ADVERTISEMENT

അധ്യായം: ആറ്

നാട്ടുപാതയിൽ സൂര്യകിരണങ്ങൾ വരച്ചുവെച്ച നിഴൽച്ചിത്രങ്ങൾക്ക് നീളം കുറഞ്ഞു വന്നു. മുത്തശ്ശി മാവിന്റെ ചോട്ടിൽ, കുതിരവണ്ടിയിൽ നിന്നും എടുത്തുവെച്ച മരയിരിപ്പിടത്തിൽ നിന്നും ഉറച്ച തീരുമാനത്തോടെ മൂത്തേടം പതുക്കെ എഴുന്നേറ്റു. എന്തുവന്നാലും സന്ധ്യമയങ്ങുന്നതിന് മുമ്പ് പൂക്കാട് കടക്കുക! പക്ഷേ ഈ നാല് ഭടന്മാരുടെ സംരക്ഷണത്തിൽ മാത്രം മുന്നോട്ട് പോകുകയെന്നത് തീർത്തും അപകടകരം തന്നെ. കൊട്ടാരത്തിലേക്ക് ആളെ വിട്ട് കൂടുതൽ സൈനികരെ എത്തിക്കാമെന്നുവെച്ചാൽ സമയം ഏറെ വൈകും. യാത്ര നാളത്തേക്ക് മാറ്റിവയ്ക്കേണ്ടി വരും. അതുമാത്രമല്ല; ചാത്തുക്കുട്ടിയെ പേടിച്ച് സുഭദ്ര തമ്പുരാട്ടിയുടെയും മകളുടെയും യാത്ര മാറ്റിവെച്ചെന്നു നാടറിഞ്ഞാൽ ആകെ നാണക്കേടാകും. പെട്ടെന്നാണ് മൂത്തേടത്തിന് എലത്തൂർ മനയിലെ കുഞ്ഞിച്ചോയിയെ ഓർമ്മ വന്നത്.

ചാത്തുക്കുട്ടി ഒറ്റ കുത്തിന് കൊന്ന തിരുവുള്ളന്റെ ഒരേയൊരു പെങ്ങൾ നീലിയെ കെട്ടിയവൻ. ചാത്തുകുട്ടിയോടുള്ള കോപം മനസ്സിൽ സൂക്ഷിക്കുന്നവൻ. ഈ നാട്ടുപാത എലത്തൂര്‍ പുഴയോട് ചേരുന്നയിടത്തു നിന്നും ഒരു പാണപ്പാട്ട് അകലത്താണ് എലത്തൂർ മന. സ്വന്തമായി അമ്പതോളം അഭ്യാസികളായ കോൽക്കാരെ തീറ്റി പോറ്റുന്നുണ്ട് കുഞ്ഞിച്ചോയി. അതിൽ കുറച്ച് കോൽക്കാരുടെ സംരക്ഷണമുണ്ടെങ്കിൽ ധൈര്യമായി പൂക്കാട് കടക്കാം. സഹായമഭ്യർഥിച്ചുള്ള മൂത്തേടത്തിന്റെ ഓലയുമായി ഒരു സുരക്ഷ ഭടൻ എലത്തൂർ മനയെ ലക്ഷ്യം വെച്ച് ഊടുവഴികളിലൂടെ അതിവേഗം പാഞ്ഞു.

മൂത്തേടം തിരികെ വന്ന് വണ്ടിയിൽ കയറി. കാർത്തികയും അമ്മയും നല്ല മയക്കത്തിലാണെന്നു തോന്നുന്നു. പൂക്കാട് കാട്ടിൽ ചാത്തുകുട്ടിയുണ്ടെന്ന വിവരം ഇവരറിയേണ്ട. സമാധാനമായി മയങ്ങിക്കൊള്ളട്ടെ. നാട്ടുവഴിയിലേക്ക് ചാഞ്ഞു വീണ അരിപ്പു ചെടികളിലെ പൂക്കളെ തലോടി കുതിര വണ്ടി പതുക്കെ മുന്നോട്ട് നീങ്ങി. പൂക്കളിൽ തേൻ നുകർന്ന ശലഭങ്ങൾ ചിതറി തെറിച്ച് പറന്നകന്നു. എലത്തൂർ പുഴയുടെ തീരത്തെത്തുമ്പോഴേക്കും ചങ്ങാടവും വള്ളവും തയാറാക്കി നാലഞ്ച് വള്ളക്കാർ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. വണ്ടിയിൽ നിന്ന് കുതിരകളെ അഴിച്ചെടുത്ത് ആദ്യം വണ്ടിയും പിന്നെ കുതിരകളെയും ചങ്ങാടത്തിൽ കയറ്റി. അലങ്കരിച്ച വള്ളത്തിൽ സുഭദ്ര തമ്പുരാട്ടിയും കാർത്തികയും കയറിയിരിക്കുമ്പോഴേക്കും കു‍ഞ്ഞിച്ചോയിയുടെ പത്തോളം കോൽക്കാർ കുതിര പുറത്തേറി തീരത്തെത്തിയിരുന്നു. ശാന്തമായി ഒഴുകുന്ന എലത്തൂർ പുഴയിൽ വള്ളക്കാരുടെ തുഴകൾ ജലവൃത്തങ്ങൾ വരയ്ക്കാൻ തുടങ്ങി. ആ കുഞ്ഞോളങ്ങളിൽ മാലാൻ കൂട്ടങ്ങൾ നൃത്തം ചെയ്തു. മിന്നി പുളയ്ക്കുന്ന മീനുകളെ ലക്ഷ്യമിട്ട് നീലാകാശത്തിൽ പരുന്തുകൾ വട്ടം ചുറ്റി.

പുഴ കടന്ന്, ഇരുവശവും കുറ്റിക്കാടുകൾ പന്തലിച്ച നാട്ടുവഴിയിലൂടെ സഞ്ചരിക്കുമ്പോൾ മൂത്തേടത്തിന്റെ കണ്ണുകൾ പരൽ മീനിനെപോലെ ചുറ്റും പരതിക്കൊണ്ടിരുന്നു. കുഞ്ഞിച്ചോയിയുടെ അഞ്ച് വീതം കോൽക്കാര്‍ മുമ്പിലും പിമ്പിലുമായി അകമ്പടി സേവിക്കുന്നുണ്ടെങ്കിലും തന്റെയൊരു കണ്ണ് എല്ലായിടത്തും വേണമെന്ന് മൂത്തേടത്തിന് നിർബന്ധമുണ്ടായിരുന്നു. പുഴ കടന്ന് ഒരു നാഴിക പിന്നിട്ടപ്പോഴാണ്, പൊതുവഴിയോട് ചേരുന്ന ഊടുവഴികളില്‍ നിന്ന് ഒരാരവം കേട്ടത്. കോൽക്കാർ തങ്ങളുടെ കുതിരകളെ കടിഞ്ഞാണിട്ടു. വാൾ പിടികളിൽ കൈ മുറുക്കി. മൂത്തേടം ജാഗരൂകനായി.

ഭടന്മാർ തങ്ങളുടെ കുതിരകളെ രഥത്തോട് ചേർത്ത് സംരക്ഷണ കവചം തീർത്തു. കാട്ടുപൊന്തകൾ ഉലച്ചുകൊണ്ട് ആരവം അടുത്തടുത്ത് വരികയാണ്. അതുവരെ സംഭരിച്ചു വെച്ച ധൈര്യം ചോർന്നു പോകുന്നതായി മൂത്തേടത്തിന് തോന്നി. ഭയത്തിന്റെ പെരുമ്പാമ്പ് പെരുവിരലിൽ നിന്നും തലച്ചോറിലേക്ക് ഇഴഞ്ഞു കയറാൻ തുടങ്ങി. കുറ്റിക്കാടുകൾക്ക് മുകളിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് മുളം കൊട്ടകളായിരുന്നു. ചകിരി കയറും മൺപാത്രങ്ങളും കൈതോല പായയും കായ്ഫലങ്ങളും മറ്റും നിറച്ച കൊട്ടകൾ.

പന്തലായനി ചന്തയിലേക്ക് സാധനങ്ങൾ വിൽക്കാൻ കൊണ്ടു പോകുന്ന എലത്തൂർ കളത്തിലെ അയിത്തജാതിക്കാർ. വാതോരാതെ വർത്തമാനം പറഞ്ഞ്, മുറുക്കി ചുവപ്പിച്ച ഉമിനീര് കാട്ടുചെടികളിൽ നീട്ടി തുപ്പി, ആണും പെണ്ണുമടങ്ങുന്ന ഒരു കൂട്ടം ഒഴുകി വരികയാണ്. അയിത്ത ജാതിക്കാരാണെന്ന് കണ്ടതോടെ സുരക്ഷ ഭടന്മാരിലെ പ്രധാനി കുഴലെടുത്ത് ഊതി ശബ്ദമുണ്ടാക്കി. അയിത്ത ജാതിക്കാർ തീണ്ടാപാട് അകലെ നിൽക്കാനുള്ള നിർദ്ദേശമാണത്. കടിഞ്ഞാണയഞ്ഞതോടെ കോൽക്കാരുടെ കുതിരകൾ മുന്നോട്ട് നീങ്ങി. പിന്നാലെ മറ്റുള്ളവരും. ഏറ്റവും പിറകിലായി നിശ്ചിതയകലത്തിൽ അയിത്ത ജാതിക്കൂട്ടങ്ങളും. അവരു കൂടി ചേർന്നതോടെ തന്റെ സംഘം കൂടുതൽ ബലപ്പെട്ടതായി മൂത്തേടത്തിന്റെ തോന്നി.

നാട്ടുവഴിക്കിരുവശമുള്ള കാട്ടുപൊന്തകൾക്കിടയിൽ കാട്ടുവൃക്ഷങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇനിയങ്ങോട്ട് കാടാണ്, പൂക്കാടെന്ന കൊടുംകാട്. കാട്ടുകള്ളന്മാരുടെയും കൊള്ളക്കാരുടെയും വിഹാരകേന്ദ്രം. നട്ടുച്ചയായിട്ടും മങ്ങിയ വെളിച്ചം മാത്രമേയുണ്ടായിരുന്നുള്ളു. കിളികളുടെയും ക്ഷുദ്രജീവികളുടെയും ശബ്ദങ്ങൾ ഇടയ്ക്കിടെ ഉയർന്നു കേട്ടു. വേഗത്തിൽ സഞ്ചരിച്ചാൽ രണ്ട് മണിക്കൂറുകൊണ്ട് പൂക്കാട് കടക്കാം. പക്ഷേ പാറക്കല്ലുകളും ഒടിഞ്ഞുവീണ മരത്തടികളും യാത്രയെ ദുഷ്കരമാക്കി.

ഈ കാടിനുള്ളിലെവിടെയോ ചാത്തുകുട്ടിയും സംഘവും തങ്ങളെ നിരീക്ഷിക്കുന്നുണ്ടാവുമോ എന്ന ഭയത്താൽ മൂത്തേടത്തിന്റെ കണ്ണുകൾ നാട്ടുവഴിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. അപ്പോൾ അയിത്ത ജാതിക്കൂട്ടങ്ങളിലൊരാൾ ഏറ്റവും പിന്നിലുള്ള കുറച്ചു പേർക്ക് പ്രത്യേക ആംഗ്യനിർദേശം നൽകി. തോളത്ത് ചുറ്റിവെച്ച കയറുമായി താഴ്ന്നു കിടന്ന ശിഖരത്തിലൂടെ ഒരു വലിയ മരത്തിന്മേൽ മരഞ്ചാടിയെ പോലെ ചാടി കയറി. നീണ്ടു കിടക്കുന്ന ശിഖരങ്ങളിലൂടെ കാൽവിരലുകള്‍ മാത്രം ഉപയോഗിച്ച് സന്തുലനം ചെയ്ത് മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് വേഗത്തിലോടി മറഞ്ഞു. ചാത്തുകുട്ടി..?

(തുടരും)

English Summary:

E-novel Chandravimukhi written by Bajith CV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com