വലിയ കാര്യങ്ങൾ കഥ പോലെ പറഞ്ഞു തരുന്ന മുത്തശ്ശിയും ഇഷ്ടത്തോടെ കേൾക്കുന്ന തിത്തിമിയും
Mail This Article
അധ്യായം: നാല്
'ആത്മാവിനെ പട്ടിണിക്കിടരുത്. എന്റെ മോള് ചെന്ന് വല്ലതും കഴിക്ക്, ചെല്ല്.' പിണങ്ങിക്കിടന്ന തിത്തിമി തന്റെ തോളത്ത് വന്ന് മുത്തശ്ശി പിടിച്ചപ്പോൾ തിരിഞ്ഞുനോക്കി. അമ്മയോട് എന്തോ ഒന്നും രണ്ടും പറഞ്ഞ് പിണങ്ങിയതാണ് തിത്തിമി. വീണ്ടും മുത്തശ്ശി, 'ചെല് ആത്മാവിന് വല്ലതും കൊടുക്ക്'.
തിത്തിമിയെന്നല്ല ആര് ഭക്ഷണം കഴിക്കുന്ന കാര്യം പറയുമ്പോഴും മുത്തശ്ശി ചിലപ്പോൾ പറയുന്നതാണിത്. 'പിന്നേ, വല്ലതും കഴിക്കണ്ടായോ, ആത്മാവിന് വല്ലതും കൊടുക്കണ്ടായോ' എന്ന്. തിത്തിമിക്ക് അറിഞ്ഞുകൂടാ, ഈ ആത്മാവ് എന്നതു കൊണ്ട് അമ്മൂമ്മ ഉദ്ദേശിക്കുന്നത് എന്താണെന്ന്. തന്റെ ബുദ്ധിക്ക് പിടികിട്ടുന്നതിന് അപ്പുറമുള്ള എന്തോ കാര്യമാണെന്നു മാത്രം തിത്തിമിക്ക് അതു കേൾക്കുമ്പോൾ തോന്നും. മുത്തശ്ശി എന്തോ വലിയ കാര്യം പറയുകയാണെന്നു മാത്രം അറിയാം. അതിനപ്പുറം ഒന്നുമറിയില്ല. അതുകൊണ്ടുതന്നെ ഇത്രയും വലിയ കാര്യം പറയുന്നതല്ലേ. അതിന് താനായിട്ട് തടസ്സം വേണ്ട എന്ന വിചാരത്തോടെ തിത്തിമി പിണക്കം മാറ്റി ഭക്ഷണം കഴിക്കാൻ ചെല്ലും.
ഈ ലോകത്ത് ദൈവവും മനുഷ്യരുമല്ലാതെ വേറെ എന്തൊക്കെയോ കൂടിയുണ്ടെന്നും തന്റെയുള്ളിൽത്തന്നെ വേറെയാരോ ഉണ്ടെന്നും ഒരു തോന്നലുണ്ടാക്കുന്ന വർത്തമാനമാണ് മുത്തശ്ശിയുടേതെന്ന് തിത്തിമിക്ക് അപ്പോൾ തോന്നും. മൊത്തത്തിൽ എന്തോ ഒരു പിടികിട്ടായ്ക. എങ്കിലും തിത്തിമി ഒരിക്കൽ ചോദിച്ചു. 'ഈ ആത്മാവ് എന്നു വച്ചാൽ എന്താ മുത്തശ്ശീ?' മുത്തശ്ശി നെഞ്ച് തൊട്ട് പറഞ്ഞു, 'ദേ ഇവിടെയാ അതിരിക്കുക. ജീവൻ പോവുമ്പോ ആത്മാവ് പോയി വേറൊരു ദേഹത്ത് പ്രവേശിക്കും.' അതിൽപ്പിന്നെ ആത്മാവ് എന്നു പറയുമ്പോൾ നെഞ്ചിൽ നിന്ന് ചിറകടിച്ചുയരുന്ന ഒരു പക്ഷിയെപ്പോലെ തോന്നും തിത്തിമിക്ക്.
'ആത്മന് വല്ലതും കൊടുക്കണ്ടായോ?' എന്നാവും മുത്തശ്ശി ചിലപ്പോൾ പറയുക. അതു കേൾക്കാൻ തിത്തിമിക്ക് ഇഷ്ടമാണ്. തന്റെ ഏറ്റവുമടുത്ത കൂട്ടുകാരനെക്കുറിച്ച് ഒരാൾ പറഞ്ഞാലെന്നപോലെയാണ് ആത്മന് എന്ന് ആത്മാവിനെക്കുറിച്ച് മുത്തശ്ശി പറയുക. എന്നും വന്നുപോവുന്ന ആരെയെങ്കിലും കുറിച്ച് അയാളവിടുത്തെ നിത്യനാ എന്നൊക്കെ പറയുന്നതുപോലെ. ആത്മന് എന്ന പ്രയോഗം തിത്തിമിക്ക് വളരെയധികം ഇഷ്ടമായി. ഇതൊന്നും മുത്തശ്ശി എങ്ങുനിന്നും പഠിക്കുന്നതല്ല. മുത്തശ്ശി തന്നെ രൂപപ്പെടുത്തിയെടുക്കുന്നതാണ് എന്നതാണ് സത്യം. മുത്തശ്ശി ഇങ്ങനെ ചില സന്ദർഭങ്ങളിൽ പറയുന്ന കാര്യങ്ങൾ മറ്റുള്ളവരെക്കൊണ്ട് പലതും ചിന്തിപ്പിക്കും.
തീരെ ആരോഗ്യമില്ലാത്ത ഒരാൾ വീട്ടിൽ വിറകു കീറാനോ മറ്റോ വന്നു എന്നിരിക്കട്ടെ. വിറകു കീറുമ്പോൾ അയാളുടെ നെഞ്ചിൽ വലിവുകാരുടേതു പോലെ കീയോ കീയോ എന്ന് കോഴിക്കുഞ്ഞ് കരയുന്നതുപോലത്തെ ശബ്ദം. അപ്പോൾ അയാളെ നോക്കി മുത്തശ്ശി പതുക്കെപ്പറയും, 'കഷ്ടം വയറിന്റെ വലിപ്പം കൊണ്ടാണേ' എന്ന്. എന്നിട്ട് മുകളിലേക്ക് നോക്കി, 'ദൈവമേ' എന്നു വിളിക്കും. തിത്തിമിക്ക് ആദ്യം ഒന്നും മനസ്സിലായില്ല എന്താ ഈ വയറിന്റെ വലിപ്പം എന്ന് മുത്തശ്ശി പറയുന്നത്, അയാൾ വളരെ ഒട്ടിയ വയറുള്ള ഒരു മനുഷ്യനാണല്ലോ. 'അപ്പോൾ എന്താ മുത്തശ്ശീ, വയറിന്റെ വലിപ്പം എന്നു പറഞ്ഞത്.' തിത്തിമി ചോദിച്ചു. 'അല്ല ഒരു വയറു കഴിയാൻ വേണ്ടിയാണേ ഈ അധ്വാനിക്കുന്നത് എന്നു പറയുവാരുന്നു' എന്നു പറയും മുത്തശ്ശി. അപ്പോഴും തിത്തിമിക്ക് മുത്തശ്ശി പറഞ്ഞത് പൂർണമായി മനസ്സിലായില്ലെങ്കിലും ലോകത്തെ കുറിക്കുന്ന എന്തോ വലിയ സത്യമാണത് എന്നു തോന്നും.
(തുടരും)