ADVERTISEMENT

അധ്യായം: അഞ്ച്  

പിറ്റേന്ന് അമ്മയുടെ പിറന്നാളായിരുന്നു. അച്ഛൻ പുത്തനൊരു പട്ടുസാരി അമ്മയ്ക്ക് സമ്മാനമായി നൽകി. നേരത്തെ മാധവൻ മാമനും ദീപക് അങ്കിളും തന്ന പൈസകൊണ്ട് ഒരു കുഞ്ഞിപ്പെട്ടി നിറയെ അമ്മയ്ക്ക് ചോക്ലേറ്റ് വാങ്ങി നൽകി കുട്ടിക്കൂട്ടം. ഒരു വെള്ള പേപ്പറിൽ പല നിറങ്ങളുള്ള സ്കെച്ചു പെന്നുകൾകൊണ്ട് ‘വി ലവ് യൂ അമ്മ’ എന്നെഴുതി ആ പേപ്പർ കൊണ്ടാണ് കുട്ടികൾ ചോക്ലേറ്റ് പെട്ടി പൊതിഞ്ഞത്. അവരുടെ സമ്മാനപ്പൊതി കണ്ട് സന്തോഷംകൊണ്ട് അമ്മയുടെ കണ്ണു നിറഞ്ഞു. കുട്ടികൾക്കെല്ലാവർക്കും കെട്ടിപ്പിടിച്ചുമ്മ നൽകി അമ്മ. കുട്ടികൾ തിരിച്ചും അമ്മയ്ക്ക് ചക്കരയുമ്മ കൊടുത്തു.

‘‘ഈ സ്നേഹവൊക്കെ എന്നും കണ്ടാ മതിയാരുന്നു’’.

അച്ഛന്റെ ആ കമന്റ് മഴയ്ക്കത്ര ഇഷ്ടമായില്ല.

‘‘അതെന്താ അച്ഛാ അങ്ങനെയൊരു ടോക്ക്’’ 

‘‘എന്റെ മയേച്ചി, ഞാനൊരു തമാശ പറഞ്ഞതല്ലേ’’, അച്ഛൻ ചിരിച്ചു.

‘‘ഓഹോ, ഇനി ഇങ്ങനത്തെ തമാശ വേണ്ട കേട്ടോ’’, മഴ ഗൗരവത്തിൽ തന്നെയാണതു പറഞ്ഞത്.

അച്ഛനും അമ്മയും എന്നു വെച്ചാൽ അവൾക്കു ജീവന്റെ ജീവനാണ്. ആ സ്നേഹത്തെ തമാശയായി കാണുന്നതുപോലും അവൾക്കു സഹിക്കാനാവില്ല. അതുകൊണ്ടാണ് അച്ഛൻ പറഞ്ഞ നിർദോഷമായൊരു കമന്റ് അവൾക്കത്രമാത്രം ഫീൽ ചെയ്തത്.

കുഞ്ഞായിരുന്നപ്പോൾ മഴ പറഞ്ഞ ഒരു കാര്യം അപ്പോൾ അമ്മ ഓർത്തു; ‘‘ഞാൻ കല്യാണം കഴിക്കുന്നില്ലമ്മേ, കല്യാണം കഴിച്ചാ വേറെ വീട്ടിൽ പോകണ്ടേ, അപ്പോ നിങ്ങളെ കാണാൻ പറ്റില്ലല്ലോ’’.

അവൾക്ക് ഒരു മാറ്റവും വന്നിട്ടില്ല. അന്നും ഇന്നും അച്ഛനും അമ്മയും കഴിഞ്ഞേ അവൾക്ക് ഈ ലോകത്തിൽ മറ്റെന്തുമുള്ളൂ.

അമ്മയുടെ പിറന്നാൾ പ്രമാണിച്ച് രാത്രി ടൗണിൽ പോയി ഫുഡ് കഴിക്കാമെന്നും ഒരു സിനിമ കാണാമെന്നും അച്ഛന്റെ ഓഫറുണ്ട്. എട്ടു മണി കഴിഞ്ഞപ്പോഴേക്കും അവർ ടൗണിലെ പാരഡൈസ് ഹോട്ടലിൽ എത്തി. നിളയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ചിക്കൻ ബിരിയാണി തന്നെ ഓർഡർ ചെയ്തു. ഹണി അൽഫാമാണ് മഴ ഓർഡർ ചെയ്തത്. അച്ഛനും അമ്മയും വാങ്ങിയത് ബീഫ് ബിരിയാണി ആയിരുന്നു. നീലൂട്ടിക്ക് സ്വന്തമായി ഒന്നും വേണ്ട, എല്ലാരും കഴിക്കുന്ന ഫുഡിന്റെ പങ്ക് മതി. അങ്ങനെ ഇത്തിരി ചിക്കൻ ബിരിയാണിയും ഒരു കുഞ്ഞി പീസ് ഹണി അൽഫാമും അൽപ്പം ബീഫ് ബിരിയാണിയും അവൾ അകത്താക്കി.

9:30നാണ് സിനിമ. സിനിമയ്ക്ക് പതിനഞ്ച് മിനിറ്റ് മുമ്പ് തന്നെ അവർ തിയറ്ററിലെത്തി. ബാൽക്കണിയിൽ അഞ്ച് ടിക്കറ്റ് അച്ഛൻ നേരത്തേതന്നെ ബുക്ക് ചെയ്തിരുന്നു. ഓൺലൈൻ കൗണ്ടറിൽനിന്നു ടിക്കറ്റ് വാങ്ങി അവർ തിയറ്ററിനുള്ളിലേയ്ക്കു കയറി. നല്ലയാളുണ്ട് സിനിമയ്ക്ക്. ഫഹദ് ഫാസിൽ നായകനായ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമയാണ് അവർ കാണാൻ പോകുന്നത്.

സിനിമയുടെ ഡീറ്റെയിൽസൊക്കെ മഴ ഗൂഗിൾ നോക്കി നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു. സത്യൻ അന്തിക്കാട് അങ്കിളിന്റെ മകൻ അഖിൽ സത്യനാണ് സംവിധായകൻ. മഴയുടെ ഫേവറൈറ്റ് ഡയറക്ടറാണ് സത്യൻ അന്തിക്കാട്. ‘വീണ്ടും ചില വീട്ടുകാര്യങ്ങളും’ ‘മനസ്സിനക്കരെ’യുമൊക്കെ എത്ര തവണ കണ്ടിട്ടുണ്ടെന്ന് മഴയ്ക്കു തന്നെ നിശ്ചയമില്ല. ഏതായാലും സത്യനങ്കിളിന്റെ മകനും മോശമാക്കിയില്ല. സിനിമ എല്ലാവർക്കും ഇഷ്ടമായി. ഈ സിനിമ ശരിക്കും ഒരത്ഭുതം തന്നെ, എത്ര വേഗമാണ് നമ്മൾ റിയൽ വേൾഡീന്ന് മറ്റൊരു വേൾഡിലേയ്ക്ക് എത്തിച്ചേരുന്നത്. മഴ ചിന്തിച്ചു. സിനിമ കഴിഞ്ഞ് ഓരോ ഐസ്ക്രീമും കഴിച്ചിട്ടാണ് എല്ലാവരും വീട്ടിലെത്തിയത്. കാറിൽ വച്ചുതന്നെ അമ്മയുടെ മടിയിൽ കിടന്ന് നിലാവ് ഉറക്കം പിടിച്ചിരുന്നു.

‘‘നാളെ സെക്കൻഡ് സാറ്റർഡേയല്ലേ, നിന്റെ അച്ഛന് ഓഫിസില്ലല്ലോ? നാളേം വന്നില്ലെങ്കിൽ നീ എന്നോട് മിണ്ടാൻ വരണ്ട’’. ഫാത്തിമ നല്ല ദേഷ്യത്തിലാണ്.

‘‘എന്റെ പാത്തൂ, ഞങ്ങൾ മനഃപൂർവം വരാത്തതാണോ? അച്ഛനൊരു ഹോളിഡേ കിട്ടിയാൽ അന്നൊരായിരം പരിപാടികളാ. നാളെ ഏതായാലും ഞങ്ങൾ നിന്റെ ഫാത്തിമ മൻസിലിൽ എത്തിയിരിക്കും. പ്രോമിസ്’’.

ആ പ്രോമിസ് കേട്ടപ്പോഴാണ് ഫാത്തിമയുടെ മുഖമൊന്നു തെളിഞ്ഞത്. അവൾക്കു സന്തോഷമായി.മഴ ഒരു കാര്യം പ്രോമിസ് ചെയ്താ അതു നടത്തിയിരിക്കും. ഇന്നുവരെ അതിനൊരു മാറ്റമുണ്ടായിട്ടില്ല.

ഫാത്തിമ ഉപ്പയേം ഉമ്മയേം കൂട്ടി പലതവണ സൂര്യകാന്തിയിൽ എത്തിയിട്ടുണ്ട്. പക്ഷേ, ഒരിക്കൽപോലും തിരിച്ചവരുടെ വീട്ടിലേക്കു ചെല്ലുവാൻ സൂര്യകാന്തിയിലുള്ളവർക്ക് കഴിഞ്ഞിട്ടില്ല. അച്ഛന്റെ തിരക്കുകൾതന്നെ കാരണം. പക്ഷേ, എത്ര തിരക്കായാലും നാളെ പോയേപറ്റൂ. മഴ മനസ്സിലുറപ്പിച്ചു.

പതിവിനു വിപരീതമായി ഈ ശനിയാഴ്ച കാര്യമായ പരിപാടികൾ ഒന്നും അച്ഛൻ ഏറ്റെടുത്തിരുന്നില്ല. അതുകൊണ്ട് ഫാത്തിമ മൻസിലിലേക്കുള്ള യാത്ര തടസ്സങ്ങളില്ലാതെ തീരുമാനമായി. നാളെ പാത്തുചേച്ചീടെ വീട്ടിൽ പോകുകയാണെന്നറിഞ്ഞതോടെ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു നിളയും നിലാവും. അത്ര ഇഷ്ടമാണ് അവർക്ക് പാത്തൂനെ, പാത്തൂന് തിരിച്ചും.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

വീട്ടിലെ ഒറ്റ മോളായ ഫാത്തിമയ്ക്ക് മഴയുടെ അനിയത്തിമാർ സ്വന്തം അനിയത്തിമാർ തന്നെയാണ്. സൂര്യകാന്തിയിലെത്തിയാൽ അവരെ എടുത്തും അവർക്കൊപ്പം കളിച്ചും മറ്റൊരു മഴയാകും ഫാത്തിമ. അനിയത്തിമാർക്കു കൊടുക്കാനായി ചോക്ലേറ്റും സ്വീറ്റ്സുവൊക്കെ ഒരുപാടു തവണ അവൾ മഴയുടെ കയ്യിൽ കൊടുത്തു വിട്ടിട്ടുണ്ട്.

പിറ്റേന്നു രാവിലെതന്നെ സൂര്യകാന്തി കുടുംബം ഫാത്തിമ മൻസിലിലെത്തി. പാത്തു ചേച്ചിയെ കണ്ടതോടെ നിലാവ് അവളുടെ തോളിൽ ഓടിക്കയറി.

മഴയ്ക്കും വീട്ടുകാർക്കുമുള്ള സ്പെഷലായി നല്ല ഒന്നാംതരം പത്തിരിയും ചിക്കൻ കറിയും പാത്തുവും ഉമ്മച്ചിയും ചേർന്ന് തയാറാക്കിയിരുന്നു.

‘‘ഇത്ര നല്ല ചിക്കൻ കറി കഴിച്ചിട്ട് ഒരുപാട് നാളായി’’, മഴയുടെ അമ്മ ഉമ്മച്ചിയെ അഭിനന്ദിച്ചു.

‘‘ഞാൻ വെറുതെ കൂടിയെന്നേയുള്ളൂ, മെയ്ൻ കുക്ക് ഇവളാ. ഇവൾ യൂ ട്യൂബൊക്കെ നോക്കി ഓരോന്നൊക്കെ പരീക്ഷിക്കും. അങ്ങനെയൊരു പരീക്ഷണവാ ഇതും’’, ഉമ്മച്ചി പറഞ്ഞു.

‘‘ആഹാ മിടുക്കി’’, പാത്തൂനെ ചേർത്തു നിർത്തികൊണ്ട് അമ്മ വാത്സല്യത്തോടെ പറഞ്ഞു.

‘‘ഈ കറീടെ പേരെന്താ മോളേ?’’ അച്ഛന്റെ ചോദ്യം.

‘‘ഇത് മലബാർ സ്പെഷൽ ചിക്കൻ കറിയാ അച്ഛാ’’, പാത്തൂന്റെ മറുപടി.

‘‘മഴ മോളേ, പാത്തൂനോട് ചോദിച്ച് ഇതിന്റെ റെസിപ്പിയൊന്നു പഠിച്ചോ, നമ്മൾക്കിനി വീട്ടിലും ഉണ്ടാക്കാം മലബാർ സ്പെഷ്യൽ ചിക്കൻ കറി’’. 

‘‘അക്കാര്യം ഞാനേറ്റു അച്ചാ’’, മഴ ചിരിച്ചു.

പുഴയോരത്താണ് പാത്തുവിന്റെ വീട്. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഒന്നിച്ച് അവിടേക്ക് നടന്നു.

‘‘എന്നെ വെള്ളത്തിലിറക്കുവോ പാത്തു ചേച്ചി?’’, പാത്തുവിന്റെ കൈപിടിച്ച് നിളയുടെ ചോദ്യം.

‘‘അയ്യോ പുഴേൽ നല്ല ഒഴുക്കുണ്ട് നിള മോളേ, നമ്മുക്കിപ്പോ ഇറങ്ങാൻ പറ്റില്ല’’, പാത്തൂന്റെ മറുപടികേട്ട് നിളയുടെ മുഖം വാടി. ആ സങ്കടം പാത്തു കണ്ടു.

‘‘അയ്യോ, സങ്കടായോ എന്റെ നിളക്കൊച്ചിന്. എന്നാ ചേച്ചീടെ കൈവിടാതെ ഇവിടെനിന്ന് കാലൊന്നു നനച്ചോ’’, നിളയെയും കൂട്ടി പുഴയിലേക്കുള്ള കൽനട ഇറങ്ങവേ പാത്തു പറഞ്ഞു.

‘‘സൂക്ഷിക്കണേ മോളേ’’, മുകളിൽനിന്ന്‌ ഉമ്മച്ചിയുടെ ശബ്ദം.

നിള അവളുടെ വെള്ളി പാദസരമണിഞ്ഞ കുഞ്ഞിക്കാലുകൾകൊണ്ട് പുഴവെള്ളത്തെ തൊട്ടു.

‘‘ഹാവൂ, എന്തൊരു തണുപ്പാ പാത്തു ചേച്ചി!, ഐസ് വെള്ളം പോലെയിരിക്കുന്നു’’, അവൾ പെട്ടെന്നു കാൽ വലിച്ചു.

‘‘ഈ ഐസുവെള്ളത്തിൽ പിടിച്ചു മുക്കിയെടുക്കട്ടെ നിന്നെ?’’, മഴയുടെ ചോദ്യം.

‘‘അയ്യോ വേണ്ടേ’’, പാത്തുവിന്റെ കയ്യിൽതൂങ്ങി നീളമോൾ ചിണുങ്ങി.

ഇതിനകം പാത്തുവിന്റെ ഉപ്പയുമായി നല്ല കമ്പനിയായി കഴിഞ്ഞിരുന്നു നിലാവ്. അവൾ ഉപ്പയുടെ തോളിലിരുന്ന് പുഴയോരത്തെ കാഴ്ചകളൊക്കെ കാണുകയാണ്.

കാഴ്ചകളെല്ലാം കണ്ട് തിരിച്ചു വീട്ടിലെത്തി, വിഭവ സമൃദ്ധമായ ഊണും കഴിഞ്ഞ് മൂന്നു മണിയോടെയാണ് പാത്തുവിന്റെ വീട്ടിൽനിന്നു മഴയും വീട്ടുകാരും യാത്രയായത്. ഫാത്തിമ മൻസിലിൽനിന്നിറങ്ങുവാൻ കുട്ടികൾക്ക് ഒട്ടും മനസ്സുണ്ടായിരുന്നില്ല. ‘‘നമ്മൾക്കിനീം ഇവിടെവരാം നീലൂട്ടി’’ എന്ന് അച്ഛൻ ഉറപ്പു കൊടുത്തിട്ടാണ് ഉപ്പേടെ തോളിൽ നിന്നറങ്ങി കാറിൽ കയറാൻ നിലാവ് സമ്മതിച്ചത്. വലിയ സങ്കടത്തിൽ തന്നെയായിരുന്നു നിളമോളും. നമ്മൾക്ക് ഇഷ്ടമുള്ള ആൾക്കാരുടെ കൂടെ ഇരിക്കുമ്പോ എത്ര പെട്ടെന്നാണ് സമയം പോകുന്നത്, നിള ചിന്തിച്ചു. അവരുടെ കാർ വളവു തിരഞ്ഞു പോകുന്ന സമയംവരെ ഗേറ്റിനു പുറത്ത് കൈവീശി നിൽപ്പുണ്ടായിരുന്നു പാത്തുവും ഉപ്പയും ഉമ്മച്ചിയും.

(തുടരും)

English Summary:

Mazha, Nila, Nilavu Children's Novel written by M J Jins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com