ADVERTISEMENT

സമാധാനം, സമാധാനം എന്നൊരാൾ വീണ്ടും വീണ്ടും ഉരുവിടുമ്പോൾ യുദ്ധം, യുദ്ധം എന്ന് അനുയായികൾ കേൾക്കുക. അതേ ഗുരു തന്നെ, ലോകമെങ്ങും പല രൂപങ്ങളിൽ, ഭാവങ്ങളിൽ, അവതാരങ്ങളിൽ ആരാധിക്കപ്പെടുക. സ്നേഹിക്കപ്പെടുക. വാഴ്ത്തപ്പെടുക. വിധിയെ തിരുത്താൻ വീട് വിട്ടിറങ്ങിയ,ഭഗവാനായ മനുഷ്യന്റെ വിധിപൈരീത്യം. സ്വാർഥതയുടെ വീടിനു പകരം നിസ്വാർഥതയുടെ ആഗോള ഗ്രാമം സൃഷ്ടിച്ചിട്ടും അകത്തളങ്ങളിൽ പ്രതിമകളായും ശിൽപങ്ങളായും തളച്ചിടപ്പെട്ടതിന്റെ ക്രൂരത. ബുദ്ധനെ ആരാധിക്കുന്നവർ തന്നെ സംഘർഷങ്ങളുടെ വിത്ത് വിതയ്ക്കുന്നതിന്റെ നിഗൂഡതയിലേക്ക് വെളിച്ചം വീശുന്ന അപൂർവ രചനയാണ് മിനി പി.സിയുടെ ബുദ്ധമയൂരി. ശ്രീലങ്കൻ ആഭ്യന്തര യുദ്ധം എന്ന കപടനാട്യത്തെ  ഒരു കുടുംബത്തിലെ ബന്ധങ്ങളുടെ ഉലച്ചിലുകളിലേക്ക് സമർഥമായി ആവാഹിക്കുന്ന കഥ.

അതിസുന്ദരിയായ ഒരു ശലഭം. മുള്ളിലവിന്റെ മുകളിൽ നിന്ന് വേഗത്തിൽ താഴേക്കു പറന്നുവന്ന് ഹനുമാൻ കിരീടത്തിന്റെ പൂന്തേൻ കുടിക്കുന്നു. ചിറകടിക്കുമ്പോൾ വെളിച്ചത്തിനനുസരിച്ച് തിളങ്ങുന്ന മയിൽപ്പീലി നിറമായിരുന്നു അതിന്. ശലഭങ്ങളിലെ സുന്ദരിക്കോത. അവളു വന്നാ സമാധാനം വരുമെന്നാ വിശ്വാസം. ബുദ്ധമയൂരി.

എല്ലാക്കാലത്തും പുഷ്പിക്കുന്ന ചെടികളും പൂക്കളേക്കാളധികം നിറഭേദങ്ങളിലുള്ള ശലഭങ്ങളും പല താളത്തിൽ കരയുന്ന കുയിലുകളും പല ജാതി ദേശാടനപ്പക്ഷികളും. വീടിനു ചുറ്റും പൂന്തോട്ടം വളർത്തിയ മനുഷ്യൻ. അതേ വ്യക്തി തന്നെ പിന്നീട് ജനാല തുറക്കുമ്പോൾ തന്നെ അസ്വസ്ഥനാകുന്നതിനു കാരണം ബുദ്ധന്റെ ദുരന്തം തന്നെയാണ്. എല്ലാ ഗുരുക്കൻമാരെയും കാത്തിരുന്ന ദുരന്തം. അനുയായികൾ ഗുരുക്കൻമാർക്ക് നൽകിയ സ്നേഹോപഹാരം.

ഒരാൾക്ക് എത്ര ഭൂമി വേണം എന്ന ടോൾസ്റ്റോയ് കഥയുടെ അവസാന വരിയിൽ നിന്നുമാണ് തീരെ ചെറിയ കാര്യങ്ങൾ എന്ന കഥ തുടങ്ങുന്നത്. പഹോമിനെ ആറടി മണ്ണിൽ അടക്കി സന്തോഷച്ചിരി ചിരിച്ച ചെകുത്താന്റെ പുതിയ തന്ത്രങ്ങൾ. ഇനി ആരെ വിഴുങ്ങേണ്ടൂ എന്ന ചിന്തയോടെ ചെകുത്താൻ പോയത് ദൂരെ എങ്ങോട്ടുമല്ല. നമുക്കിടയിലേക്കു തന്നെയാണ്. കാതോർത്താൽ കേൾക്കാം ആ ചിരി. നിലയ്ക്കാത്ത അട്ടഹാസം.

കറുത്തമ്മ എന്ന കഥ തകഴി സൃഷ്ടിച്ച പ്രണയ ദുരന്തത്തിന്റെ വ്യാഖ്യമാനമോ വിശദീകരണമോ തുടർച്ചയോ അല്ല. കറുത്തമ്മ എന്ന പേരുകാരിയുടെ, കവിളിൽ മറുകുള്ള പ്രണയിനിയുടെ കടലാഴമുള്ള മനസ്സിനെക്കുറിച്ചാണ്. കാമുകനായി ചമഞ്ഞവൻ അവളുടെ പ്രണയം പങ്കായത്താൽ അടിച്ചുവീഴ്ത്തിയപ്പോൾ അഭയമായത് കരയല്ല, കടലാണ്. കരയുടെ നിയമങ്ങൾ അവളുടെ പുനർജൻമത്തെ അംഗീകരിക്കുന്നില്ല. കരയുടെ നാലതിരുകൾക്കു പുറത്ത്, കടലിന്റെ വിശാലതയിൽ പുതിയൊരു പ്രണയം ജനിക്കുകയാണ്. വ്യവസ്ഥാപിത നിയമങ്ങൾക്കും യാഥാസ്ഥിതിക വിശ്വാസങ്ങൾക്കും എത്തിച്ചേരാനാവാത്തിടത്ത്.പെണ്ണ് വഴി മാറി നടന്നാൽ തുറയാകെ കത്തുമെന്ന വിശ്വാസത്തിന്റെ ചങ്ങലയിൽ കുരുക്കിയിട്ട പെൺ ജൻമങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണത്.

ആസക്തികളുടെ കാറ്റും കോളും പെരുകി. അന്തമില്ലാത്ത ആകാശത്തിനു കീഴെ മറ്റൊരാകാശം പോലെ പടർന്ന കടലിന്റെ അഗാധങ്ങളിൽ നിന്നും വികാരങ്ങളുടെ കൊമ്പൻ സ്രാവുകൾ ചുഴികൾക്കു മുകളിലേക്കു കുതിച്ചുയർന്നു.

ദേശീയ മുരൾച്ചയിലെ കടവക്കുട്ടിയുടെ നിറം മാറ്റം, പൂച്ചകളെപ്പോലെ നടിക്കുന്ന കടുവകളെക്കുറിച്ചാണ്. എന്നാണവർ കൂറ്റൻ ദംഷ്ട്രകൾ പുറത്തെടുക്കുക. പ്രിയപ്പെട്ടവരെ ഒന്നൊന്നായി കാണാതാകുമ്പോൾ ആരെയാണ് സംശയിക്കേണ്ടത്. അവനിലേക്ക് സംശയമുന നീളാത്തിടത്തോളം അവൻ സുരക്ഷിതനാണ്. നമ്മളും. പ്രിയപ്പെട്ടവരോ?

ബുദ്ധമയൂരി

മിനി പി.സി.

ഡിസി ബുക്സ് ‌

വില 150 രൂപ 

English Summary:

Buddhamayuri: A Malayalam Novel Exploring Peace and Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com