'നമ്മുടെ സന്തോഷങ്ങള് ഒരിക്കലും നമ്മൾ തന്നെ ഇല്ലാതാക്കരുത്...'
Mail This Article
അധ്യായം: ഏഴ്
അത്താഴം കഴിഞ്ഞ് അമ്മയുടെ അലമാരയിലെ ഡ്രസ്സുകളൊക്കെ അടുക്കി വെയ്ക്കുകയായിരുന്നു മഴ. തനിക്കും അനിയത്തിമാർക്കുമുള്ള ഡ്രസ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെക്കുറച്ച് ഡ്രസ്സുകൾ മാത്രമാണ് അച്ഛനും അമ്മയ്ക്കു ഉള്ളതെന്ന് അവളോർത്തു. അപ്പോഴാണ് ഡ്രസുകൾക്കിടയ്ക്കുനിന്ന് ഒരു ഡയറി താഴേയ്ക്കു വീഴുന്നത്. മഴ കൗതുകത്തോടെ ആ ഡയറി തുറന്നു. ആദ്യ പേജിൽ പതിനേഴോ പതിനെട്ടോ വയസ്സുള്ള അമ്മയുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഒട്ടിച്ചിരിക്കുന്നു. മുടി രണ്ടായി പിന്നിയിട്ട, വലിയ വട്ടപ്പൊട്ടുതൊട്ട, കണ്ണെഴുതിയ മഴ കാണാത്ത ഒരമ്മ. അവൾ ആ ചിത്രം കുറച്ചേറെ നേരം നോക്കി നിന്നു. പിന്നെ പേജുകൾ മറിച്ചു. ഉള്ളിലതാ ഒരു പഴയ പത്ര കട്ടിങ്; 'സംസ്ഥാന സ്കൂൾ കലോത്സവം: ലളിതഗാനം ഒന്നാം സ്ഥാനം സി. പാർവ്വതിക്ക്'. അമ്മ!
മഴക്കിത് വിശ്വസിക്കുവാൻ കഴിയുന്നില്ല. അമ്മ പാട്ടു പാടുന്നത് അവൾ ഇതുവരെ കേട്ടിട്ടില്ല. "അമ്മേ", മഴ ഉറക്കെ വിളിച്ചു. "എന്താടീ", മഴയുടെ വിളികേട്ട് അമ്മ അവിടേക്കെത്തി. അവളുടെ കയ്യിലിരുന്ന പത്രകട്ടിങ് കണ്ടപ്പോൾതന്നെ അമ്മയ്ക്ക് കാര്യം മനസ്സിലായി.
"ഇത്രേം കഴിവുണ്ടായിട്ടാണോ അമ്മേ, അമ്മ പാട്ട് ഉപേക്ഷിച്ചു കളഞ്ഞേ", സങ്കടംകൊണ്ട് മഴയുടെ തൊണ്ടയിടറി. "അങ്ങനെ മനപൂർവം ഉപേക്ഷിച്ചതൊന്നുവല്ല മോളേ, ജീവിതത്തിൽ ഓരോ പ്രാരാബ്ധങ്ങൾ വന്നപ്പോ അതൊക്കെ അങ്ങ് ഇല്ലാണ്ടായിപ്പോയി". ചെറിയൊരു പുഞ്ചിരിയോടെയാണ് അമ്മയതു പറഞ്ഞതെങ്കിലും ആ നെഞ്ചിലൊരു കടലിരമ്പുന്നത് മഴയ്ക്ക് കേൾക്കാമായിരുന്നു. അവളമ്മയെ മുറുക്കെ കെട്ടിപ്പിടിച്ചു. രണ്ടുപേരുടെയും കണ്ണു നിറഞ്ഞു.
"മഴമോളേ, എത്രകാലം കഴിഞ്ഞാലും നിനക്കിഷ്ടമുള്ള കാര്യങ്ങളൊന്നും ഉപേക്ഷിക്കരുത് കേട്ടോ. ഈ കവിതയെഴുത്തും പടം വരയും ഒക്കെ എപ്പഴും നിന്റെ കൂടെ വേണം. നമ്മുടെ സന്തോഷങ്ങളെ നമ്മൾതന്നെ ഇല്ലാണ്ടാക്കരുത് ". മഴയ്ക്കു മറുപടി പറയാൻ വാക്കുകളൊന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ കൈ ചേർത്തു പിടിച്ച് ആ കൈവെള്ളയിൽ ഒരുമ്മ നൽകി, ഒന്നും മിണ്ടാതെ മഴ മുറിക്ക് പുറത്തേക്കിറങ്ങി.
താനൊരു കവിത എഴുതിയിട്ട് കുറ നാളുകളായല്ലോ എന്ന് മഴ ഓർത്തു. സ്റ്റഡി ടേബിളിലെ ടെക്സ്റ്റ് ബുക്കുകൾക്ക് താഴെയിരിക്കുന്ന കവിതാ പുസ്തകം എടുത്ത് അവൾ തുറന്നു.
അതിലെ ആദ്യപേജിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. "ഇതെന്റെ ഹൃദയ പുസ്തകം. എന്റെ ഓർമകളും സ്വപ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ കൂടിച്ചേരുന്ന എന്റെ സ്വകാര്യ ഇടം".
മഴ താളുകൾ മറിക്കുകയാണ്.
"അമ്മതൻ കൈപിടിച്ചങ്കണവാടിതൻ
അങ്കണത്തിലേയ്ക്കു ഞാൻ കയറീടവേ
അറിയാതെ എൻ മിഴിയിൽ നിന്നുമശ്രുക്കൾ
അന്നെൻ മുഖത്തെ നനച്ചൊരാ നേരത്ത്..."
എന്നിങ്ങനെ പോകുന്ന 'ആദ്യകാലോർമകൾ ' എന്ന കവിത അവൾ ഒരിക്കൽക്കൂടി വായിച്ചു. കുറേ നാൾ മുമ്പെഴുതിയതാണ്. ചില തിരുത്തലുകൾ വരുത്തിയാൽ ഇതു കുറേക്കൂടി നന്നാക്കാം. മഴ മനസ്സിലോർത്തു.
എഴുതിയ കവിതകളിൽ ഏറ്റവും ഇഷ്ടമുള്ള വരികൾ മഴ അണ്ടർലൈൻ ചെയ്തിടും. കഴിഞ്ഞ വർഷം സ്കൂൾ മാഗസിനു വേണ്ടി എഴുതിയ 'യാത്ര' എന്ന കവിതയിലെ അവസാന വരികൾ അവളങ്ങനെ വരച്ചിട്ടിട്ടുണ്ട്.
"യാത്രികർ നമ്മളി-
വിടിന്നലെ വന്നവർ
നാളെ വെറും മണ്ണിൽ ചേരേണ്ടവർ
ഇടയിലെ കേവല നിമിഷങ്ങളൊക്കെയും
നന്മതൻ നിറമുള്ള പൂക്കളാക്കൂ
ആ പൂക്കളാൽ ഒരു ജന്മപുണ്യം തീർക്കൂ"
ഈ കവിത വായിച്ച് മലയാളം പഠിപ്പിക്കുന്ന വേണു സാർ പറഞ്ഞ വാക്കുകൾ മഴ ഇപ്പോഴും അഭിമാനത്തോടെ ഓർമ്മിക്കുന്നുണ്ട്. "മോളേ, ഈ പ്രായത്തിൽ ഇങ്ങനെ എഴുതാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ നാളെ ഉറപ്പായിട്ടും നല്ലൊരു കവിയാകാൻ നിനക്കു പറ്റും. നിനക്കതിനുള്ള കഴിവുണ്ട്". ഒരു എഴുത്തുകാരിയാകണമെന്ന മഴയുടെ ആഗ്രഹത്തിനു ലഭിച്ച വലിയ പ്രോത്സാഹനമായിരുന്നു വേണുസാറിന്റെ വാക്കുകൾ.
തന്റെ കവിതകളൊക്കെ കൂട്ടിച്ചേർത്ത് ഒരു പുസ്തകമായി പബ്ലിഷ് ചെയ്യണമെന്ന് മഴയുടെ മനസ്സിൽ ഒരാഗ്രഹമുണ്ട്. ഇതുവരെ അവൾ അതാരോടും പറഞ്ഞിട്ടൊന്നുമില്ല.
ഒരു പുസ്തകമാക്കാൻ മാത്രമൊക്കെ നല്ലതാണോ തന്റെ എഴുത്ത്?. ഏതെങ്കിലും പ്രസാധകർക്ക് അയച്ചിട്ട് അവർ പുസ്തകമാക്കാൻ കൊള്ളില്ലെന്നു പറഞ്ഞാൽ നാണക്കേടല്ലേ?.
അച്ഛനും അമ്മയും കൂട്ടുകാരുമൊക്കെ താൻ എന്തെഴുതിയാലും നല്ലതാണന്നേ പറയാറുള്ളൂ. അതവരുടെ സ്നേഹം കൊണ്ടാണ്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ വായിച്ചാൽ എന്റെ എഴുത്തിനെക്കുറിച്ച് എന്താവും അഭിപ്രായം?. മഴയുടെ മനസ്സിങ്ങനെ ഒരായിരം സംശയങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ഏതായാലും കവിതകൾ പുസ്തകമാക്കുന്ന കാര്യം നാളെ വേണു സാറിനോടൊന്നു സംസാരിച്ചു നോക്കാം.
(തുടരും)