ഒര ഇയ്യ് ഇൻചി ബല്ല... ഇൻചി ബല്ല
Mail This Article
കാടിന് കാടിന്റെ നിയമമമുണ്ട്; നാടിന് നാടിന്റേതും. ലിഖിത രൂപത്തിൽ നാടിനു നിയമമുണ്ടെങ്കിൽ കാടിന്റെ നിയമം അലിഖിതമാണ്. കാടിനും കാടുമായും ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും ആ നിയമമറിയാം. അത് വിചാരങ്ങളുടേതിനേക്കാൾ വികാരങ്ങളുടേതാണ്. വിചാരങ്ങളെപ്പോലും നിയന്ത്രിക്കുന്ന, നയിക്കുന്ന, അതിജീവിക്കുന്ന വികാരങ്ങൾ. അവ ഏറ്റുമുട്ടുന്നു. സ്വാഭാവിക സംഘർഷങ്ങൾ. ആ കഥ കാടിന്റെ കഥ തന്നെയാണ്. മനുഷ്യരുടേതും. നാട്ടിൽ നിന്നൊരാൾ പറയുമ്പോഴാണത് കഥയാകുന്നത്. കാട്ടിൽ നിന്നുതന്നെയുള്ള ആളാണെങ്കിൽ, കാടുമായി അഭേദ്യ ബന്ധമുള്ള ആളാണെങ്കിൽ അതു കഥയല്ല, ജീവിതം തന്നെയാണ്. ജീവചരിത്രം ആത്മകഥയാകുന്നു. ആധികാരികമാകുന്നു. സമഗ്രമാകുന്നു. പരസ്പരം എന്ന സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ, മറവിയുടെ, ഓർമയുടെ തിരുമുറിവുകൾ ജീവിതം പറയുന്നു. കെ.എൻ.പ്രശാന്തിന്റെ പൊനം എന്ന നോവലിൽ എന്നപോലെ.
ഈ കഥകൾ തുടങ്ങുന്നതും ഒടുങ്ങുന്നതും സ്ത്രീകളിലാണ്. പഴയ കരിമ്പുനത്തിന്റെ രതിദേവന ചിരുതയെയും അവൾ ഒരു ദിവസം മാഞ്ഞുപോയപ്പോൾ ഉയർന്നുവന്ന മകൾ പാർവ്വതിയെയും അവളുടെ മകൾ രമ്യയെയും കുറിച്ചുള്ള കഥകൾ. വെറുപ്പെന്നു തോന്നിക്കുന്ന മുഖഭാവത്തോടെ കരിയൻ ആ കഥകൾ പറഞ്ഞു. കൊടുക്കുന്ന മദ്യത്തിനു പകരമായി പുലരും വരെ കഥകൾ. യുവാവ് എന്ന നിലയിൽ പെൺകൂട്ട് ആഗ്രഹിക്കുന്നവരോട് ഒരു സഹതാപവും കാട്ടാതെ അവരുടെ ശരീര വടിവിനെയും ലൈംഗിക സാഹസങ്ങളെയും കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഏതു വിധിത്തിലും ആ സന്നിധിയിൽ എത്തണം എന്ന് ഒരു സൗന്ദര്യാരാധകനു തോന്നുംവിധം അവരുടെ കേളീവിലാസങ്ങളുടെ തീരാത്ത വർണന. എങ്കിലും എല്ലാ കഥകളുടെയും അവസാനം കഥ പറയുന്ന കരിയൻ അവരെ തേവിടിശ്ശികൾ എന്നു കാർക്കിച്ചുതുപ്പി.
പുതിയ കാലത്തിന്റെ പുരോഗമന ആശയങ്ങളുമായി പൊനത്തിൽ കയറുന്നവർക്ക് പൊള്ളും. അവർക്ക് പൊനം അസഹനീയമായിരിക്കും. സ്ത്രീകൾക്കു മാത്രമല്ല പുരുഷൻമാർക്കും. പൊനത്തിലെ ഒരു രാത്രി പുതിയ കാലത്തെ മനുഷ്യരുടെ ജീവിതത്തിലെ എല്ലാ രാത്രികൾക്കും സമാനമാണ്; എല്ലാ അർഥത്തിലും. പകലുകൾക്കുമുണ്ട് അതേ ദൈർഘ്യം. രാത്രിയുടെ പകലും അവരുടെ വരുതിയിലാണ്. ഇഷ്ടമുള്ളപ്പോൾ അവർ ഇരുട്ടാക്കുന്നു. അല്ലാത്തപ്പോഴെല്ലാം വെളിച്ചം. റാക്ക് ഒഴിച്ച ചില്ലുഗ്ലാസിലൂടെ കാണുന്ന കാഴ്ചഭ്രമം. ആനന്ദഭാരം. എന്നാലും പൊനത്തെ നിലനിർത്തിയത് പുരുഷൻമാരുടെ വീറും വാശിയുമല്ല. പകയും പ്രതികാരവുമല്ല. അധികാരവും അഹങ്കാരവുമല്ല. ആസക്തിയും കൂടുതൽ കൂടുതൽ ആസക്തിയും അല്ല. പെണ്ണുങ്ങളാണ്. മൂന്നു തലമുറകളുടെ കണ്ണും മെയ്യും മനസ്സും പ്രാപിക്കാൻ ശ്രമിച്ച ആസക്തിയുടെ മൂർത്തരൂപങ്ങൾ. അവരായിരുന്നു സാക്ഷികൾ. ഏറ്റവും ക്രൂരനായ അധികാരിയും അവർക്കു മുന്നിലെത്തി. എല്ലാം നഷ്ടപ്പെട്ടവനും അവരെത്തേടിയെത്തി. എല്ലാവരെയും അവർ സ്വീകരിച്ചു. സൽക്കരിച്ചു. ആവോളം പ്രണയം കൊടുത്തിട്ടും പ്രണയത്തിനായി കൊതിച്ചു. എല്ലാ മുറിവുകൾക്കും ഔഷധമായി. പുതിയ മുറിവുകൾ സമ്മാനിച്ചു. എവിടെപ്പോയാലും എല്ലാവരും തിരിച്ചുവരുമെന്ന ഉറപ്പിൽ കാലം കഴിഞ്ഞിട്ടും കാത്തിരുന്നു. കാലം പോലെ. കാട് പോലെ.
പോരടിച്ചത് പുരുഷൻമാരാണ്; എല്ലാ യുദ്ധക്കളങ്ങളിലും. എന്നാൽ, ആയുധങ്ങൾ സംഭരിച്ചത്, മുന കൂർപ്പിച്ചത്, കൊന്നതും കൊല്ലിച്ചതും ചത്തുവീണതും മാംസദാഹത്തിന്റെ മഹോന്നത വേദികളിലാണ്. നഷ്ടപ്പെടുത്താൻ വേണ്ടി നേടിയത്. വീണ്ടും വീണ്ടും നഷ്ടപ്പെട്ടതും നേടിയതും. പൊനത്തിൽ നിന്നിറങ്ങി പുതുകാലത്തിലേക്ക് ഉണരുമ്പോൾ ഉറപ്പാകുന്നുണ്ട്: എത്രമാത്രം കഷ്ടപ്പെട്ടാണ് പുരോഗമനത്തിന്റെ പുതുചങ്ങലകൾ തീർത്തതെന്ന്. അണിഞ്ഞതെന്ന്. ഏതു നിമിഷവും അവ അഴിയാം. മനുഷ്യൻ മനുഷ്യനിലേക്കു കുതികൊള്ളും; ആദിമ ചോദനകളിലേക്ക്. ഒരു നിയമവും ഇല്ലാത്ത, ഉള്ള നിയമങ്ങളെപ്പോലും അവഗണിക്കുന്ന, സ്വയം സൃഷ്ടിക്കുന്ന നിയമങ്ങളുടെ മാത്രം അനുചരൻമാരായ മനുഷ്യർ. സ്നേഹം അവർക്കന്യമല്ല. സഹതാപവും അനുതാപവും അകലെയല്ല. അവയെയെല്ലാം കീഴടക്കുന്നത് ആസക്തിയാണെന്നു മാത്രം. അനാസക്തി വിഫലവും അപ്രായോഗികവും അർഥശൂന്യവുമെന്നു ബോധ്യപ്പെടുത്തുന്ന ശക്തി–സൗന്ദര്യങ്ങളുടെ ലയം. എന്നാൽ, ഏറ്റവും ആഹ്ളാദമുള്ള, സംതൃപ്തിയുടെ നിമിഷങ്ങൾ പോലും നിരാശയിൽ, തോൽവിയിൽ, ഒന്നുമില്ലായ്മയിൽ ഒടുങ്ങുന്നു. വെല്ലുവിളിക്കുന്ന വന്യമൃഗങ്ങൾ പോലെ കാട് വീണ്ടും വളരുന്നു; വലുതാകുന്നു.
പുരുഷൻ ചേർത്തുപിടിക്കണമെന്നാണ് പെണ്ണ് ആഗ്രഹിച്ചത്. കാടും അതേ കരുതലാണ് തേടിയത്.
എന്നാൽ, അവന്റെ കണ്ണ് ലഹരിയിൽ കലങ്ങി. അവൻ ശരീരം മാത്രം കണ്ടു. ശരീരത്തെ കീഴടക്കാൻ വെമ്പി. വീണ്ടും വീണ്ടും തോറ്റിട്ടും പിൻമാറിയില്ല. മോഹത്തിന്റെ ചില്ലുപാത്രം ഒരിക്കലും ഉടയില്ലെന്നു വ്യാമോഹിച്ചു.
കാട് വെല്ലുവിളിച്ചുകൊണ്ടിരുന്നു. വെട്ടിയാലും തീരില്ലെന്നും, തീയിട്ടാലും വിണ്ടും കിളിർക്കുമെന്നും അനാദികാലത്തോളം അനന്തമായി തുടരുമെന്നും പ്രതീക്ഷിച്ചു.
മോഹത്തിന് അവസാനമില്ല, തുടർച്ച മാത്രം. പകയും തീരില്ല; പുകഞ്ഞു പുകഞ്ഞു കത്തും. മോഹിക്കുന്നവനും പക വളർത്തുന്നവരും കൂടി ആ തീയിൽ ചാമ്പലാകും. അതു പിന്നെ വളമാകും. അവിടെ പുതിയ നാമ്പുകൾ മുളയ്ക്കും. വളർന്നുമുറ്റി കാടാകും. കഥകൾ ഒളിപ്പിച്ചുവച്ച കാട്. പൊന്തക്കാടുകളിൽ നിന്നു പോലും കഥയെ വിളിച്ചിറക്കിക്കൊണ്ടുവരുന്ന പ്രശാന്ത് മലയാള സാഹിത്യത്തിൽ നട്ടുവളർത്തിയ കാട് എഴുത്തുകാർക്ക് വെല്ലുവിളിയാണ്. കീഴടക്കാൻ ക്ഷണിക്കുന്ന, എന്നാൽ അടുത്തുചെന്നാൽ അടിമയാക്കുന്ന കരിമ്പുനത്തിന്റെ തേവിടിശ്ശികളെപ്പോലെ.
പൊനം
കെ.എൻ.പ്രശാന്ത്
ഡിസി ബുക്സ്
വില 330 രൂപ