പച്ചൻ എനിക്കു തറക്കല്ലിട്ടത്
എന്തായാലും ദേ ഞാൻ അമ്മയുടെ മറ്റേ പാത്രത്തീ വന്ന് വീണു.
ഏത് പാത്രാണെന്നോ. ഹയ്, മ്മടെ ഗർഭപാത്രേ..!
ടുലു നാടൻ കഥകൾ
ടുലു റോസ് ടോണി
കറന്റ് ബുക്സ്
വില: 160 രൂപ