'ചന്ദ്രവിമുഖിയും കൊണ്ടേ പോകൂ', ചിരുതയുടെ ദൃഢനിശ്ചയത്തിനു മുന്നില് കീഴടങ്ങി ചെമ്പനും കൊടുങ്കാടും
Mail This Article
അധ്യായം: മുപ്പത്
പാലോറ മലയുടെ മുകൾ പരപ്പിലെ തെക്കെ മുനമ്പിലെ കരിമ്പാറ കെട്ടുകളിൽ ഒന്നിൽ ചെമ്പനും ചിരുതയും തളർന്ന് മലർന്നു കിടന്നു. തുടർച്ചയായി വീശിക്കൊണ്ടിരുന്ന കുളിർന്ന കാറ്റിൽ ചിരുതയുടെ നീണ്ട മുടിയിഴകൾ മാനത്തേക്ക് പാറി പറന്നു. നീല കരയുള്ള ചെഞ്ചേലയുടുത്ത് മാനം സുന്ദരിയായിരിക്കുന്നു. കിതപ്പൊന്നടങ്ങിയപ്പോൾ ചെമ്പൻ ചെരിഞ്ഞ് കിടന്ന് ചിരുതയെ നോക്കി. കൈതപ്പുഴയുടെ തുടുത്ത കവിളുകളിൽ കാറ്റ് ഉമ്മവെച്ചപ്പോഴുണ്ടായ ഓളങ്ങൾ പോലെ അവളുടെ അഴകാർന്ന മേനി കിതപ്പിനാൽ ഉയർന്നു താഴുന്നു. ചെമ്പൻ അല്പനേരം അതു നോക്കി കിടന്നു. രണ്ട് പകലുക്കൊണ്ട് വന്യജീവികൾ നിറഞ്ഞാടുന്ന മലഞ്ചെരുവിലൂടെ നടന്ന് പാലോറ മലയുടെ മുകളിലെത്തി എന്നത് ചെമ്പന് വിശ്വസിക്കാനായില്ല.
ചിരുത. അവൾ പ്രതീക്ഷിച്ചതിലും ശക്തയാണ്. കരിമ്പാറ കെട്ടുകൾ കയറുമ്പോൾ മൂന്നേ മൂന്ന് തവണ മാത്രമാണ് എനിക്കവളെ കൈ പിടിച്ച് കയറ്റേണ്ടി വന്നിട്ടുള്ളൂ. ഒരുവേള പാറയിടുക്കിൽ കാലു കുടുങ്ങിപ്പോയ എന്നെ വലിച്ച് കയറ്റിയത് അവളാണ്. അവളുടെ ഒടുങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ കരിമ്പാറക്കെട്ടുകളും കുറ്റിമുൾപ്പടർപ്പുകളുമെല്ലാം സദയം കീഴടങ്ങി. കൂടുതൽ സമയവും കരിമ്പാറ കെട്ടുകളിലൂടെ കയറിയതിനാൽ വന്യജീവികളുടെ ആക്രമണങ്ങൾ ഒന്നുമുണ്ടായില്ല എന്നതും ആശ്വാസമായി. രാത്രി ഏറുമാടത്തിനുള്ളിലെ അസൗകര്യങ്ങൾക്കിടയിൽ ഒതുങ്ങി കിടക്കാൻ ചിരുതയ്ക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും അവൾ ഒരുക്കമാണ്.
ചെമ്പൻ പതുക്കെ എഴുന്നേറ്റ് ചുറ്റും നോക്കി. പാറക്കെട്ടുകൾക്കിടയിലെ കുറ്റിക്കാടുകളിൽ അങ്ങിങ്ങായി ഉയരം കുറഞ്ഞതും കൂടിയതുമായ വൃക്ഷങ്ങൾ, വടക്കോട്ട് പോകുന്തോറും വന്മരങ്ങളും മുളങ്കാടുകളും വള്ളി പടർപ്പുകളും ഇടതൂർന്ന വലിയ കാട്, അപ്പുറത്തും ഇപ്പുറത്തുമെല്ലാം കാടുമൂടിയ മലകളെ മഞ്ഞ് പൊതിഞ്ഞിരിക്കുന്നു.അതിനുമപ്പുറം അങ്ങകലെ ചെമ്പട്ട് വിരിച്ച ആകാശത്ത് സ്വർണ്ണത്തളിക പോലെ സൂര്യൻ. രാത്രിയുടെ കരിമേഘങ്ങൾ പാലോറ മലയെ പൂർണ്ണമായും മൂടുമ്പോഴെക്കും രണ്ടാൾക്ക് സുഖമായി ഇരിക്കാനും കിടക്കാനുള്ള ഏറുമാടവും കയറാനുള്ള ഊഞ്ഞാൽ കോണിയും ഒറ്റപ്പെട്ടുകിടന്ന കരിവീട്ടി മരത്തിൻ്റെ മുകളിൽ ചെമ്പനും ചിരുതയും ചേർന്ന് തയ്യാറാക്കി.
രാത്രിയായതോടെ മഞ്ഞ് വീഴ്ച അതികഠിനമായി.കോടമഞ്ഞിലും കുളിർന്ന കാറ്റിലും ഇല പടർപ്പുകൾ പോലും വിറയ്ക്കാൻ തുടങ്ങി. കരിമ്പട്ട് കൊണ്ട് മൂടി പുതച്ചിട്ടും ചിരുതയുടെ വിറയൽ നിന്നില്ല. അതു കണ്ട് ചെമ്പൻ വിറകു കൂട്ടി കനലെരിച്ചു. ആളിപ്പടർന്ന തീ ചൂടിൽ ചിരുതയ്ക്ക് ചെറിയ ആശ്വാസം ലഭിച്ചു. കിടക്കുന്നതിന് മുമ്പ് കട്ടപിടിച്ച കൊടുങ്കാട്ടിലെ കൂരിരുട്ടിലേക്ക് ചിരുത അല്പം സമയം നോക്കിയിരുന്നു. അതിനുള്ളിൽ എവിടെയോ മഹാ ഔഷധം വളർന്നു കിടക്കുന്നുണ്ട്. എൻ്റെ അച്ഛൻ ഉൾപ്പെടെ മഹാവൈദ്യന്മാർ ഏറെ ആഗ്രഹിച്ച ചന്ദ്രവിമുഖി.
ചിരുത ചെമ്പനെ നോക്കി. അവൻ നീണ്ട പന്തങ്ങൾ ഏറുമാടത്തിന് ചുറ്റും കെട്ടിവെയ്ക്കുകയായിരുന്നു. കറുത്തവാവിലെ ചുവന്ന നക്ഷത്രങ്ങളെ പോലെ ചെമ്പൻ കെട്ടിവെച്ച ചൂട്ടുപന്തങ്ങൾ പാലോറ മലയുടെ മുനമ്പത്ത് വെളിച്ചം വിതറിക്കൊണ്ടിരുന്നു.
ചാത്തുക്കുട്ടിയുടെ മരണവാർത്ത ഏറെ ആഹ്ളാദത്തോടെയാണ് മൂത്തേടം ശ്രവിച്ചത്. കഥ കേട്ടുകൊണ്ടിരുന്ന സുഭദ്ര തമ്പുരാട്ടി ആശ്വാസത്തോടെ നിശ്വസിച്ചു. എത്രയെത്ര പെൺകുട്ടികളെ... എത്രയെത്ര കുടുംബങ്ങളെ... ചതച്ചരച്ചവനാണവൻ! പാവങ്ങൾ ആയുസ് കാലമത്രയും അധ്വാനിച്ച് നേടിയ സമ്പത്ത് മുഴുവൻ യാതൊരു ദയയുമില്ലാതെ കട്ടുക്കൊണ്ടുപോയവൻ!
ഒടുവിൽ മരണം അവനെയും തേടി വന്നു. എത്ര വലിയ അഭ്യാസിയായാലും എത്ര കരുത്തന്മാരുടെ കൂട്ട് ഉണ്ടായാലും ആർക്കും ആരെയും എപ്പോൾ വേണമെങ്കിലും കൊല്ലാം. ധൈര്യവും തന്ത്രങ്ങളും ഉണ്ടാകണമെന്ന് മാത്രം. കുഞ്ഞിച്ചോയിക്ക് അത് രണ്ടും ആവോളമുണ്ടായിരുന്നു. കഥ പറഞ്ഞ് നിർത്തിയ കുഞ്ഞിച്ചോയിയുടെ കോൽക്കാരന് പത്തു പണം സമ്മാനം നൽകിയാണ് മൂത്തേടം തിരിച്ചയച്ചത്. കാട്ടുപോത്തിനുമേൽ ചാടി കയറുന്ന സിംഹത്തെ പോലെ കറുത്ത കുതിര പുറത്തേക്ക് പറന്നുവീണ് ഒരു മിന്നായം പോലെ അവൻ പാഞ്ഞു പോയി. മെയ് കരുത്തിലും അഭ്യാസമികവിലും കുഞ്ഞിച്ചോയിയുടെ കോൽക്കാർ തികവുറ്റവർ തന്നെയെന്ന് മൂത്തേടത്തിന് ഒരിക്കൽ കൂടി ബോധ്യപ്പെട്ടു.
നേരം ഉച്ചകഴിഞ്ഞിട്ടും കാർത്തിക കുഞ്ഞിൻ്റെ വിവരമൊന്നും അറിഞ്ഞില്ലല്ലോ എന്ന് അപ്പോഴാണ് മൂത്തേടം ഓർത്തത്. കോൽക്കാരന്റെ കഥയിൽ ലയിച്ചുപോയതിനാൽ അക്കാര്യം പാടെ മറന്നു. മൂത്തേടവും സുഭദ്ര തമ്പുരാട്ടിയും കാർത്തികയെ കാണാൻ ചികിത്സ പുരയിലേക്ക് പോകാനായി പുറത്തേക്കിറങ്ങുമ്പോഴാണ് കാര്യസ്ഥൻ ഗോവിന്ദൻ ചോര പറ്റി പിടിച്ച കൈയ്യുമായി ചെമ്പനേഴിയുടെ മുറ്റത്തേക്ക് ഓടികിതച്ച് എത്തിയത്.
"കുഞ്ഞമ്പ്രാ... കുഞ്ഞമ്പ്രാ..." ഗോവിന്ദൻ വേവലാതിയോടെ നീട്ടി വിളിച്ചു. "കുഞ്ഞു തമ്പ്രാ... കുഞ്ഞമ്പ്രാ..." ചെമ്പനേഴിയുടെ ചുമരുകൾ അതേറ്റു വിളിച്ചു. വിയർപ്പിലും ചോരയിലും മുങ്ങി നിൽക്കുന്ന ഗോവിന്ദനെ കണ്ട് മൂത്തേടത്തിന് ആകെ ആശങ്കയായി. ചെമ്പനേഴിക്കു നേരെ വീണ്ടും ആക്രമണമുണ്ടായോ? ഗോവിന്ദന് മാത്രമാണോ പരിക്ക് പറ്റിയത്? ആരാണ് ആക്രമിച്ചത്? മൂത്തേടം തിരിഞ്ഞ് സുഭദ്ര തമ്പുരാട്ടിയെ നോക്കി. വല്ലാത്തൊരു സമയത്താണല്ലോ ഈശ്വരാ, ചികിത്സയ്ക്കായി ഇവിടെ എത്തിച്ചേർന്നത് എന്ന ഭാവത്തോടെ തമ്പുരാട്ടിയും ഒരു ഞെട്ടലിൽ നിൽക്കുകയാണ്. കാര്യമെന്താണെന്നറിയാൻ മൂത്തേടം ചെമ്പനേഴിയുടെ തിരുമുറ്റത്തേക്ക് വേഗത്തിൽ നടന്നു.
(തുടരും)