മൂന്ന് കൊലപാതകങ്ങൾ നടത്തിയ കില്ലർ വുമൺ, വധശിക്ഷ ഏറ്റുവാങ്ങി മാർഗരറ്റ്
Mail This Article
അധ്യായം: ഇരുപത്തിരണ്ട്
അതേ ആനന്ദത്തോടെയാണ് മൈക്കിളിന്റെ കഴുത്തിലേക്ക് കൈകളമർത്തി അവനെയെയും മാർഗരറ്റ് ഇല്ലാതാക്കിയത്. വിറായാർന്ന ശരീരത്തോടെ അവൾ ആ സെല്ലിനരികില്‍നിന്ന് മെന്റൽ സാനിറ്റോറിയത്തിന്റെ വിറകുപുരയിലേക്കെത്തി. ദീർഘമായി ശ്വസിച്ചു കൊണ്ട് അവൾ മുഹാറിനോട് പറയുവാനുള്ള വാക്കുകൾ അവൾ ഓർത്തെടുത്തു. പൊലീസ് പിടികൂടി, നിയമം അവളെ വധശിക്ഷയ്ക്ക് വിധിച്ചപ്പോഴും അവൾ കരഞ്ഞില്ല, ഒന്നും ന്യായീകരിച്ചില്ല. ആ ശിക്ഷ നടപ്പിലാക്കാൻ പോകുന്നതിന് നിമിഷമാത്ര ബാക്കിയുള്ളപ്പോൾ പറയാനായി കരുതി വെച്ചവ മാർഗരറ്റ് ആഴമനസ്സിൽ ഉരുവിട്ടു.
മുഹാജിർ... എന്റെ പ്രിയപ്പെട്ടവനേ... നീ എന്നോട് ക്ഷമിക്കുക. മനോഹരമായ ഈ ലോകത്തെ ജീവിതം നിനക്ക് മടുത്തിരുന്നില്ല എന്നെനിക്കറിയാം. ഭൂമിയുടെ വൈവിധ്യങ്ങളെയും താളങ്ങളെയും നീ നിന്നിലേക്കണച്ചു പിടിച്ചു. ജീവിതത്തിലെ ഓരോ നിമിഷവും നീ ആഘോഷിച്ചു. ഓരോ പ്രഭാതത്തെയും മന്ദസ്മിതത്തോടെ നീ വരവേറ്റു. ഓരോ അസ്തമയവും നീ ഓരോ കവിതയാക്കി. നിത്യതയിലെ അതുല്യ സ്നേഹമേ... നീയിവിടെ വാഴേണ്ടതായിരുന്നു. സ്നേഹിച്ചും സ്നേഹത്തെക്കുറിച്ചെഴുതിയും സ്നേഹമെന്തെന്ന് പഠിപ്പിച്ചും നീയിവിടെ ഉണ്ടാകണമായിരുന്നു. ജീവിതത്തോടായിരുന്നല്ലോ നിന്റെ ആസക്തി മുഴുവൻ.
മരണത്തെ നീ ഭയന്നിരുന്നു. വെറുത്തിരുന്നു. അതുകൊണ്ടാണ് മരണത്തിന് മുമ്പിൽ, എന്റെ വെട്ടുക്കത്തിക്ക് മുന്നിൽ നീ ദുർബലനായത്. നീ തളർന്നവനായത്. നിസ്സഹായനും ബോധരഹിതനുമായത്. ഓർക്കുമ്പോൾ എനിക്ക് കരച്ചിലടനാകുന്നില്ല മുഹാജിർ. ഒരു തെറ്റും ചെയ്യാത്ത നീ എന്റെ വെട്ടുകത്തിക്ക് മുന്നിൽ വെച്ച് മനസ്സിൽ വിചാരിച്ചതെന്തായിരുന്നു? തൊണ്ടയിൽ കുരുങ്ങിയ വാക്കുകളിലൂടെ പറയാൻ ശ്രമിച്ചത് എന്തായിരുന്നു? എന്റെ ക്രൂര മുഖം കാണുകയായിരുന്നു നീ. അതിന്റെ തീവ്രതയും പൈശാചികതയും അറിയുകയായിരുന്നു നീ.
മുഹാജിർ, നീയും വായിച്ചതല്ലേ ആ ഡയറിക്കുറിപ്പുകൾ? അതു വായിക്കുന്ന ആരും ആദ്യമായും അവസാനമായും ചിന്തിക്കുക സൂസന്റെ ആത്മഹത്യക്കുത്തരവാദി നീയാണെന്ന് തന്നെയാണ്. സോമശേഖരന്റെ വാക്കുകൾ കേൾക്കുന്ന ഒരാളും അത് പെരുംകള്ളമാണെന്ന് വിചാരിക്കില്ല. എന്തായാലും സൂസൻ അങ്ങനെ വിശ്വസിച്ചു. അവൾ ഒരു പാവമായിരുന്നു. ശുദ്ധഗതിക്കാരി. ആവശ്യത്തിലേറെ നിഷ്ക്കളങ്കത അവൾക്കുണ്ടായിരുന്നു. അതാണ് അവൾ ചതിക്കപ്പെട്ടത്. എല്ലാവരാലും വെറുക്കപ്പെട്ടത്. തഴയപ്പെട്ടത്. ആരാലും മനസ്സിലാക്കപ്പെടുത്തിരുന്നത്.
മുഹാജിർ, എന്റെ സ്ഥാനത്ത് നീയായിരുന്നെങ്കിലും ഞാൻ എന്ത് ചെയ്തുവോ അതുതന്നെ പ്രവർത്തിക്കുമായിരുന്നു. ഞാനെന്നെ ന്യായീകരിക്കുകയല്ല. എന്നാൽ യാഥാർഥ്യം അതാണ്. എനിക്ക് ശരി എന്ന് തോന്നിയതിലാണ് ഞാനത് ചെയ്തത്. നീതിയുടെ പക്ഷത്താണ് ഞാൻ നിലയുറപ്പിച്ചത്. അതുകൊണ്ടാകാം സത്യങ്ങൾ എന്നെ തേടി വരികയായിരുന്നു. കാരണങ്ങൾ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഞാൻ ഒരിടത്ത് ഒതുങ്ഹി കൂടിയവൾ മാത്രമായിരുന്നല്ലോ.
മുഹാജിർ, എന്റെ പ്രകാശമേ... എന്റെ ജീവിതത്തിന് തിരശീല വീഴുകയാണ്. നിന്റെ ലോകത്തേക്ക് ഞാനുമെത്താൻ പോകുന്നു. നിയമം എന്നെ തൂക്കിലേറ്റാൻ പോവുകയാണ്! പുലർച്ചെ കോടതിയുടെ ഉത്തരവ് ബന്ധപ്പെട്ടവർ നടപ്പിലാക്കും. ഞാനും ഇല്ലാതാകുവാൻ പോകുന്നു മുഹാജിർ!
എനിക്ക് ഭയമൊന്നുമില്ല കേട്ടോ. എന്നെ സംബന്ധിച്ച് ഞാൻ എപ്പോഴേ മരിച്ചു കഴിഞ്ഞു. സത്യത്തിൽ മൈക്കിളിനെക്കൂടി വകവരുത്തിയതിനുശേഷം ജീവനൊടുക്കാൻ തന്നെയായിരുന്നു എന്റെ പദ്ധതി. എന്നാൽ അവന്റെ അവസാനത്തെ പിടച്ചിലും കണ്ട് ക്രൂരമായ സംതൃപ്തിയോടെ മെന്റൽ സാനിറ്റോറിയം വിട്ട എന്നെ ഒട്ടും വൈകാതെ പോലീസ് പിടികൂടുകയായിരുന്നു. അതോടെ ആ പദ്ധതി നടക്കാതെ പോയി. പിന്നെ തൂക്കുകയറിന് വേണ്ടിയുള്ള ഒരു കാത്തിരിപ്പായിരുന്നു. ഞാൻ വക്കീലിനെ വെച്ചില്ല. കുറ്റങ്ങളെല്ലാം സമ്മതിച്ചു. ദയാഹർജിയും അയച്ചുമില്ല. ഇപ്പോൾ എനിക്ക് വേണ്ടി തൂക്കുമരം ഒരുങ്ങിയിരിക്കുന്നു. എവിടെ നിന്നോ ഒരു ആരാച്ചാരെ കൊണ്ടുവന്നിരിക്കുന്നു.
വധശിക്ഷ വിധിച്ചതിലൂടെ നിയമം എന്നോട് അനുകമ്പയും അലിവും കാട്ടുകയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. സ്വപ്നങ്ങളും സൗഭാഗ്യങ്ങളും കളഞ്ഞു പോയവളുടെ നിരർത്ഥക ജീവിതത്തേക്കാൾ എത്രയോ ഭേദമാണ് മരണം! എഴുത്തുകാരി, പ്രസാധക എന്നൊക്കെയുള്ള പ്രസിദ്ധിയെ, മൂന്ന് കൊലപാതകങ്ങൾ നടത്തിയ കില്ലർ വുമൺ എന്ന കുപ്രസിദ്ധി വിഴുങ്ങുന്നത് കണ്ട എനിക്ക് ഇനിയെന്ത് ജീവിതം? മാതാപിതാക്കളെ, ഭർത്താവിനെ, സഹോദരിയെ, കാമുകനെ... എന്നിങ്ങനെ ഓരോ ഘട്ടത്തിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എനിക്ക് മരണമാണ് ബാക്കിയായിട്ടുള്ളത്.
മുഹാജിർ... നിനക്കറിയാമോ, ഈ രാത്രി ഒരുപാട് സന്തോഷമുള്ള ഒരാളാണ് ഞാൻ. തണുത്ത വെള്ളത്തിൽ ആസ്വദിച്ചു കുളിച്ചു, ആഹാരം കഴിച്ചു. ഇനി പുലരുംവരെ ഞാൻ സുഖമായി ഉറങ്ങും. കാലങ്ങളായി നഷ്ടപ്പെട്ട ഉറക്കം മുഴുവൻ ഞാൻ ഉറങ്ങിത്തീർക്കും. ഒലിവറിന്റെ സ്മരണകളോ, സൂസന്റെ ചിതറിയ ശരീരമോ, നിന്റെയോ, കീർത്തിയുടെയോ, മൈക്കിളിന്റെയോ പിടച്ചിലുകളോ എന്നെ പിന്തുടരുകയില്ല. പുലർച്ചെ അവർ വന്ന് വിളിക്കുമ്പോൾ പതറാത്ത കാൽവെപ്പുകളിലൂടെ ഞാൻ കൂടെച്ചെല്ലും. എന്റെ മുഖം മൂടരുതെന്ന് ഞാൻ അവരോട് പറയും. എന്റെ ശരീരം വിറ കൊള്ളില്ല. എന്റെ വാചകങ്ങൾ മുറിഞ്ഞൊടുങ്ങില്ല.
ഒരു മാലയിടുന്ന ലാഘവത്തോടെ തൂക്കുകയർ ഞാൻ എന്റെ കഴുത്തിലണിയും. എനിക്കറിയാം ആ തൂക്കുമരത്തിൽ നിന്നും ഞാൻ ഉയർത്തപ്പെടുന്നത് നിന്നിലേക്കാണ്. ഉണരാതിരിക്കരുത് നീ. സ്വീകരിക്കാതിരിക്കരുതെന്നെ. നിന്റെ മനസ്സിന്റെ വിശുദ്ധിയും വിശാലതയും എനിക്ക് മാപ്പ് നൽകുമെന്ന് വിശ്വസിക്കുന്നവളാണ് ഞാൻ. നിനക്ക് എന്നെ അത്രക്കിഷ്ടമായിരുന്നു. ഞാനാണെങ്കിലോ മാപ്പ് പോലും പറയാനാകാത്തവിധം പശ്ചാത്താപ വിവശയാണ്. നിന്റെ അനുഗ്രഹത്തിലേക്കും നീയെന്ന അനുഭവത്തിലേക്കും ഞാനെന്നെ തിരിച്ചു പിടിക്കും. നിന്റെ പ്രകാശത്തിലേക്കും പ്രഭാവത്തിലേക്കും ഞാനെന്നെ ചേർത്ത് നിർത്തും. അനശ്വരതയിൽ ഒരു സങ്കീർത്തനമായി ഞാൻ നിനക്കൊപ്പം പുനർജനിക്കും!
(അവസാനിച്ചു)